Tuesday, February 26, 2019

ഓർമ്മകൾ

ഓർമ്മകൾ
"""""""""""""""""""
വഞ്ചിപ്പാട്ടിന്നീണംമൂളി കുണുങ്ങിയെത്തുംതെന്നൽ
നീലനിശീഥിനിതൻറെ മനംകവർന്നു
നിന്റെ കുറുനിരകളും കുണുങ്ങിയാടിചെമ്മേ
നമ്മുടെ കനവുകൾപോലെ താളത്തിൽ
നിന്റെ കവിതകളിലന്നു വസന്തങ്ങൾപെയ്തിരുന്നു
നിൻകപോലങ്ങളിൽ സന്ധ്യ ചിത്രംവരച്ചു
ആറ്റുതോണിപോലെ നമ്മൾ സ്വശ്ചന്ദമൊഴുകിനീങ്ങി
ആറ്റുനോറ്റുനമ്മൾനെയ്ത സ്വപ്നങ്ങൾപോലേ
നിൻറെകണ്ണിൽ തെളിഞ്ഞൊരാ താരകളെന്നോടുചൊന്ന
നിറമാർന്ന കഥകളിലന്നലിഞ്ഞല്ലോ ഞാൻ
ആറ്റിനക്കരെയെന്നു നിൻറെ നിഴൽ നീങ്ങിപ്പോയി?
ആശകൾതൻപൂക്കാലങ്ങളെങ്ങുമറഞ്ഞു?
ഇന്നുമെൻറെ വഞ്ചിയിൽ ഞാൻ നിന്നെത്തേടിയലയുന്നു
ഇന്ദീവരങ്ങളെൻമനസ്സിൽ പൂക്കുവാൻവീണ്ടും!
ആശകൾ നിരാശകൾക്ക് വഴിമാറിപ്പോകുമ്പോളും
ഒരു പവിഴപ്പുറ്റുപോലെ കാത്തിരിപ്പൂ ഞാൻ!
നിൻറെയോർമ്മകളോയെന്നെ പിന്തുടരുന്നല്ലോ നിത്യം
ഘനഭരമാനത്തൊരു മഴവില്ലായി!
തുളുമ്പുന്നയോർമ്മകളോ നറുമുത്തുകളായി മണ്ണിൽ
നിലവിളിയോടെ വീണു പതിച്ചിടുന്നു!
''’'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
14-6-2018

പേമാരി

പേമാരി
''''''''''''''''''''’'''''
മുറ്റത്തു വീണൊന്നുടയും മഴക്കുളിർ
ഇന്നെന്തിനിത്രക്കരിശപ്പെടുന്നു?
മുടിയഴിച്ചാർത്തിളകുന്ന രാക്ഷസിയായ്
വീഴുന്നു മണ്ണിൽ സീൽക്കാരത്തോടെ

മണ്ണിടിഞ്ഞുവീഴുന്നാർത്തനാദത്തോടെ
ഉന്മാദിനിയെപ്പോലൊഴുകുന്നു പുഴയും
ചങ്ങലക്കിലുക്കത്തോടെയാർക്കുന്നു
തിരമാലക്കൈകളാൽ കരയെ ഞെരിച്ച്

തെങ്ങിൻകൂട്ടങ്ങൾ മുടിയഴിച്ചാടുന്നു
വാഴകൾ വീണിട്ടൂർദ്ധശ്വാസം വലിക്കുന്നു
കൃഷീവലന്മാരുടെ സങ്കടക്കടലും വഴിയുന്നു
ഉരുൾപൊട്ടലാലുലയുന്നു മാനസങ്ങളും

കുടിലുകളെയും കുത്തിയൊലിപ്പിച്ചോടുന്നു
കുടിപ്പകയോടെ പേമാരി പിന്നെയും പെയ്യുന്നു
കുഞ്ഞുങ്ങൾ നിലവിളിക്കുന്നു സംഭീതരായ്
കാടിൻറെ മക്കളോ ചത്തൊഴുകീടുന്നാറ്റിൽ

ഏങ്ങലുകളുയരുന്നു കുടിലുകൾക്കുള്ളിൽ
നീറുന്ന നെഞ്ചകത്തോടെ ബന്ധുക്കളും
ചേരുന്നവരുടെ കണ്ണീർപ്പുഴയുമാ മാരിയിൽ
ഉപ്പുരസം ചേരുന്നാ തിരമാലക്കൈകളിൽ

പ്രകൃതിതൻ രോഷമിതെത്രനാൾ തുടരും?
ക്രുദ്ധരാം മേഘങ്ങളെപ്പോൾ മടങ്ങും?
പ്രകൃതിതൻ ചൂഷണം ഒടുങ്ങുംവരെയും
ജീവികൾതൻ നാശം തുടർക്കഥയായ് തീരുമോ?
''''''''''''''’''’'''''''’''''''''''''''''''''''''''''''''''''’'''''''''''''''''''''''
ഗീതാഞ്ജലി
18-6-2018

കർക്കടകം പിറക്കുമ്പോൾ

കർക്കടകം പിറക്കുമ്പോൾ
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
കർക്കടകമാസം പിറന്നെന്നാൽ തോരാതെ
കാർകൂന്തലുലച്ചിതാ പേമാരി പെയ്യവേ
തുള്ളിക്കൊരുകുടം തുള്ളിക്കുതിച്ചെത്തി
തുമ്പിപ്പെണ്ണിൻറെ ചേലയും നനച്ചിതാ

വിളഞ്ഞുനിന്നൊരു കായ്കനികളെല്ലാം
വിതുമ്പിനില്ക്കുന്നു ഈറനണിഞ്ഞിതാ
കുലയറ്റു, നിപതിച്ചിടുന്നു തുരുതുരെ,
കർഷകർക്കാധിയാളുന്നു നെഞ്ചിൽ !

പഞ്ഞമാസത്തിൽ കുടിലുകളിൽ കണ്ണീരിൻ-
പുഴയൊഴുകുന്നൊരു വിശപ്പിൻകാളലാൽ
പണിയില്ല, പണമില്ലെരിയുന്ന വയറുമായ്
പരിക്ഷീണരായല്ലോ പട്ടിണിപ്പാവങ്ങൾ!

രാമായണശീലുകളിൻ, കിളിപ്പാട്ടീണവുമായ്
രാവിൻറെ വരവോടെ മുത്തശ്ശി പാടുമ്പോൾ
ഉണ്ണിക്കിടാങ്ങളേറ്റുചൊല്ലുന്നു രാമകഥ
ഉല്ലാസഭരിതരായ് ഹൈന്ദവഗേഹത്തിൽ.

പ്രളയത്തിൻനീരാളിപ്പിടിത്തത്തിൽ പേമാരി
പ്രപഞ്ചത്തെയാഴ്ത്തുമ്പോൾ കരുണയന്യേ
നീട്ടുന്നു പരസ്പരം സഹായഹസ്തങ്ങൾ
നേരിൻറെ നിറമാർന്ന മനസ്ഥിതിയുള്ളോർ

ജാതിമതവർഗ്ഗഭേദങ്ങളന്യേ മാനവർ മറ്റു
ജന്തുജാലങ്ങളെപ്പോലെയാകുമീ മാസം
കർക്കടകമാസമതല്ലോ പ്രകൃതിതന്നുഗ്ര-
കാർക്കശ്യമലിവാൽ തോല്പിക്കുംമാസം.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''’'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
26-7-2018

ഒരു കന്യാസ്ത്രീയുടെ നിയോഗം

ഒരു കന്യാസ്ത്രീയുടെ നിയോഗം
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ദൈവത്തിൻ തിരുമണവാട്ടിയായി
നിത്യകന്യകയായി വാഴേണ്ടവളല്ലോ

ലജ്ജിതയായി മാറിയിന്നൊരുനാളിൽ
ഒരു പുരോഹിതൻറെ വിഴുപ്പുമായ്!

