Monday, December 4, 2017

സർഗ്ഗസൂര്യൻ

സർഗ്ഗസൂര്യൻ
"" "" "" "" "" "" "" "
വസുധയെ മൂർദ്ധാവിൽ ചുംബിച്ചുണർത്തുവാൻ വരികയായാദിത്യനിന്നിതാ പുലരിയിൽ വിരുന്നുവന്നീടുമെന്നക്ഷരത്തുമ്പികൾ
വിരുതിലൊരുക്കിയൊരു ചെറുകാവ്യം!
അനർഗ്ഗളമൊഴുകുന്ന ജീവിതസാഗരം
അനല്പശങ്കകളേതും നിനയ്ക്കാതെ
അവിരാമം യാനംചെയ്തീടുന്നു ഞാനിതാ
അരുമയായൊരു സ്നേഹഗീതവും മൂളി!
അരുണകിരണങ്ങൾ പൊൻപ്രഭ തൂവുമ്പോൾ
അരുണിമ നിറച്ചീടൂ സോദരരേ ഹൃത്തിലും അനവദ്യസുന്ദരകാവ്യമായിത്തീർന്നീടൂ
അനർത്ഥച്ചുഴികളിൽ മുങ്ങിയ സോദരരിൽ!
അനർഗ്ഗളമൊഴുകുന്നൊരഴലിൻറെ പേമാരി
അനുപമലാവണ്യം നിറയുന്ന കാവ്യമായ് അണിയിച്ചൊരുക്കീടാനാശയും പേറി ഞാൻ
അലകൾ ഞൊറിയട്ടെ ഭാവനത്തിരകളിൻ!
കണ്ണീരിന്നുപ്പലിഞ്ഞുവീണിന്നിതാ
കാവ്യത്തിരകളനുസ്യൂതം പുൽകിയെൻ കൺകളിലാനന്ദബാഷ്പമായൊഴുകീടാൻ
കാരുണ്യം വർഷിക്കാൻ തേങ്ങുന്നോരാത്മാവിൽ! '
''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി 10-10-2017

എന്റെ വേദനകൾ...

എന്റെ വേദനകൾ നിങ്ങൾക്കു കഥാബീജങ്ങൾ മുളപ്പിക്കാനുള്ള മണ്ണുമാത്രം.
എൻറെ കണ്ണുനീർ നിങ്ങൾക്കാറാടുവാൻ ഒരുസരണിമാത്രം.

എൻറെ രോദനങ്ങൾ നിങ്ങളാസ്വദിക്കുന്നു സംഗീതക്കച്ചേരിയായി!
എൻറെ മൃതദേഹം നിങ്ങളുടെ സ്വപ്നങ്ങളുടെ കവാടത്തിൽ മുട്ടിവിളിക്കുന്നു!
ഗദ്ഗദത്താൽ മുറിഞ്ഞ എൻറെ വാക്കുകൾ ചിതറിവീണ താഴ്വാരത്തിൽ നിങ്ങൾ ആനന്ദനൃത്തം ചവിട്ടുന്നു!


എൻറെ ദു:ഖത്തിന്നാഴിയിലുയരുന്ന തിരകളെ നിങ്ങൾ എണ്ണിരസിക്കുന്നു!


എൻറെ വിഹ്വലതകളുടെ കനൽ നിങ്ങൾ ഊതിയൂതി ജ്വലിപ്പിക്കുന്നു!


എൻറെ കദനത്തിൻ കയങ്ങളിൽ നിങ്ങൾ മുത്തുച്ചിപ്പികളെ തേടുന്നു! 


എൻറെ ഹൃദയരക്തത്തിൽ മുക്കിയെ


എങ്കിലുമടക്കമാവാതെ നിങ്ങൾ രാത്രിയുടെ യാമങ്ങളിലൂടെ സഞ്ചരിക്കുന്നു,എൻറെ കുടൽമാല ഹാരമായണിയുവാൻ തക്കം പാർത്ത്!

