Saturday, October 7, 2017

ഗൃഹാതുരതയുടെ വേലിയേറ്റങ്ങൾ

ആദ്യമേതന്നെ പറയട്ടെ, അധികമെഴുതി ആരെയും ബോറടിപ്പിക്കരുതെന്നു ആഗ്രഹമുള്ളതുകൊണ്ട് വളരെച്ചുരുക്കിയാണ് ഈ ഓർമ്മക്കുറിപ്പെഴുതിയത്.എന്നിട്ടും ആർക്കെങ്കിലും ഇതുവായിച്ചു ബോറടിച്ചതായി തോന്നുകയാണെങ്കിൽ നിരുപാധികം ഞാൻ  ഖേദംപ്രകടിപ്പിക്കുന്നതല്ല. പകരംഇതുമുഴുവൻ വായിക്കുന്നവർക്കു ഗ്രൂപ്പിൻറെ അഡ്മിൻ പ്രഖ്യാപിച്ചേക്കാനിടയുള്ള ക്ഷമാശീലത്തിനുള്ള അവാർഡ് കരഗതമാവാൻ  ആശംസകൾ നേർന്നുകൊള്ളുന്നു!ഹ...ഹ...
''''''''''''''''''''''''''''''''''''''''''''''''''
എൻറെ ശൈശവനാളുകളിൽ എൻറെ പിതാവ് ജോലിചെയ്തിരുന്നത് നാഗ്പൂരായിരുന്നു.ഒരുവർഷം അവിടെ നേഴ്സറിയിൽ പഠിച്ചിരുന്നത് ഇപ്പോളും ഓർമ്മകളുടെ മൂടൽമഞ്ഞിലെവിടെയോ മുങ്ങിക്കിടക്കുന്നു.എങ്കിലും പിന്നെ ഞാൻ വളർന്നതും പഠിച്ചതുമെല്ലാം നാട്ടിൽത്തന്നെയായിരുന്നു.

കുറച്ചുവർഷങ്ങൾക്കുശേഷം ഡാഡിക്കു ചെന്നൈയിൽ ട്രാൻസ്ഫർ കിട്ടിയപ്പോൾ ഏപ്രിൽ,മേയ് മാസങ്ങളിൽ ചെന്നൈയിലേയ്ക്ക് വരുമായിരുന്നു,അവധിക്കാലം ചെലവിടാൻ.അന്നൊന്നും അറിഞ്ഞിരുന്നില്ല,പില്ക്കാലത്ത് ജീവിതം ചെന്നൈയിലേയ്ക്ക് സ്ഥിരമായി പറിച്ചുനടപ്പെടുമെന്ന്!എൻറെ സഹോദരനു ബി.ടെകിനു MITയിൽ പ്രവേശനം കിട്ടിയതായിരുന്നു അതിനു വഴിത്തിരിവായത്.പുറകേ എനിക്കും ഇവിടെ ബി.എഡിനു അഡ്മിഷൻ കിട്ടി. ഒരുവർഷം കോളേജുഹോസ്റ്റലിൽ താമസിച്ചപ്പോഴാണ് ആദ്യമായി ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങിയത്.അത് ഇംഗ്ലീഷിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടായിരുന്നില്ല,മറിച്ച്, തമിഴിൽ വല്ല അബദ്ധങ്ങളും മൊഴിഞ്ഞാൽ എന്നെ അവിടെനിന്നു പുറത്താക്കുമോയെന്ന ഭയംകൊണ്ടു മാത്രമാണ്.. (നാട്ടിൽ പത്താം ക്ലാസ്സുവരെ മലയാളംമീഡിയത്തിൽ പഠിച്ചിരുന്നതിനാലും കോളേജിലും ഇംഗ്ലീഷിൽ സംസാരിക്കണമെന്ന നിയമമൊന്നുമില്ലാതിരുന്നതിനാലും ചറപറാന്നു മലയാളം സംസാരിച്ചിരുന്ന എനിക്ക്  ആദ്യം അതിത്തിരി അസൗകര്യമായി തോന്നിയെങ്കിലും പിന്നീട് ഇംഗ്ലീഷിലും ചറപറാന്നുതന്നെ സംസാരിക്കാൻ അതു സഹായിച്ചുവെന്നുവേണം കരുതാൻ!) എങ്കിലുംഹോസ്റ്റലിൽ ധാരാളം മലയാളിക്കുട്ടികളുണ്ടായിരുന്നതുകൊണ്ട് ഇംഗ്ലീഷിൽ സംസാരിച്ചു അധികം കഷ്ടപ്പെടേണ്ടി വന്നില്ല,ഹോസ്റ്റലിൽ!പക്ഷേ കോളേജിൽ ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കുവാൻ നിവൃത്തിയുണ്ടായിരുന്നുള്ളൂ.വാരാന്ത്യങ്ങളിൽ ചിലപ്പോൾ കൂട്ടുകാരുമായി ടി.നഗറിലെ  ജനസാഗരത്തിൽ ലയിച്ചുചേർന്നു അവിടുത്തെ വഴിയോരക്കച്ചവടക്കാരോടു മുറിത്തമിഴിൽ വിലപേശിയതൊക്കെ ഇപ്പോൾ  ഓർക്കുമ്പോൾ തമാശയായി തോന്നുന്നു!എങ്കിലും കോളേജിൽ,തമിഴിലെ തട്ടുപൊളിപ്പൻ പാട്ടുകളുമായി നൃത്തമത്സരത്തിൽ പങ്കെടുത്ത തമിഴുസുന്ദരിമാർക്കിടയിൽ ഒരു മലയാളംപാട്ടിനു ചുവടുവച്ചു ഞാനൊരു സമ്മാനവും അടിച്ചെടുത്തു.