മൗനഭഞ്ജനത്തിനു ശക്തിയാർജ്ജിച്ചവൾ
പുരുഷമേധാവിത്വത്തിന്നെതിരെയെങ്കിലും

ന്യായവും നീതിയും  വിറപൂണ്ടിതാ 
ശ്വാസം ലഭിക്കാതിരുളിൽ വീഴുന്നു!

ഉയർപദവിയുള്ളോൻ കുറ്റവാളിയെന്നാലോ
കുറ്റം തിരയുന്നീ സാധുവാം നാരിയിൽ

ദുസ്സ്വഭാവത്തിൻ നിറംപിടിപ്പിച്ച കഥകൾ
പരത്തുന്നു നാട്ടിൽ കവലകളിൽ നീളേ

മതങ്ങൾ നിയന്ത്രിക്കും ഭരണകൂടങ്ങൾക്ക്
വാളുയർത്താനാവില്ല മതാധികാരിക്കെതിരേ

നീതിദേവതയും മിഴിപൂട്ടിനിന്നീടവേ
ആരുണ്ടിവിടെയീ കന്യയെ രക്ഷിപ്പാൻ?

ക്രിസ്തുവില്ല,ക്രിസ്തുശിഷ്യരില്ല,വചനം
ചൊല്ലിനടക്കുന്ന കുഞ്ഞാടുകളുമില്ല

എല്ലാരുമൊന്നായി അഭിഷിക്തയാക്കുന്നു
പൊള്ളുന്ന വാക്കുകളാലബലയാമവളെ

ഇനിയെങ്കിലും തുറക്കൂ  സഭാതലവരേ മിഴി
'അഭയ'യ്ക്കഭയമരുളാത്ത നീതിജ്ഞരേ

നിങ്ങൾതൻചെയ്തികൾക്കായൊരു ഫലമോ
നിങ്ങൾക്കായി കാത്തിരിക്കുന്നപരജഗത്തിൽ!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
4-8-2018



കള്ളി(കഥ)

കള്ളി
''''''''''''''''''''''''"”'''''''''''''''
"ടീച്ചർ, എന്റെ പേന കാണുന്നില്ല!"
ലളിതട്ടീച്ചർ ക്ലാസ്സിലേയ്ക്ക് കാലെടുത്തു കുത്തിയതും ഇന്നും കേട്ടത് കളവിനെപ്പറ്റിയുള്ള പരാതിയാണ്! ഇതെന്നും പതിവായിരിക്കുന്നു.ടീച്ചറിനു പോലീസായും ന്യായാധിപതിയായും രക്ഷാധികാരിയായും പല റോളുകളാണല്ലോ നിർവ്വഹിക്കാനുള്ളത്.ലളിതയെ ഈയിടെയാണ് ഈ ക്ലാസ്സിൻറെ ക്ലാസ്സ് ടീച്ചർ ആയി മാറ്റിയത്!ദീപടീച്ചറിന് ഈ ക്ലാസ്സ് നിത്യതലവേദനയായപ്പോൾ ഹെഡ്മിസ്ട്രസ്സു തന്നെയാണ് ലളിതയോട് അഭ്യർത്ഥിച്ചത്,ഈ ക്ലാസ്സിനെ ഒന്നു നേരെയാക്കാൻ.പ്രത്യേകിച്ച് കള്ളിയെന്ന ഓമനപ്പേര് വീണ ലക്ഷ്മിയെ! കഴിഞ്ഞയാഴ്ച ആണല്ലോ അവളുടെ അമ്മ അവളുടെ ദേഹമാസകലം അടിച്ചുപൊട്ടിച്ചത്!എന്നിട്ടും അവളുടെ കളവിന് യാതൊരു കുറവും ഉണ്ടായില്ല! അടികൊണ്ടു വീർത്ത പാടുകളുമായി വന്ന അവളുടെ അവസ്ഥ കണ്ടപ്പോൾ എല്ലാവർക്കും സഹതാപം തോന്നിയെങ്കിലും എല്ലാ കുട്ടികൾക്കും ടീച്ചർമാർക്കും അവളെപ്പറ്റി പരാതിമാത്രമേയുള്ളൂ
        'ടീച്ചർ, ലക്ഷ്മിയുടെ ബാഗ് പരിശോധിക്കട്ടേ?'
ക്ലാസ്സ് ലീഡർ രശ്മിയ്ക്ക് സംശയമില്ല, ഇന്നും പ്രതി ലക്ഷ്മിതന്നെയാണെന്ന്! അവളുടെ സംശയം ശരിയായിരുന്നുതാനും!ഇതു നിത്യസംഭവമാകുമ്പോൾ എങ്ങനെ സംശയിക്കാതിരിക്കും?
      "എന്താണ് കുട്ടീ നിനക്കു പറ്റിയത്?ഇന്നലെയല്ലേ നീയെനിക്ക് വാക്കു തന്നത്, ഇനിയാരുടെയും ഒരു സാധനവും മോഷ്ടിക്കില്ലായെന്ന്?നാളെ നീ അമ്മയോടു എന്നെ വന്നൊന്നു കാണാൻ പറയൂ!"
            ലളിതട്ടീച്ചറിന് ഇന്നലെത്തന്നെ ബോദ്ധ്യമായിരുന്നു പ്രശ്നത്തിൻറെ ഉറവിടം വീട്ടിലെ സാഹചര്യങ്ങളാണെന്ന്! അമ്മയ്ക്ക് അവളെ ഒട്ടും ഇഷ്ടമല്ലെന്നു പറഞ്ഞു ഇന്നലെ അവൾ ഏങ്ങിക്കരഞ്ഞതോർത്തപ്പോൾ ടീച്ചറുടെ മനസ്സിലും വികാരങ്ങളുടെ   വേലിയേറ്റമുണ്ടായി!അമ്മയ്ക്ക് ഒരാൺകുട്ടിയുണ്ടായത് അവളെ വെറുക്കാൻ കാരണമല്ലല്ലോ! സ്വന്തം മകളെ ഇങ്ങനെ തലങ്ങും വിലങ്ങും അടിച്ചുപൊട്ടിക്കാൻ അവർക്കെങ്ങനെ കഴിയുന്നു?ഇനി നേരിട്ട് ചോദിച്ചിട്ടുതന്നെ ബാക്കി കാര്യം, ലളിതട്ടീച്ചർ മനസ്സിലുറപ്പിച്ചു! വൈകുന്നേരം വിദ്യാർത്ഥികളുടെ ബയോഡാറ്റാഫയലിൽനിന്ന് ലക്ഷ്മിയുടെ അമ്മയുടെ ഫോൺനമ്പർ തേടിയെടുത്തു അവരെ വിളിച്ചു അവരുടെ വരവ് ഉറപ്പാക്കി..
     "എന്താണ് ടീച്ചർ,അവളിന്നും കുഴപ്പം വല്ലതുമുണ്ടാക്കിയോ?"
അമ്മ ചോദിച്ചു.
   " ഹേയ്, ഒന്നുമില്ല! നിങ്ങളോടെനിക്കൊന്നു സംസാരിക്കണമെന്നു തോന്നി!"
കഴിഞ്ഞ പ്രാവശ്യം ലക്ഷ്മിയുടെ മോഷണത്തെപ്പറ്റി ഇവരെ അറിയിച്ചതിന്റെ ഫലമാണല്ലോ പിറ്റേദിവസം താനവളുടെ ദേഹത്തു കണ്ട മുറിപ്പാടുകൾ! ടീച്ചർ ഒരുനിമിഷം ചിന്തയിലാണ്ടു
   "ശരി ടീച്ചർ, ഞാൻ വരാം നാളെ."
ലളിത ആശ്വാസപൂർവ്വം നെടുവീർപ്പിട്ടു!
         