നഷ്ടപ്രണയം

എല്ലാ സുഹൃത്തുക്കൾക്കും എൻറെ ദീപാവലി ആശംസകൾ!എൻറെയൊരു fb friend ൻറെ നോവൽ(ആത്മകഥയെന്നും പറയാം) വായിച്ചുകൊണ്ടിരിക്കുന്നതിൻറെ പ്രചോദനത്തിൽ നിനെഴുതിയ ഒരുകവിത അദ്ദേഹത്തിൻറെ നഷ്ടപ്രണയത്തിൻറെ ജന്മനാളായ ഇന്നു പോസ്റ്റുചെയ്യുന്നു!
""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
നഷ്ടപ്രണയം
'''''''''''''''''''''''''''''''''''''''''''''''''''''''''''
'നഷ്ട'മെന്നൊരുവാക്കിന്നർത്ഥം ഞാനറിവൂ 
നഷ്ടപ്രണയമേ നിന്നിലൂടെ !
നഷ്ടമായിന്നെൻറെ ആത്മാവിൻ ജീവനും
നഷ്ടമായെൻ വഴിത്താരയതും!
വാരിയെറിഞ്ഞൊരെൻ ബാല്യകൗമാരങ്ങൾ
വർണ്ണങ്ങളായിരം നിന്നിലൂടെ!
വാർമഴവില്ലിൻറെയഴകുമായെൻ ചാരെ
വന്നണഞ്ഞെൻകുടക്കീഴിലോ നീ?
കനകപ്രഭയാർന്നെന്നാത്മാവിലെന്നെന്നും
കതിർചൂടിനിന്നു നീ മത്സഖിയായ്!
കരളിലെ മാന്തോപ്പിൽ വാസന്തമായി നീ
കുയിലിൻറെ കൂജനനാദമായി!
തൊടിയിലെ കിണർപോലെ വറ്റിയൊരെൻ
തനുവും മനവും വിണ്ടുപോയിന്നിതാ
തെളിനീരുറവയായി വന്നീടുമോ നീയെൻ
തരിശായ ചിത്തത്തിൽ കുളിരേകുവാൻ?
തന്തിതകർന്നൊരു വീണതൻ മൗനമായി
താമരപ്പൂവിൽനിന്നടർന്ന നിറമായ്
തീരമൊഴിഞ്ഞൊരു തിരയുടെ തേങ്ങലായ്
തീരാത്ത നഷ്ടത്തിൻ നോവായി നീ!
പിണങ്ങിപ്പിരിയുവാനിണങ്ങിയോ നാമന്നു
പിടിവിട്ടകന്നൊരു കുടക്കീഴിൽനിന്നും?
പിരിയുവാൻ വിധിയതാമെങ്കിലുമിന്നു നിൻ
പിറന്നാളിൽ നേരുന്നെന്നാശംസകൾ!
മഞ്ചാടിക്കുരുക്കളായിച്ചിതറിയവാക്കുകൾ
മാനസച്ചെപ്പിൽ ഞാൻ ചേർത്തുവച്ചു
മൗനംഭജിച്ചിന്നൊരുക്കുന്നൊരു കാവ്യം
മായാത്ത പ്രേമനൈവേദ്യമായി!
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
18-10-2017

