Tuesday, January 27, 2026

മതിലുകൾ

 മതിലുകൾ

*************
മതിലുകൾ ഹരം മർത്ത്യനിന്നിതാ
അലിവശേഷമില്ലില്ല നിശ്ചയം
സഹജഭാവമൊന്നാണതാർത്തിയോ
പണമതൊന്നുമാത്രം വിചാരമോ?

കരുണയില്ലയൽക്കാരനോടിതാ
മധുരവാക്കുകൾ ചൊല്ലുവാൻ മുദാ
മറപണിഞ്ഞിടാനാഗ്രഹം സ്വയം
പണിതതായ കാരാഗ്രഹത്തിലോ

മതിലുകൾക്കകം മിണ്ടുവാനൊരാൾ
വിരളമെന്നതോ നിത്യസങ്കടം
ഇരുകരങ്ങളും ചേർത്തു മിണ്ടുവാൻ
മതിലിനപ്പുറത്തായിയില്ലൊരാൾ

മധുരവും ചവർപ്പും കലർന്നൊരാ
പഴയകാലമേ സ്നേഹമോടെ നീ
വരു പരസ്പരം ചേർത്തുനിർത്തുവാൻ
ഒരുമയോടെ വാഴാൻ മനുഷ്യരായ്

മതിലു കെട്ടുവാനിഷ്ടമറ്റൊരാ
തലമുറയ്ക്കു ജീവിച്ചിടാൻ ജഗം
പകരുവാൻ സഹായം പരസ്പരം
പുലരുവാൻ സമാധാനജീവിതം

തകരുവാൻ മതത്തിന്നതിർത്തികൾ
പകരമെന്നുമേ ചേർത്തുനിർത്തുവോർ
സഹകരിച്ചു ജീവൻ കൊടുത്തതാം
ജനതയല്ലൊ ജീവിച്ചു ശാന്തിയിൽ

കണികപോലുമേ സ്വാർത്ഥചിന്തകൾ
മനമിതിൽ കടക്കാത്ത നന്മയായ്
മനുജജന്മവും മാറുവാനിഹം
മതിലുകൾ തകർക്കൂ മനുഷ്യരേ
വൃത്തം:സമ്മത
താളം:തതത തംതതം/തംതതം തതം
ഗീതാഞ്ജലി
12-12-2025
**********************************************

No comments:

Post a Comment