            പിറ്റേന്ന് പ്രഭാതം പൊട്ടിവിടർന്നപ്പോൾ ഉറക്കത്തിന്റെ ആലസ്യം കണ്ണുകളെ വിട്ടുപിരിഞ്ഞിരുന്നില്ല,ലളിതട്ടീച്ചറിന്!രാവേറെച്ചെല്ലുന്നതുവരെ ലക്ഷ്മിയുടെയും അവളുടെ അമ്മയുടെയും മുഖമായിരുന്നല്ലോ മനസ്സിൽ!അന്നു ക്ലാസ്സിൽ ചെന്നയുടൻ ലക്ഷ്മിയെ സ്റ്റാഫ് റൂമിൽ വിളിച്ചുവരുത്തി.അവൾക്കിന്ന് അമ്മയുടെ പ്രഹരമേറ്റിട്ടില്ലെന്നറിഞ്ഞതിൽപ്പിന്നെയാണ് ടീച്ചറിന് ശ്വാസം നേരെ വീണത്! വൈകുന്നേരമാവാൻ കാത്തിരുന്ന ലളിതയ്ക്ക് സമയം ഒച്ചിനെപ്പോലെ ഇഴഞ്ഞുനീങ്ങുന്നതുപോലെ തോന്നി.
പറഞ്ഞിരുന്ന സമയം കടന്നു അരമണിക്കൂർ കഴിഞ്ഞിട്ടും ലക്ഷ്മിയുടെ അമ്മയെ കാണാതിരുന്നപ്പോൾ ടീച്ചർ ലക്ഷ്മിയെ കളിക്കാൻ പറഞ്ഞു വിട്ടു! അപ്പോഴേക്കും അമ്മ ആഗതയായി.
   "എന്തുപറ്റി ടീച്ചർ?അവളെന്തു കുഴപ്പമാണ് കാണിച്ചത്?"
ഇളയകുഞ്ഞിനെ ഒക്കത്തുനിന്നു മടിയിലേക്കുമാറ്റി ഇരിക്കുന്നതിനിടയിൽ അമ്മ ചോദിച്ചു.
    "കുഴപ്പം അവൾക്കാണോ അതോ നിങ്ങൾക്കാണോ എന്നറിയാനാണ് ഞാൻ വിളിപ്പിച്ചത്"
   "അതെന്താ ടീച്ചർ അങ്ങനെ പറഞ്ഞത്?ആ അസത്ത് എന്തെങ്കിലും പറഞ്ഞോ?"
ടീച്ചർ പറഞ്ഞതിഷ്ടപ്പെടാത്തതിൻറെ നീരസം അവരുടെ കണ്ണുകളിൽ പ്രതിഫലിച്ചു!
   "അവളൊന്നും പറഞ്ഞില്ല.പക്ഷേ അവളുടെ ദേഹത്തുകണ്ട മുറിവുകൾ പലതും പറഞ്ഞു"
   "എത്രയാണെന്ന് വച്ചാണ് ക്ഷമിക്കുക  ടീച്ചർ!അവളെപ്പോഴും ഈ കുഞ്ഞിനെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ!"അമ്മയുടെ വാക്കുകൾക്ക് മൂർച്ചകൂടി!
   "ഈ കുട്ടിയുണ്ടായതിൽപ്പിന്നെ നിങ്ങളവളെ എത്രപ്രാവശ്യം സ്നേഹത്തോടെ മോളെയെന്നു വിളിച്ചിട്ടുണ്ട്? അവളുടെ കവിളിൽ ഒരുമ്മകൊടുത്തിട്ടെത്ര നാളായി? അവൾക്കെന്തെങ്കിലും കഥകൾ പറഞ്ഞുകൊടുത്തിട്ടെത്രയായി?കൂടെക്കിടത്തി ഉറക്കിയിട്ടുണ്ടോ അതിൽപ്പിന്നീട്? നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ മകനിലേയ്ക്കുമാത്രം തിരിഞ്ഞപ്പോൾ അനിയനെ അവൾ ശത്രുവായി കാണാൻ തുടങ്ങി!അവൻ കാരണം എട്ടുവയസ്സു മാത്രമുള്ള തനിക്കുകൂടെ അവകാശപ്പെട്ട അച്ഛനമ്മമാരുടെ സ്നേഹം നിഷേധിക്കപ്പെട്ടതിൻറെ പ്രതിഷേധം ഈ ലോകത്തോട് മുഴുവൻ കാണിക്കാൻ തുടങ്ങി!അതാരുടെ കുഴപ്പമാണ്?തല്ലുമാത്രമല്ല, തലോടലും കൊടുത്തുനോക്കൂ!അവൾ നന്നായി വരും!"
      ലളിതട്ടീച്ചറുടെ കൗൺസലിംഗ് ഒരു മണിക്കൂർ നീണ്ടുപോയത് ഇടയ്ക്കു വാച്ചിൽ നോക്കിയപ്പോളാണ് അറിഞ്ഞത്! എങ്കിലും ലക്ഷ്മിയുടെ അമ്മയിൽനിന്ന് അവളെ കൂടുതൽ ശ്രദ്ധിച്ചോളാമെന്ന ഉറപ്പു വാങ്ങിയിട്ടാണ് അവരെ വിട്ടത്! അപ്പോഴേക്കും ലക്ഷ്മിയും കളികഴിഞ്ഞു വന്നിരുന്നു.
"ഇനി ഇവളായിരിക്കും കുഞ്ഞനിയനെ നോക്കുന്നത്!അല്ലേ ലക്ഷ്മീ?" ലളിതട്ടീച്ചർ അവളുടെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു.
അവളുടെ ചുണ്ടിലപ്പോൾ വിരിഞ്ഞ പുഞ്ചിരിക്കു നിലാവിന്റെ കുളിരായിരുന്നു.കണ്ണുകളിൽ ആയിരം നക്ഷത്രങ്ങളുടെ പ്രകാശവും!ആ പ്രകാശത്തിൽ അവൾക്ക് കുഞ്ഞനിയനോടുണ്ടായിരുന്ന എല്ലാ വിരോധവും മാഞ്ഞുപോയതായി ടീച്ചറിനു തോന്നി.അവളുടെ അമ്മ അവളുടെ തോളിൽ കൈയിട്ടുകൊണ്ട് ടീച്ചറിനോടു പറഞ്ഞു,
      "എന്റെ മകളെ ഞാൻ മനസ്സിലാക്കിയതിൽക്കൂടുതൽ ടീച്ചർ മനസ്സിലാക്കി!വളരെ നന്ദി, ടീച്ചർ"
  അവരതു പറഞ്ഞപ്പോൾ കണ്ണിൽനിന്ന് ആനന്ദാശ്രുക്കൾ മകളുടെ ശിരസ്സിൽ പതിച്ചു!അവർ യാത്രപറഞ്ഞു കണ്ണിൽനിന്നു മായുവോളം ടീച്ചർ നോക്കിനിന്നു!
     "നേരം ഒരുപാട് വൈകിയല്ലോ ടീച്ചറേ,ഇന്നു വീട്ടിൽ പോകുന്നില്ലേ"
അതുവഴി വന്ന ആയയുടെ ചോദ്യമാണ് ടീച്ചറെ സമയം വൈകിയതിനെപ്പറ്റി ബോധവതിയാക്കിയത്.
         തിങ്കളാഴ്ച രാവിലെ ക്ലാസ്സിലെത്തിയ ടീച്ചറുടെ കണ്ണുകൾ ആദ്യം തേടിയത് ലക്ഷ്മിയെ ആയിരുന്നു! അവളുടെ മുഖത്തു സദാ നിഴലിച്ചിരുന്ന മ്ലാനതയും നിരാശയും അന്നു കണ്ടില്ല!അവൾ പ്രസന്നവതിയായി ടീച്ചറെ നോക്കി ചിരിച്ചു!ടീച്ചർ സന്തോഷപൂർവ്വം ക്ലാസ്സെടുക്കാൻ തുടങ്ങി! അതിനിടയിൽ "ടീച്ചർ" എന്ന വിളികേട്ടാണ് തിരിഞ്ഞുനോക്കിയത്! നോക്കിയപ്പോൾ ലക്ഷ്മി ഒരു പേന ഉയർത്തിപ്പിടിച്ചുകൊണ്ടു നില്ക്കുന്നു! ടീച്ചറുടെ ഉള്ളൊന്നാളി! പിന്നെയും പ്രശ്നമോ, തന്റെ പ്രയത്നം വിഫലമായോ എന്നൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ലക്ഷ്മി ശബ്ദമുയർത്തി പറഞ്ഞു
     "ടീച്ചർ, ഈ പേന  താഴെക്കിടന്നതാണ്!ആരുടെയാണെന്നറിയില്ല.ടീച്ചറൊന്നു ചോദിക്കാമോ?"
""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
ഗീതാഞ്ജലി
12-8-2018