ആഴക്കടൽ തേടി

ആഴക്കടൽ തേടി
"" "" "" "" "" "" "" "" "" "
സ്നേഹം കിനിയുന്നൊരാഴക്കടൽ തേടി
സ്വാർത്ഥതയാൽകത്തും ഉലകം ത്യജിച്ചു ഞാൻ
സാരമായുടഞ്ഞൊരാ കിനാവിൻ കുംഭത്തിൽ
സ്വച്ഛമായൊഴുകുവാൻ നേരിൻറെ മാർഗ്ഗത്തിൽ
കാരുണ്യമറ്റൊരാ ജീവിതതീരത്തിൽ
കഴുകന്മാർ റാകിപ്പറക്കുന്നു ചുറ്റിലും
കൂർത്തനഖങ്ങളാൽ പിന്നെയും പിന്നെയും
കീറിമുറിക്കുവാൻ ഹൃത്തടമാഴത്തിൽ!
അലിവിൻകരങ്ങളെന്നോതിയെൻ ചാരത്തായ്
അണഞ്ഞൊരാ തിരകളുമെന്നെവിട്ടകന്നുപോയ്
അവിശ്വാസത്തിൻ കരാളഹസ്തങ്ങളാൽ
ആഴിയിന്നാഴത്തിൽ തള്ളിയിട്ടിന്നിതാ!
ആഴക്കടലിന്നാഴത്തിൽ മുങ്ങീടുവാൻ
ആശിച്ചെന്നാത്മാവൊരു ശംഖിലൊളിക്കുവാൻ
ആശ്വാസഗീതമായി, വ്രണിതമാം ഹൃത്തിലെ
ആഴമളക്കാത്ത സ്നേഹത്തിൻനാദംപോൽ!
"""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
ഗീതാഞ്ജലി
25-10-2017

കേരളപ്പിറവി

കേരളപ്പിറവി
"" "" "" "" “"" "" ""
മലയാളനാടിൻറെനൽപ്പിറന്നാൾദിനത്തിലെൻ
മുല്ലപ്പൂമാലയായൊന്നൊരുക്കുന്നൊരുകാവ്യം
തിരുമുൽക്കാഴ്ച്ചഞാനും നേരുവാനീദിനത്തിൽ
തിരുവോണംപോലിന്നാഘോഷിച്ചീടുവാനായ്
കൃശഗാത്രയായെൻ കേരളമൊരുങ്ങുന്നു
കൃതിയായിന്നുവന്നു കൃതശോഭയുംതൂകി!
തൂലികത്തുമ്പിൽത്തുളുമ്പുവാനെൻ ചേതനയും
തുള്ളുന്നീ നല്ലനാളിൽ നൈവേദ്യമായർപ്പിക്കാൻ
തുഞ്ചൻറെ കിളിപ്പാട്ടും കുഞ്ചൻറെ തുള്ളലുമായ്
തുന്നുന്നൂ നിൻമേന്മകൾ മലയാളമേ കേൾക്ക
മാതൃഭാഷയുംചൊല്ലിപ്പഠിച്ചീടുമോ നിങ്ങൾ
മനം നിറഞ്ഞു കാവ്യം രചിക്കൂ പൈതങ്ങളേ!
മനംമയക്കുന്നൊരാ പ്രകൃതിവൈവിദ്ധ്യത്തെ
മറക്കാതിരിക്കുക ചൂഷണം ചെയ്തീടാതെ
പച്ചവിരിച്ചനെല്ലിൻപാടങ്ങളുണരട്ടെ
പൊന്നിൻകതിർക്കുലകൾ നർത്തനമാടീടട്ടെ
തെച്ചിയും ചെമ്പനീരും തുമ്പയും കായാമ്പൂവും
തോഴരായിന്നുചേലിൽ തെന്നലിലാടീടുമ്പോൾ
മാവേലിനാടിനെ നാം പുനർജ്ജീവിപ്പിച്ചീടാൻ
മാമകസോദരരേ ഒന്നിച്ചൊന്നണിചേരൂ!
മനോഹരാംഗിയാമീ കേരളപ്പൂങ്കാവനേ
മന്ദമായ് വീശീടട്ടേ സ്നേഹത്തിൻ സുഗന്ധവും
അന്യഭാഷകളെയും സൗഹൃദത്തോടെ കാണാം
അമൃതായ്ക്കരുതീടാം ലോകവും കുടുംബമായ്!
"""""""""""""""""""""""""""""""""""""""""""""""""""""""""""""""""
ഗീതാഞ്ജലി
1-11-2017

മനുഷ്യരും മതങ്ങളും ദൈവങ്ങളും!..