ആഹാ!അത്രയ്ക്കായോ?(അതിൽ മറ്റു തമിഴ് പെൺകുട്ടികളേക്കാൾ അസൂയ ചില മലയാളിക്കുട്ടികൾക്കായിരുന്നുവെന്നുള്ളതാണ് മറ്റൊരു തമാശ !)കോളേജിൽ വാർഷികാഘോഷത്തിനും നൃത്ത ത്തിൽ അവിടുത്തെ നൃത്താദ്ധ്യാപിക എന്നെയും തെരഞ്ഞെടുത്തു. ഏതായാലും അന്ന് ബി.എഡ്.ഒരു വർഷമേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നുംകൂടാതെ  കോളേജുജീവിതത്തിനു പരിസമാപ്തി കുറിച്ചു.

ബി.എഡ്. കഴിഞ്ഞ് ചെന്നൈ സ്കൂളുകളിൽ ജോലിചെയ്യാൻ തുടങ്ങിയപ്പോളാണ് തമിഴുകൂടെ പഠിക്കേണ്ടതിൻറെ ആവശ്യകത കൂടുതൽ ബോദ്ധ്യമായത്.കാരണം എൻറെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ഇംഗ്ലീഷ്മീഡിയത്തിൽ പഠിക്കുന്ന അവിടുത്തെ കുട്ടികൾക്കു ഇംഗ്ലീഷിൽ നിലവാരം കുറവായിരുന്നു.അതുകൊണ്ട്  ഇടയ്ക്കിടയ്ക്കു തമിഴുംമലയാളവുംകലർന്ന മണിപ്രവാളത്തിലും  ഡയലോഗുകൾ വച്ചുകാച്ചി! (ദൈവംസഹായിച്ചു അന്നും ഡയലോഗുകൾക്കൊന്നും ഒട്ടും പുറകിലല്ലായിരുന്നു.ഹി....ഹി...)

എൻറെ ഇംഗ്ലീഷ് ഉച്ചാരണം വിദ്യാർത്ഥികളിലും അവരുടെ ഉച്ചാരണം എന്നിലുംചിരിയുണർത്തിയെന്ന രഹസ്യവും മറച്ചുവയ്ക്കുന്നില്ല.ഏതെങ്കിലും കുട്ടിയെ വഴക്കുപറയുമ്പോൾ
അവരെന്നെ നോക്കി 'സാരി'എന്നുപറയുന്നതെന്തിനാണെന്ന് ആദ്യമാദ്യം മനസ്സിലായില്ല. എൻറെ സാരിയിഷ്ടപ്പെട്ടതുകൊണ്ടാവുമോ! എൻറെ ശങ്ക അസ്ഥാനത്തായിരുന്നെന്ന് പിന്നീടാണ് പിടികിട്ടിയത്.അവരെന്നോട് 'സോറി' പറയുകയായിരുന്നത്രേ.

എൻറെ 'ഓഫീസ് '  കേട്ടു അവരെന്നെനോക്കിച്ചിരിക്കുമ്പോൾ ആപ്പീസുപൂട്ടി പോകേണ്ടിവരുമോയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

ഏതായാലും അതൊന്നും ഞങ്ങളുടെ അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിനു തടസ്സമല്ലായിരുന്നെന്നു തെളിയിച്ചുകൊണ്ട്  അനർഗ്ഗളമായൊഴുകിയ അവരുടെ നിഷ്കളങ്കസ്നേഹതരംഗിണി  എന്നെ തലോടിയൊഴുകി.