  

     

Monday, February 25, 2019

സ്വാതന്ത്ര്യദിനം -ഒരു പാട്ട്

സ്വാതന്ത്ര്യദിനം -ഒരു പാട്ട്
'''''''''''''''’''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സ്വാതന്ത്ര്യദിനമാഘോഷിപ്പാൻ
വരൂ വരൂ പ്രിയസഹജരേ
അഭിമാനത്തോടുച്ചത്തിൽ
ഒന്നിച്ചൊന്നായ് പാടാമൊന്നായ്
ദേശഭക്തിഗീതകങ്ങൾ....

പാരതന്ത്ര്യത്തടവിൽനിന്നും
ഭാരതാംബയെ രക്ഷിക്കാൻ
രക്തംചിന്തിയ പൂർവ്വികരെ
ഓർമ്മിച്ചിടാമീദിനത്തിൽ
രക്തസാക്ഷികളേ സിന്ദാബാദ്...
                                             (സ്വാതന്ത്ര്യ....)
ജാതിമതവർഗ്ഗീയചിന്തകൾ
തൂത്തെറിഞ്ഞീടുകിലിനി നമ്മൾ
ഭാരതാംബതൻ മക്കളായി
ഏകത്വത്തിൻ പ്രതീകമാകും
മൂവർണ്ണക്കൊടി വീശീടാം.....

                                                (സ്വാതന്ത്ര്യ........)
''''''''''''''''''''''''''''''''''''''''''''''''''''''’''''''''''''''''''''''''''''''''''''’'''''''''’''''’''''''''''''''''’
ഗീതാഞ്ജലി
15-8-2018

ഓണസ്മരണകൾ


ഓണസ്മരണകൾ 
''''''''''''''''''''''''''''''''''''''''''''’'''''''''''''''''''''''''''''''''''''''''
മഴമേഘംമാഞ്ഞല്ലോ മാനത്തിൻമുറ്റത്ത്
മാനം തെളിഞ്ഞല്ലോ ശോഭയേറ്റീടാനായ്

പൂക്കൾച്ചിരിച്ചല്ലോ മണ്ണിൻവിരിമാറിൽ
പൂത്തല്ലോ മാനസമോണത്തിരുനാളിൽ

പൂവിളിപ്പാട്ടുമായ്  ഗ്രാമങ്ങളിൽ ചുറ്റും
പൂക്കളിറുക്കാനായ് ബാലകർവന്നല്ലോ

പൂങ്കുയിൽപ്പാട്ടതാ മാവിൻറെ കൊമ്പത്ത്
പാടുന്നു കൂടെയാ തരുണീമണികളും.

ഓണപ്പാട്ടിൻറെ ശീലുകളെങ്ങുമേ-
യോളമായെത്തുന്നു ഗ്രാമാന്തരങ്ങളിൽ

ഓലപ്പന്തുകളി, യൂഞ്ഞാലാട്ടവും
ഓണക്കാലത്തിന് നയനകുതൂഹലം!

നെൽക്കതിരാടുന്നു മന്ദമാരുതനിൽ
നെല്പ്പാടവരമ്പത്ത് കിളികൾ ചിലച്ചല്ലോ

സ്വർണ്ണംവിളഞ്ഞല്ലോ പുഞ്ചവയലതില്
സ്വപ്നംവിരിഞ്ഞല്ലോ കർഷകഹൃത്തിലും

ഓണത്തിന്സദ്യയ്ക്കായൊരുങ്ങിടും വീട്ടമ്മ
ഓണപ്പായസത്തിൻ മധുരം പകരാനും

ഓണപ്പൂക്കളം ചുറ്റുന്ന നാരികള്
ഓണപ്പാട്ടുമായ് നൃത്തം ചെയ്യുന്നു.

മാവേലിത്തമ്പ്രാനെ വരവേല്ക്കാനായല്ലോ
മാലോകരൈക്യത്തിലാമോദരാകുന്നു.  

ഓണംവന്നോണംവന്നേയുണരുക മലയാളമേ
ഒരുമയായ് സങ്കടക്കടല് കടന്നീടുവാൻ!
'''''''''''''''''’''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
25-8-2018
ഓണാശംസകൾ

അന്ധവിശ്വാസികൾ

അന്ധവിശ്വാസികൾ
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അന്ധമാം വിശ്വാസത്തിൻ പാഴ്ച്ചുമടേറുന്നോരേ
ആചാരങ്ങളിൽ തുള്ളിവെള്ളവും ചേർക്കാത്തോരേ
നിങ്ങൾതൻ വിശ്വാസങ്ങൾ അരക്കിട്ടുറപ്പിക്കാൻ
നിർദ്ദയമെതിർപ്പിൻറെ ശിരസ്സോ ഖണ്ഡിച്ചിടും

ബാല്യത്തിൽത്തന്നെയുള്ളിൽ വിശ്വാസനെരിപ്പോടും
പേറിനടന്നീടുന്നു സംശയം കൂടാതെന്നും
യുക്തികൊണ്ടെതിർത്തിടാൻ നിനയ്ക്കവേണ്ടിന്നഹോ
യുക്തമാം മറുപടിയില്ലിവർക്കെന്നാകിലും

കടുകോളം തെറ്റാതുള്ളോരവർതന്നാചാരങ്ങൾ
കടുത്തോരെതിർപ്പിനും ചെറുക്കാൻ വയ്യാതാനും
കഴുത്തറ്റം മുങ്ങിയാലുമെത്ര പ്രളയത്തിലും
വഴുക്കാതെ വിശ്വാസത്തിൽ മുറുകെപ്പിടിച്ചിടും

മാറുന്ന ലോകം കാണാനകക്കണ്ണില്ലാത്തോരേ
'മാറ്റുവിൻ ചട്ടങ്ങളെ'യെന്നുദ്ഘോഷിക്കുമ്പോൾ നിങ്ങൾ
രോഷാകുലരായിത്തീരുന്നതെന്തുകൊണ്ടോ?
വേഷങ്ങൾകെട്ടുംനിങ്ങൾ കോമാളിവീരന്മാരോ?

