Saturday, May 1, 2021

ശൂന്യമായ കല്ലറ

 ശൂന്യമായ കല്ലറ

"" "" "" "" "" "" "" ""
ക്രിസ്തുവിൻ്റെ രക്തമിറ്റുവീണ
ദു:ഖവെള്ളിയുടെ നാളിലല്ലോ
ദൈവപുത്രൻ  പാപികളാം
മനുജർക്കായ് ക്രൂശിലേറി

ഏകനായി  പീഡകളേറ്റു
ക്രൂശിൽ കിടന്നപ്പോഴും
പാപികൾക്കുവേണ്ടി
പ്രാർത്ഥിച്ച രക്ഷകൻ.

മൂന്നാം നാളിലുയിർത്തു
കല്ലറയിൽനിന്നുയിർത്തു
കാവൽനിന്നവരതിശയിച്ചു
എങ്ങുപോയേശുനാഥൻ?

ശിഷ്യർക്ക് പ്രത്യക്ഷനായി
അവരാനന്ദമോടെതിരേറ്റു
പാപികൾക്കുവേണ്ടി ജീവൻ
ത്യജിച്ച നാഥനെയെതിരേറ്റു

ശൂന്യമാം കല്ലറ കണ്ടോരെല്ലാം
അത്ഭുതചിത്തരായിത്തീർന്നു
ദൈവപുത്രനല്ലോയവനെന്നു
ഭൂലോകം വാഴ്ത്തിപ്പാടിടുന്നു
"" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
5-4-2021

അണയാത്ത ദീപം

 അണയാത്ത ദീപം

"" "" "" "" "" "" "" "" "" ""
അരുണോദയമെന്നിലുണ്ടിതാ
നിറമാർന്നുതുടുത്തൊരോർമ്മയായ്
ഇരുളാർന്നൊരു ജീവിതത്തിലും
അണയാത്തൊരു ദീപമായിതാ

സ്മൃതിതൻ തിരകൾ വരുന്നിതാ
കുളിരായണയാൻ  മനസ്സിലും
മലരും തളിരും നിറഞ്ഞൊരീ-
യുലകം  മമ  മാനസം ചിരം

വിരുതിൽ പലയോർമ്മകൾ  സദാ
തെളിയും നിറദീപമായിതാ
തുടരും മമ വഞ്ചിയാത്രയിൽ
സ്മൃതിതൻ തിരകൾ നിലയ്ക്കുമോ?

ഒഴുകും പുഴപോലെയോർമ്മകൾ
ചൊരിയും നവചിന്തയെന്നുമേ
വളരും ചെറുചില്ലയായിതാ
തളരാതൊരു നേരമെന്നിലും
(വൃത്തം - സുമുഖി)
"" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
29-3-2021









തിരഞ്ഞെടുപ്പ്

 തിരഞ്ഞെടുപ്പ്

"" "" "" "" "" "" "" ""
വരുക വരുക സഹജരേ
തിരഞ്ഞെടുപ്പിൻ സമയമായ്
കരളുറച്ചു തലയുയർത്തി
വോട്ടു ചെയ്യാൻ പോക നാം

മടിച്ചിടാതെ പോകുവിൻ
കർത്തവ്യമതു നമ്മുടെ
രാജ്യസ്നേഹമെന്നത്
വോട്ടിലൂടെ കാട്ടുവിൻ

വികസനമതുറപ്പാക്കാൻ
നന്മകളെ വരിച്ചിടാൻ
ശ്രദ്ധാപൂര്‍വ്വം ചെയ്യുവിൻ
തിരഞ്ഞെടുക്കുക യോഗ്യരെ

നാടിന്നുയർച്ചയ്ക്കായല്ലോ
വോട്ടു ചെയ്തിടേണം നാം
നാടിൻ സേവനം ലക്ഷ്യമാക്കും
നിസ്വാര്‍ത്ഥരെ ജയിപ്പിക്കൂ

ജാതിമതവർഗ്ഗഭേദങ്ങൾ
തൂത്തെറിയുന്നോർക്കായല്ലോ
വിലയേറിയൊരോട്ടു നല്കി
ജയിപ്പിച്ചീടണം നമ്മൾ

