Tuesday, February 26, 2019

കള്ളി(കഥ)

കള്ളി
''''''''''''''''''''''''"”'''''''''''''''
"ടീച്ചർ, എന്റെ പേന കാണുന്നില്ല!"
ലളിതട്ടീച്ചർ ക്ലാസ്സിലേയ്ക്ക് കാലെടുത്തു കുത്തിയതും ഇന്നും കേട്ടത് കളവിനെപ്പറ്റിയുള്ള പരാതിയാണ്! ഇതെന്നും പതിവായിരിക്കുന്നു.ടീച്ചറിനു പോലീസായും ന്യായാധിപതിയായും രക്ഷാധികാരിയായും പല റോളുകളാണല്ലോ നിർവ്വഹിക്കാനുള്ളത്.ലളിതയെ ഈയിടെയാണ് ഈ ക്ലാസ്സിൻറെ ക്ലാസ്സ് ടീച്ചർ ആയി മാറ്റിയത്!ദീപടീച്ചറിന് ഈ ക്ലാസ്സ് നിത്യതലവേദനയായപ്പോൾ ഹെഡ്മിസ്ട്രസ്സു തന്നെയാണ് ലളിതയോട് അഭ്യർത്ഥിച്ചത്,ഈ ക്ലാസ്സിനെ ഒന്നു നേരെയാക്കാൻ.പ്രത്യേകിച്ച് കള്ളിയെന്ന ഓമനപ്പേര് വീണ ലക്ഷ്മിയെ! കഴിഞ്ഞയാഴ്ച ആണല്ലോ അവളുടെ അമ്മ അവളുടെ ദേഹമാസകലം അടിച്ചുപൊട്ടിച്ചത്!എന്നിട്ടും അവളുടെ കളവിന് യാതൊരു കുറവും ഉണ്ടായില്ല! അടികൊണ്ടു വീർത്ത പാടുകളുമായി വന്ന അവളുടെ അവസ്ഥ കണ്ടപ്പോൾ എല്ലാവർക്കും സഹതാപം തോന്നിയെങ്കിലും എല്ലാ കുട്ടികൾക്കും ടീച്ചർമാർക്കും അവളെപ്പറ്റി പരാതിമാത്രമേയുള്ളൂ
        'ടീച്ചർ, ലക്ഷ്മിയുടെ ബാഗ് പരിശോധിക്കട്ടേ?'
ക്ലാസ്സ് ലീഡർ രശ്മിയ്ക്ക് സംശയമില്ല, ഇന്നും പ്രതി ലക്ഷ്മിതന്നെയാണെന്ന്! അവളുടെ സംശയം ശരിയായിരുന്നുതാനും!ഇതു നിത്യസംഭവമാകുമ്പോൾ എങ്ങനെ സംശയിക്കാതിരിക്കും?
      "എന്താണ് കുട്ടീ നിനക്കു പറ്റിയത്?ഇന്നലെയല്ലേ നീയെനിക്ക് വാക്കു തന്നത്, ഇനിയാരുടെയും ഒരു സാധനവും മോഷ്ടിക്കില്ലായെന്ന്?നാളെ നീ അമ്മയോടു എന്നെ വന്നൊന്നു കാണാൻ പറയൂ!"
            ലളിതട്ടീച്ചറിന് ഇന്നലെത്തന്നെ ബോദ്ധ്യമായിരുന്നു പ്രശ്നത്തിൻറെ ഉറവിടം വീട്ടിലെ സാഹചര്യങ്ങളാണെന്ന്! അമ്മയ്ക്ക് അവളെ ഒട്ടും ഇഷ്ടമല്ലെന്നു പറഞ്ഞു ഇന്നലെ അവൾ ഏങ്ങിക്കരഞ്ഞതോർത്തപ്പോൾ ടീച്ചറുടെ മനസ്സിലും വികാരങ്ങളുടെ   വേലിയേറ്റമുണ്ടായി!അമ്മയ്ക്ക് ഒരാൺകുട്ടിയുണ്ടായത് അവളെ വെറുക്കാൻ കാരണമല്ലല്ലോ! സ്വന്തം മകളെ ഇങ്ങനെ തലങ്ങും വിലങ്ങും അടിച്ചുപൊട്ടിക്കാൻ അവർക്കെങ്ങനെ കഴിയുന്നു?ഇനി നേരിട്ട് ചോദിച്ചിട്ടുതന്നെ ബാക്കി കാര്യം, ലളിതട്ടീച്ചർ മനസ്സിലുറപ്പിച്ചു! വൈകുന്നേരം വിദ്യാർത്ഥികളുടെ ബയോഡാറ്റാഫയലിൽനിന്ന് ലക്ഷ്മിയുടെ അമ്മയുടെ ഫോൺനമ്പർ തേടിയെടുത്തു അവരെ വിളിച്ചു അവരുടെ വരവ് ഉറപ്പാക്കി..
     "എന്താണ് ടീച്ചർ,അവളിന്നും കുഴപ്പം വല്ലതുമുണ്ടാക്കിയോ?"
അമ്മ ചോദിച്ചു.
   " ഹേയ്, ഒന്നുമില്ല! നിങ്ങളോടെനിക്കൊന്നു സംസാരിക്കണമെന്നു തോന്നി!"
കഴിഞ്ഞ പ്രാവശ്യം ലക്ഷ്മിയുടെ മോഷണത്തെപ്പറ്റി ഇവരെ അറിയിച്ചതിന്റെ ഫലമാണല്ലോ പിറ്റേദിവസം താനവളുടെ ദേഹത്തു കണ്ട മുറിപ്പാടുകൾ! ടീച്ചർ ഒരുനിമിഷം ചിന്തയിലാണ്ടു
   "ശരി ടീച്ചർ, ഞാൻ വരാം നാളെ."
ലളിത ആശ്വാസപൂർവ്വം നെടുവീർപ്പിട്ടു!
         
