Sunday, February 25, 2018

എന്നോട് പിണങ്ങുകയെന്നാൽ

എന്നോട് പിണങ്ങുകയെന്നാൽ....
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" 
എന്നോട് പിണങ്ങുകയെന്നാൽ
നീ നിന്റെയാത്മാവിനെ നഷ്ടപ്പെടുത്തുകയെന്നർത്ഥം

എന്നോട് പിണങ്ങുകയെന്നാൽ
സ്വർണ്ണനൂലിഴകളാൽനെയ്തു നിനക്കു ഞാൻചാർത്തിത്തന്ന സാഹോദര്യത്തിന്റെ പൊന്നാട നിന്നിൽനിന്നൂർന്നുപോവുകയെന്നർത്ഥം!

എന്നോട് പിണങ്ങുകയെന്നാൽ
നീ നെഞ്ചോടുചേർത്ത എന്റെ കവിതകളുടെ ഗംഗാപ്രവാഹം
വറ്റിവരണ്ടുപോവുകയെന്നർത്ഥം!

എന്നോട് പിണങ്ങുകയെന്നാൽ
പൊയ്പ്പോയവസന്തങ്ങൾ മടങ്ങിവരാതെ നിന്റെ മാനസപ്രപഞ്ചത്തിനോട് കലഹിക്കുകയെന്നർത്ഥം!

എന്നോട് പിണങ്ങുകയെന്നാൽ
വെറുപ്പിന്റെ കമ്പളംപുതച്ചു നീ കൂരിരുട്ടിൽ തപ്പിത്തടയുകയെന്നർത്ഥം!

എന്നോടു പിണങ്ങുകയെന്നാൽ നിന്റെഹൃദയത്തിലെ ഓരോകോശവും നിന്നോട് നിരന്തരം 
യുദ്ധംചെയ്യുകയെന്നർത്ഥം!

എന്നോട് പിണങ്ങുകയെന്നാൽ നിന്റെസാഹിതീരചനകളിൽ
എന്റെ കൈയൊപ്പുപതിയാതെ 
അവ നിന്നെനോക്കി പല്ലിളിക്കുന്നെന്നർത്ഥം!

എന്നോട് പിണങ്ങുകയെന്നാൽ എന്റെഓർമ്മകളെ
മറവിയുടെയാഴിയിലേയ്ക്ക് തള്ളിവിട്ടാലും
അവ കരയിലേയ്ക്കടിക്കുന്നതിരകൾപോലെ നിന്നിലേയ്ക്ക് മടങ്ങിവരികയെന്നർത്ഥം

എന്നോട് പിണങ്ങുകയെന്നാൽ എന്റെ ചിന്തകളിൽ നീ കോരിയിട്ടകനലിൽ നീതന്നെ വെന്തുചാരമാവുന്നെന്നർത്ഥം!

എന്നോട് പിണങ്ങുകയെന്നാൽ എന്റെ സ്നേഹശാസനകൾ
കൈക്കൊള്ളാതെ ഒരപഥസഞ്ചാരിയായി മരണത്തിന്റെ
ഗർത്തത്തിലേയ്ക്ക് നീ നടന്നടുക്കുകയെന്നർത്ഥം!

എന്നോട് പിണങ്ങുകയെന്നാൽ നിൻറെ ബോധമണ്ഡലത്തിലെ വെള്ളിനക്ഷത്രം പ്രഭമങ്ങി പൊലിഞ്ഞുപോവുകയെന്നർത്ഥം!

എന്നോട് പിണങ്ങുകയെന്നാൽ നീയെന്നിലേയ്ക്കയച്ച വാക്കുകളുടെ കൂരമ്പുകൾ തിരിച്ചു നിന്നിലേയ്ക്ക് മടങ്ങിവരുന്നെന്നർത്ഥം!

എന്നോട് പിണങ്ങുകയെന്നാൽ നിൻറെമൗലിയിലണിഞ്ഞ തങ്കക്കിരീടം ഉന്മാദാവസ്ഥയിൽ നീതന്നെ വലിച്ചെറിയുകയെന്നർത്ഥം!

എന്നോടു പിണങ്ങുകയെന്നാൽ ഇനിയും പെയ്തുതോരാത്ത
എന്റെ സങ്കടപ്പേമാരിക്കിടയിൽമറഞ്ഞ ചന്ദ്രികയിലിപ്പോഴും നീ കളങ്കത്തെ തേടിക്കൊണ്ടിരിക്കുകയെന്നർത്ഥം!

എങ്കിലും സുഹൃത്തേ, ഇനിയുമൊരുജന്മമുണ്ടെങ്കിൽ
നീയെൻറെ കൂടപ്പിറപ്പായി പിറക്കുക
സ്നേഹമാകുന്ന എന്റെ മതത്തിലേയ്ക്ക് നിന്നെയും പരിവർത്തനം ചെയ്യാൻ!
കാരണം നീ ചൊല്ലിത്തന്ന വെറുപ്പിന്റെപാഠങ്ങൾ
ഇനിയും ഞാൻ ഹൃദിസ്ഥമാക്കിയിട്ടില്ലല്ലോ!
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''’'''’'''''''''''''''''''''''''''''''''''''''''''''''''''''''''''''’'
ഗീതാഞ്ജലി
21-2-2118