ഉണർന്നെണിറ്റീടുവിൻ
അന്ധകാരം മാറ്റുവാൻ
വോട്ടിലൂടെ  കാട്ടുവാൻ
നല്ല ഭരണമതേതെന്ന്
"" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
6-4-2021

കാവ്യവേദി-29

 

കാവ്യവേദി-29
കാവ്യവേദിയിലേക്ക് സ്വാഗതം!ഇന്നത്തെ കാവ്യവേദിയുടെ വിഷയം 'വ്യാമോഹം' എന്നതാണ്. എല്ലാവരും കവിതയെഴുതാൻ റെഡിയല്ലേ?
മത്സരനിബന്ധനകൾ
1. ഒരു നിശ്ചിതസമയത്തിനുള്ളില്‍, നിശ്ചിതവലിപ്പത്തിനുള്ളില്‍ ഒരു പ്രത്യേകവിഷയത്തിന്മേല്‍   ഏറ്റവും നന്നായി   കവിതരചിക്കാനുള്ള കഴിവു പരിശോധിക്കപ്പെടുകയാണിതിന്‍റെ ലക്ഷ്യം. വിഷയത്തോട് നീതിപുലർത്തുന്നതാവണം രചന.
2. 16 വരിയിൽ കുറയാതെയും 24 വരിയിൽ കവിയാതെയും എഴുതണം.
3. മത്സരത്തിനുള്ള രചനകള്‍  ഈ പോസ്റ്റിനു താഴെ കമന്റായി ഇടേണ്ടതാണ്.
4.ഒരാള്‍ക്ക്   ഒന്നില്‍ക്കൂടുതല്‍ രചനകള്‍ അനുവദനീയമല്ല
5.രചനകള്‍ മൌലികവും മറ്റെങ്ങും പ്രസിദ്ധീകരിക്കാത്തവയും ആയിരിക്കണം. (കവിത ആദ്യം പോസ്റ്റ് ചെയ്യുന്നതായിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ച രചനയുടെ ഭാഗങ്ങളോ അവയോടുള്ള കൂട്ടിച്ചേര്‍ക്കലുകളോ ആകരുത്.)
6. ഈ മത്സരത്തെസ്സംബന്ധിച്ച് വിധിനിര്‍ണ്ണയമുള്‍പ്പടെയുള്ളവയില്‍ അന്തിമതീരുമാനം അഡ്മിന്‍സില്‍ മാത്രം നിക്ഷിപ്തമാണ്.
7. മത്സരത്തിനയച്ച രചനകള്‍ ഫലപ്രഖ്യാപനം കഴിയുന്നതുവരെ മറ്റെവിടെയും പോസ്റ്റ് ചെയ്യാന്‍ പാടില്ല.
8. നിശ്ചയിച്ച പരിധിയേക്കാള്‍ നീളം കൂടുതലുള്ളവ, കുറവുള്ളവ, തന്നിരിക്കുന്ന വിഷയത്തെ സംബന്ധിക്കുന്നതല്ലാത്തവ, മുമ്പ് പോസ്റ്റ് ചെയ്തവയോ അവയുടെ ഭാഗങ്ങളോ ആയി വരുന്നവ എന്നിങ്ങനെ ഏതെങ്കിലും വിധത്തില്‍  നിബന്ധനകള്‍ക്ക് വിധേയമല്ലാത്ത രചനകള്‍    മത്സരത്തില്‍നിന്ന്  ഒഴിവാക്കുന്നതാണ്.
9. ഇത് തികച്ചും ഒരു സൌഹൃദമത്സരമായിരിക്കും. കവനപാടവത്തിന്‍റെ മാറ്റുരയ്ക്കുക, കൂടുതല്‍ നന്നായി എഴുതാന്‍ പ്രചോദനമേകുക  എന്നിവ മാത്രമാണിതിന്‍റെ ലക്ഷ്യം.
10. സമയപരിധി ഞായർ(18-4-2021) 10.00am മുതൽ തിങ്കൾ(19-4-2021) 10.00 am വരെ. എല്ലാവർക്കും ആശംസകൾ!