നിങ്ങൾതൻ വിശ്വാസങ്ങളൂട്ടിയുറപ്പിച്ചിടാൻ
നിറങ്ങളേഴും ചേർത്തു കഥകൾ നെയ്തിടുമോ?
എതിർത്തിടുന്നോരുടെ ജീവനുമെടുത്തിടാൻ
എതിർപ്പില്ലാത്തോർ നിങ്ങൾ അന്ധവിശ്വാസികളേ!

നിങ്ങളിലന്ധവിശ്വാസത്തിൻവിത്തെറിയുന്നോർ
ജാതിമതരാഷ്ട്രീയത്തിൻ കോമരമാകുന്നവർ
അവർതൻ ലക്ഷ്യങ്ങളെ കാണാതെ നടന്നിടും
അന്ധരാണല്ലോ നിങ്ങൾ ആജ്ഞാനുവർത്തികളേ!
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
15-10-2018





താരമോഹിനി

താരമോഹിനി
''''''''''''''''''''''''''''''''''''''''''''''''''''''''
ഇരുണ്ട ചിത്തത്തിനു ദീപ്തിയായി നീ
ഉണർന്ന മോഹത്തിനു വർണ്ണമേകി നീ
ഇറങ്ങിവന്നീടുക താരമോഹിനീ
നിനച്ചു ഞാനിന്നതു ഭാഗ്യമായിടും!

ഉദിച്ചു നീയും പ്രഭയോടെ കാതരം
കൊതിച്ചു ഞാന് നിന്നുടെ  ചാരെയെത്തിടാൻ
നിറച്ചതാരോ ദ്യുതി നിന്നിലായിരം
ചെരാതുകൾപോലെയതാശയോടിതാ!

അനന്തമീ വാനനിരത്തിലാകവേ
മനോജ്ഞവജ്രാഭരണം ധരിച്ചിതാ
ഒരുങ്ങിയീ യാമിനി പൂത്തുനിന്നുവോ
വിടർന്നിതെൻ മാനസമാം  നിശാസുമം

തിളങ്ങിനില്ക്കുന്ന മനോഹരാംഗികൾ
ഉഡുക്കളിൻലാസ്യമുഖങ്ങളെങ്ങുമേ
വസന്തകാലം ഗഗനത്തിലെത്തിയോ
നിലാവു പെയ്താർത്തഴകോടെ സന്ധ്യയിൽ

വിഭാതകാലത്തിലഹോ  മറഞ്ഞു നീ
തിരഞ്ഞിതാകാശവിതാനമാകെ ഞാൻ
വിഷാദമേതോ പടരുന്നുവോ സഖേ?
പൊലിഞ്ഞ സൗന്ദര്യമതോർത്തുനീറിയോ?

(വംശസ്ഥം-വൃത്തം)

''''''''''''''''''''''''''''''''''''''''''''''''''''''’''''''''''''''''’''''''''''''''
ഗീതാഞ്ജലി
9-11-2018

ചീവീടിൻറെ പാട്ട് (കഥ)

