Wednesday, October 15, 2025

സംഗീതം

 സംഗീതം

**********
സംഗീതമേ നിറയു നീ മമ മാനസത്തിൽ
സന്തോഷമേകുമൊരു സന്തതകൂട്ടുകാരി
താളംനിറച്ചിടുകയെൻ്റെ മനോസദസ്സിൽ
നീരാടു നീ കവനസുന്ദരിയായി നിത്യം

താലോലമാട്ടിയൊരു നിദ്രയെ പുൽകിടാനായ്
നീയേകുവിൻ ശ്രുതിലയം തരളം മനസ്സിൽ
സംഗീതമാധുരി ചൊരിഞ്ഞൊരു പൂങ്കുയിൽപോൽ
തേനൂറുമീപ്രകൃതിതൻ സ്വരതാളമേളം

നൃത്തം തുടർന്നൊരു കുയിൽമൊഴി കേൾക്കെ ഞാനും
വശ്യം മനോഹരമതെന്നിലുണർത്തി മോഹം
ഹൃദ്യം ചൊരിഞ്ഞൊരു സുധാരസമേകുമോ നീ
തുമ്പം വെടിഞ്ഞു മമമാനസവും തളിർപ്പൂ

പൂഞ്ചോല മീട്ടുമനുരാഗതരംഗവും നീ
പൂന്തെന്നലെന്നിലമൃതായി ചൊരിഞ്ഞു നിന്നെ
സംഗീതമേ നുകരുവാൻ തവ മർമ്മരങ്ങൾ
മോഹംതുളുമ്പുമൊരു മാനസവാടിതന്നിൽ

രാഗങ്ങളേതു പൊഴിയും മഴ പെയ്തിടുമ്പോൾ
ശ്രീരാഗമായി നിറയും പല തുള്ളിയായി
സ്നേഹം നിറച്ചിടുക പാരിതിലെങ്ങുമാർദ്രം
സംഗീതമേ തുടരുമൻപെഴുമിന്ദ്രജാലം

ആനന്ദഭൈരവിയിലെന്നുടെ കാവ്യബന്ധം
ചാർത്താനെനിക്കരുളു മോഹനരാഗമാല്യം
സംഗീതമേ തകരുമെന്നുടെ ജീവനും ഹാ!
നീയില്ലയെങ്കിലൊരു മാത്രയുമീ ജഗത്തിൽ

വൃത്തം:വസന്തതിലകം
ലക്ഷണം: ചൊല്ലാം വസന്തതിലകം തഭജം ജഗംഗം
താളം: തംതംത തംതതത തംതത തംതതംതം
ഗീതാഞ്ജലി
20-9-2025
*********************************************

No comments:

Post a Comment