വരവേൽപ്പ്
**********************
ഓർമ്മകൾ പെയ്തു നീയെൻ മനസ്സിൻ
താമരപ്പൊയ്കയിൽ വന്നണഞ്ഞു
തളിരിട്ടുനിന്നൊരാ മോഹപുഷ്പങ്ങളെ-
തഴുകിയുണർത്തിയോ തെന്നലായി
തനിയെ തുറന്നൊരു ജാലകവാതിലിൽ
തിങ്കൾക്കലപോലെ നീ തെളിഞ്ഞുനിന്നു
സന്ധ്യാംബരം നീളേ കുങ്കുമവർണ്ണത്താൽ
നിന്നുടെ കവിളിണകൾ തൊട്ടുതലോടി
കാത്തിരിക്കുന്നു വസന്തകാലത്തിൻ
കാഴ്ചകൾ നിന്നുടെ കണ്ണിലൂടെ
കണ്ണിൽ തെളിഞ്ഞൊരാ സ്വപ്നങ്ങൾ
കണ്ണാന്തുമ്പികളായിന്നു പാറിടുന്നു
നീയെന്നിൽ വർഷിച്ച പ്രണയപുഷ്പങ്ങൾ
പ്രാണനിൽ സുഗന്ധം നിറച്ചിടുന്നേരം
നീലനിശീഥിനിയിൽ ചാരത്തിരുന്നു നീ ചൊല്ലിയ രഹസ്യങ്ങളീണങ്ങളായി
കാലത്തുദിച്ചുവരുന്നൊരർക്കനായി
നീയെൻ്റെ ചേതനയിൽ വർണ്ണം വിതറി
നീ പകർന്നൊരാ സുവർണ്ണപുഷ്പങ്ങൾ
ഇന്നെൻ്റെ മാനസവാടിയിൽ നിറഞ്ഞു
നിൻ്റെ വൃന്ദാവനത്തിലെ രാധയായ്
മാറുവാൻ മാനസം കൊതിച്ചിടവെ
വാർമഴവില്ലു കുലച്ചു നീ നില്പൂയെൻ
തോഴനായി ഹൃത്തിൽ ഭേരി മുഴക്കി
മാമയിലായൊരു നർത്തനമാടി ഞാൻ
നീയെൻ്റെ ചാരത്തണഞ്ഞ നേരം
പ്രണയത്തിൻ തംബുരു മീട്ടി ഞാൻ
വരവേൽക്കാനായി നിന്നെയുള്ളിൽ
ഗീതാഞ്ജലി
17-12-2025
******************************************
No comments:
Post a Comment