Thursday, May 31, 2018

അഭിമാനക്കൊല

അഭിമാനക്കൊല
'''''''''''''''''''’''''''''''''''''''''''''''''
ക്രൂരതയ്ക്കൊരു പര്യായമായ്
മനുജാ നീയിന്നു മാറിയെന്നോ!

പ്രണയസൗധങ്ങളുടച്ചിടുന്ന
കാട്ടാളന്മാർ വസിപ്പൂ ഭൂവിൽ

എന്തു നേടുവാനായി മണ്ണിൽ
ഹത്യചെയ്യുവതെന്നും മനുജർ?

ഇണക്കുരുവിയെ പിരിഞ്ഞപിടതൻ
രോദനമൊന്നു ശ്രവിച്ചിടുമോ?

തേങ്ങലടികൾതൻ സ്വനവീചികൾ
കർണ്ണപുടങ്ങളിൽ തട്ടിയിട്ടും

'മാനിഷാദ'യെന്നലറുവാനൊരു
മാനുഷഹൃത്തിനും ഹൃദയമില്ലയോ?

ഇണക്കുരുവിതൻ അശ്രുബിന്ദുക്കൾ
സാഗരത്തിരയായലറവേ

എത്ര ജന്മങ്ങൾ മുങ്ങിനിവർന്നാൽ
പാപംതീരും ഘാതകരേ?

പ്രണയം പാപമായി ഗണിച്ച് നിങ്ങൾ
കൊന്നൊടുക്കിയ ജീവനെ

തിരികെ നല്കാനാകുമോയിണ-
ക്കുരുവിതൻ തേങ്ങലടങ്ങുമോയിനി?

ഇല്ലൊരുനാളുമടങ്ങുകില്ലേങ്ങൽ
തിരികെവരില്ലവൾതൻ പ്രിയനും

എങ്കിലും നിങ്ങൾക്കാവതില്ല
തച്ചുടയ്ക്കാനവൾതൻപ്രണയം

എന്നുമവളിൽ ഹൃദയസ്പന്ദമായ്
തുടിക്കുമവൻറെ പ്രാണൻ സത്യം!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
29-5-2018






Saturday, May 19, 2018

വിജയക്കൊടി

വിജയക്കൊടി
''''''''''''''''''''''''''''''''''''''''''''''''''''''''
മനസ്സിലൊരായിരം താമരമൊട്ടുകൾ പരിലസിക്കുന്നു
മനസ്വിനീ നീയിന്നൊരു വിജയക്കൊടി പാറിക്കുമ്പോൾ
നിനക്കൊരുക്കുന്നൊരു വിരുന്ന് സാമോദം ഞങ്ങൾ
നിറഞ്ഞുതുളുമ്പുമാനന്ദാശ്രു മഴയായ് തൂവുന്നു!

മാനത്തിന്നൊരു മഴവില്ലുദിച്ചു കാവടിയാടുമ്പോൾ
മാനംകാത്തുനീ മഴവില്ലായ്, വർണ്ണമയൂരമായ്
മന്ദസമീരനെപ്പോലെ ഞങ്ങളെ സഹർഷം,സ്നേഹാർദ്രം
മനോജ്ഞമായിത്തലോടിടുന്നു നിൻവിജയചരിത്രങ്ങൾ

ഇനിയും തുടരുകയശ്വമേധം പ്രതിബന്ധം താണ്ടി
കുനിച്ചിടാതെ ശിരസ്സൊരുനാളും ആത്മവീര്യമൊടേ
ഇനിയീനാടിൻ നന്മയ്ക്കായിനിൻ ബുദ്ധിയും ശക്തിയുമെന്നേക്കും
അനുസ്യൂതമൊഴുക്കുക നിന്നുടെ കർമ്മപഥത്തിലെന്നും

സോദരീ,നിന്നുടെ വിജയത്തിന്റെ പങ്കുനുകരാനായ്
സാദരം ഞങ്ങളൊരുക്കുന്നിവിടെ സംഗമമൊന്നല്ലോ
കുടുംബവൃക്ഷപ്പന്തലിൻതണലിലൊരായിരം പതംഗങ്ങൾ
കൂടിച്ചേർന്നിന്നാനന്തത്താൽ ലാസ്യമാടുന്നു!



Friday, May 18, 2018

സംഗമം

സംഗമം
'''''''''''''''''''''''''''''
കാത്തിരിപ്പിന്റെ നൊമ്പരം പേറി
ഇന്നൊരു സംഗമം വന്നണഞ്ഞു
ഹർഷം തുളുമ്പുന്നൊരോർമ്മകളിൻ
വർഷക്കുളിരുമായീ സംഗമം

പോയകാലത്തിന്റെ വീരകഥകൾ
പരസ്പരം പങ്കുവച്ചീടുവാനായും
കാലയവനികയ്ക്കുള്ളിൽ മറഞ്ഞ
വീരർതൻ ഗാഥകൾ സ്മരിച്ചിടുവാനും

ഒരുവടവൃക്ഷത്തിൻ ചില്ലകളിൽ
ഒത്തുകൂടിയോർമ്മച്ചെപ്പുമായി
നാനാദിക്കിൽ നിന്നുമണഞ്ഞൊരാ
ദേശാടനക്കിളികളാണല്ലോ നാം