            പിറ്റേന്ന് പ്രഭാതം പൊട്ടിവിടർന്നപ്പോൾ ഉറക്കത്തിന്റെ ആലസ്യം കണ്ണുകളെ വിട്ടുപിരിഞ്ഞിരുന്നില്ല,ലളിതട്ടീച്ചറിന്!രാവേറെച്ചെല്ലുന്നതുവരെ ലക്ഷ്മിയുടെയും അവളുടെ അമ്മയുടെയും മുഖമായിരുന്നല്ലോ മനസ്സിൽ!അന്നു ക്ലാസ്സിൽ ചെന്നയുടൻ ലക്ഷ്മിയെ സ്റ്റാഫ് റൂമിൽ വിളിച്ചുവരുത്തി.അവൾക്കിന്ന് അമ്മയുടെ പ്രഹരമേറ്റിട്ടില്ലെന്നറിഞ്ഞതിൽപ്പിന്നെയാണ് ടീച്ചറിന് ശ്വാസം നേരെ വീണത്! വൈകുന്നേരമാവാൻ കാത്തിരുന്ന ലളിതയ്ക്ക് സമയം ഒച്ചിനെപ്പോലെ ഇഴഞ്ഞുനീങ്ങുന്നതുപോലെ തോന്നി.
പറഞ്ഞിരുന്ന സമയം കടന്നു അരമണിക്കൂർ കഴിഞ്ഞിട്ടും ലക്ഷ്മിയുടെ അമ്മയെ കാണാതിരുന്നപ്പോൾ ടീച്ചർ ലക്ഷ്മിയെ കളിക്കാൻ പറഞ്ഞു വിട്ടു! അപ്പോഴേക്കും അമ്മ ആഗതയായി.
   "എന്തുപറ്റി ടീച്ചർ?അവളെന്തു കുഴപ്പമാണ് കാണിച്ചത്?"
ഇളയകുഞ്ഞിനെ ഒക്കത്തുനിന്നു മടിയിലേക്കുമാറ്റി ഇരിക്കുന്നതിനിടയിൽ അമ്മ ചോദിച്ചു.
    "കുഴപ്പം അവൾക്കാണോ അതോ നിങ്ങൾക്കാണോ എന്നറിയാനാണ് ഞാൻ വിളിപ്പിച്ചത്"
   "അതെന്താ ടീച്ചർ അങ്ങനെ പറഞ്ഞത്?ആ അസത്ത് എന്തെങ്കിലും പറഞ്ഞോ?"
ടീച്ചർ പറഞ്ഞതിഷ്ടപ്പെടാത്തതിൻറെ നീരസം അവരുടെ കണ്ണുകളിൽ പ്രതിഫലിച്ചു!
   "അവളൊന്നും പറഞ്ഞില്ല.പക്ഷേ അവളുടെ ദേഹത്തുകണ്ട മുറിവുകൾ പലതും പറഞ്ഞു"
   "എത്രയാണെന്ന് വച്ചാണ് ക്ഷമിക്കുക  ടീച്ചർ!അവളെപ്പോഴും ഈ കുഞ്ഞിനെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ!"അമ്മയുടെ വാക്കുകൾക്ക് മൂർച്ചകൂടി!
   "ഈ കുട്ടിയുണ്ടായതിൽപ്പിന്നെ നിങ്ങളവളെ എത്രപ്രാവശ്യം സ്നേഹത്തോടെ മോളെയെന്നു വിളിച്ചിട്ടുണ്ട്? അവളുടെ കവിളിൽ ഒരുമ്മകൊടുത്തിട്ടെത്ര നാളായി? അവൾക്കെന്തെങ്കിലും കഥകൾ പറഞ്ഞുകൊടുത്തിട്ടെത്രയായി?കൂടെക്കിടത്തി ഉറക്കിയിട്ടുണ്ടോ അതിൽപ്പിന്നീട്? നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ മകനിലേയ്ക്കുമാത്രം തിരിഞ്ഞപ്പോൾ അനിയനെ അവൾ ശത്രുവായി കാണാൻ തുടങ്ങി!അവൻ കാരണം എട്ടുവയസ്സു മാത്രമുള്ള തനിക്കുകൂടെ അവകാശപ്പെട്ട അച്ഛനമ്മമാരുടെ സ്നേഹം നിഷേധിക്കപ്പെട്ടതിൻറെ പ്രതിഷേധം ഈ ലോകത്തോട് മുഴുവൻ കാണിക്കാൻ തുടങ്ങി!അതാരുടെ കുഴപ്പമാണ്?തല്ലുമാത്രമല്ല, തലോടലും കൊടുത്തുനോക്കൂ!അവൾ നന്നായി വരും!"