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ഭൂവിൽ
മണ്ണു പങ്കുവച്ചൂ, മനസ്സു പങ്കുവച്ചൂ!
ഇന്നും വളരെ പ്രസക്തമായ വരികൾ!
ക്രിസ്തുവിനും ബുദ്ധനും മുഹമ്മദിനും ദൈവികപരിവേഷം ചാർത്തുകയും അതേസമയം സ്വന്തം വിശ്വാസങ്ങൾക്കെതിരായി സംസാരിക്കുന്നവരോട് വെറുപ്പിൻറെ ഭാഷയിൽ സംസാരിക്കുകയും സ്വന്തം ജീവിതത്തിൽ കോപവും അക്ഷമയും കൈമുതലാക്കിയവരും എൻറെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാതിരിക്കുക!
ഈ സ്നേഹപ്രവാചകന്മാർക്ക് മനുഷ്യരായ കൊട്ടേഷൻസംഘങ്ങളുടെയൊന്നും ആവശ്യമുണ്ടെന്നെനിക്കു തോന്നുന്നില്ല!ഇവർക്കു ദൈവികപരിവേഷസംരക്ഷകരുടെയും ആവശ്യമില്ല!എന്നോടു വിയോജിക്കുന്നവർക്കു എന്നെ സൗഹൃദപ്പട്ടികയിൽനിന്നു മാറ്റാൻ എല്ലാ അവകാശവുമുണ്ട്!പക്ഷേ എന്നെ ആക്രമിക്കുവാൻ തുനിയാതിരിക്കുക!മനുഷ്യനെ ക്രിസ്തുവും ഹിന്ദുവും മുസ്ലീമുമായി കാണാതെ മനുഷ്യനായി കാണുന്നവർമാത്രം എൻറെ സുഹൃത്തുക്കളായി തുടരുക!സ്നേഹമെന്ന മതത്തിൽ വിശ്വസിച്ചുകൊണ്ട് ഞാനും എൻറെ യാത്ര തുടരട്ടെ!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
8-11-17

വാടാമലരുകൾ

വാടാമലരുകൾ
"" "" "" "" "" "" "" "" "
വിടർന്നുവരുന്നൊരു ചെമ്പനീർദളങ്ങൾപോൽ
വിഭാതകാലത്തിലൊന്നെൻ മനോമുകുരവും
വിഷാദഗാനം മൂളിയലയുമളിയെപ്പോൽ
വിദൂരദിക്കിൽനിന്നുമണഞ്ഞൂ മന്ദാനിലൻ
കണ്ണിൻപീലികളാലെയുഴിയും കണ്ണീർപ്പൂക്കൾ
കാറ്റിൻകൈകളാലെയാശ്ലേഷിതരാവാനായ്
കദനങ്ങളിൻനോവും പേറിയെത്തീടുന്നെൻറെ
കഥകൾ കുഴിച്ചിട്ട ഹൃദയപേടകം തേടി
ഒഴുകീടുന്നു മന്ദമൊരുസരണിപോലെ
ഓളങ്ങൾ തുള്ളുന്നതാം നയനദ്വയം ചേലിൽ!
ഓർമ്മകൾതൻകയത്തിൽ കുണുങ്ങിയിറങ്ങുന്നു
ഓടിമറഞ്ഞ നല്ലകാലത്തിൻ ശേഷിപ്പുകൾ!
ഓമനമുത്തം ചാർത്താനൊരുങ്ങും കിടാവെപ്പോൽ
ഓടിയണഞ്ഞെൻ കണ്ണീരധരം പുണരാനായ്
വറ്റിവരണ്ട ചുണ്ടിലുണർന്നൂയീണത്തോടെ
വറ്റാത്തകാവ്യങ്ങൾതൻ വാടാമലരുകളും!
നിശ്ചേതനമായ മാനസപ്പൂങ്കാവനം
നിറഞ്ഞൂ സുഗന്ധത്താൽ കാവ്യകുസുമങ്ങളിൻ!
കണ്ണീരിന്നുൾപ്പുളകം നേർന്നൊരീ ലോകത്തിനായ്
കാവ്യമാം നറുമലരേകട്ടെ നൈവേദ്യമായ്!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
9-11-17

