Monday, December 4, 2017

മഷിത്തണ്ട്

ഇന്നെൻ പൂമുഖവാതിൽ തുറന്നു ഞാൻ

ഇമ്പമേറും ചാറ്റൽമഴയിലലിഞ്ഞുനില്ക്കവേ,

നിറയെ പവിഴമുത്തുകൾ പതിച്ചൊരാ ചേമ്പിലയിൽച്ചാരി, 

ഈറനണിഞ്ഞുനിന്നൊരു മഷിത്തണ്ടുചെടിയിൽ 

നിനവുടക്കിനിന്നൊരെൻകാതിലാ മഷിത്തണ്ട് 

ഈണത്തിൽ മൂളിയോ 'അറിയുമോ എന്നെ നീ?'



നിന്നുപെയ്യുമൊരു പേമാരിക്കിടയിൽനി-

ന്നർക്കനെത്തിനോക്കവേ, 

നീലാകാശം കാർമുകിൽമുഖപടമുയർത്തി 

നിന്നെപ്പാർത്തൊരുമാത്ര ചിരിച്ചതും,

നീയറിയില്ലയോ എന്നോർത്തു, ഖിന്നയായ് 

നീരണിഞ്ഞ കൺകൾ മൂടുവാനായി നീലവാനം വീണ്ടും കറുത്ത ശിരോവസ്ത്രമണിയവേ, 

നിർന്നിമേഷയായെൻ കൺകളിൽ നോക്കിനിന്നിട്ടു 

നീയൊരു നിമിഷമുല്ലാസചിത്തയായ് 

നീർമാരുതനിലുലഞ്ഞാടിയോ ?


നിനവുകൾ കാലത്തിൻപടവുകളിറങ്ങവേ, 

നീയെൻപകൽക്കിനാവിൽ നിറയവേ, 

നീയെൻറെ പൊയ്പ്പോയ ബാല്യത്തെ അരികത്തണച്ചെന്ന

നിരർത്ഥകവ്യാമോഹമെന്നിലുണർത്തിയോ?



ഒരുവില്ലാളിവീരനമ്പുകളേന്തി 

ഗുരുകുലാശ്രമമണയുന്നപോൽ 

ബാല്യത്തിലാഹ്ലാദചിത്തയായി കൂട്ടുകാർക്കൊപ്പം 

കൈനിറയെ മഷിത്തണ്ടുകൾ പേറി 

ചെറുസഞ്ചിയിലൊരു സ്ലേറ്റും കല്ലുപെൻസിലുമായ് 

ഇന്നത്തെ വിദ്യാഭ്യാസച്ചുമടേതുമില്ലാതെ 

വിവശതയും വെറുപ്പുമില്ലാതെ

എൻപ്രിയവിദ്യാലയാങ്കണത്തിലണയവേ

സ്ഫുടാക്ഷരങ്ങളിലെൻ പ്രിയഗുരുക്കന്മാർ 

അക്ഷമയേതുമില്ലാതരുമയോടെ ചൊല്ലിത്തന്ന 

അക്ഷരങ്ങളോരോന്നായി സ്ലേറ്റിൽ നിറയുമ്പോൾ 

അതു മായിക്കുവാൻ ഞാനെൻ മഷിത്തണ്ടുകളെപ്പരതിയതും 

അതിലൊന്നുരണ്ടെണ്ണമെൻ പ്രിയ-

സതീർത്ഥ്യർക്കു കൈമാറിയതും 

അതു കഴിഞ്ഞൊരു തണ്ടുകൊണ്ടെൻ സ്ലേറ്റിനെ 

സ്ഫടികംപോൽ തുടച്ചുമിനുക്കിയതും

എത്രയോ കാലങ്ങൾ പിന്നിട്ടുപോയീടിലും 

എത്രയോ ജീവിതക്കുതിപ്പുകൾ താണ്ടീടിലും 

ഇത്രയും കൃത്യമായീയോർമ്മകൾ ഓളങ്ങളായ് 

എൻജീവിതത്തുടിപ്പുകളായിപ്പൊഴും തുടരുന്നുവോ? 