ഇന്നത്തെ വിഷയം- വ്യാമോഹം

നിഴൽ വീണ വഴികൾ

 

നിഴൽ വീണ വഴികൾ
"" "" "" "" "" "" "" "" "" "" ""
ചെറുതാമണു ചെയ്ത
ദോഷമിതെന്നു തീരും
കൂട്ടുകാർ പിരിഞ്ഞുപോയ്
ആൾക്കൂട്ടമകന്നുപോയ്

മനുഷ്യൻറെ നിഴൽ വീണ
വഴികളെല്ലാം ശൂന്യം
രോഗത്തെ ഭയന്നിതാ
വീട്ടിലടച്ചിരിപ്പൂ

തീവ്രത കൂടുകയായ്
ആക്രമിച്ചീടടുവാനായ്
ചിതകളെരിയുന്നു
കണ്ണുനീർപ്പുഴ ചുറ്റും

എന്നിനിയൊത്തുചേരും
കൂട്ടുകാർ സ്വന്തക്കാരും
അലസമൊഴുകീടും
കാറ്റിനറിയുമോ ദു:ഖം

വിഷുപ്പക്ഷി

 

വിഷുപ്പക്ഷി
"" "" "" "" "" ""
വർണ്ണച്ചിറകു വിടർത്തിപ്പറന്നൊന്നു
വരുമോ വിഷുപ്പക്ഷിയിന്നെൻറെ മുറ്റത്ത്?
മഞ്ഞപ്പട്ടുടയാട ചാർത്തിയിതാ കൊന്ന
മണ്ണിലിന്നാഗതമായിതാ വിഷു

സൂര്യകിരണങ്ങൾ പൊന്നാട ചാർത്തി
സുന്ദരമായൊരു പുലരി പിറന്നു
കണ്ണനു കണികാണാനമ്മയൊരുക്കി
കണ്ണിനു കൗതുകമുണർത്തും വിഭവങ്ങൾ

'ചക്കയ്ക്കുപ്പുണ്ടോ' എന്നു ചോദിച്ചിതാ
ചരിഞ്ഞുനോക്കുന്നു വിഷുപ്പക്ഷി മെല്ലെ
കണ്ണിനും കാതിനുമാനന്ദം ചൊരിയും
കിളിപ്പെണ്ണേ നീയും കണികാണാൻ വായോ

മഞ്ഞൾനീരാട്ടു നടത്തും  കൊന്നപ്പൂചൂടി
മഞ്ഞണിക്കൊമ്പിലിരുന്നു നീ പാടുവിൻ
വിഷുക്കാലമല്ലേ പാടാതിരിക്കുവാനാകുമോ
വർണ്ണങ്ങൾ മനസ്സിലേറ്റിടാൻ വായോ സഖേ
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
12-4-2021
 

അക്ഷരശ്ലോകം

 


മാനസേയറിവു വാണിടും
ശ്രേഷ്ഠനാം ഗുരുവെയോർക്ക നാം
അക്ഷരദ്യുതി പകർന്നൊരാ
ദീപമേയെളിയ വന്ദനം
(ഭദ്രിക-തംതതം തതത തംതതം)
20-10-2020

ശ്രദ്ധിക്കുക ചെയ്യും
കാര്യങ്ങളിലെല്ലാം
ഉത്സാഹമൊടെന്നും
കർമ്മം തുടരൂ നീ
(തനുമദ്ധ്യ-തംതം തത തംതം)
3-11-2020

വരുകയാണു ഞാൻ പാട്ടു പാടുവാൻ
പുലരി വന്നിടും നേരമാകവേ
അണയുകില്ലയോ ഗാനധാരതൻ
ചരണമൊന്നിതായേറ്റുപാടുവാൻ
(വൃത്തം - സമ്മത)
21-11-2020

