Saturday, June 9, 2018

ചെറുമഴക്കവിതകൾ


ചെറുമഴക്കവിതകൾ
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒരു കാത്തിരിപ്പ്
''''''''''''''''''''''''''''''''''''''''''''''''''
കലപിലപോലൊരു മഴ
കലഹിച്ചൊരു മഴ
കടലാസുതോണിതുഴഞ്ഞ്
കളിക്കാനൊരു മഴ!
മഴയുടെ ചുംബനം കാത്തു കേഴവേ
മേദിനിതൻ വേരുകൾ വരണ്ടുണങ്ങി
മറയുന്ന മാരിവിൽപോലെയിന്നും
മേഘങ്ങളകലേയ്ക്കു മാഞ്ഞുപോയി!
മഴയിന്നു ഭൂമിയെ കുളിപ്പിച്ചു
മഴയെന്നുള്ളം കുളിർപ്പിച്ചു
മഴക്കാറുകൾക്കിനി
മടക്കയാത്ര തുടങ്ങാം!
ഓർമ്മകൾ
'''''''''''''''''''''''''''''''''''''''''''''''''''
നിൻ മൊഴികളെൻ കാതിൽ
നൽമഴപ്പാട്ടിന്നീണമായൊഴുകി
നിൻചിരിയെൻ മനസ്സിൽ
നീർമാതളപ്പൂവായ് വിരിഞ്ഞു
ഓരോ മഴനീർത്തുള്ളിയും
ഓർമ്മതൻകടവിലിന്നും
ഓരോരോ ചാലുകൾ തീർത്ത്
ഒലിച്ചിറങ്ങുന്നെൻ മിഴിയിൽ!
മഴനീർത്തുള്ളിപോലന്ന്
മനസ്സിൽ പെയ്തിറങ്ങി നീ
മഴയൊഴിഞ്ഞ പാടമായിന്ന്
മരണമടഞ്ഞു നിന്നോർമ്മകൾ!
ഒരു നിനവ്
''''''''''''''''''''''''''''''''''''
പ്രവർഷത്തിൽ കുളിച്ചീടാൻ
പ്രകൃതിയൊരുങ്ങീടവേ
പുഷ്ക്കരത്തിൻ കരിമേഘക്കൂട്ടം
പരിഹസിച്ചോടിമറഞ്ഞു!
വർഷമെത്താൻ മടിച്ചുനില്ക്കേ
വിളനിറഞ്ഞു കരിമേഘക്കൂട്ടം
വിതുമ്പിയാർത്തു കർഷകൻറെ
വെള്ളിടിവെട്ടിക്കരിഞ്ഞദു:ഖം!
മാനസ്സവ്യഥകൾ നീളേ
മാരിയായൊഴുകുമ്പോൾ
മങ്ങാത്ത നിന്നോർമ്മകൾ
മായാത്ത മാരിവില്ലായിടുന്നു!
നിൻ മൊഴിതൻമഴയിൽ
നനഞ്ഞീടാനെന്മനം
നിനച്ചീടുന്നുണ്ടിന്നും
നീറും വേഴാമ്പലെപ്പോൽ!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി (Geeta Monson)

No comments:

Post a Comment