എൻകൺകോണിലൊരാനന്ദാശ്രുകണം തുളുമ്പുന്നുവോ?



ആനന്ദചിത്തരായി മഴയും വെയിലുമൊളിച്ചുകളിച്ചൊരാ മുറ്റത്ത് 

മന്ദമാരുതനിലാടിനിന്നെന്നോടു സല്ലപിച്ചിരുന്നൊരാ മഷിച്ചെടി 

ഒരാഴ്ചക്കുശേഷമായുസ്സേതുമെത്താതെ

വെറുമൊരു പാഴ്ച്ചെടിയായി പിഴുതെറിയപ്പെടവേ

എൻ കൺകോണിലിക്കുറി കിനിഞ്ഞതൊരു 

കിനാവിൻനൊമ്പരം!

മൗനപ്രതിഷേധം

മൗനപ്രതിഷേധം
"" "" "" "" "" "" "" "" "" "
മൗനികളായിരിക്കുകയെന്നോ
മാനുജരായിപ്പിറന്നീടുകിൽ ഭേദം?


മേധാവികളായി നടിച്ചിട്ടു ചിലർ
മാധ്യമക്കൂട്ടരെ നിശബ്ദരാക്കാൻ


മൗനപ്പൂട്ടൊന്നിടുവാനാശയു-
മേറിവരുന്നൂ ഹൃത്തിന്നുള്ളിൽ!


ജനാധിപത്യം പടിയിറങ്ങുമ്പോൾ
ഏകാധിപത്യം തഴയ്ക്കുന്നിവിടെ


ജനാധിപത്യമുറവിളി കൂട്ടിയ
രക്തസാക്ഷികളുടെയാത്മാക്കൾ


അലയുന്നിന്ത്യതൻ ഗതിയോർത്തിന്ന്
അലതല്ലുന്നൊരു ദുഃഖത്തിരയിൽ!


അഹന്തതൻമൂർത്തിയായിരുതലവാളിനാൽ
അരിഞ്ഞിടുവാനെതിർപ്പിൻ നാമ്പുകൾ


അരചന്മാരുടെയണിയാളുകൾ
അവസരമൊരുക്കി കെണിയുംവെച്ചൂ!


ഇരുളിൻനാളിൽനിന്നും മോചനം
ഇവിടൊരുക്കുവാനാവില്ലെന്നോ?


ഭയന്നുവിറച്ചു വസിക്കണമെന്നോ
ഭരണക്കാരുടെ അടിയാളരെന്നോ? 


ഓച്ഛാനിച്ചു നില്ക്കുന്നോർക്ക്
ഓശാരമായി പട്ടുംവളയും!


ഒരുവാക്കെങ്ങാൻ മറുത്തുപറഞ്ഞാൽ
ഒരുവാക്കത്തിയാൽ അരിഞ്ഞിടുമിന്ന്!


പിടിച്ചുവലിച്ചു ജയിലിൽ തള്ളാൻ
പ്രയത്നമേതും വേണ്ടന്നിന്നോ?


പ്രതിമകളായി മൗനംപൂകാം
പ്രജകൾ നമ്മൾ കാഴ്ചക്കാരായ്


പരസ്യപ്പലകകൾ നോക്കുകുത്തികളായ്
പരസ്പരം നോക്കിയൂറിച്ചിരിക്കവേ!


പ്രസ്താവനകളും പ്രസംഗങ്ങളുമായ്
പരസ്പരം ചെളിയും വാരിയെറിഞ്ഞ്


ജനാധിപത്യക്കശാപ്പുകാരേ
ജയിച്ചിടുക, നിങ്ങൾ നീണാൽ വാഴ്ക!