വിവാഹത്തിനുശേഷം ചെന്നൈയിൽ മറ്റൊരുഭാഗത്തേയ്ക്ക് താമസം മാറേണ്ടിവന്നു.താമസംമാറുന്നതിനനുസരിച്ചു സ്കൂളുകളും മാറി.എൻറെ മഗ്ലീഷും വിദ്യാർത്ഥികളുടെ തംഗ്ലീഷും പലപ്പോഴും ഏറ്റുമുട്ടിയെങ്കിലും എൻറെ വാത്സല്യനിധികളാകുവാൻ അവർ പരസ്പരം മത്സരിച്ചിരുന്നതുകൊണ്ട് അതൊന്നും  പ്രശ്നമായിരുന്നില്ല. ഞങ്ങളുടെ അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിന്റെ ഊഷ്മളത അവിടെ മിലിട്ടറി ഓഫീസർമാരുടെ ശൈലിയിൽ പഠിപ്പിക്കുന്ന ചില അദ്ധ്യാപകർക്കും വിവരക്കേടിൻറെ പര്യായമായിരുന്നെങ്കിലും ജയലളിതയുടെ മുമ്പിൽ നമസ്കരിച്ചുനില്ക്കുന്ന  മന്ത്രിമാരുടെ പാരമ്പര്യം പിന്തുടർന്നതുകൊണ്ടുമാത്രം ഹെഡ്മാസ്റ്റർ/മിസ്ട്രസ്, പ്രിൻസിപ്പാൾ പദവികൾ അലങ്കരിച്ചിരുന്നവർക്കും കലശലായ കണ്ണുകടിയുളവാക്കി. ആരെയും കൂസാത്ത ഒരു പ്രകൃതക്കാരിയെ ഒരു പാഠംപഠിപ്പിക്കുവാൻ പലനാടകങ്ങളും അവിടെ  അരങ്ങേറി.എന്നെയൊതുക്കാൻ ശ്രമിച്ചു അവർ ക്ഷീണിച്ചെന്നല്ലാതെ ആ നാടകങ്ങൾകൊണ്ടു മറ്റു പ്രയോജനമുണ്ടായില്ല. മാത്രമല്ല പ്രതിസന്ധികളെ അതിജീവിക്കാനുള്ള പരിശീലനം ഞാനും നേടിയെടുത്തു. കൂടാതെ സത്യസന്ധമായി അവനവൻറെ ജോലിചെയ്യുന്ന, കുട്ടികൾക്കു മാതൃകയായി ജീവിക്കുന്ന ഒരു ടീച്ചറാവാൻ കുറെ അദ്ധ്യാപകരെങ്കിലും നല്ല രീതിയിൽ എന്നോടുമത്സരിക്കുന്നതുകണ്ട് സന്തോഷിക്കാനും സാധിച്ചു. എൻറെ ഏകമകനും ഞാൻ പഠിപ്പിച്ചിരുന്ന സ്കൂളിൽത്തന്നെയായിരുന്നു പഠിച്ചിരുന്നത്.

ഇടയ്ക്ക് എന്തെങ്കിലും ആവശ്യത്തിനു ഇൻറർവെല്ലിനു എൻറെ ക്ലാസ്സിൽ വന്നാൽ വിദ്യാർത്ഥികളുമായി ചിരികളിതമാശകൾ പങ്കുവെയ്ക്കുന്ന എന്നെക്കണ്ട് അസൂയപ്പെട്ടു എന്നെ അരികിലേക്കുവിളിച്ചിട്ടു രഹസ്യമായി എന്നോടുചോദിക്കാറുണ്ടായിരുന്നു,

"സ്വന്തം മോനേക്കാൾ മമ്മിക്കവരോടാണല്ലേ ഇഷ്ടം?"

അതുകേട്ടു പൊട്ടിച്ചിരിച്ചുകൊണ്ടു ഞാൻ പറഞ്ഞു"സ്കൂളിൽ വരുമ്പോൾ എനിക്കിവരും മക്കളാണടാ"എന്ന്. അക്കാര്യംപറഞ്ഞു ഇപ്പോളും ഞാനവനെ കളിയാക്കാറുണ്ട്.