നാടകാന്തം കരച്ചിൽ

നാടകാന്തം കരച്ചിൽ
'''’''''''''''''’''''''''''''''’''’'''''''''''''''''''''''''''''''''''''''''''
ഓർമ്മകൾ ചിതലരിക്കാൻ തുടങ്ങിയ സ്കൂൾജീവിതത്തിൻറെ മറക്കാനാവാതെ അവശേഷിക്കുന്ന ചുരുക്കം ചില ഏടുകളിലൂടെ തിടുക്കത്തിലൊന്നു കണ്ണോടിച്ചപ്പോളോർമ്മവന്ന ഒരു സംഭവമാണ് ഞാനിവിടെയവതരിപ്പിക്കുന്നതെന്ന് ആമുഖമായി പറഞ്ഞുകൊള്ളട്ടേ!

ഞാൻ സ്കൂളിൽപഠിച്ചിരുന്ന കാലത്ത് എല്ലാവർഷവും ഒന്നാംറാങ്കുവാങ്ങി ഒരു പഠിപ്പിസ്റ്റായി അറിയപ്പെട്ടിരുന്നെങ്കിലും അതിൽക്കൂടുതൽ അറിയപ്പെട്ടിരുന്നത് എല്ലാ കലാമത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കുന്ന വിദ്യാർത്ഥിനിയായിട്ടായിരുന്നു!(റാങ്കു വാങ്ങുന്നതിൻറെ പിന്നിലും വാർഷികത്തിനു കിട്ടുന്ന സർട്ടിഫിക്കറ്റിനേക്കാൾ അതിൻറെകൂടെ കിട്ടുന്ന പുസ്തകമായിരുന്നു പ്രധാന ആകർഷണം!) പക്ഷേ പഠനത്തിലുള്ളതിലും ആവേശമായിരുന്നു കലാപരിപാടികളിൽ പങ്കെടുക്കാൻ!അങ്ങനെ പ്രസംഗം,പദ്യപാരായണം,ഡാൻസ്,മോണോആക്ട്,സമൂഹഗാനം,ഒപ്പന,വര എന്നിങ്ങനെ സ്കൂളിൽവച്ചുനടത്തുന്ന എല്ലാത്തരം മത്സരങ്ങൾക്കും പരിപാടികൾക്കും ചേരുമായിരുന്നു!കൂടാതെ സൺഡേസ്കൂളിലെ പരിപാടികൾക്കും ടീച്ചർമാർ എന്നെ ചേർക്കുമായിരുന്നു!എൻറെ പിതാമഹൻതന്നെ സ്ഥാപിച്ച നാട്ടിലെ വായനശാലയിലും ഓണപ്പരിപാടികളിലും സജീവമായിരുന്നു!അങ്ങനെ ടീച്ചർമാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി വിരാജിച്ചിരുന്ന ഒരു പാവമായിരുന്നു ഞാൻ!(പാവമാണെന്നു പറയാൻ കാര്യം അന്നു ഞാനിത്ര ഭയങ്കരിയല്ലായിരുന്നതുകൊണ്ടാണ്!ഹഹഹ)

