Tuesday, January 27, 2026

സാന്ധ്യരാഗം

 സാന്ധ്യരാഗം

****************
നിറയു സാന്ധ്യരാഗം മമ ഹൃത്തിലും
നിനവു പെയ്യുമീ മാമരമേട്ടിലും
നനയുമീറനാം കാറ്റിനെ മൂടിയോ
നിറമണിഞ്ഞൊരർക്കൻ്റെ കിനാവുകൾ

കവനമോഹനം ചാരുമയൂഖവും
കവിത തീർത്തുവോ വാനമതിങ്കലായ്
കനവു കാണുവാനായി പതംഗവും
കിളികുലങ്ങളും വിശ്രമവേളയിൽ

അരുണസന്ധ്യതൻ കുങ്കുമരാജിയാ-
ലഴകൊരുക്കിയർക്കൻ നിറദീപ്തിയിൽ
അല ഞൊറിഞ്ഞിടും മേഘതരംഗവും
അനഘവർണ്ണവും തൂകിയലഞ്ഞിടാൻ

തഴുകുമാർദ്രമായെന്നിലുമീനിറം
തളിരു ചൂടിടും സന്ധ്യയിലെൻ മനം
തരളമായൊരീ കാവ്യമൊരുക്കിടാം
തനു തളർന്നിതർക്കൻ വിടചൊല്ലവേ

നിശയിലെത്തിടും തിങ്കളെ മുത്തുവാൻ
നിനവു നീർത്തിയർക്കൻ തിരി താഴ്ത്തിടും
നിറയുമാകെ പാരിന്നനുരാഗമോ
നിറയു സാന്ധ്യരാഗം ചിരി ചാർത്തിടാൻ

കനവു നെയ്യുവാൻ സന്ധ്യമയങ്ങവേ
കളമൊരുക്കുവാൻ പശ്ചിമഘട്ടവും
കനകനൂപുരം ചാർത്തിയ സൂര്യനും
കരുതലോടെയീ യാത്ര തുടർന്നിടും

മറയുവാൻ ചെമപ്പിൻ കിരണങ്ങളും
മറയുമാർദ്രസായന്തനവേളയിൽ
മഷിനിറച്ചു ഞാൻ തൂലികയിൽ മുദാ
മനമൊരുങ്ങുവാൻ കാവ്യസുമങ്ങളാൽ

വൃത്തം:മേഘാവലി
താളം:തതത തംതതം തംതത തംതതം
ഗീതാഞ്ജലി
1-12-2025
***********************************************

No comments:

Post a Comment