Friday, June 8, 2018

ഗൃഹനാഥ

ഗൃഹനാഥ
''''''''''''''''''''''''
കനലുകത്തിടുമടുപ്പിൻചാരെ
പുകഞ്ഞിടുന്നതാം ജന്മമേ നീ
ഗൃഹനാഥയെന്നൊരോമന-
പ്പേരിൽ വാഴുന്ന പാഴ്ജന്മം!

വീട്ടുകാരുടെയാജ്ഞക്കൊത്ത്
വിഴുപ്പുപണിചെയ്യും കീടമോ നീ
വീട്ടുപണികൾ യന്ത്രം പോലെന്നും
വീഴ്ചയില്ലാതെ ചെയ്യുവാനായ്!

വീഴ്ചയൊന്നു പിണഞ്ഞുപോയാൽ
കനലുകത്തിടും നയനങ്ങളിലെ
താപത്തിൽ പിടഞ്ഞുചാകുവാൻ
വിധിക്കപ്പെട്ടവൾ നീയെന്നോ?

അടിയേറ്റവശയായ് വീഴുമ്പോളും
അസുരഭാഷണത്താലേ കുത്തി
അടിമയവളുടെ മനസ്സിലും വ്രണം
ആഴത്തിലേല്പിപ്പോൻ പതിയോ?

വരണ്ടഹൃദന്തത്തിൽ ദുഃഖസ്മൃതികൾ
വിണ്ടുകീറിയചാലുകളിലോ
നഷ്ടസ്വപ്നങ്ങൾ കുഴിച്ചുമൂടി നീ
നൊമ്പരങ്ങൾതൻ തേങ്ങലും

ആശയറ്റ നിന്നാവനാഴിയിൽ
ആയുധമൊന്നുമാത്രം ബാക്കി
ആർദ്രമാംനിൻ മനസ്സിൻകോണിലെ
ആർത്തിരമ്പും കവിതാശകലങ്ങൾ

കാലങ്ങളായേറ്റ മുറിവുകൾ
കാലക്കേടിൻ രണമിരമ്പങ്ങൾ
കാർന്നുതിന്നതാമാത്മവീര്യവും
കണ്ണീർമുത്തുപോലടർന്നുവീണു!

കൂടെനില്ക്കാൻ ദുരിതത്തിൽനിൻ
കൂട്ടുകാരില്ല,വീട്ടുകാരില്ല
വീരകഥകൾ ചൊല്ലും കൂട്ടരും
നിൻനിഴലുപോലുമകന്നിടും!

നീതിപീഠങ്ങൾ കണ്ണുപൊത്തുമ്പോൾ
നീതിപാലകർ പിന്നോട്ടോടുമ്പോൾ
കുറിച്ചിടുക നീ ചാവേർക്കവിതകൾ
ഗാർഹികപീഡനം തുടരുവോളും
'''''''''''''''''''''''''''''''''''''''''''''''''''’''''''''''''''''''''''''''''''''''''''''''''''''''
#ഗീതാഞ്ജലി
25-3-2018

No comments:

Post a Comment