Thursday, March 15, 2018

നിദ്ര

നിദ്ര
''''''''''''’
ഇന്നുനീയുണർന്നെന്നോ നിദ്രയിൽനിന്നും
ഇനിയുമീസൗഹൃദം പൂവിടുവാൻ
നീണ്ട നിരാശതൻ നീളുന്നരാത്രിതൻ
അന്ത്യയാമത്തിൽ പൊൻകതിരായ്!
കാത്തിരുന്നീടുമെൻ പിൻവിളി കേൾക്കുവാൻ
കാതോർത്തിടുമെന്നാശിച്ച നാളുകൾ
കണ്ണീരിന്നുപ്പിൽ കുതിർന്നുപോയെങ്കിലും
കണ്ണിമയ്ക്കാതെ ഞാനുണർന്നിരുന്നു
നിദ്രവിട്ടുണരുന്ന നിന്നെയെൻ ചാരത്ത്
ചേർത്തിരുത്തുവാനായി മാത്രമെന്നും!
പൂങ്കുയിൽ നാദത്തിൻ ചിറകുവിരിച്ചൊന്ന്
നിദ്രയിൽ നീകാണും സ്വപ്നത്തിൻതീരത്ത്
വന്നണഞ്ഞൊന്നു ഞാൻ ദുശ്ശങ്കയകറ്റുവാൻ
ഏറെക്കൊതിച്ചിരുന്നെന്നാകിലും
ഗാഢമാം നിദ്രയിൽപെട്ടു നീപോകയാൽ
കൂജനമൊന്നുമേയേറ്റതില്ല
എങ്കിലുമിന്നുനിൻ പുഞ്ചിരിയെത്തിയെ-
ന്നിരുണ്ടൊരു മനമിതിൽ പുലരിയായ്!
കാവ്യച്ചമയങ്ങളൊരുക്കുന്നു ഞാനിതാ
ഉണർവ്വിൻറെ പച്ചപ്പിലേയ്ക്കഴകിൽ!





Friday, March 9, 2018

ശംഖ്

ശംഖ്
"" "" "" "
അന്നൊരു വലംപിരിശംഖിലെ നാദംപോൽ
എന്നാത്മാവിനുള്ളിൽ നിറഞ്ഞിരുന്നു നീ

ഇന്നുനീയെന്നെവിട്ടകലവേ മമപ്രാണൻ
മുത്തടർന്നുവീണൊരു ചിപ്പിപോലെ!

കാതോർത്തതില്ല നീ ചിപ്പിതന്നുള്ളിലെ
കരളുരുകുന്നതാമാർത്തനാദം

കണ്ടതില്ലൊരുനാളുമെൻമനം ചീന്തവേ
മുത്തുപോൽത്തിളങ്ങിടുമെൻസ്നേഹം നീ

കാത്തുസൂക്ഷിച്ചൊരു മുത്തിനെത്തേടി
കാണാക്കയങ്ങളിലലയുന്ന ചിപ്പിയായ്

ആഴിതന്നാഴത്തിലൊരു പവിഴത്തുരുത്തിൽ
ആശയൊഴിഞ്ഞു ഞാൻ തേങ്ങീടട്ടേ

കാമിനിമാരൊത്തുനീയാടിത്തകർക്കുമ്പോൾ
കേൾക്കാതെപോയൊരെന്നുൾത്തുടിപ്പിൻ

മൂല്യമറിയാതെ നീ തള്ളുവാനൊരുങ്ങവേ
മുത്തായൊളിക്കുന്നൊരു ചിപ്പിതന്നിൽ
'''''''''''''''''''''
ഗീതാഞ്ജലി
13-2-18



ക്ലോക്ക്

ക്ലോക്ക്
'''''''''''''''''''''''''''''''
കാലത്തിൻ കുത്തൊഴുക്കിൽ
പിടഞ്ഞുവീഴുമ്പോഴും
ക്ലോക്കിലെ കൈയിൽചുറ്റി
സമയം ചിരിക്കുന്നു

