Friday, June 8, 2018

നഷ്ടബാല്യം

നഷ്ടബാല്യം
''''''''''''''''''''''''''''''''''''''''''''''''
താരാട്ടുപാട്ടായിനിനക്കു ഹൃത്തിൽ
ആഴിത്തിരത്താളമിതൊന്നുമാത്രം! 
ചാരത്തണഞ്ഞമ്മകിനാവിലിന്നും
കണ്ണീരൊഴുക്കുന്നൊരനാഥബാല്യം! 
ഓർമ്മിയ്ക്കുവാനായിനിതാന്തശോകം 
കാണാംമിഴിച്ചെപ്പിലതൊന്നുമാത്രം. 
നേത്രാംബുനെഞ്ചിൻറെ വിതുമ്പലായി
മേഘാഗ്നിയേറ്റൊന്നുതിരും ഘനംപോൽ!
വർണ്ണാഭചാർത്തീ,പ്രസരിപ്പുമേറ്റീ 
വിദ്യാലയംപൂകികിടാങ്ങളെന്നും
കുഞ്ഞേ,നിനക്കാശ നിറഞ്ഞുഹൃത്തിൽ 
വിദ്യാധനംസ്വപ്നമതോർത്തുതേങ്ങീ! 
വേലയ്ക്കുപോയീടിലസഹ്യപീഡ 
അന്നത്തിനൊട്ടുംവഴിയില്ല,കഷ്ടം! 
ചോരപ്പടുക്കൾതിണരുന്ന ദേഹം
ദാഹിച്ചു,നീർവറ്റി തളർന്നുവോ നീ? 
ബാല്യങ്ങളിന്നുംകൊടുതീയിലൂടേ 
ശാപങ്ങളുംപേറികരിഞ്ഞുപോകേ 
കാലിയ്ക്കുസംരക്ഷ കൊടുത്തിടാനായ്
വാദിയ്ക്കുവാനാളുകളേറെയുണ്ടേ!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' 
(ഇന്ദ്രവജ്ര-വൃത്തം)
 മേഘാഗ്നി=മിന്നൽ ,ഘനം =മേഘം 
''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
19-6-2017

No comments:

Post a Comment