നാദം കേൾക്കാം  പൂങ്കുയിൽപാട്ടിതല്ലോ
നൃത്തം കാണാം, മാമയിൽ പീലി നീർത്തി
താളം കേൾപ്പൂ വർഷമേഘം പൊഴിക്കും
കാറ്റും തുള്ളും തൂമലർകാന്തി തേടി
(വൃത്തം-ശാലിനി - തംതംതംതം തംതതംതം തതംതം)
5-1-2021

തംതത തംതത തംതത തംതം
ദോധകം
പാരിതിനന്നമൊരുക്കിടുവോരാം
ചോര തിളച്ചിടുമാ കൃഷിനാഥർ
ട്രാക്ടറിലേറിവരുന്നതു കണ്ടോ
ഡൽഹിയിലിന്നൊരു സഞ്ചലറാലി
"" "" "" "" "" "" "" "" "" "" "" "" "" "" "" "" ""
26-1-2021
തതത തംതതം തംതതംതതം-സമ്മത
ദിനവുമോർത്തിടാനെൻറെ വാടിയിൽ
വിരിയുമാശകൾ പൂക്കളായിതാ
കനവിലെന്നുമേ  പൂത്തുനില്ക്കുമീ
കുസുമരാജികൾ ചൂടിനിന്നിടാം 
7-2-2021
തതതം തത തംത തംതതം - സുമുഖി
കനവിൽ മമ മോഹമായിരം
നനയും മഴമേഘമായിതാ
മനമേ പകരും  സുഖാർദ്രമാം
നിനവും  നിറമാർന്നുനിന്നിതോ
22-3-2021

തതതത തംതത തംത തംത തംതം-മൃഗേന്ദ്രമുഖം
തരളമതാകെയുണർന്നിടുന്നു ഭൃംഗം
മധുനുകരാനണയുന്നു വാടിതന്നിൽ
വിടരുകയായി സുവർണ്ണ പുഷ്പജാലം
നയനകുതൂഹലമായി സ്വപ്നതുല്യം
(വൃത്തം-മൃഗേന്ദ്രമുഖം)
5-4-2021

ഭ്രമരാവലി
തതതതം തത തംതതം തത തംതതം തത  തംതതം
നിറയുവാനതിമോദമോടെയതെന്നിലാശകളോളമായ്
വരികയായിതു പക്ഷമേകി പറക്കുവാനതിമോഹമായ്
അലസമായൊഴുകീടുമോയിനി മന്ദമാരുതനായിതാ
പുണരുവാനൊരു പൂവിനെച്ചുടുചുംബനം പകരാനിതാ
20-4-2021

കാവ്യവേദി - ഫലപ്രഖ്യാപനം

 


കാവ്യവേദി 25
ഫലപ്രഖ്യാപനം
പ്രിയരേ, 21-2-2021ൽ കാവ്യവേദിയിൽ 'ജീവിതയാത്ര' എന്ന വിഷയത്തിൽ നടത്തിയ ആവേശകരമായ കവിതാരചനാമത്സരത്തിൽ വിജയികളായവരുടെ പേരുകൾ താഴെക്കൊടുക്കുന്നു.
1.കാവ്യതാരം-ഇന്ദിരാദേവി
2.കാവ്യവിഭൂഷണം - മോഹൻകുമാർ
3.കാവ്യഭൂഷണം -സന്തോഷ് പി. ആഷാഢം
4.കാവ്യശ്രീ - സന്തോഷ് കുമാർ
                      ശേഖർ ആലത്തൂർ
വിജയികൾക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ! പങ്കെടുത്ത എല്ലാവർക്കും ആശംസകൾ!
കാവ്യവേദി - 25ൻറെ ലിങ്ക്
https://m.facebook.com/groups/vaayanappura/permalink/4127550320602328/

കാവ്യവേദി - ശീർഷകം

 


