Friday, July 19, 2019

ഋതുഭേദങ്ങൾ

ഋതുഭേദങ്ങൾ
'' '' '' '' '' '' '' '' '' ''
സ്വർഗ്ഗകുമാരിമാരോ ഋതുക്കൾ
സ്വപ്നംപോലെത്തീടുന്നു ഭൂവിതിൽ
വന്നിടുന്നു നിങ്ങൾ വിളിക്കാതെ
വശ്യമായ് പുണരുന്നവനിയെ

ഗ്രീഷ്മത്തിന്നുഗ്രചൂടിൻ നീറ്റലിൽ
പ്രപഞ്ചമാകെ തപിച്ചീടുമ്പോൾ
കുളിരിൻ കഞ്ചുകമായണയും
വർഷമേ നീയിന്നു പെയ്തിറങ്ങി

ഇലകൊഴിഞ്ഞൊരാ തരുക്കളെ
തൊട്ടുണർത്തീടാനായ് വന്നൊരു
വസന്തമല്ലോയെന്നിൽ നിറച്ചു
പുതിയൊരു കാവ്യത്തിൻ പല്ലവി


ഋതുഭേദരാഗങ്ങൾ മീട്ടാനായ്
ഹൃദയതമ്പുരുവൊരുങ്ങുന്നു
പ്രതീക്ഷതൻ  പുതുഗാനമെന്നും
മഴയായ് പതിക്കട്ടെ മനസ്സുകളിൽ
'' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' ''
ഗീതാഞ്ജലി
9-6-2019








അർബുദം

അർബുദം
'' '' '' '' '' '' '' ''
വേദന  തിങ്ങുന്നൊരാത്മാവിൻ നൊമ്പര-
മാരുമേ കാണാതെ തേങ്ങീ

ദേഹവും ദേഹിയും നീറിപ്പുകയുന്നു
അർബുദം കാർന്നതിൽപ്പിന്നെ

ആശ്വാസമില്ലാതെ ആശയുമറ്റിന്നു
ദു:ഖത്തിൻ മാരിയിൽ പ്രാണൻ

പൊലിഞ്ഞീടാനായി  നേരവും കാത്തിതാ
മിഴിപൂട്ടി നില്പൂ ചെമ്മേ

രോഗത്തിൻ കാർമേഘജാലത്താൽ മൂടവേ
എൻദേഹമെനിക്കു ഭാരം

കേശമൊഴിഞ്ഞൊരെൻ  ശിരസ്സിൽ കൈചേർത്തു
കാലനെ കാത്തിരിക്കുന്നൂ

അവസാനശ്വാസം  പോകുവാൻ കാക്കവേ
വിട്ടൊഴിഞ്ഞീടുമോ ക്ലേശം

വൈദ്യന്മാരൊന്നായി കൈമലർത്തീടവേ
എന്തിനു വേണ്ടിയീ ജീവൻ

അണയുംമുമ്പിലായാളുന്ന ദീപമായ്
നർത്തനമാടുന്നീ ഭൂവിൽ?

എങ്കിലും പുഞ്ചിരിപ്പൂവണിഞ്ഞധരം
സുഖമെന്നു മാത്രം ചൊല്ലീ

സ്വാന്തനിപ്പിച്ചീടാൻ വന്നണഞ്ഞോരോടു
കളിവാക്കു ചൊല്ലീ ചേലിൽ


നീർമിഴി നിറഞ്ഞൊഴുകാതെ നോക്കീടാം
എന്നെ സ്നേഹിപ്പവർക്കായ് ഞാൻ
'' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '""
ഗീതാഞ്ജലി
12-6-2019









ഒരുമ

ഒരുമ
"" "" "" "
സ്നേഹത്താൽ ബന്ധിതരാകട്ടെ മാനുഷർ
ആശ്വാസമായെന്നുമെന്നും
ചേർന്നിടട്ടെന്നും ഹൃദന്തങ്ങളൊരുമയാൽ
കാലുഷ്യമന്യേയീ ഭൂവിൽ
സ്നേഹക്കതിരെല്ലാം  വാരിയെടുത്തിടാം
വെറുപ്പിൻ പതിരകറ്റീടാം
എന്തിനു മത്സരിച്ചീടുന്നീ ജീവിത-
നാടകത്തിന്നന്ത്യം വരെ
എന്നു തിരശ്ശീല വീഴുമെന്നറിയാൻ
വയ്യാത്ത നാടകമല്ലോ
എങ്ങനെ സ്പർദ്ധതൻ കാർമേഘപടലങ്ങൾ
പടർന്നൂ മാനസവാനിൽ?
ഒരുമതൻ കുളിർമഴച്ചാറ്റലിൽ നനഞ്ഞീടാം
ശാന്തത കൈവരിച്ചീടാം

സ്നേഹത്തിൻ പുഴയായൊഴുകിടാമീ ഭൂവിൽ
ആർദ്രതതൻ തെന്നലാവാം
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "
ഗീതാഞ്ജലി
23-6-2019






നീർക്കുമിളകൾ

നീർക്കുമിളകൾ
"" "" "" "" "" "" "" ""
ഇന്നെൻറെ സ്വപ്നത്തിൻ തീരത്തണയുന്ന
ഇളംതെന്നലെന്നെ തഴുകുമ്പോൾ

നീർക്കുമിളകൾപോൽ   മിന്നിമറയുന്നു
നിദ്രയിൽക്കണ്ട സ്വപ്നങ്ങളെല്ലാം

മോഹിപ്പിച്ചീടുമൊരു പനിനീർപ്പൂവിൻ
മോഹനദളങ്ങൾ കൊഴിഞ്ഞിടും

വശ്യസൗന്ദര്യനിറപ്പൊലിമ മായുമ്പോൾ
വാർദ്ധക്യം വിരുന്നുവന്നീടുന്നു

ഈയുലകത്തിലനന്തമായൊന്നുമേ
വാഴുകയില്ലെന്നതു സത്യമേ

കാലയവനികയ്ക്കുള്ളിൽ മറയുമീ
മുഗ്ദ്ധസൗന്ദര്യമേതുമേ ഭൂവിൽ

വാഴുവാനില്ലൊരു മാർഗ്ഗവുമിന്നൊരു
യൗവനപ്രായം കടന്നുപോയാൽ

എന്തിനഹങ്കരിച്ചീടുന്നു നിങ്ങൾതൻ
ശാശ്വതമല്ലാത്തൊരവസ്ഥയെച്ചൊല്ലി?
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "
7-7-2019