എൻറെ കസിൻസിൻറെയൊന്നും കല്യാണത്തിനോ മറ്റുപരിപാടികൾക്കോ പോകാൻ സാധിക്കാതിരുന്ന എനിക്ക് സ്കൂളിലെ ആഘോഷങ്ങളായിരുന്നു ആകെയുള്ള ആശ്വാസമായിരുന്നത്.ഒരുവർഷം അദ്ധ്യാപകരുടെ തിരുവാതിരകളിയിലും മറ്റുവർഷങ്ങളിൽ ഓണപ്പാട്ടുകളിലുമൊക്കെ പങ്കെടുത്തിരുന്നത് ഓർക്കുന്നു. ഒരുവർഷം ഓണാഘോഷത്തിൻറെ ചുമതല യെനിക്കായിരുന്നു.അന്നു സ്കൂളിലെ ഒട്ടുമിക്കമലയാളി വിദ്യാർത്ഥികളോടും ഒരു 'പറ'അന്വേഷിച്ചുനടന്നതിൻറെ പങ്കപ്പാടു പറയാതിരിക്കുകയാണു ഭേദം!അവസാനം തേടിയവള്ളി കാലിൽച്ചുറ്റിയെന്നുപറഞ്ഞതുപോലെ ഒരു കുട്ടിയത്  വീട്ടിൽനിന്നും കൊണ്ടുവന്നുതന്നപ്പോൾ ഒരു നിധികിട്ടിയ സന്തോഷമായിരുന്നെനിക്ക്.

വീട്ടിലും ഓണത്തിനു ഒരു 'മിനി'പ്പൂക്കളം ഇടാറുണ്ട് -ഫ്ലാറ്റിൻറെ കോറിഡോറിൽ.'മിനി'യാക്കിയത് സ്ഥലപരിമിതികൊണ്ടുംഓണനാളുകളിൽ പൂക്കൾക്കു തീപിടിച്ചവിലയായതുകൊണ്ടുമാണ്.അപ്പോളൊക്കെ മനസ്സിൻറെ അന്തരംഗങ്ങളിലെവിടെയോ നാട്ടിലെ ഓണനാളുകളുടെ ഓർമ്മകൾ തുടികൊട്ടാറുണ്ട്.(എൻറെ പിതാവ് റിട്ടയർചെയ്തശേഷം മാതാപിതാക്കന്മാരും നാട്ടിലേയ്ക്കു മടങ്ങിയിരുന്നു.)ഇവിടെ ഒറ്റയ്ക്കിരുന്നു പൂക്കളമിടുമ്പോൾ,പണ്ടു  തൊടിയിലെയും ഉദ്യാനത്തിലെയും പൂക്കളിറുത്തുകൊണ്ടുവന്നു വിശാലമായ മുറ്റത്ത് പൂക്കളിടുന്നതിൻറെ മധുരസ്മരണകൾ ബ്ലാക്ക് &വൈറ്റ് സിനിമയിലെ ദൃശ്യങ്ങൾപോലെ  മനസ്സിലൂടെ കടന്നുപോകാറുണ്ട്. ക്രിസ്മസിനു പുല്ക്കൂടുകെട്ടാൻ  അയൽപ്രദേശങ്ങളിൽനിന്നു പ്രത്യേകഓലയും ശേഖരിച്ചു വിജയശ്രീലാളിതനായി വരുന്ന എൻറെ സഹോദരൻറെ ചിത്രവും എല്ലാവരുംകൂടി ആഘോഷമായി പുല്ക്കൂടുകെട്ടുന്നചിത്രവും ഇന്നും മിഴിവാർന്ന ഓർമ്മകളാണ്.

ഇന്ന്  ബാൽക്കണിയിൽ ഒരു സ്റ്റാർ തൂക്കുന്നതിൽ ക്രിസ്മസാഘോഷം ഒതുങ്ങുമ്പോൾ പണ്ടു നാട്ടിലെ സ്വന്തക്കാരോടൊപ്പംചേർന്നുള്ള ആഘോഷങ്ങൾ നൊമ്പരങ്ങളായി അവശേഷിക്കുന്നു.അവയൊക്കെ ഗൃഹാതുരതയുടെ  വേലിയേറ്റങ്ങളായി മനസ്സിൽ ഇപ്പോളും അലയടിക്കുന്നു.

''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
2-10-2017

2 comments:

  1. ഇത് fb കനൽ ഗ്രൂപ്പിൽ പബ്ലീഷുചെയ്യാൻ ഗ്രൂപ്പഡ്മിൻ ജോയ് ഗുരുവായൂർ ജീയുടെ പ്രേരണയാൽ എഴുതിയ ഓർമ്മക്കുറിപ്പുകളാണ്.ഈ ബ്ലോഗ് തുടങ്ങാൻ സഹായിച്ചതും അദ്ദേഹമാണ്. അതിലുള്ള പ്രത്യേക നന്ദിയും സന്തോഷവും അറിയിക്കുന്നു.

    ReplyDelete