Tuesday, March 26, 2019

നന്മ

നന്മ
'''''''''’''’'''
നന്മയറ്റൊരു ജീവിതം
ജീവിച്ചുതീർക്കവേണ്ട
നിങ്ങളിൽ നിറഞ്ഞതാം
തിന്മയെ മാറ്റുകവേണം!

നാട്ടുമാങ്ങയ്ക്ക്
നന്മതൻ നറുമണം
വിഷത്തിൽ മുക്കീടല്ലേ
ഭക്ഷിച്ചീടാനെന്നും

നാരദന്മാർ ചിലർ
നന്മപൂക്കും മനങ്ങളിൽ
വിഷംപുരട്ടാനായ്
അലഞ്ഞുനടക്കുന്നു

കുയിലേ നിൻ മുട്ടകളെ
തൻസ്വത്തായി കരുതി
വിരിയിച്ചെടുത്ത കാകൻറെ
നന്മയെ നിനക്കു പുച്ഛമോ?

വാസന്തപൗർണ്ണമി
നിറഞ്ഞുതുളുമ്പി
നന്മതൻ വെളിച്ചം തൂവി
നിറദീപംപോലെ വാനിൽ

മുല്ലപ്പടർപ്പിൽ പാറിനടക്കും
ചിത്രശലഭമേ നിൻചിറകിൽ
ആരുകുടഞ്ഞൊഴിച്ചു
നിറങ്ങളിൻ വറ്റാത്തനന്മ?

 നന്മയ്ക്കായി പടവെട്ടീടാം
തിന്മയെയുന്മൂലനം ചെയ്യാം
അണിനിരക്കുവിൻ സഖേ
പറുദീസയുണർത്തീടാൻ!
'''''’'''’'''''''''''''''''''''''''''''’'''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി

മാ നിഷാദ

മാ നിഷാദ
"" "" "" "" "" "
മമഹൃദയമിത്രമേലിന്നിതാ കേഴുന്നു
അനവരതമിറ്റുന്നു കണ്ണീരിൻ  മുത്തുകൾ!

കരുണയുടെ ചാലുകൾ വറ്റിയോ നിന്നിലെ
പരിഗണനയില്ലയോ സഹജീവിയെന്നും

നിരസനമതോ നിൻ പ്രണയാഭ്യർത്ഥനതൻ
പകരമതു ചോദിക്കുവാൻ  കൊലയോ വഴി?

പെരുവഴിയിലിട്ടെന്നെ കത്തിച്ചു നീയെന്നിൽ
മരണഭയമുളവാക്കുന്നതോ പ്രണയം?

പരവശതയേതുമേയില്ലാതെ  നിന്നു നീ
മനമതിലൊരു കുറ്റബോധവുമേശാതെ?

കനവതിലുമൊരുനാളും ഞാനോർത്തതില്ല
കരുണയൊഴിയും പ്രതികാരദാഹി നീയോ?

പറയുവതിനാവതില്ലവസാനയാത്രാ-
മൊഴിയുമിനിയെന്നാത്മാവിൻതേങ്ങലല്ലാതെ

മമഹൃദിയുമിന്നിതാ വെന്തുപോയഗ്നിയിൽ
കഠിനതരമല്ലോ നിൻ ഹൃത്തെന്നറിയുകിൽ

ധരയിലൊരു മാനുഷനുമാത്രം സാദ്ധ്യമോ
കരുണയുടെ വറ്ററ്റു ക്രൂരത കാട്ടുവാൻ?
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
21-3 - 2019