Tuesday, January 27, 2026

മഞ്ചാടിമണികൾ

 പരസ്പരം മാസികയിൽ പ്രസിദ്ധീകരിച്ച എൻ്റെ കവിത.

മഞ്ചാടിമണികൾ
"""""""""""""""""""""""
ജീവിതോദ്യാനത്തിലോർമ്മതൻ നറുംപൂക്കളാൽ
കോർത്തിടുന്നായിരം മണിമാലകൾ
നീർമണിമുത്തുകൾ ചേമ്പിലയിൽ തുള്ളവേ-
യോർമ്മകളോടിയെത്തുന്നുവോ!

ബാല്യത്തിൻ കുസൃതികളോർത്തിടുമ്പോൾ
താനേ തുള്ളുന്നു മമമാനസവും
മഞ്ചാടിമുത്തുകളാൽ മാല കൊരുക്കുമ്പോൾ
മാനസമോ തരളിതമായിടുന്നു.

മഞ്ചാടിമണികൾപോൽ വർണ്ണാഭമാകുമെൻ
ബാല്യത്തിലേക്കു തിരിച്ചുപോകാൻ
ആശയുയിർക്കൊള്ളുന്നു ജീവിതാന്ത്യത്തിലും
മഞ്ചാടിമണികൾകൊണ്ടമ്മാനമാടാൻ.

സ്നേഹസ്വരൂപികളാം സഖിമാരോടൊത്തു
കേളികളാടാനുള്ളം കൊതിക്കുന്നു.
ചോന്നുതുടുത്തൊരാ മഞ്ചാടിമണി പെറുക്കി
പൊന്നുപോൽ സൂക്ഷിക്കാൻ മോഹം.

ഇന്നുമെന്നോർമ്മയിൽ തെളിയുന്നു ഭംഗിയിൽ
ചന്തം തികഞ്ഞൊരാ ബാല്യകൗതുകം
മഞ്ചാടിമുത്തുകൾ കോരിയെടുത്തു ഞാനി-
ന്നമ്മാനമാടുന്നോർമ്മതൻ ദ്വീപിൽ

ബാല്യത്തിനിത്രയും നിറം പകർന്നീടുവാൻ
മറ്റെന്തു വേണമെന്നോർത്തിടവേ
നഷ്ടമായെപ്പൊഴോ ബാല്യകൗമാരങ്ങൾത-
ന്നിഷ്ടങ്ങളൊക്കെയുമീ വീഥിയിൽ
ഗീതാഞ്ജലി
26-9-2021
***********************************************

No comments:

Post a Comment