എല്ലാവർഷവും സ്കൂളിലെ വാർഷികാഘോഷങ്ങൾക്ക് ഏതെങ്കിലും നാടകട്രൂപ്പുകാരുടെ നാടകമവതരിപ്പിക്കുമായിരുന്നു!പക്ഷേ ഒരുവർഷം സ്കൂളിലെ കുട്ടികളുടെതന്നെ നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു!അതിൽ പ്രധാനകഥാപാത്രമായി 'പാവം' എന്നെയാണ് തിരഞ്ഞെടുത്തത്!അതിൻറെ സംഘാടകയായിരുന്ന ഏലിയാമ്മടീച്ചർ കുട്ടികൾക്കൊക്കെ പേടിസ്വപ്നമായിരുന്നെങ്കിലും ടീച്ചർക്ക് എന്നോടു പ്രത്യേകവാത്സല്യമായിരുന്നു!വാത്സല്യക്കൂടുതൽ കാരണം നിസ്സാരതെറ്റുകൾക്കുപോലും എന്നെ വഴക്കുപറയുന്ന ഒരു 'ദുശ്ശീലം' ടീച്ചർക്കുണ്ടായിരുന്നു!എങ്കിലും ടീച്ചർക്ക് വിദ്യാർത്ഥികളോടുള്ള സ്നേഹവും ആത്മാർത്ഥതയും മനസ്സിലാക്കാനുള്ള 'വിശാലഹൃദയം' എനിക്കുമാത്രം കരഗതമായിരുന്നതുകൊണ്ടു ടീച്ചറുടെ വഴക്കുകളൊക്കെ എന്നോടുള്ള വാത്സല്യത്തിൻറെ ബഹിർസ്ഫുരണങ്ങളായേ ഞാൻ കണ്ടിരുന്നുള്ളൂ!അങ്ങനെ എന്നോടുള്ള സ്നേഹക്കൂടുതൽകാരണം ചിലപ്പോൾ ടീച്ചർക്കു മണ്ടത്തരങ്ങളും പറ്റാറുണ്ടായിരുന്നു!അങ്ങനെപറ്റിയ ഒരു മണ്ടത്തരമാണ് എന്നെ നാടകത്തിലെ പ്രധാനകഥാപാത്രമായി അവതരിപ്പിക്കാനുള്ള ടീച്ചറുടെ തീരുമാനം!!(ഏഴിലോ എട്ടിലോ ആയിരുന്നു ഞാനന്നു പഠിച്ചിരുന്നെന്നാണോർമ്മ!)