==========================
ഗീതാഞ്ജലി
==========================

കലാമിനൊരു സലാം


എന്‍റെ മതം

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയ ആൾപറഞ്ഞതാണ് ഏറ്റവും വലിയ സത്യം-മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്.മതത്തിന്റെ പേരിലാണ് ഇപ്പോൾ സ്നേഹംപോലും അളക്കപ്പെടുന്നത്.എല്ലാ മനുഷ്യരെയും ഈ പ്രപഞ്ചംതന്നെയും സൃഷ്ടിച്ചതു ഒരേ ദൈവംതന്നെയെന്നു ചിന്തിച്ചാൽ തീരാവുന്നതേയുള്ളൂ ഈ ലോകത്തിലുള്ള എല്ലാ പ്രശ്നങ്ങളും!'നീ ക്രിസ്ത്യാനിയാണെങ്കിൽ ഞാൻ നിന്നെ സ്നേഹിക്കാ'മെന്നു ക്രിസ്ത്യാനിയും 'നീ ഹിന്ദുവാണെങ്കിൽ ഞാൻ നിന്നെ സ്നേഹിക്കാ'മെന്നു ഹിന്ദുവും 'നീ മുസ്ലീമാണെങ്കിൽ ഞാൻ നിന്നെ സ്നേഹിക്കാ'മെന്നു മുസ്ലീമും പറയുന്നതാണ് ഈ ലോകത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം!
മതത്തിന്റെ അടിസ്ഥാനത്തിൽ എന്നെ ആരും സ്നേഹിക്കാതിരിക്കുക.കാരണം എൻറെ മതം മനുഷ്യത്വമാണ്,സ്നേഹമാണ്-ഉപാധികളില്ലാത്ത സ്നേഹം!

പൊന്നോണക്കാലം

പൊന്നോണക്കാലം
'’''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഓർക്കാം നമുക്കാ സുവർണ്ണസുന്ദരകാലം!
കാപട്യം തെല്ലുമില്ലാത്ത മാവേലിക്കാലം!
നെല്ലിൽ പതിരില്ല, വിഷമില്ല വിത്തുകളിൽ
നേരിൻറെ നിറച്ചാർത്തു നാടെങ്ങും വിതറുംകാലം!
മറക്കാനാവുമോ നമുക്കാ സമൃദ്ധമാം കാലം?
മുറ്റത്തെപ്പൂക്കളവും പാട്ടു,കളിമേളങ്ങളും!
പൂക്കളമൊരുക്കാൻ തൊടിയിലെമ്പാടും
പൂപ്പടയായോടിവരും കുസൃതിക്കുരുന്നുകളും
ആണ്ടിലൊരിക്കൽ വിരുന്നുവരും മന്നനെ
ആദരവോടെതിരേല്ക്കാൻ കേരളമൊരുങ്ങവേ ചിങ്ങത്തിൻതെളിവെയിലിൽ വെഞ്ചാമരം വീശി, തെങ്ങോലകളിളകുന്നൊരിളംതെന്നലിൽ!
നഗരത്തിരക്കുകളിൻ പാരവശ്യനടുവിലും
നല്ലൊരു സദ്യയൊരുക്കുവാൻ തരുണികൾ
നടു നിവർക്കാതെ നെട്ടോട്ടമോടുന്നു
നാവിനു കൊതിയേറും രുചിക്കൂട്ടുകളൊരുക്കാൻ!
പാലടപ്രഥമനും പഞ്ചാമൃതവും
പാൽപ്പായസവും പഴംപൊരിയും ചേർന്നു
പൊന്നോണസ്സദ്യയുണ്ണാനുണ്ണികൾക്കുത്സാഹം
പാൽക്കുടംപോൽ തുളുമ്പിയല്ലോ അമ്മതൻമനവും!
നാടണയാൻ നടുമുറ്റത്തൊരു പൂക്കളം തീർക്കാൻ
നഗരപാതാളത്തിൽ തിടുക്കമായി ഞങ്ങൾക്കും.
വഴിക്കണ്ണുമായി കാത്തിരിക്കും പ്രിയരെക്കാണാൻ
വഴികാണാതെ തേങ്ങും പ്രവാസികളും!
കാത്തിരിക്കുന്നു ഞങ്ങൾ പ്രതീക്ഷാഭരിതരായ്
കാലങ്ങൾ പലതു കടന്നുപോയെങ്കിലും
അഴിമതിയുമക്രമവും തൊട്ടുതീണ്ടാത്തൊരു അഭിനവമാവേലിഭരണത്തിനായ്!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''"'''''''''''''''''''''''''''''''''''''
ഗീതാഞ്ജലി (3-9-2017)