      ലളിതട്ടീച്ചറുടെ കൗൺസലിംഗ് ഒരു മണിക്കൂർ നീണ്ടുപോയത് ഇടയ്ക്കു വാച്ചിൽ നോക്കിയപ്പോളാണ് അറിഞ്ഞത്! എങ്കിലും ലക്ഷ്മിയുടെ അമ്മയിൽനിന്ന് അവളെ കൂടുതൽ ശ്രദ്ധിച്ചോളാമെന്ന ഉറപ്പു വാങ്ങിയിട്ടാണ് അവരെ വിട്ടത്! അപ്പോഴേക്കും ലക്ഷ്മിയും കളികഴിഞ്ഞു വന്നിരുന്നു.
"ഇനി ഇവളായിരിക്കും കുഞ്ഞനിയനെ നോക്കുന്നത്!അല്ലേ ലക്ഷ്മീ?" ലളിതട്ടീച്ചർ അവളുടെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു.
അവളുടെ ചുണ്ടിലപ്പോൾ വിരിഞ്ഞ പുഞ്ചിരിക്കു നിലാവിന്റെ കുളിരായിരുന്നു.കണ്ണുകളിൽ ആയിരം നക്ഷത്രങ്ങളുടെ പ്രകാശവും!ആ പ്രകാശത്തിൽ അവൾക്ക് കുഞ്ഞനിയനോടുണ്ടായിരുന്ന എല്ലാ വിരോധവും മാഞ്ഞുപോയതായി ടീച്ചറിനു തോന്നി.അവളുടെ അമ്മ അവളുടെ തോളിൽ കൈയിട്ടുകൊണ്ട് ടീച്ചറിനോടു പറഞ്ഞു,
      "എന്റെ മകളെ ഞാൻ മനസ്സിലാക്കിയതിൽക്കൂടുതൽ ടീച്ചർ മനസ്സിലാക്കി!വളരെ നന്ദി, ടീച്ചർ"
  അവരതു പറഞ്ഞപ്പോൾ കണ്ണിൽനിന്ന് ആനന്ദാശ്രുക്കൾ മകളുടെ ശിരസ്സിൽ പതിച്ചു!അവർ യാത്രപറഞ്ഞു കണ്ണിൽനിന്നു മായുവോളം ടീച്ചർ നോക്കിനിന്നു!
     "നേരം ഒരുപാട് വൈകിയല്ലോ ടീച്ചറേ,ഇന്നു വീട്ടിൽ പോകുന്നില്ലേ"
അതുവഴി വന്ന ആയയുടെ ചോദ്യമാണ് ടീച്ചറെ സമയം വൈകിയതിനെപ്പറ്റി ബോധവതിയാക്കിയത്.
         തിങ്കളാഴ്ച രാവിലെ ക്ലാസ്സിലെത്തിയ ടീച്ചറുടെ കണ്ണുകൾ ആദ്യം തേടിയത് ലക്ഷ്മിയെ ആയിരുന്നു! അവളുടെ മുഖത്തു സദാ നിഴലിച്ചിരുന്ന മ്ലാനതയും നിരാശയും അന്നു കണ്ടില്ല!അവൾ പ്രസന്നവതിയായി ടീച്ചറെ നോക്കി ചിരിച്ചു!ടീച്ചർ സന്തോഷപൂർവ്വം ക്ലാസ്സെടുക്കാൻ തുടങ്ങി! അതിനിടയിൽ "ടീച്ചർ" എന്ന വിളികേട്ടാണ് തിരിഞ്ഞുനോക്കിയത്! നോക്കിയപ്പോൾ ലക്ഷ്മി ഒരു പേന ഉയർത്തിപ്പിടിച്ചുകൊണ്ടു നില്ക്കുന്നു! ടീച്ചറുടെ ഉള്ളൊന്നാളി! പിന്നെയും പ്രശ്നമോ, തന്റെ പ്രയത്നം വിഫലമായോ എന്നൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ലക്ഷ്മി ശബ്ദമുയർത്തി പറഞ്ഞു
     "ടീച്ചർ, ഈ പേന  താഴെക്കിടന്നതാണ്!ആരുടെയാണെന്നറിയില്ല.ടീച്ചറൊന്നു ചോദിക്കാമോ?"
""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
ഗീതാഞ്ജലി
12-8-2018





  

     

No comments:

Post a Comment