അങ്ങനെ നാടകവും കഥാപാത്രങ്ങളെയുമെല്ലാം തെരഞ്ഞെടുത്തതിനുശേഷം റിഹേഴ്സലാരംഭിച്ചു!എൻറെ കഥാപാത്രം ആദ്യത്തെ രംഗംമുതൽ അവസാനരംഗംവരെ നിറഞ്ഞുനിന്നതുകൊണ്ട് മിക്കവാറും എല്ലാ ദിവസവും കൃത്യമായി അത്യുത്സാഹത്തോടെ റിഹേഴ്സലിനു പോയിരുന്നു!ഏലിയാമ്മടീച്ചറാകട്ടെ വിദ്യാർത്ഥികൾക്കു നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് ദിവസവും തൻറെ സാന്നിദ്ധ്യമറിയിച്ചു!ഞങ്ങളുടെ 'മാസ്കരിക' പ്രകടനത്തിൽ തൃപ്തയാകാതെ ടീച്ചറുടെ വഴക്കുകളും അകമ്പടിയായി തുടർന്നുകൊണ്ടിരുന്നു!അങ്ങനെ അവസാനരംഗം വരവായി!അവസാനരംഗത്തിൽ പ്രധാനകഥാപാത്രമായ എൻറെ അപ്പൻ മരിച്ചുപോകുന്നതറിഞ്ഞു ഞാൻ പൊട്ടിക്കരയുന്ന രംഗമായിരുന്നു അഭിനയിക്കേണ്ടത്!വേറൊരു രംഗത്തും കരച്ചിലഭിനയിക്കേണ്ടായിരുന്നു!പക്ഷേ അന്നൊക്കെ പൊതുവേയൊരു ചിരിക്കുടുക്കയായിരുന്ന എനിക്കീ കരച്ചിൽമാത്രം വരുന്നില്ല!ടീച്ചർ എന്നെ കണ്ണുരുട്ടിനോക്കി!രക്ഷയില്ല,ഞാൻ ടീച്ചറിനെ കണ്ണുമിഴിച്ചുനോക്കിനിന്നതല്ലാതെ!ടീച്ചർ കണക്കിനു ശകാരിച്ചുനോക്കി!ഞാനുണ്ടോ കരയുന്നു!കരഞ്ഞില്ലെന്നു മാത്രമല്ല, വാത്സല്യനിധിയായിരുന്ന ടീച്ചറുടെ സ്നേഹത്തിൽപൊതിഞ്ഞ ശകാരംകേട്ടു പുഞ്ചിരിയായിരുന്നു എൻറെ ചുണ്ടിൽ വിരിഞ്ഞത്!അതുകണ്ടിട്ടു ടീച്ചർക്കു കൂടുതൽ കലിയിളകി.മറ്റുകുട്ടികളൊക്കെ ടീച്ചറെ കാണുമ്പോളേ വിറയ്ക്കുമായിരുന്ന സ്ഥാനത്താണിതെന്നോർക്കണം!എന്നെവഴക്കുപറയുന്നതുകേട്ടു മറ്റുകുട്ടികളൊക്കെ സ്തംഭിച്ചുനിന്നെന്നുവേണം കരുതാൻ!വീട്ടിൽപോയി കരയാൻ പഠിച്ചിട്ടുവരാൻ ഉത്തരവിട്ടുകൊണ്ടു ടീച്ചർ കലിതുള്ളി തിരിച്ചുപോയി!
പിറ്റേദിവസം വീണ്ടും എന്നെ കരയിക്കാൻ ടീച്ചർ പഠിച്ചപണി പതിനെട്ടുംനോക്കി.ഫലം തഥൈവ!ഇനിയിപ്പോൾ എനിക്കുപകരം വേറൊരാളെയെടുത്തു ആദ്യംമുതൽ പഠിപ്പിക്കാനുള്ള നേരവുമില്ല!വാർഷികം അടുത്തെത്തിയിരുന്നു.എന്താ ചെയ്യുക!ടീച്ചർതലപുകഞ്ഞാലോചിച്ചതിനുശേഷം "അപ്പൻ മരിച്ച വാർത്തയറിഞ്ഞിട്ടു നിനക്കു യാതൊരു ഭാവഭേദവുമില്ലാത്തതുകൊണ്ടു വാർത്തയറിയിച്ചയുടൻ കർട്ടനിടാൻ പറഞ്ഞേക്കാം"എന്നു നിരാശയോടെ പ്രഖ്യാപിച്ചു!പ്രിയപ്പെട്ട ടീച്ചറെ നിരാശപ്പെടുത്തേണ്ടിവന്നതിൽ എനിക്കുമപ്പോൾ ഇത്തിരി ദു:ഖം തോന്നിയെന്നുള്ള ദു:ഖസത്യം അറിയിക്കട്ടെ!

അങ്ങനെ വാർഷികദിനം വന്നെത്തി.ഇത്രയും ദിവസത്തെ റിഹേഴ്സലിൻറെയും അദ്ധ്വാനത്തിൻറെയും ഫലമറിയുന്ന ദിവസം!മുഖ്യാതിഥികളുടെ പ്രസംഗങ്ങൾക്കുശേഷം ഞങ്ങൾ കാത്തിരുന്ന അനർഘനിമിഷം വന്നണഞ്ഞു!അനൗൺസ്മെൻറിനുശേഷം നാടകമാരംഭിച്ചു!ഞാനുൾപ്പെടെ ഒന്നാം രംഗത്തു വരേണ്ടവർ നേരത്തേതന്നെ വേദിയിൽ ഹാജരായിരുന്നു!നാടകം സുഗമമായി മുന്നോട്ടു പോയി!കാണികൾ ശ്വാസമടക്കിപ്പിടിച്ചിരുന്നു നാടകമാസ്വദിക്കുന്നുണ്ടായിരുന്നു!