ഓണം നാടൻപാട്ട്

ഓണം നാടൻപാട്ട്
"" "" "" "" "" "" "" "" "" "
ഓണം വന്നോണം വന്നേ 
മാണിക്കച്ചെമ്പഴുക്ക
ഓണം വന്നോണം വന്നേ 
പുഞ്ചിരിപ്പൂക്കളായീ
ഓണം വന്നോണം വന്നേ
പ്രിയമാനസ്സരിൽനിന്നും
ഓണം വന്നോണം വന്നേ
ആശംസാപ്രവാഹമായ്
ഓണം വന്നോണം വന്നേ
മമമാനസ്സച്ചെപ്പിന്നുള്ളിൽ
ഓണം വന്നോണം വന്നേ
നാടൻകളിപ്പാട്ടായ്
ഓണം വന്നോണം വന്നേ
സമ്പൽസമൃദ്ധിയുടെ
ഓണം വന്നോണം വന്നേ
സാഹോദര്യത്തിൻറെ
ഓണം വന്നോണം വന്നേ
പൂക്കളമൊരുക്കീ ഞാൻ
ഓണം വന്നോണം വന്നേ
ഹൃത്തിൻ മണിമുറ്റത്തും
ഓണം വന്നോണം വന്നേ
തിരുവോണാശംസകൾ
ഓണം വന്നോണം വന്നേ
നേരുന്നേവർക്കും ഞാൻ
ഓണം വന്നോണം വന്നേ
സ്വാദിഷ്ഠമായൊരു
ഓണം വന്നോണം വന്നേ
സദ്യയൊരുക്കീടാമേ!
ഓണം വന്നോണം വന്നേ
വന്നീടുകെല്ലാരുമേ
ഓണം വന്നോണം വന്നേ
പാട്ടുംമേളവുമായ്!
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
🌻🌻🌻🌻🌻🌻🌻🌻
4-9-2017

പുനർജ്ജന്മം

ഇനിയുമൊരുജന്മമുണ്ടാകിലന്നു
ജനിക്കണമൊരുമിന്നൽപ്പിണരായി
ഹനിക്കണം തമസ്സിൻശക്തികളെ
ഹസിക്കണം പാഴായമുജ്ജന്മമോർത്ത്
നിറയ്ക്കണം മാരിയാൽ ഭൂവിൻഹൃത്തിടം
കുതിർക്കണം കുളിരാൽപ്രപഞ്ചത്തെ
ജ്വലിക്കണം ദ്യുതിയായിരുണ്ടപാതയിൽ
കനിയണം നേരിൻതെളിനീരിടങ്ങളിൽ
മറയ്ക്കണം ദു:ഖത്തിൻകാർമേഘത്തെ
മറക്കണമകന്ന സ്നേഹനാട്യങ്ങളെ
നിറയ്ക്കണംചിരിയാൽഗഗനാനനം
കരിക്കണം പോയജന്മസ്മൃതികളെ
ഗർജ്ജിക്കണമനീതിയ്ക്കെതിരെയന്നും
തകർക്കണംപ്രതികാരക്കോട്ടകളെ
ഉടയ്ക്കണം ഹിംസതൻ ഖഡ്ഗങ്ങളെ
നിവർത്തണംഭീതിയാൽവളഞ്ഞനട്ടെല്ലുകൾ!
തെളിയണമൊരാശ്വാസനാളമായ്
ഒഴുകണംവറ്റിയകണ്ണീരുപ്പുപാടങ്ങളിൽ
അണയണമൊരുകിളിതൻകൊക്കിൽ
നിറയ്ക്കണം നീർത്തുള്ളിയാൽ പ്രാണനിൽ !
തെളിക്കണംദ്യുതിയുള്ളുപൊള്ളുമ്പോളും
ഭജ്ഞിക്കണം ഭയത്തിൻമൗനങ്ങളെ
എതിർക്കണംഗർവ്വിൻപേക്കൂത്തുകളെ
പതിക്കണം ചാരമായിമണ്ണിൻമാറിൽ!