ഭാരതാംബ
പ്രണയവർണ്ണങ്ങൾ
കാത്തിരുപ്പ്
സ്ത്രീജന്മം പുണ്യജന്മം
അതിജീവനം
എൻറെ വീട്
പുലരി
വേനൽമഴ
യാത്ര
തിരയും തീരവും
കാട്ടുപൂവ്
പോർവിളികൾ
നീ വരുവോളം
കാലവർഷം
ഓണക്കാഴ്ചകൾ
കുട്ടികളില്ലാത്ത വിദ്യാലയം
കടലാസുവഞ്ചി
കിനാവ്
വാത്സല്യം
കർഷകസമരം
വൈകിവന്ന നീതി
വരവേല്പ്
പ്രതീക്ഷ
പ്രണയസങ്കല്പങ്ങൾ 
ജീവിതയാത്ര
സ്ത്രീജന്മം
മാതൃഭാഷ
തിരഞ്ഞെടുപ്പ്
വ്യാമോഹം
സാന്ത്വനം
കാലചക്രം

വിരുന്നുകാർ
പിൻവിളി
സായന്തനം
അടർക്കളം
അതിരുകൾ
അഭയാര്‍ത്ഥി
ചിറകുകൾ
തൊട്ടാവാടി
വൃദ്ധസദനം
താജ്മഹൽ
പുഴകളുടെ ദുഃഖം
എൻറെ ഗ്രാമം
ഋതുഭേദങ്ങൾ
ഉൾക്കാഴ്ച
മൗനം വാചാലം
ആൽത്തറ
നെടുവീർപ്പ്
നിശാഗന്ധി വിരിയുമ്പോൾ
സൗഹൃദം
നിലാവ് പെയ്യുമ്പോൾ
കരുതൽ
മിന്നാമിനുങ്ങ്
ദേശാടനപ്പക്ഷികൾ
അനാഥജന്മങ്ങൾ
നാൽക്കവല
ഓർമ്മപ്പൂക്കൾ
താരാട്ട്
വഴിവിളക്ക്
അത്താണി
മോഹപ്പക്ഷികൾ
പ്രകൃതിരോഷം
വർഷമേഘങ്ങൾ
ഒറ്റപ്പെടുമ്പോൾ
അതിഥി
കത്തുകൾ
പ്രവാസി
ഒരുമ
സന്ധ്യാദീപം
പുസ്തകത്താളുകൾ

Saturday, January 9, 2021

വാനമ്പാടി

 


മലയാളത്തിൻറെ പ്രിയപ്പെട്ട കവയിത്രിയായ ശ്രീമതി സുഗതകുമാരിക്ക് എൻറെ ആദരാഞ്ജലി!

വാനമ്പാടി
"" "" "" "" ""
പ്രകൃതിയെ സ്നേഹിച്ചൊരു മഹാകവയിത്രി
കാലയവനികയ്ക്കുള്ളിൽ പോയ്മറഞ്ഞു
കൃഷ്ണാ നീയറിയുകയില്ലയോ മനസ്വിനിയെ
കവിതകൾതുളുമ്പുമീ സ്ത്രീരത്നത്തെ

നൊമ്പരപ്പൂക്കൾ ചൂടിയീ വാനവും ഭൂമിയും
പാടുന്നു കവിത്വംതുളുമ്പുന്ന വരികൾ
ഇനിയുമെഴുതാൻ കാത്തുനില്ക്കാതെ
പോയിമറഞ്ഞെങ്ങു നീ വാനമ്പാടീ?

സ്നേഹസാഗരം തുളുമ്പുംമിഴികളാൽ
തേടി നീ പ്രപഞ്ചത്തിന്നിന്ദ്രിയങ്ങളെ
പ്രകൃതിതൻ സൗന്ദര്യം വ്രണപ്പെട്ടതിൽ
ഖിന്നയായെഴുതി നീ ശോകകാവ്യങ്ങൾ.

പുനർജ്ജനിച്ചിടുക മറ്റൊരു ജന്മത്തിൽ
പുത്തൻ കവിതകൾ രചിച്ചിടുവാൻ
നിർമ്മലസ്നേഹത്തിന്നുറവയായിടുക
നീയൊരു വൃന്ദാവനിയായി വിടരുക.
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
23-12-2020

നീർമാതളം പൂക്കുമ്പോൾ

 നീർമാതളം പൂക്കുമ്പോൾ

"" "" "" "" "" "" "" "" "" "" "" "" ""