ചീവീടിൻറെ പാട്ട്
''''''''''''''''''''''''''''''''''''''''''''''''''’''''''''’''
വിനീതയ്ക്ക് വല്ലാത്ത സന്തോഷം തോന്നി,ഒരു ദിവസമായി തന്നെ അലോസരപ്പെടുത്തിയിരുന്ന ആ ചീവിടിൻറെ ശബ്ദം ഇപ്പോൾ രണ്ടു മണിക്കൂറായി കേൾക്കാനേയില്ല.അതു രക്ഷപെട്ടു കാണുമോ?അതോ കരഞ്ഞുതളർന്ന് അത് തന്റെ കണ്ണിൽപ്പെടാതെ ഒളിച്ചിരുന്നയിടത്തുതന്നെ വീണ് മരിച്ചു കാണുമോ?ഹേയ്,അതാവാൻ വഴിയില്ല! ഇന്നൊരു നല്ലദിവസമല്ലേ?എന്നാണല്ലോ ഈ വീട്ടിൽ താനൊഴിച്ചു ബാക്കിയെല്ലാവരും പറയുന്നത്!
  " അപ്പോൾ നിനക്കുമാത്രമെന്താ സങ്കടദിനമോ?"
അവൾ അവളോടുതന്നെ ചോദിച്ചു.എല്ലാവർക്കും വിവാഹവാർഷികദിനം സന്തോഷത്തിൻറേതാണല്ലോ! രാവിലെ ഭർത്താവ് അതോർമ്മപ്പെടുത്തുകയും തന്റെ അപാരമായ മറവിയെപ്പറ്റി അമർഷം പ്രകടിപ്പിക്കുകയും ചെയ്തു, വാക്കുകളിൽ പരിഹാസം നിറച്ചുകൊണ്ട്.
  "ഇന്നു നിൻറെ വിവാഹവാർഷികമാണെന്നു കേട്ടു! ആശംസകൾ!"
അപ്പോളാണ് അവൾ ഇന്ന് മേയ് 14 ആണല്ലോയെന്നും താനത് ഓർത്തില്ലല്ലോയെന്ന കുറ്റബോധം മറച്ചുവച്ചുകൊണ്ട് ആശംസകൾ അദ്ദേഹത്തിനും നേർന്നത്! അല്ലെങ്കിലും ഒരു തടവുജീവിതത്തിന് എന്ത് വാർഷികം!ആ ചിന്ത അവളുടെ ഉള്ളിൽനിന്നും ഒരു ദീർഘനിശ്വാസത്തിൻറെ രൂപത്തിൽ പുറത്തേയ്ക്ക്  വന്നെങ്കിലും ആ ചിന്താസരണിയെ മനമാകുന്ന അണക്കെട്ടിനാൽ തടഞ്ഞുനിർത്തുന്നതിൽ തത്ക്കാലം വിജയിച്ചു!എന്നിട്ട് ചീവീടിൻറെ ശബ്ദത്തിനായി കാതോർത്തു!
ഇന്നലെ രാത്രിയിൽ അതിന്റെ പാട്ടുകേട്ടാണല്ലോ താനുറങ്ങിയത്! ഇടയ്ക്ക്  എഴുന്നേറ്റത്,അതിൻറെ പാട്ടുകേട്ടിട്ട്  ഉറക്കം നഷ്ടപ്പെട്ട ഭർത്താവിൻറെ അതൃപ്തിപ്രകടനത്തെ തുടർന്നായിരുന്നു!
             "ഓ!എന്തു ശല്യമാണ്!ഈ ജന്തു ഉറങ്ങാനും സമ്മതിക്കില്ല!ജനൽ തുറന്നിട്ടാലും ഇറങ്ങിപ്പോവുകയുമില്ല"
        ചീവീടിൻറെ പാട്ടിനെയും ഭേദിച്ചുനിന്ന ഭർത്താവിന്റെ മുരടനക്കമാണ് അവളുടെ നിദ്രയ്ക്ക് ഭംഗം വരുത്തിയത്!
'താനും ഒരു ചീവീടായിരുന്നെങ്കിൽ',
അവളാശിച്ചു!
ചീവിടിനറിയില്ലല്ലോ,ഈ വീട്  മനുഷ്യനുവേണ്ടി മനുഷ്യൻ തീർത്ത കാരാഗൃഹമാണെന്നും ആ കാരാഗൃഹത്തിൽ അറിയാതെ അകപ്പെട്ട തനിക്ക് പുറത്തുകടക്കാനുള്ള രക്ഷാസങ്കേതമാണ് ജനലുകൾ എന്നതും! എന്തായാലും മനുഷ്യന് ചീവിടിൻറെയെന്നപോലെ ചീവീടിന് മനുഷ്യഭാഷ മനസ്സിലാക്കാൻ ഇതുവരെ സാധിക്കാത്തതിനാലോ തന്റെ പാട്ടിനെ മനുഷ്യൻ പരിഹസിക്കുന്നെന്ന് തോന്നിയതിനാലോ അത് പൂർവ്വാധികം ഊർജ്ജിതമായി തന്റെ പാട്ട് തുടർന്നു,ഒരു യുദ്ധം പ്രതീക്ഷിച്ചപോലെ.അതോ ജനാലയ്ക്ക് പുറത്ത് വിശാലമായ ലോകമുണ്ടെന്നറിയാത്തതുകൊണ്ടോ? അവിടെ തൻറെ കൂട്ടുകാർ  നടത്തുന്ന വലിയൊരു പാട്ടുകച്ചേരിയിൽ പങ്കെടുക്കാൻ പറ്റാത്തതിലുള്ള നൈരാശ്യത്തിൻറെ ഏങ്ങലടിയോ ഈ പാട്ട്?ഇങ്ങനെയോരോന്നാലോചിച്ച് വിനീതയുടെ ഉറക്കവുംനഷ്ടപ്പെട്ടു! 
  'പാവം ചീവീട്! അതിന് രക്ഷപെടാൻ വഴിയറിയാത്തതുകൊണ്ട് ഈ മുറിക്കുള്ളിൽ എവിടെയോയിരുന്ന് തേങ്ങിയിരുന്നത്, തന്നെപ്പോലെ',അവൾ മന്ത്രിച്ചു!
      വിവാഹദിവസത്തിൻറെ ഓർമ്മകൾ അപ്പൂപ്പൻതാടിപോലെ   വിനീതയുടെ മനസ്സിലേക്ക് ഊളിയിട്ട് പറന്നുവീണു!അന്നുതുടങ്ങിയ കാരാഗൃഹവാസത്തിൻറെ ഇരുപതാം വാർഷികമാണല്ലോ പതിവുപോലെ ആഘോഷങ്ങളൊന്നുമില്ലാതെ കടന്നുപോയത്! അല്ലെങ്കിലും കാരാഗൃഹത്തിൽ ആഘോഷങ്ങൾക്കെന്തു പ്രസക്തി!
കലയോടും സാഹിത്യത്തോടും അതീവ മമതയുണ്ടായിരുന്ന തന്റെ ഇഷ്ടങ്ങൾ കുഴിച്ചുമൂടി! ഭർത്താവ് അടുത്തില്ലാത്ത അവസരങ്ങളിൽ ചിലപ്പോൾ തന്റെ പെയിന്റുണങ്ങിയ ബ്രഷുകളെടുത്തു വല്ലപ്പോഴും നോക്കാറുണ്ട്.വിവാഹത്തിന് മുമ്പെഴുതിയ കഥകളും ഇടയ്ക്ക് ഓടിച്ചുവായിക്കാറുണ്ട്.ഇവിടെ ഇതൊക്കെ നിരോധിച്ചിരിക്കുകയാണല്ലോ! വിവാഹത്തിനു ശേഷം ഒരു ദിവസം താൻ വരച്ച പെയിന്റിംഗ് വളരെ സന്തോഷത്തോടെ കാണിച്ചപ്പോളാണ് ആദ്യമായി താൻ അടിയേറ്റത്!
'ആ അടിയുടെ ആഘാതത്തിൽ നിന്ന് ഇപ്പോഴും താൻ മുക്തയല്ലല്ലോ',വിനീത ഭീതിയോടെ ഓർത്തു! പെണ്ണിന്റെ ജീവിതം അടുക്കളയിലെ നാലു ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിയാൽ മതിയെന്ന അദ്ദേഹത്തിന്റെ സിദ്ധാന്തത്തോട് തനിക്കിനിയും പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല.

   ചീവിടിൻറെ പാട്ട് പൊടുന്നനെ ചെവിയിൽ ആർത്തലച്ചപ്പോഴാണ് വിനീത സ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്നത്!അതിനിനിയും രക്ഷപെടാൻ സാധിച്ചിട്ടില്ലെന്നറിഞ്ഞതിലുള്ള ഞെട്ടലോടെ!


   

മൗനം

മൗനം
''''''''''''''''''''
മൗനം വെടിഞ്ഞെൻറെയടുത്തെത്തീടൂ
നീയെന്റെയാത്മാവിനു കൂട്ടിരിക്കൂ
നോവുന്ന ചിത്തത്തിനു കാവലായി
ആശ്വാസമായിന്നണയൂ സഖേ നീ

സൗവർണ്ണ രാഗം പകരാം നിനക്കായ്
സൗഹാർദ്ദവീണാലയഗീതമാവാം
മൗനം വെടിഞ്ഞീടുക, നീറുമെൻറെ
മാനസ്സകോവിൽനടയിൽ വരൂ നീ

നിൻമൗനതാഴ്വാരമതിൽ തപിച്ചു
നിന്നിട്ടുമെൻമാനസതീവ്രതാപം
കാണാത്തമട്ടിൽ അകലേക്കു മാഞ്ഞോ
കണ്ണീരു കാണാതെ സഖേ മറഞ്ഞോ?

വാചാലമീമൗനവുമെന്നറിഞ്ഞൂ 
വായിച്ചെടുക്കാൻ തുനിവൂ ഹൃദന്തം
എന്നാലുമാവില്ലറിഞ്ഞിടാൻ മൽ
നീറുന്ന ഹൃത്തിന് തവമൗനഭാഷ!

കാത്തിന്നുനില്പൂ തവമാനസത്തിൻ
പർണ്ണാശ്രമത്തിന്നരികിൽ സഖേ ഞാൻ
നിൻമൗനവാതായനമൊന്നു മുട്ടി-
ത്തുറന്നിടാനായി തൊഴുന്നുയിന്നും

എൻതീവ്രതാപത്തിലെരിഞ്ഞടങ്ങും
നിൻമൗനവാചാലതയെന്നുമെന്നും
എൻകണ്ണുനീരിൻ പുഴയിൽ ലയിക്കാൻ
നിൻവാക്കുകൾ തേനലയായൊഴുക്കൂ!
(വൃത്തം-ഇന്ദ്രവജ്ര)
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
16-9-2018

മൃഗശാലയിലെ സിംഹം

മൃഗശാലയിലെ സിംഹം
''''''''''''''''''''''''''''''''''''''''''''''''''''''''''''''''
കൂട്ടിലൊരു സിംഹമതു തേങ്ങിടുകയല്ലോ
ഉള്ളമതിലെന്നുമതലഞ്ഞിടുകയല്ലോ
വിട്ടകലുമെന്നു കരുതാഞ്ഞതൊരു കാടിൻ
ഓർമ്മകളുണർന്നു കഴിയുന്നിതൊരു പാവം!