ഭ്രമണം തുടരുന്നു
ഭൂവിൻറെ സ്പന്ദനത്തിൻ
താളത്തിൽ സൂചികളും
തളർച്ചയറിയാതെ

ജനിമൃതികൾ ചുറ്റും
നടന്നീടുന്നു ചെമ്മേ
ജന്മവൈകല്യത്തിൻറെ
വിഴുപ്പും ചുമന്നിട്ട്

മുഴങ്ങീടുന്നു മണി
ഹൃദയസ്പന്ദനമായ്
ക്ലോക്കിൻറെയുള്ളിൽനിന്നും
മുന്നറിയിപ്പെന്നോണം

പിന്നോട്ടു നോക്കീടാതെ
മുന്നോട്ടു പോയീടുവാൻ
ആഹ്വാനം ചെയ്തീടുന്നു
ക്ലോക്കിതാ മൗനമായി

ശങ്കിച്ചു നിന്നിടാതെ
ശാന്തരായ് ഗമിച്ചീടാം
ശണ്ഠകൂടാതെ നാമും
ശൈശവതീരം വിട്ടു

സ്വാർത്ഥരായ് മേവീടാതെ
സേവനം ചെയ്തീടാനായ്
ക്ലോക്കിനെപ്പോലെ നമ്മൾ
കൈകളുയർത്തീടുക

പുഞ്ചിരിപ്പട്ടുനൂലാൽ
നെയ്തീടാം ജീവിതത്തെ
വഞ്ചനത്തിരകളാൽ
ദിശതിരിഞ്ഞീടാതെ

കാപട്യമേശീടാതെ
കർമ്മത്തിൻ സാരഥിയായ്
ക്ലോക്കിതാ തുടരുന്നു
കാലത്തിൻ ജൈത്രയാത്ര!
''''''''''''’'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
11-2-18

മേഘം


മേഘം
'''''''''''''''''''''''''''
മേഘങ്ങളെൻകണ്ണിൽ വിരുന്നുവന്നീടുന്നു
മെല്ലെത്തുളുമ്പുവാൻ നീർക്കണമായ്
മയൂരമായാടിയെൻ മനമെങ്കിലും
മേഘമൽഹാർരാഗമിന്നുമൂളി

മേഘത്തിൻ ചിറകിലായ് പാറിപ്പറക്കുവാൻ
മമജീവനെന്നും കൊതിച്ചീടുന്നു
മാനത്തുദിച്ചൊരു ചന്ദ്രികപ്പെണ്ണിൻറെ
മാനസംകവരുവാനായിതല്ലോ

മന്ദസമീരനിൽ പാറിപ്പറന്നീടും
മേഘത്തുണ്ടുകളെൻറെ ചാരെ
മാനസപ്പൊയ്കയിൽ വന്നീടൂ നീരാടാൻ
മാമകചിത്തത്തിൽ കുളിരേകുവാൻ!

മമജീവനിലിന്നു കരിമേഘക്കൂട്ടങ്ങൾ
മായാത്തൊരിരുളു പടർത്തിടുമ്പോൾ
മാനസവ്യഥകൾ പെയ്തൊഴിഞ്ഞീടുവാൻ
മായാത്ത മാരിവിൽത്തേരേറട്ടെ!
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "
ഗീതാഞ്ജലി 

ചലനം

ചലനം
"" "" "" ""
ചലനമെന്നതൊന്നില്ലെങ്കിൽ പ്രപഞ്ചത്തിൽ
ചരാചരങ്ങൾക്കും ചൈതന്യമറ്റുപോം