മഴവില്ലിന്നഴകോലുമോർമ്മകൾക്ക്
സുഗന്ധം പൂശുവാനീ സംഗമം
സൗഹൃദത്തിന്നൂടും പാവും നെയ്തിടാൻ
വന്നണഞ്ഞല്ലോ നാമീ സുദിനേ

പ്രതിബന്ധങ്ങളെ തച്ചുടച്ചെന്നും നാം
അദ്ധ്വാനപാതയിൽ മുന്നിട്ടതല്ലോ
ഒരിക്കലും മങ്ങാത്ത കർമ്മശേഷിയുമായ്
പോരാട്ടം തുടരാമീ ജീവിതയുദ്ധത്തിൽ

നാനാതുറകളിൽ പ്രശസ്തമാം സേവനം
കാഴ്ചവച്ചോർ നാം സ്വാഭിമാനം
ഇനിയും സേവിച്ചീടുവാൻ വിശ്വത്തെ
ഈ സംഗമം വേദിയൊരുക്കിടട്ടേ

മധുരം കിനിയുന്നൊരോർമ്മകളുമായ്
ഈ മഹാസംഗമസ്മൃതികളുമായ്
പിരിഞ്ഞിടാമിന്നിനി സ്നേഹസാന്ദ്രം
കണ്ടുമുട്ടീടുവാൻ വീണ്ടും നമ്മൾ

ഒരുസ്നേഹകാവ്യം തീർത്തിടാം ഞാൻ
സഹജരേ നിങ്ങൾക്കായ് വിനയപൂർവ്വം
ജീവിതമെന്നും കാവ്യമായ് തീർന്നിടാൻ
ആശംസകൾതൻ മലർത്തണ്ടിതല്ലോ
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
12-5-2018





ദേശീയഫലം

 ദേശീയഫലം
'''''''''''''''''''''''''''''''''''''''''''''''''''''
'നിനക്കായ്ഞാനൊരു ചക്കവേവിച്ചിതാ
ഓടിവായോമലേ കാത്തിരിക്കുന്നു ഞാൻ'
എന്നമ്മതൻ മൊഴിമധുരം ശ്രവിക്കവേ
മനസ്സു കുതിച്ചിതാ ട്രെയിനിലും വേഗത്തിൽ!

ചക്കതൻ നഷ്ടപ്രതാപത്തിൻ കഥകളോ
പഴങ്കഥയാകുന്നീ നവയുഗകാലത്തിൽ
ചക്കയെ ദേശീയഫലമായുർത്തി നാം
വാഴിച്ചതതിൻഗുണമേന്മയറിഞ്ഞല്ലോ!

മുള്ളുകൾ ചുറ്റിനുമുള്ളൊരു ഫലമല്ലോ
ഉള്ളിൽ തേൻവഹിക്കുന്ന ചുളകളെ പേറുന്നു
ഉള്ളം വിഷത്താൽ നിറയ്ക്കും നരനെപ്പോൽ
പൊള്ളയാം ചിരിമുഖമില്ലാത്ത കനിയല്ലോ!

വേണമെന്നാലോ വേരിലും കായ്ക്കുന്ന, 
നിശ്ചയദാർഢ്യത്തിൻ പഴഞ്ചൊല്ലിൽ നിറയുന്ന
നന്മതൻ ഫലങ്ങൾ ഗർഭംവഹിക്കുന്ന
വീരകുമാരികളല്ലോയീ ചക്കകൾ!

പ്ലാവിലക്കുമ്പിളിൽ കഞ്ഞികുടിച്ചൊരാ
കോരന്മാർ മൺമറഞ്ഞുപോയീടിലും
ചക്കതന്നിലയല്ലോ ദാരിദ്ര്യരേഖതൻ
താഴെയുള്ളോരുടെ നൊമ്പരമറിഞ്ഞുള്ളൂ!

'ചക്കക്കുപ്പുണ്ടോ' എന്നുചിലച്ചിടും
പ്ലാവികളുമുണ്ടീ കേരളനാട്ടിൽ
ചക്കമടലുകൾ ഗോക്കൾക്കും പ്രിയങ്കരം
ചക്കവീഴുമ്പോളോടുന്നു മുയൽമാത്രം!

ചക്കയാലൊരുക്കും വിഭവങ്ങളനവധി
ചക്കഹൽവായും ചിപ്സും കുമ്പിളും
ചക്കവരട്ടിയതും ചക്കക്കുരുത്തോരനും
ചക്കവേവിച്ചതുമെന്തെന്തു വിഭവങ്ങൾ!

എങ്കിലുമിന്നും ചില നാടൻസായിപ്പുമാർ
വിലയില്ലാക്കനിയായി ചക്കയെ തള്ളുന്നു
ചക്കതൻ ഔഷധമൂല്യമറിഞ്ഞൊരാ
വിദേശികൾ 'പേറ്റെൻറെ'ടുത്തു മുന്നേറവേ!
(പ്ലാവി-പക്ഷി)
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
7-5-2018