Sunday, August 30, 2026

മാതൃദിനം

 മാതൃദിനം

*********
അമ്മയെന്നുള്ളൊരു മനോഞ്ജനാമം
ഉണ്മയെന്നെന്നുമീയുലകിൽ
വാത്സല്യമെന്നും ചുരത്തുന്ന നന്മയായ്
മനസ്സിൽ കുടികൊള്ളും നിലവിളക്ക്

മക്കൾക്കു കാവലായി കരുതലായി
സ്നേഹത്തിന്നൊളി വിതറുമമ്മ
നൊമ്പരങ്ങളെല്ലാമുളളിലൊളിപ്പിച്ചു
പുഞ്ചിരി തൂകുന്ന പൂനിലാവായ്

ആർദ്രമായി പെയ്യുന്ന സ്നേഹമഴയിൽ
നനയുവാനെന്നുള്ളിലാശയെന്നും
അമ്മതൻ മാനസപ്പൂങ്കാവനത്തിൽ
വിടർന്നൊരാ പൂക്കളായി മക്കൾ

പാരിടമിത്രയും മോഹനമാകുവാൻ
കാരണമമ്മതൻ സ്നേഹമല്ലോ
കാലങ്ങളെത്ര കഴിഞ്ഞാലുമെന്നും
അമ്മതൻ വാത്സല്യം തോരുകില്ല.

മാതൃസ്നേഹത്തിൻ വിലയറിയാത്ത
മക്കളുണ്ടോയീ ഭൂതലത്തിൽ?
കുഞ്ഞിക്കിളിക്കായി കൂടൊരുക്കുന്ന
അമ്മക്കിളിയുടെ വിരുതു കാണൂ

മാതൃസ്നേഹത്തിനു പകരമാകാൻ
സാധിക്കയില്ല മറ്റൊന്നിനും ഹാ!
മറ്റേതു ദേശത്തിൽ പോയാലുമേ
മറക്കരുതമ്മയെ മക്കൾ നമ്മൾ

ഗീതാഞ്ജലി
10-5-2026
എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ.
********************************************

പൊന്നോണം വരവായി

 പൊന്നോണം വരവായി

***********************
പൊന്നോണപ്പുലരിയിൽ വന്നെത്തിയ
പൂത്തുമ്പിപ്പെണ്ണേ
പൂക്കളമൊരുക്കാൻ ആടുവാൻ പാടുവാൻ
പുത്തനുടുപ്പിട്ടു വാ

മാവേലിത്തമ്പുരാനെ വരവേൽക്കാൻ
മാലോകർക്കൊപ്പം
മേളമൊരുക്കാൻ താളമൊരുക്കാൻ
മുറ്റത്തെത്തണം

ചിങ്ങനിലാവിൽ മുങ്ങിനിവർന്നുവന്ന
ചന്ദനക്കാറ്റിനോട്
ചന്തത്തിൽ കിന്നാരം ചൊല്ലുവാൻ നീ
ചാരെയെത്തേണം

മുറ്റത്തെ പൂക്കളം നിറയ്ക്കാൻ വിടരൂ
മുക്കുറ്റിപ്പൂവേ നീ
മാവേലിമന്നനെത്തിടും വേളയിൽ നിൻ
മാനസവും പൂവിട്ടോ?

പൊന്നാര്യൻ പാടം വിളഞ്ഞപ്പോൾ കരുതിയ
പൊന്നിൻകതിർക്കുലയാൽ
പൊന്നോണസദ്യക്കു നിറപറ നിറച്ചിടാം
പായസം വെച്ചിടാമേ

വള്ളം കളിയും പുലികളിയും ചേർന്നു
വാരിനിറയ്ക്കും
വർണ്ണവിസ്മയവുമായോണമെത്തവേ
വാനും ഭൂവുമുണരും

പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ

ഗീതാഞ്ജലി
26-8-2026
**********************************************