ഗീതാഞ്ജലി
25-9-2017

യാത്രാമൊഴി

യാത്രാമൊഴി
"" "" "" "" "" "" ""
ദു:ഖത്തിൻ പാലാഴി നീന്തിത്തളരാനായ്
ദൈവങ്ങളേകിയെനിക്കൊരു ജന്മം

കണ്ണുനീർമുത്തുകൾ പുഞ്ചിരിനൂലിനാൽ
കെട്ടിയൊരുക്കി ഞാനൊരുകണ്ഠഭൂഷ!

അശ്രുവിൻ പനിനീരുകൊണ്ടു നനഞ്ഞു
അഴകുവിരിയിക്കാനെൻ കപോലം

മത്സരിച്ചെൻ കൂട്ടരൊത്തൊരുമിച്ചവർ
മർത്ത്യരായി പാരിൽപ്പിറന്നോരല്ലോ!

കാർമേഘച്ചുരുളുകളായിരമായിരം
കാർക്കശ്യമോടെയിളകിനീങ്ങി

വിങ്ങിവിതുമ്പിപ്പെയ്തുതോർന്നിട്ടിതാ
വിണ്ണിടംവിട്ടു പതിച്ചുഭൂവിൽ!

പെയ്തുതോരാത്ത മിഴിയുമായീയാത്ര
പെരുവഴിയിലൂടിനിയെന്നുമെന്നും

തുടരുന്നു ഞാനിതാതളരാതെയേകയായ്
തുടരുക നിങ്ങൾതൻകല്ലേറുകൾ

ഒട്ടും പതറാതെ ജീവിതപന്ഥാവിൻ
ഒറ്റയടിപ്പാതയൊറ്റയ്ക്കു താണ്ടവേ

ഉപജാപംചെയ്തുപതാപമേറ്റീട്ടൊ-
ന്നുപദേശകരായി നടിച്ചവർതൻ

പിൻവിളിയെൻ കാതിൽ മുഴങ്ങീടുകവേണ്ട
പിന്നിലേയ്ക്കില്ലിനി കാൽവെയ്പ്പുകൾ.

വേഷങ്ങൾ ദിനംതോറുമാടിത്തകർക്കുന്നോർ
വിഷംപുരട്ടീടുന്നോർ പുഞ്ചിരിയിൽ

യാത്രാമൊഴിയൊന്നു നേരുകവേണ്ടിനി
യാന്ത്രികമാമൊരു മന്ത്രണംപോൽ!

പാൽനിലാപ്പുഞ്ചിരിതൂകി വഴികാട്ടും
പനിമതിതൻനന്മവെളിച്ചംമതി

പാതയിൽ സ്നേഹത്തിൻ പൂക്കൾ വിരിച്ചീടും
പേരറിയാത്തരുവിൻറെ തണലും മതി

ഒരുകുളിർക്കാറ്റിൻറെ കേശത്തിൽ  ചൂടീടാ-
നൊരുക്കട്ടെ നീറുന്നെന്നോർമ്മപ്പൂക്കൾ

കളകളമൊഴുകുന്നോരരുവിതനന്നോളങ്ങൾ
കളിപറഞ്ഞെന്നോടു ചിരിച്ചീടുമ്പോൾ!
''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
28-9-2017

പാഠങ്ങൾ

പാഠങ്ങൾ നല്ലതേതെന്നറിയുവാൻ 
പാഠങ്ങൾ പഠിച്ചുൾക്കരുത്താർജ്ജിക്കാൻ 
പാഠങ്ങൾ ജീവിതാന്ത്യംവരെ നേടാന്‍ 
പാഠങ്ങൾ സ്നേഹത്തിൻവിത്തുവിതച്ചീടാൻ 
പാഠങ്ങൾ സുരഭിയായന്യർക്കും പകരാന്‍ 
പാഠമായിമാറി മാതൃക കാട്ടുവാൻ
പാഠങ്ങളറിയവേ വിനയംകൈവന്നീടാൻ
പാഠംപഠിക്കാൻ തുടങ്ങാമീദിനമതില്‍!


🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵
📚📖📚📖📚📖📚📖📚📖📚📖📚📖📚
വിജയദശമിദിനാശംസകൾ!
ഗീതാഞ്ജലി