നീയെന്ന സ്വപ്നം
*******************
എൻ്റെ ചെറിയ ലോകം നിനക്കായി മാത്രം തുറന്നവളാണ് ഞാൻ
എൻ്റെ സ്നേഹം നിനക്കുവേണ്ടി മാത്രം
സൂക്ഷിച്ചുവച്ചവളാണ് ഞാൻ
എൻ്റെ സമയം നിന്നോട് മിണ്ടാൻവേണ്ടി
മാത്രം നീക്കിവച്ചവളാണ് ഞാൻ
എൻ്റെ സ്വപ്നങ്ങളിൽ അതിഥിയായെത്തുന്നത് നീ മാത്രം
ഞാൻ ശ്വാസം വിട്ടിരുന്നത് നിൻ്റെ സ്നേഹത്തണൽ മോഹിച്ചായിരുന്നു
എൻ്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹം
നിൻ്റേതു മാത്രമായിരുന്നു
എൻ്റെ മാനസസരസ്സിൽ പറന്നിറങ്ങിയ
അരയന്നമായിരുന്നു നീ
എൻ്റെ ജീവിതം രാഗതുന്തിലമാക്കിയത്
നിൻ്റെ സാന്നിധ്യമായിരുന്നു.
എൻ്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നല്കിയത് നിൻ്റെ പ്രണയമായിരുന്നു
എൻ്റെ സ്നേഹതീരത്തെ മുത്തമിട്ടത്
നിൻ്റെ മനസ്സിലെ തിരകളായിരുന്നു
എൻ്റെ മോഹങ്ങൾ പങ്കുവച്ചിരുന്നത്
നിന്നോട് മാത്രമായിരുന്നു
എൻ്റെ ഹൃദയവികാരങ്ങൾ ചൊല്ലിയത്
നിൻ്റെ കാതിൽ മാത്രമായിരുന്നു
എന്നിട്ടും എൻ്റെ മൊഴി കേൾക്കാൻ നിൽക്കാതെ നീ പോയിമറഞ്ഞു
എൻ്റെ വാക്കുകൾക്ക് വിലകൊടുക്കാതെ
നീ അവഗണനയുടെ കനലിലിട്ടു
എൻ്റെ സ്നേഹത്തെ കണ്ടില്ലെന്നു നടിച്ചു നീ
എൻ്റെ ഹൃദയത്തെ വ്രണപ്പെടുത്തി
നീയെന്ന സ്വപ്നം അകന്നുപോകവേ
എന്നിൽ വിഷാദത്തിൻ മഴ പെയ്തു
ഈ മഴ തോരാതെപെയ്യവേ എൻ്റെ
ജീവൻ പിടഞ്ഞുവീഴുന്നു
വരുമോ നീയെൻ ജീവനായി വീണ്ടും
എന്നെ ഉയിർത്തെഴുന്നേല്പിക്കാൻ?
നീയാകുന്ന വേരുകളെൻ്റെ മനസ്സിൻ
ശിഖരങ്ങളിൽ ജീവജലമേകുമോ?
ഗീതാഞ്ജലി
22-1-2025
***********************************************
No comments:
Post a Comment