ധരണിയും ചലിക്കുന്നു നിത്യവുമൊരു തണ്ടിൽ
നിശയൊരു പുലരിയെ ചുംബിച്ചുപിരിയാൻ

വസന്തങ്ങൾ വർണ്ണങ്ങൾ ചാർത്തുവാനെത്തുന്നു
വർഷത്തിൻകുളിരേല്ക്കാൻ വേനലുമെത്തുന്നു

ക്ഷോണിയാദിത്യനെ പ്രദക്ഷിണം വയ്ക്കവേ
കാലം കുതിക്കുന്നനന്തമായെന്നേയ്ക്കും

മഴമേഘങ്ങൾ മാനത്തൂടോടിക്കളിക്കുമ്പോൾ
മയിലുകൾ നർത്തനമാടിത്തിമിർക്കുന്നു

മണ്ണിരയുമുണർന്നെത്തി മണ്ണിളക്കീടവേ
മണ്ണിനെപ്പുണരുവാൻ മഴത്തുള്ളികളടരുന്നു

ഉറുമ്പുകളൊരുവരിയിൽ ജാഥയായ്ച്ചലിക്കുന്നു
ഉത്സാഹമോടങ്ങു കർത്തവ്യനിരതരായ്

വഴിയരികിൽ വീഴുന്നൊരു സോദരനെയും
വിശാലഹൃദയരിവർ താങ്ങിയെടുക്കുന്നു

മുളങ്കൂട്ടിൽ മൈനകൾ മൊഴിയുന്ന ഭാഷയിൽ
മധുരം കിനിയുന്നു,മർത്ത്യഭാഷയതല്ലല്ലോ!

മനുജരോ വിദ്വേഷഖഡ്ഗവുമായ് ചലിക്കുന്നു
മാനസപ്പുഴകളിൽ വിഷംതീണ്ടി രമിക്കുന്നു!

മനുജസംസ്കാരത്തിൻ മഹിമവിളമ്പുന്നോർ
മറ്റൊരാളുയരാതെ ചിറകുകളരിയുന്നു

വിശപ്പിന്റെ നിലവിളിയുയർത്തുന്ന ദീനർതൻ
വായ്പൊത്തി മരണത്തിൻ കൊക്കയിലെറിയുന്നു

ചലനം തുടരവേ മാനവനന്മതൻപൊയ്കയിൽ
ചലനം നിലയ്ക്കുമോ ഭൂവിൻറെ ജലധാര?
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി 












നിലാവ്

നിലാവ്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
മാലേയമായെൻറെ മാനസം നിറയുന്നു
മാനത്തിൻമുറ്റത്തുദിച്ച നിലാവിന്ന്
മായാമനോഹരിയാകുമൊരമ്പിളി
മായാത്തപുഞ്ചിരിതൂകുമീ രാവിൽ

പോയിമറഞ്ഞൊരു മധുരസ്മൃതികളിൽ
പാൽനിലാവൊഴുകുന്നെൻ ബാല്യത്തിൻ
പൗർണ്ണമിത്തിങ്കളിൻ ചാരത്തണയാനായ്
പൈതലായ്മാറി ഞാനൊരുവട്ടംകൂടി!

പാതിരാപ്പൂവിൻറെ കവിളിൽ തലോടുവാൻ
പഞ്ഞിക്കുടങ്ങളിൽ നീർനിറയ്ക്കാൻ
പാരിടം തന്നിലേവർക്കും കുളിരാവാൻ
പെയ്യുവാൻ ഭൂവിൽ വർഗ്ഗഭേദങ്ങളന്യേ!
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' 
ഗീതാഞ്ജലി

