Monday, July 30, 2018

വർഗ്ഗീയതയുടെ ഇര

വർഗ്ഗീയതയുടെ ഇര
'''''''’''''''''''''''''''''''''''''''''''''''''''''''''''''
'മകനേ നീയെന്നെ വിട്ടുപോയെങ്ങോ'

മാറത്തലച്ചൊരു മാതാവ് കേഴുന്നു

പേമാരിയൊഴിയുമോ കണ്ണിൽനിന്നെന്നാളും

പാലൊളിച്ചന്ദ്രനും മിഴിപൂട്ടിനില്ക്കയോ?

കലാലയങ്ങളെ പോർക്കളമാക്കും

കലാപക്കൂട്ടത്തിൻനിഴലുകൾ നീളുമ്പോൾ

തച്ചുതകർക്കുന്നു സത്ഹൃദയങ്ങളെ

തല്ലിത്തകർക്കുന്നു സ്വപ്നങ്ങളവരുടെ!

സർഗ്ഗസൗന്ദര്യം വിടരും കലാലയ-

സ്വപ്നങ്ങൾ തകർന്നൊരു രക്തസാക്ഷി നീ

വർഗ്ഗീയതതൻ പദ്മവ്യൂഹത്തിലകപ്പെട്ട

അഭിമന്യുവായി മണ്ണിൽ വീണടിയവേ

നിൻഹൃദയസ്പന്ദനം മാറ്റൊലിക്കൊള്ളുന്നു

നീ കടന്നുവന്നൊരു പാതയിലെങ്ങും

നിന്നുടെ വാക്കുകൾ ചോരപ്പുഴയിൽ

നിശ്ചേതനം തളംകെട്ടിനില്ക്കുന്നു

ജീവനടർന്നുവീഴുമ്പോൾ നിന്നുടെ

പുഞ്ചിരിക്കുസുമങ്ങൾ പൊലിഞ്ഞുവീണോ?

എങ്കിലുമുയർത്തെഴുന്നേല്ക്കുന്നു നിൻസ്വനം

ആയിരമായിരം നാവുകളിലൂടെ

മനുഷ്യനെ മനുഷ്യനായി കരുതീടാനാട്ടിലോ

മനുഷ്യമൃഗങ്ങൾ വേട്ടയാടിടുന്നു!

മതവും പാർട്ടിയും വെറിതീർക്കാനായുധമോ

മനുജൻറെ ജീവന് വിലയില്ലാനാടിതോ?

ചോരമണക്കുന്നിടവഴികളിലെവിടെയും

ചൈതന്യമറ്റമ്മമാർ വിതുമ്പുന്നോ?
''''''''''''''''''''''''''''''''''''''''''''''''’''''''''’''''''''''’''''''''''''''''''''''’''''’'''’''''''''''''''''’'''''''''''’''''''’'''''''''
ഗീതാഞ്ജലി
13-7-2018






പുലരി

പുലരി
''''''''''''''''''''''''
വിടരുന്നൊരു പുലരി വർണ്ണങ്ങൾ തൂകി
വിടരുന്നു പുഷ്പവൃന്ദവും ചേലിൽ
വിരിക്കുന്നു ചിറകുകൾ കൊറ്റികൾ ചെമ്മേ
വരുന്നുണ്ടർക്കൻ പൊൻമേഘത്തേരേറി

ഉണരുന്നു പ്രകൃതിയും കുസൃതിച്ചിരി തൂകി
ഓടുന്നു കിടാങ്ങളുന്മേഷമോടെ
കലപിലകൂട്ടുന്നു കുരുവികൾ കൂട്ടിൽ
പുലരിയെ സ്വാഗതം ചെയ്വു പൂങ്കോഴി

ആദിത്യരശ്മികൾ മദനബാണങ്ങളാകവേ
താമരത്തരുണി നോക്കുന്നു നാണത്തിൽ
യാമിനി യാത്രാമൊഴി ചൊല്ലിനില്പൂ
കണ്ണീരു തൂകിയിലകളിൻമീതേ

തിടമ്പണിയിക്കുന്നു പൂര്വ്വാദ്രിയർക്കനെ
തളിരുകൾ താളത്തിലനിലനിലാടുന്നു
നാദസ്വരക്കച്ചേരിമേളം ചമയ്ക്കുന്നു
നാട്ടിൻപുറത്തെ കുയിലുകൾ കൂട്ടമായ്

തേനുണ്ടു പാറിപ്പറന്നു പൂമ്പാറ്റകള്
കാവ്യം രചിക്കുന്നു പൂക്കളിൽ നീളേ
രാത്രിമഴ കെട്ടിയ ചിലങ്കയുമായിതാ
രാഗാർദ്രയായൊഴുകുന്നു പുഴപ്പെണ്ണും

പൊഴിയുന്ന പൂക്കളാൽ വിരിച്ചൊരാ പാതയിൽ
പൊന്നിഴ പാകുന്നിളംവെയിൽ കൈകളാൽ
പുലരിയെ വരവേല്ക്കാനൊരുക്കിടാം ഹൃദയത്തെ
പൂര്ണ്ണാഭയോടേ പുതുക്കിടാം ശുഭ്രമായ്
''''''''''''''''''’''''''''''''''''''''''''''''''''''''''''''''''''''''''’''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി