Tuesday, January 27, 2026

ദലമർമ്മരം

 ദലമർമ്മരം

************
വിടർന്നു ചെമ്പകമലർ *ഖസീദ പോൽ
തുടുത്തു വാടിയുമതീവഹർഷമോ!
വിരുന്നു വന്നൊരു വസന്തകാലമേ
തരുന്നു ഭംഗിയിലതുല്യവർണ്ണമോ?

പറന്നു ഞാനൊരു പതംഗമെന്നപോൽ
നിറഞ്ഞു വാടി ദലമർമ്മരങ്ങളാൽ
തുറന്നു കാതുകളതിൻ രവം ശ്രവി-
ച്ചറിഞ്ഞു ഞാനതുമതിത്രയിമ്പമോ!

തരുക്കളെന്തിതു രഹസ്യ ഭാഷണം?
നിറച്ചു നിർവൃതിയനന്തമോദവും
വരുന്നു തെന്നലുമതു ശ്രവിച്ചിടാൻ
മറഞ്ഞു നിന്നതു തുടർന്നു നർത്തനം

അനക്കമേറവെയൊരുക്കിയീണവും
മനസ്സിലേറ്റിയൊരിണക്കുയിൽ തരും
ശ്രുതിക്കു ചേരുവതിനായി മർമ്മരം
പതിച്ചു വശ്യതയൊടിന്ദ്രിയങ്ങളിൽ

സുമങ്ങളാകെയുമുണർന്നുനോക്കവെ
കുമാരിപോലവെ കുണുങ്ങിയാടിയോ!
കുറുമ്പു കാട്ടിടുമിളംദലങ്ങളിൽ
നിറഞ്ഞ മർമ്മരമതൊന്നു കേൾക്കുവാൻ
(വൃത്തം-സുമംഗല)
താളം-തതംത തംതത തതംത തംതതം
*ഖസീദ-കാവ്യം

ഗീതാഞ്ജലി
12-12-2021
*********************************************

No comments:

Post a Comment