ഹൃദയം

ഹൃദയം
"" "" "" "" "
നിൻഹൃദയത്തിൻ ചില്ലയിൽ ഞാനൊരു
കൊച്ചുകളിക്കൂടൊരുക്കാൻ
സ്നേഹമെന്നൊരു നാരിനാൽ തീർത്തതാം
കൂട്ടിലിത്തിരി വെളിച്ചം നിറയ്ക്കാൻ
നിൻഹൃദ്യമാം ഹൃദയതാളത്തിൻ ശ്രുതിയെൻ
കാതിൽ മുഴങ്ങിക്കേൾക്കുവാനെന്നും
വിശാലമാമൊരു ജനൽപ്പാളി തീർത്തു ഞാൻ
ശ്രുതിയിൽ ലയിച്ചു രചിച്ചിടാൻ കാവ്യവും!
മഴവിൽക്കൊടിപോലഴകോലുമെന്നു നിനച്ച നിൻ
മനോവികാരങ്ങളാ വരികളിൽപ്പതിയാൻ
ഒരുപൂക്കളമൊരുക്കുവാൻ, വസന്തങ്ങളിൻ
വർണ്ണങ്ങൾചാർത്തിടാനാ സ്നേഹക്കൂട്ടിൽ
എങ്കിലുമിന്നു നീയാത്തളിർച്ചില്ലവെട്ടി
ഹൃദയശൂന്യതതൻ പര്യായമായി
എൻ ഹൃദയനിണം വാർന്നൊഴുകുന്നിപ്പോഴും
കരിപുരണ്ടനിൻ വാക്കിൻകൂരമ്പിനാൽ
മമചേതനയെ മുറിവേല്പിക്കുവാൻതക്കത്തിൽ
നീണ്ട നിൻ സംശയനിഴൽപ്പാടുകൾ
വിഹ്വലമാക്കുന്നൊരെന്നക്ഷരപ്പൂവിനെ
മരിച്ചുവീഴുന്നൊരാ കാവ്യസ്രോതസ്സുകൾ!
ചിതറിത്തെറിച്ചൊരെൻ ഭാവനച്ചിറകുകൾ
ചിന്തിയ രക്തത്തുള്ളികളിൽ
പൊഴിഞ്ഞുവീണതാമൊരു തൂവൽ മുക്കി
കുറിക്കട്ടെയെൻ കാവ്യത്തിനന്ത്യാഞ്ജലി!
ചിതയൊരുക്കീടുകയെൻ കാവ്യത്തിനായ്
പഴികൾതൻ ഹാരാർപ്പണം ചാർത്തീടുക
ആഘോഷിച്ചീടുക നിൻകൂട്ടരോടൊത്തു നീ
വിജയമെന്നും നിൻകൂടെയല്ലോ
എങ്കിലുമെന്നാത്മാവിൻ ചിറകിലേറിപ്പറന്നിടും
എൻകാവ്യങ്ങൾ താരകളായിപ്പിറന്നിടും
നിൻ സംശയമുന നീളാത്തൊരാകാശവീഥിയിൽ
നൃത്തം ചവിട്ടിയുല്ലസിച്ചാർത്തിടാൻ!
വിണ്ണിലെ മാലാഖമാരെൻറെ ചുറ്റിലും
വർണ്ണങ്ങൾ തീർക്കുമെൻ വടുക്കളിൽ സ്നേഹത്തിൻ
നീയെന്റെയാത്മാവിന്നാഴത്തിലേല്പ്പിച്ച
മുറിവുകളിൽ സാന്ത്വനസ്പർശമായീടുവാൻ!














വന്യജീവി


വന്യജീവി
''''''’''''''''''''''''''''''''''''
വന്യജീവി
"" "" "" "" "" "
കാടിൻറെ പ്രിയമക്കൾക്കാരുകൊടുത്തു
വന്യജീവിയെന്ന വിചിത്രനാമം?

ക്രൂരമായ പകയുടെ ഖഡ്ഗം വഹിക്കുന്ന
മർത്ത്യരല്ലോ മണ്ണിൽ വന്യജീവി!

അന്യോന്യമാർദ്രതകാട്ടുന്ന ജീവിക്ക്
വന്യജീവിയെന്നൊരു നാമമേകും

നാടിൻറെ മക്കളോ കണ്ടുരസിക്കുന്നു
അപരന്റെ പ്രാണൻ പിടയും നേരം

ആപത്തിൽപെട്ടൊരു ജീവൻ പൊലിയവേ
'സെൽഫി'യെടുത്തിടാൻ വെമ്പുന്നോരെ

വന്യരിൽ വന്യരായ് മാറുന്ന ജീവിയെ
വിളിച്ചിടാൻ പുതുനാമം തേടിടുക

പ്രകൃതിയെ സ്നേഹിച്ചിണങ്ങുന്ന കൂട്ടരോ
പ്രകൃതിയെ ക്രൂശിക്കുന്നോരോ വന്യർ?

പ്രകൃതിതൻവിഭവങ്ങൾ തൻറേതുമാത്രമായ്
പൂഴ്ത്തിവച്ചിടുന്നോൻ വന്യജീവി!

സ്വന്തവും ബന്ധവും ഏതുമേ നോക്കാതെ
കൊലചെയ്തിടുന്നോർ മർത്ത്യർ മാത്രം

കാമാർത്തിപൂണ്ടൊരു പിഞ്ചുബാലികയെ
ഇരയാക്കാൻ തക്കംപാർത്തുനടപ്പവർ

ഈ ഭൂവിൽ വേറേതു ജീവികളിമ്മട്ടിൽ
വന്യജീവിയെന്ന പേരിനർഹർ?