നീർമാതളമൊന്നു പൂത്തുവിടർന്നല്ലോ

നീ കാത്തുനിന്ന വഴിയിലിതാ

നിൻ പുഞ്ചിരിയതിൻ ദളങ്ങളിൽ നീളേ

നിറം ചാർത്തിയല്ലോ പ്രണയത്തിൻ 


പ്രേമചിന്തയിൽ വലഞ്ഞൊരെൻറെ ചാരെ

പാതിവിടർന്നതാം നീർമാതളം പോൽ

പാരവശ്യമോടെ നീ ചിരിതൂകവേ

പ്രാണനിൽ പുളകങ്ങൾ വിതറി


സാനന്ദം കളിയാടുവാൻ വരൂ തോഴാ

സാരംഗി മീട്ടുക മൃദുവായി

നീർമാതളപ്പൂക്കളും നൃത്തമാടുന്നു

നിൻ വേണുഗാനത്തിലലിഞ്ഞിതാ


തീരം തേടും തിരപോൽ ഞാനും വരുന്നു 

തേനൂറും ചിന്തകളുമായിതാ

നിൻ സവിധത്തിൽ മറ്റൊരു രാധയായി

നീർമാതളച്ചോട്ടിൽ നിന്നിടാം ഞാൻ

"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" 

ഗീതാഞ്ജലി 

8-10-2020








  



  

തിരയും തീരവും

 തിരയും തീരവും

"" "" "" "" "" "" "" "" "" "" ""
തിരകളോടിയെത്തുന്നിതാ
തീരത്തിനെ പുണരാൻ
തിരിയെ പോകുംമുമ്പൊന്നു
തീരത്തിനെ ചുംബിക്കാൻ

തേടിയെത്തുന്നു തീരത്തിനെ
ഹൃദയരഹസ്യം ചൊല്ലിടാൻ
തീരത്തിനറിയുമോ വേർപാടിൻ
ദു:ഖമലതല്ലി കേഴും തിരയെ

നൊമ്പരക്കുമിളകൾ നുരയുന്നു
നെഞ്ചിലേറ്റുന്നു മൗനരാഗം
ആയിരം കൊലുസുകളണിഞ്ഞു
ആരെത്തേടിയണയുന്നു

ഗീതികൾ പാടിയുയരും തിരകൾ
കൊതിയോടെയുയരും തീരം തേടി
പിന്നെയും പിന്നെയും പുണരാൻ
വെമ്പുന്നൊരുനോക്കു കാണാൻ
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "
ഗീതാഞ്ജലി
28-9-2020

ആധിപത്യം

 ആധിപത്യം 

"" "" "" "" "" ""
ആധിപത്യമെന്നെന്നുമൂട്ടിയുറപ്പിച്ചു
വാഴുന്നരചർ പലതലങ്ങളിൽ
അവരുയർത്തുന്ന വാളിൻമുനയാൽ
മുറിവേല്ക്കുന്നവരനേകമല്ലോ

വീടുകളിൽ  ഗൃഹനാഥൻ ചൊല്ലുന്ന
വാക്കുകൾക്കെതിരു നില്ക്കരുതാരും
നിന്നാലോ പീഡനമനുഭവിച്ചീടുകതന്നെ
നരാധമനു തിരുവായ്ക്കെതിർവായില്ല

നേതാവിന്നാധിപത്യം സഹിക്കുമണികൾ
നിന്നിടുന്നു വിറയാർന്നൊരുടലുമായ്
ഓച്ഛാനിച്ചു നിന്നീടിൽ പ്രീതിക്കു പാത്രമാകാം
ഓർത്തുകൊള്ളുക ധിക്കാരമരുതെന്ന്

തൊഴിലിടങ്ങളിൽ മേലാളന്മാർതന്നാധിപത്യം
തൊഴിലാളികളെ നരകത്തിലേറ്റുന്നുവല്ലോ
എതിർവാക്കൊന്നു മൂളിയാൽ പുറത്താക്കും
കഠിനഹൃദയരുമാധിപത്യമരക്കിട്ടുറപ്പിക്കുന്നു.
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "
ഗീതാഞ്ജലി
22-10-2020