Monday, July 30, 2018

പുലരി

പുലരി
''''''''''''''''''''''''
വിടരുന്നൊരു പുലരി വർണ്ണങ്ങൾ തൂകി
വിടരുന്നു പുഷ്പവൃന്ദവും ചേലിൽ
വിരിക്കുന്നു ചിറകുകൾ കൊറ്റികൾ ചെമ്മേ
വരുന്നുണ്ടർക്കൻ പൊൻമേഘത്തേരേറി

ഉണരുന്നു പ്രകൃതിയും കുസൃതിച്ചിരി തൂകി
ഓടുന്നു കിടാങ്ങളുന്മേഷമോടെ
കലപിലകൂട്ടുന്നു കുരുവികൾ കൂട്ടിൽ
പുലരിയെ സ്വാഗതം ചെയ്വു പൂങ്കോഴി

ആദിത്യരശ്മികൾ മദനബാണങ്ങളാകവേ
താമരത്തരുണി നോക്കുന്നു നാണത്തിൽ
യാമിനി യാത്രാമൊഴി ചൊല്ലിനില്പൂ
കണ്ണീരു തൂകിയിലകളിൻമീതേ

തിടമ്പണിയിക്കുന്നു പൂര്വ്വാദ്രിയർക്കനെ
തളിരുകൾ താളത്തിലനിലനിലാടുന്നു
നാദസ്വരക്കച്ചേരിമേളം ചമയ്ക്കുന്നു
നാട്ടിൻപുറത്തെ കുയിലുകൾ കൂട്ടമായ്

തേനുണ്ടു പാറിപ്പറന്നു പൂമ്പാറ്റകള്
കാവ്യം രചിക്കുന്നു പൂക്കളിൽ നീളേ
രാത്രിമഴ കെട്ടിയ ചിലങ്കയുമായിതാ
രാഗാർദ്രയായൊഴുകുന്നു പുഴപ്പെണ്ണും

പൊഴിയുന്ന പൂക്കളാൽ വിരിച്ചൊരാ പാതയിൽ
പൊന്നിഴ പാകുന്നിളംവെയിൽ കൈകളാൽ
പുലരിയെ വരവേല്ക്കാനൊരുക്കിടാം ഹൃദയത്തെ
പൂര്ണ്ണാഭയോടേ പുതുക്കിടാം ശുഭ്രമായ്
''''''''''''''''''’''''''''''''''''''''''''''''''''''''''''''''''''''''''’''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി











No comments:

Post a Comment