കാടിൻറെ നന്മയെ ചൂഷണം ചെയ്യാനായ്
കാടിറങ്ങുന്നോനല്ലോ വന്യജീവി

കാടിൻറെ മക്കൾതൻ കുടിനീരുവറ്റിക്കാൻ
തുനിയരുതേ, വന്യജീവികളേ!
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "
ഗീതാഞ്ജലി






നിറങ്ങൾ


നിറങ്ങൾ
"" "" "" "" "" "
നിറങ്ങളേഴും ചാർത്തി കാവ്യങ്ങൾ രചിച്ചിടാൻ
നിറഞ്ഞമനമോടെ കാത്തിരുന്നിടവേ ഞാൻ

പ്രപഞ്ചം നിറയുന്നു നിറങ്ങളാലേ വശ്യം
പ്രഭതൂകിടുന്നൊരു വാനവും വർണ്ണങ്ങളാൽ

പ്രഭാതം വിരുന്നുവന്നു വർണ്ണപ്പൊലിമചാർത്തി
പലചിത്രങ്ങൾ കോറിയിട്ടു പൂർവ്വാംബരത്തിൽ!

പ്രദോഷമുത്സാഹത്തോടഴകിൽ തുറന്നിതാ
പശ്ചിമാംബരത്തിലായ് സിന്ദൂരച്ചെപ്പൊന്നല്ലോ!

വസന്തമണഞ്ഞല്ലോ വർണ്ണപുഷ്പങ്ങളുമായ്
വനമഹോത്സവത്തിനൊരുങ്ങി ശലഭങ്ങൾ

പൗർണ്ണമിത്തിങ്കളിന്നു താലത്തിൽ നൈർമല്യത്തിൻ
പൂനിലാപ്പുഞ്ചിരിതൻനിറങ്ങൾ നീളെത്തൂവി!

നിറച്ചിടട്ടെയെൻറെ മനവും വർണ്ണങ്ങളാൽ
ദു:ഖസ്മൃതികളുടെ കാർമേഘം പടരാതെ!

തൂലികത്തുമ്പിൽ ചാർത്താം ഏഴുനിറങ്ങൾ ഭംഗ്യാ
തൂകുവാൻ കാവ്യത്തിന്റെ ഭാവനാദളങ്ങളിൽ!

മനമാം മേഘവ്യൂഹം തുറന്നു മാരിവില്ലായ്
മോഹനകവിതകൾ വിടർന്നിടട്ടെ ചെമ്മേ!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
5-3-2018

പകൽക്കിനാവ്

പകൽക്കിനാവ് 
'''''''''''''''''''''''''''''''''''''''''''''''''''''''''''''
പകലോൻ പടിഞ്ഞാറേ മാനത്തിൻമുറ്റത്തിതാ
പീതപുഷ്പങ്ങൾവാരിയെറിഞ്ഞുകളിക്കുന്നു

പകൽപ്പക്ഷികൾദൂരെ ചേക്കേറും ചില്ലതേടി
പറന്നീടുന്നു, വെട്ടിവീഴ്ത്തവേ വൻമരങ്ങൾ

പകൽക്കിനാവിൻമുറ്റത്തിരുന്നു ഞാനും കേൾപ്പൂ
പെയ്തുതോരാത്ത പക്ഷിക്കൂട്ടത്തിൻ തേങ്ങലുകൾ!

ഒരു തൈവച്ചു ഞാനെൻ മുറ്റത്തെചെറുകോണിൽ
ഒന്നു പടർന്നുചെല്ലാൻ ചില്ലയിൽ കൂടൊരുക്കാൻ!

സ്വപ്നങ്ങൾകൊണ്ടുനെയ്ത കൂട്ടിലെ കിളിക്കുഞ്ഞിൻ
സ്പന്ദനം ശ്രവിച്ചീടാമെന്നുള്ളം കുളിർക്കുവാൻ!

വരണ്ട ഭൂവിൻമാറിൽ വറ്റിയ ദുഗ്ദ്ധത്തിനായ്
വളരുംദാഹം തിങ്ങും ചുണ്ടുകൾ തേങ്ങീടുന്നു!