കാട്ടിലതു വീരപുരുഷൻറെയൊരു ഗർവ്വിൽ
വാണകഥയൊന്നയവിറക്കിടവെയെന്നും
ശോകരസമുള്ളിലതിനേറിടുകയല്ലോ
ആശകളതോ വിഫലമായിടുകയല്ലോ

ഈ തടവിലെത്ര ദിനമെണ്ണിവലയുന്നൂ
ഈ സ്ഥിതിയിതന്ത്യദിനമങ്ങണയുവോളം
മാനവനു ചേലിലൊരു കാഴ്ചയതു നിത്യം
വേദനകളറ്റ ശിലയായി മൃഗരാജൻ!

കാനനഗൃഹത്തിലൊരു വട്ടമണയാനായ്
ആശയൊടു ദേഹിയതു തേങ്ങിടുകയായീ
ആരറിവു നൊമ്പരമൊരാർദ്രഹൃദയത്തിൻ
കാഴ്ചയിതു സാധുവൊരു കച്ചവടവസ്തു

കാട്ടിലൊരു വീരമൃഗമായി വിഹരിച്ച
നാളുകളതോർത്തു നെടുവീർപ്പിടവെ നെഞ്ചം
എന്തു സുകൃതം മരുവിടേണമിനി ചൊല്ലൂ
നല്ല സുദിനങ്ങളിനിയിങ്ങുവരുവാനായ്!
(വൃത്തം-ഇന്ദുവദന)
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
25-11-2018



തിരുവാതിരപ്പാട്ട്

തിരുവാതിരപ്പാട്ട്
'''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഇന്നല്ലോ തിരുവാതിര
കൂടിവായോ തോഴിമാരേ
പുലർകാലേ കുളിച്ചുതൊഴാം
കസവുമുണ്ട് ചുറ്റീടാം
തിരുവാതിരയാടാൻ വായോ
താളത്തിൽ ചൊല്ലിയാടൂ
കൂടെപ്പാടാൻ നീയും വായോ
പൂങ്കുയിലേ കളമൊഴിയേ
കൈകൾ കൊട്ടിയാടാൻ വരൂ
മങ്കമാരേ നിങ്ങളെല്ലാം
കളികാണാൻ വരൂ കുരുവീ
താളത്തിൽ നീയും തലയാട്ടൂ
'''''""""""""""""""""""""""""""""""""""""""""""
ഗീതാഞ്ജലി 
23-12-2018

പുതുവർഷഗീതം- 2019

പുതുവർഷഗീതം
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒരുപുതുവർഷം പിറന്നു, വിണ്ണിൽ
വർണ്ണകിരണങ്ങൾ നിരന്നു
മഞ്ഞിൻ കുളിരാട ചുറ്റി, പ്രകൃതി
വാസരസ്വപ്നങ്ങൾ ചൂടി
                      ( ഒരു പുതുവർഷം...

കുയിലിണതൻ കൂജനം നീളേ മുഴങ്ങി
കുളിർകാറ്റിന്നലകൾ കിന്നരം മൂളി
എല്ലാർക്കും പുതുവർഷാശംസ നേർന്നു
മുല്ലപ്പൂങ്കൊടികൾ അത്തറു പൂശി
                       ( ഒരു പുതുവർഷം......

സമാധാനത്തിൻ നൽസന്ദേശമോതി
ഒരു മേഘശലഭം വാനിലലയുന്നു
പോയൊരു വർഷത്തിൻ നെടുവീർപ്പുമായി
നിശാഗന്ധി വാടിത്തളർന്നുനിന്നു
                         (ഒരു പുതുവർഷം........

പുതുവർഷപ്പൂക്കൾ കൺചിമ്മിത്തുറന്നു
ഋതുവർണ്ണശലഭങ്ങൾ പാറിപ്പറന്നു
എന്നിലും മോഹത്തിൻ ചിറകുകൾ വീശി
ഒരു സ്വപ്നലോകത്തിൽ പറന്നുയർന്നു
                             (ഒരു പുതുവർഷം........
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''’'''''''''''''''''''''''''''
ഗീതാഞ്ജലി
1-1-2019
              
                

അയ്യങ്കാളി

അയ്യങ്കാളി
''''''''''''''''''''''''''''''''''''''''
അയിത്തം കൊടികുത്തിവാണതാം കാലത്തൊരു
ദിവ്യമാം തേജസ്സായി ഉദിച്ച ക്രാന്തദർശി

അയ്യങ്കാളിയെന്ന നാമധേയത്തിലത്രേ
ജനിച്ചു ധീരയോദ്ധാവൊന്നിതാ ധരണിയിൽ

ജാതിക്കോമരങ്ങളെയെതിർത്തു, നവോത്ഥാന-
കാലത്തിൻപെരുമ്പറ മുഴക്കീ പുണ്യാത്മാവ്!

കർഷകസമരത്തിൻചരിത്രം കുറിച്ചയാൾ
താഴ്ന്നൊരാ ജാതിക്കാർക്കും വിദ്യയഭ്യസിച്ചിടാൻ

തരിശാം പാടങ്ങളിൽ വിത്തു വിതച്ചിടാനായ്
ചെറുമർ പോയിടാതെ ഒപ്പംചേർന്നണിയായി

കീഴാളരുടെ മക്കൾക്കായിതാ തുറന്നല്ലോ
വിദ്യാലയത്തിൻവാതിൽ സമരശക്തിയാലേ

മാറുമറയ്ക്കാനവകാശമില്ലാത്തോരുടെ
അവകാശങ്ങൾക്കായി പോരാളിയായ ഭടൻ!

അവഹേളനത്തിൻറെ കല്ലുമാലകൾ പൊട്ടി-
ച്ചെറിയാൻ ധൈര്യം നേർന്ന ധീരനായകനല്ലോ!

അതുകണ്ടാക്രോശിച്ച മാടമ്പിമാരൊക്കെയും
അക്രമത്തിൻറെ പാത തിരഞ്ഞെടുത്തോരല്ലോ

അവർതൻ ധാർഷ്ട്യങ്ങളെ നിശ്ചയദാർഢ്യംകൊണ്ടു
പൊരുതിജയിച്ചിടാൻ ആഹ്വാനം ചെയ്ത വീരൻ!

മണ്ണിൽ കുഴികുത്തി, കുമ്പിളിൽ കഞ്ഞി വാങ്ങി-
ക്കുടിച്ച ചെറുമരെ മനുഷ്യരായ്ക്കണ്ടിടാഞ്ഞ,

ജാതിയിലുന്നതരുടെയഹംബോധത്തിൻറെ
കടയ്ക്കൽ കത്തിവച്ച മഹാനാമയ്യങ്കാളി!

പൊതുവീഥിയിലൂടിറങ്ങിനടന്നിടാനായ്
കീഴ്ജാതിക്കാർക്കൊട്ടുമേ സ്വാതന്ത്ര്യമില്ലാക്കാലം

വില്ലുവണ്ടിയിലേറി, ചരിത്രം സൃഷ്ടിച്ചൊരാ
യാത്രതന്നോർമ്മയിന്നും പച്ചപിടിച്ചുനില്പൂ!

