ഇഷ്ടനിറം
************
വാരിദങ്ങൾ തുഴഞ്ഞുനീങ്ങുമീ
വാനത്തിനു നീലനിറം
തിരകൾ തുള്ളിത്തുളുമ്പുന്നൊരീ
കടലിനും നീലനിറം
രാധതൻ പ്രിയതോഴനാം കണ്ണനും
അഴകാർന്ന നീലനിറം
നീലക്കുറിഞ്ഞികൾ പൂക്കുന്ന ദൃശ്യം
കണ്ണിനു വിരുന്നല്ലോ
എന്നുടെ വാടിയിൽ വിരുന്നുവരും
ശലഭത്തിനും നീലനിറം
പീലിവിരിച്ചഴകിൽ നർത്തനമാടുന്ന
മയിലിനുമെന്തേ നീലനിറം?
എൻ കവിതകൾ പകർത്തിയ തൂലികതൻ
മഷിയുടെ നിറവും നീലയത്രേ
എങ്കിലുമെനിക്കു നീലനിറമിത്രയും
പ്രിയങ്കരമാവുന്നതെന്തെന്നോ?
എൻ്റെ വാട്ട്സ്ആപ്പ് സന്ദേശങ്ങൾക്കുള്ള
ശരികൾ നീലനിറമാവുമ്പോൾ
എൻ്റെ സന്ദേശങ്ങൾ നീ വായിച്ചപ്പോൾ
ഞാൻ നീലനിറത്തെ സ്നേഹിക്കുന്നു
ആ നീലനിറം കാണവേ എൻ ഹൃദയം
ആനന്ദതുന്തിലമാവുന്നു
വാനവും സാഗരവും മയിൽപ്പീലിതൻ ഭംഗിയും
ഞാനവിടെ ദർശിക്കുന്നു
ആയിരം നീലക്കുറിഞ്ഞികൾ പൂക്കുന്നു
നീലശലഭങ്ങൾ പാറിപ്പറക്കുന്നു
എൻ്റെ മനസ്സിൻ്റെ ഭാരം ഒഴിഞ്ഞുപോകുന്നു
ആധിനിറഞ്ഞ ചിന്തകൾ ശമിക്കുന്നു.
അപ്പോഴല്ലോ നീലനിറം എനിക്കേറ്റവും
പ്രിയങ്കരമാവുന്നതെന്നറിയുക നീ.
ഗീതാഞ്ജലി
10-1-2026
**********************************************
No comments:
Post a Comment