Thursday, June 7, 2018

വിദ്യാഭ്യാസക്കച്ചവടം

വിദ്യാഭ്യാസക്കച്ചവടം
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
വിദ്യാഭ്യാസക്കച്ചവടം ചെയ്യുന്നോരു കൂട്ടരിപ്പോൾ
വിലക്കുന്നു പെറ്റീഷനും കോടതികളിൽ
ലക്ഷങ്ങളും കോടികളും മറിയുന്ന വൈദ്യശാസ്ത്ര-
രംഗത്തിതാ നാടകങ്ങളരങ്ങേറുന്നു
കോളേജുകൾ കെട്ടിപ്പൊക്കാനൗത്സുക്യമോടെത്തീടുന്നു
പഞ്ചരത്ന അബ്കാരിക്കാർ,സ്വർണ്ണക്കടക്കാർ
മത്സരിച്ചങ്ങോടിയെത്തി പണച്ചാക്കു കൈയിലുള്ളോർ
സ്വദേശത്തും വിദേശത്തും പണംകുമിഞ്ഞോർ!
ഇവരുടെ കശാപ്പിൻറെ ശാലകളിൽ കിളുർത്തീടും
ഡോക്ടർമാരോ ചോദിക്കുന്ന ഫീസതുകേട്ടാൽ
ഉടനടി ഫ്യൂസുപോകും പിന്നെ ഫീസു കൊടുക്കേണ്ട
തിരിച്ചുപോയീടാമൊരു ശവമഞ്ചത്തിൽ!
മറ്റുചിലരയ്യോ കഷ്ടം,ഐയ്യേയസ്സിൻ കോച്ചിഗ് ക്ലാസ്സിൽ
കോപ്പിയടി നടത്തുവാനല്ലോ തന്ത്രങ്ങൾ
ചൊല്ലിക്കൊടുത്തീടുന്നിപ്പോൾ അക്കരകടത്തീടുവാൻ
കാശെറിഞ്ഞു മീൻപിടിക്കും 'മാന്യ'ന്മാർക്കായി
ഇമ്മട്ടിലോടീടുന്നല്ലോ വിദ്യാഭ്യാസക്കച്ചവടം
കാശില്ലെങ്കിലിതിനൊന്നും തുനിഞ്ഞീടല്ലേ!
അദ്ധ്യാപകരൊത്തുചേർന്നു ചോദ്യപ്പേപ്പർ ചോർത്തീടുമ്പോൾ
വിദ്യാർത്ഥികൾക്കെന്നും പരമാനന്ദമല്ലോ
ചോർത്തലിൻറെ കഥകളോ സ്കൂൾതലത്തിൽ തുടങ്ങുന്നു
ചോദ്യംചെയ്യുന്നോരെ ശിക്ഷിച്ചീടുന്നീക്കൂട്ടർ!
മൂല്യബോധമശേഷവുമില്ലാത്തോരു തലമുറ
വാർത്തെടുക്കപ്പെടുന്നതാം വിദ്യാലയത്തിൽ
'എന്നെ നന്നാക്കീടുവാനായ് ശ്രമിച്ചീടിലതു വ്യർത്ഥം'
എന്നുചൊല്ലി ഭീഷണികൾ മുഴക്കീടുന്നു
ഒന്നുശിക്ഷിച്ചാലോ ടീച്ചർ കൊലക്കുറ്റം ചെയ്തപോലെ
ആക്രമിക്കപ്പെട്ടീടുന്നു നിയമംകാട്ടി
അദ്ധ്യാപകജോലിക്കായി കാശങ്ങോട്ടു വാങ്ങീടുന്ന
സ്കൂളിൽ ജോലിചെയ്തീടുന്ന നിസ്സഹായരോ
ഒന്നും കണ്ടും കേട്ടുമില്ലയെന്നുനടിച്ചീടുന്നല്ലോ
നിസ്സംഗരായ് ജോലിഭാരം തലയിലേറ്റി
പരീക്ഷകൾ മാറ്റിവയ്ക്കാൻ നിഷ്കളങ്കബാലകരെ
കൊന്നീടുവാൻ മടിക്കാത്ത കൗമാരക്കാരും
ജ്ഞാനംതെല്ലുമില്ലാതയ്യോ അബദ്ധങ്ങൾ ചൊല്ലീടുന്ന
'പണ്ഡിതശ്രേഷ്ഠ'രായീടുമദ്ധ്യാപകരും
ചേർന്നുപൊടിപൊടിക്കുമ്പോൾ വിദ്യാഭ്യാസം കൊഴുക്കുന്നു
വിദ്യാദേവതയുമോടും ജീവൽഭയത്താൽ!
(വൃത്തം- നതോന്നത-വഞ്ചിപ്പാട്ട്)
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
12-11-2017

No comments:

Post a Comment