അജയ്യനയ്യങ്കാളി യാത്രതുടരുന്നിന്നും
സമത്വത്തിൻ കാവൽക്കാരാം മർത്ത്യമനസ്സുകളിൽ!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''’'''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
8-12-2018

സായന്തനം

സായന്തനം
'''''''''''''''''''''''''''''''''''''''''''
സായന്തനം വന്നൊന്നെത്തിനോക്കി
ചെമ്മാനം പൂത്തുവിടർന്നുനില്പൂ

ചക്രവാളത്തിന്നതിരിൽ നീളേ
കുങ്കുമച്ചെപ്പാരു തട്ടിയിട്ടു?

ചെമ്മേ വരുന്നിതാ കുഞ്ഞുതെന്നൽ
ആശ്ലേഷിച്ചീടുവാനായിതെന്നോ!

സാഗരത്തിരകളിലൊളിച്ചിടുവാൻ
അർക്കനൊരുങ്ങിയിറങ്ങിടുന്നു

വാസനപ്പൂക്കളും വാടിനിന്നൂ
വാടിയിലെങ്ങും കൊഴിഞ്ഞുവീണു

നാലുമണിപ്പൂക്കൾ കണ്ണുചിമ്മി
നോക്കുന്നു ചുറ്റിലും കൗതുകത്താൽ

മേഘവും ചുവന്നൊരുടുപ്പുമിട്ടു
മാനത്തിൻ മുറ്റത്തങ്ങോടിയെത്തി

പശ്ചിമാകാശത്തിന്നരുണിമയെ
തൊട്ടുതലോടുവാൻ പക്ഷികളും

പൊങ്ങിപ്പറക്കുന്നു വാനിൽ നീളേ
ആഹ്ലാദചിത്തരായി കൂട്ടരൊപ്പം

സൂര്യാശു മണ്ണിതിൽ കോറിയിട്ട
കോലങ്ങൾ മങ്ങിമറഞ്ഞിടുന്നു

വൃക്ഷത്തലപ്പുകൾ കാറ്റിലാടി
ലാസ്യമനോഹരനൃത്തമാടി

കാഴ്ചകൾ കണ്ടെൻറെ മാനസവും
കാവ്യംപോലിന്നിതാ തുളുമ്പീടുന്നു
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
3-2-2019








മഴത്താളം

മഴത്താളം
'''’'''''''''''’'’''''''''''''''''''''''
ആർപ്പോയീർപ്പോ കേൾക്കുന്നുണ്ടേ
മണ്ണും വിണ്ണും തുള്ളുന്നുണ്ടേ
ധിംധിം ധിംധിം കൊട്ടുന്നുണ്ടേ
മാരിക്കാറാം ചെണ്ടക്കാരൻ

ഓടിൻമീതേ വീഴുന്നുണ്ടേ
ആടിപ്പാടീ വെള്ളച്ചാറ്റൽ
പൂരക്കാവിൽ മേളംപോലേ
ഘോഷിച്ചാർത്തൂപെയ്യുന്നല്ലോ

മാരിപ്പെയ്ത്തിൽ ചോരുന്നുണ്ടേ
ഓലക്കൂരക്കീഴിൽ വെള്ളം
കാർമേഘത്തിൻ രോഷം തീർക്കാൻ
മിന്നൽപ്പെയ്ത്തിൻ പാരാവാരം

മണ്ണിൽനീളേ ചാലും തീർത്താ
ഓളങ്ങൾതൻതാളത്താലേ
നൃത്തം വെച്ചീടുന്നേ മാരി-
പ്പെണ്ണാവേശത്താലേ ഹൃദ്യം!

ഉന്മാദത്താൽ വീശുന്നുണ്ടേ
കാറ്റിൻ കൈകൾ വീണ്ടും വീണ്ടും
വൃക്ഷങ്ങൾതൻ ശാഖിക്കൈകൾ
കൂടെപ്പാടിയാർക്കുന്നുണ്ടേ!
(വൃത്തം-വിദ്യുന്മാല)
''''''''''''’'''''''''''''''''’'''''’'''''''''''''''''''''''''''’'''''''''''''''''''''
ഗീതാഞ്ജലി


5-2-2019

പ്രണയവർണ്ണങ്ങൾ

പ്രണയവർണ്ണങ്ങൾ
'''''''''''''''''''''''''''''''''"""
വരുമോ മമ പ്രാണനാഥനേ
പ്രണയോന്മുഖനായി വീണ്ടുമീ
സഖിതൻ പ്രിയകാവ്യമായി നീ
കുളിരുന്നൊരു ചാറ്റലായി നീ

ദുരിതം നിറയുമ്പൊഴും ഹൃദേ
വരമായണയുന്നു നിൻ സ്മൃതി
മനതാരിലനന്യപ്രേമമായ്
കുടികൊള്ളുകയെന്നുമേ സഖേ

പ്രണയം പലവർണ്ണമായിതാ
പടരുന്നതു ഞാനറിഞ്ഞിതാ
മഴവില്ലഴകിൽ മനോഞ്ജമായ്
ഒരു ഗാനമതിൻ പ്രവാഹമായ്

വിരിയൂ മമ മാനസത്തിലി-
ന്നൊരു പുഷ്പമതായി നീയിനി
വനജ്യോത്സ്നയതായിമാറി ഞാൻ
പ്രണയാതുരയായി പൂവിടാം

കനവിൻ പടിവാതിലിൽ വരൂ
കരളിൽ നവമോഹമായി നീ
പടരൂ മമ ജീവനിൽ നിലാ-
വൊഴുകുന്നതുപോലെയെന്നുമേ
(വൃത്തം-സുമുഖി)
10-2-2019

Sunday, February 24, 2019

മലയാളമഹിമ

മലയാളമഹിമ
''''''''''''''''''''''''''''''''''''''''''''''
കാതരം മലയാളമേ തവ ചിത്തമെന്തിഹ സുന്ദരം
കാവ്യമാലിക തീർത്തിടാം മമ ചേതനാംബരസീമയിൽ
മത്സഖീ,പദമുത്തുകൾ പുഴപോലെ നീണ്ടൊഴുകീടവേ
മാനസം കുളിരാർന്നിടും മലയാളികൾക്കതു നിത്യവും

കാറ്റുവന്നൊരു പാട്ടുമൂളവെയെൻറെ ഭാഷയിലിന്നുമേ
കോമളം പദമാലികാമൃതെനിക്കു നീ തരുമോ സഖീ?
കേരവൃക്ഷമതൊന്നിതാ തലയാട്ടിടുന്നിതു മെല്ലവേ
കേട്ടുവോ മലയാളമാധുരി കാവടിപ്പടയാടവേ!

ആയിരം പുതുഗാനവും മലയാളനാട്ടിലൊരുക്കിടാം
ആറ്റുനോറ്റിതു വന്ന ഭാഗ്യമിതെന്നുമീ മമ ഭാഷയോ
ചൊല്ലി ഞാനതു ജീവിതത്തിലിതെന്നുമേ നിറഭംഗിയിൽ
ചൊല്ലിയാടിടുമെന്നുമീ പദമുത്തുകൾ പല രാഗമായ്
(വൃത്തം-മല്ലിക)
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
21-2-2019
(ലോകമാതൃഭാഷാദിനം)