Wednesday, October 15, 2025

യുദ്ധം

 യുദ്ധം

********
യുദ്ധമെന്നാൽ പന്തുകളിപോലല്ലയോ
ബോംബു വീഴുംവരെ നിനക്കുമേലേ
നോവില്ല നിനക്കതുവരെ, തെരുവിൽ
പ്രാണൻ വെടിഞ്ഞോരെയോർത്ത്

ഉറ്റവർ നഷ്ടമായോർതൻ രോദനം
കേൾക്കുവാൻ ചെവിയില്ലാത്തോരേ
ലോകം കുരുതിക്കളമാക്കും നിങ്ങൾ
വിദ്വേഷം വിതയ്ക്കും ഭരണാധികാരികൾ

ആയുധം തുരുമ്പെടുക്കുന്നതിലല്ലോ
ആശങ്ക നിരന്തരം നിങ്ങൾക്കു മൂഢരേ.!
ആയുധവ്യാപാരം ഹരമാക്കി മാറ്റിയോർ
അതിനായി മുടക്കുന്നു ശതകോടികൾ

ശത്രുക്കളോ നിങ്ങൾക്കയൽക്കാർ
ഹൃത്തിൽ കനിവിൻ നീരുറവ വറ്റിയോ?
വിതയ്ക്കുന്നു യുദ്ധം ദുരന്തങ്ങൾ മാത്രം
ഉടയ്ക്കുന്നു സ്നേഹപ്പളുങ്കുപാത്രം

ശ്രീബുദ്ധനിനിയുമിവിടെ ജനിക്കുമോ
സ്നേഹസന്ദേശമോതും ദാർശനികരും
മാനവർതൻ ചോരയ്ക്കൊരുനിറമെന്ന
തത്ത്വമോതിക്കൊടുപ്പാനീ പാതകർക്ക്

രാജ്യാതിർത്തികൾ നിർണ്ണയിച്ചീടുന്നു
ചോരപ്പുഴകളാൽ ഭരണകൂടങ്ങൾ
കനലെരിയുന്ന കണ്ണുമായി പരസ്പരം
വെല്ലുവിളിക്കുന്നു പോർക്കളത്തിൽ

അഭയാർത്ഥികളായലയും മനുജർതൻ
മിഴികളിലൂറും ദൈന്യത കാണുവാൻ
കനിവിൻ ഗംഗാപ്രവാഹം ചൊരിയാൻ
കഴിയുമോ സാന്ത്വനസ്പർശമാകാൻ?

രണഭൂമിയിലുയരും വിലാപമൊക്കെയും
ബധിരകർണ്ണങ്ങളിൽപ്പതിച്ചീടവേ
ഭുവനം വെറും ഭസ്മമായി മാറുവാൻ
പടയൊരുക്കം തുടരുന്നുവോ നിങ്ങൾ?

നൂറ്റാണ്ടുകൾകൊണ്ടു പണിതുയർത്തിയ
സംസ്കാരങ്ങളും മാനവീയതയും
ചാമ്പലാക്കിടാൻ വിസ്മൃതിയിലാഴ്ത്താൻ
നിങ്ങൾക്കാകുമോ കോമരങ്ങളേ?
ഗീതാഞ്ജലി
12-7-2025
********************************************

No comments:

Post a Comment