വേനലിൽ വറ്റുന്നൊരു വാഹിനിതന്നാത്മാവിൽ
വേപഥു തീർത്തീടുവാൻ വർഷമായ് പൊഴിയാം ഞാൻ

നീർത്തടം കുഴിച്ചീടാം തർഷമാറ്റീടുവാനായ്
നിങ്ങൾക്കായെൻമാനസ ഊഷരഭൂവിലെന്നും

പ്ലാസ്റ്റിക്കുകുപ്പികളിൽ നീരിനും വിലപേശും
നേരില്ലാപ്രാണിവർഗ്ഗം പാരിതിൽ പിറന്നിതോ!

വിഷംനിറച്ചീടുന്നു ചിത്തമാം വൃക്ഷത്തിലും
വിഷലഫലങ്ങളാൽ ഭൂമിതൻവേരറുക്കാൻ!

പകൽക്കിനാവിൻപത്രമേറിവരുന്നു ഞാനും
പ്രപഞ്ചമിടിപ്പെന്നും കാത്തുസൂക്ഷിച്ചീടുവാൻ

പ്രണയംനിറച്ചീടാം പ്രാണന്റെ തുടിപ്പായി
പ്രപഞ്ചവിരിമാറിൽആശ്ലേഷമായിമാറാം!
(വൃത്തം-കേക)
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

ഗീതാഞ്ജലി

പ്രതീക്ഷ


പ്രതീക്ഷ
'''''''''''''''''''''''''''''''
കാർമുകിൽവർണ്ണനെന്നുമുതിർക്കും
പുല്ലാങ്കുഴൽ രാഗമായലിയാൻ

എത്ര ജന്മാന്തരങ്ങളായീ രാധ
പ്രതീക്ഷതൻതിരിനാളമായ്  ജീവിപ്പൂ

കാണാമറയത്ത് നീ മറഞ്ഞാലും
കാണാതിരിക്കുവാനാകുമോയെന്നെ

വിരഹിണിയായൊരെന്നശ്രുബിന്ദു
വിദൂരതയിൽനിന്നൊന്നു നോക്കൂ

പ്രതീക്ഷതൻ മിന്നാമിനുങ്ങായിന്നും
പാൽനിലാവൊളിതൂകി മമജീവനിൽ

പാരവശ്യമോടെയീ വൃന്ദാവനിയിൽ
പാതിരാവിലും മിഴി പൂട്ടാതിരിക്കുന്നു

വരുകില്ലേ കണ്ണാ നീ രാധതൻചാരെ
വനമാലയൊരുക്കുന്നു നിനക്കായെന്നും

നിൻ കണ്ഠാഭരണത്തിലെ മുത്തായി
നീലക്കാർവർണ്ണനീ രാധയെ ചേർക്കുമോ?

താവകനേത്രത്തിൽനിന്നൂറും പ്രണയത്തിൻ
തീവ്രമാം കിരണങ്ങൾ പുളകങ്ങൾ നെയ്യവേ

തരളിതഗാത്രയായനുരാഗത്തേരേറി 
തീർത്ഥാടനം നടത്തുന്നെൻ കനവിൽ

മൗനംവെടിഞ്ഞെന്നെ സ്വീകരിച്ചിടുവാൻ
ഇനിയെന്തു താമസം മൽപ്രാണനാഥാ?

നീപാടും പുല്ലാങ്കുഴൽനാദം കേട്ടിന്ന്
നിറയട്ടെ പ്രണയമീപ്രപഞ്ചമാകേ

മയൂഖം പ്രതീക്ഷതൻ പീലി നീർത്തട്ടെ
മൈനകൾ മൂളട്ടെ, കുയിലുകൾ പാടട്ടെ

എൻ ഹൃദയവർണ്ണങ്ങൾ ചാലിച്ചുചേർത്തതാം
അനവദ്യസുന്ദരപുഷ്പങ്ങൾ വിരിയട്ടെ

ഒരു കുളിർമാരിയായെന്നിൽ നിറയൂ നീ
തരിശ്ശാമെൻ മാനസേ പുതുനാമ്പായ് വിടരൂ നീ!
''''''''''''''''''''''''''''''''''''''''''''''''''''’'''''’'''''’''''’'''''''''''''''''''''''''''''’''''’'''''''''''''''''''''''’''''''''''''''''''''''''’'''''''''''''''''''''’
ഗീതാഞ്ജലി