അവസാനരംഗത്ത് എൻറെ അപ്പൻറെ മരണവാർത്തയറിയിച്ചയുടനെ ടീച്ചറുടെ നിർദ്ദേശപ്രകാരം തിരശ്ശീല താഴ്ത്താൻ നിയോഗിക്കപ്പെട്ടയാൾ റെഡിയായി നിന്നപ്പോളാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടു വേദിയിൽനിന്നു വലിയൊരു പൊട്ടിക്കരച്ചിൽകേട്ടത്!ശരിക്കും മരണവീട്ടിൽനിന്നുയരുന്ന കരച്ചിൽ! അപ്പൻറെ മരണത്തിൽ ഹൃദയംനുറുങ്ങിയ മകളുടെ ദു:ഖം അണപൊട്ടിയൊഴുകുകയായിരുന്നത്രേ!

അങ്ങനെ ഞാൻ കരഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ തിരശ്ശീല പതുക്കെ താഴ്ത്തിക്കൊണ്ട് നാടകം നാടകീയമായിത്തന്നെ കാണികളുടെ കാതടപ്പിക്കുന്ന കൈയടികളോടെ വിജയകരമായി പര്യവസാനിച്ചുവെന്നുവേണം കരുതാൻ!അല്ലെങ്കിൽ നാടകംകഴിഞ്ഞയുടനെ ഏലിയാമ്മടീച്ചർ മുഖത്തൊരു മന്ദാരമലർവാടിയുമായിവന്നു എന്നെ ആശ്ലേഷിക്കില്ലായിരുന്നല്ലോ!!!! 

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' 
ഗീതാഞ്ജലി 
21-11-17

വിദ്യാഭ്യാസക്കച്ചവടം

വിദ്യാഭ്യാസക്കച്ചവടം ചെയ്യുന്നോരു കൂട്ടരിപ്പോൾ
വിലക്കുന്നു പെറ്റീഷനും കോടതികളിൽ
ലക്ഷങ്ങളും കോടികളും മറിയുന്ന വൈദ്യശാസ്ത്ര-
രംഗത്തിതാ നാടകങ്ങളരങ്ങേറുന്നു
കോളേജുകൾ കെട്ടിപ്പൊക്കാനൗത്സുക്യമോടെത്തീടുന്നു
പഞ്ചരത്ന അബ്കാരിക്കാർ,സ്വർണ്ണക്കടക്കാർ
മത്സരിച്ചങ്ങോടിയെത്തി പണച്ചാക്കു കൈയിലുള്ളോർ
സ്വദേശത്തും വിദേശത്തും പണംകുമിഞ്ഞോർ!
ഇവരുടെ കശാപ്പിൻറെ ശാലകളിൽ കിളുർത്തീടും
ഡോക്ടർമാരോ ചോദിക്കുന്ന ഫീസതുകേട്ടാൽ
ഉടനടി ഫ്യൂസുപോകും പിന്നെ ഫീസു കൊടുക്കേണ്ട
തിരിച്ചുപോയീടാമൊരു ശവമഞ്ചത്തിൽ!
മറ്റുചിലരയ്യോ കഷ്ടം,ഐയ്യേയസ്സിൻ കോച്ചിഗ് ക്ലാസ്സിൽ
കോപ്പിയടി നടത്തുവാനല്ലോ തന്ത്രങ്ങൾ
ചൊല്ലിക്കൊടുത്തീടുന്നിപ്പോൾ അക്കരകടത്തീടുവാൻ
കാശെറിഞ്ഞു മീൻപിടിക്കും 'മാന്യ'ന്മാർക്കായി
ഇമ്മട്ടിലോടീടുന്നല്ലോ വിദ്യാഭ്യാസക്കച്ചവടം
കാശില്ലെങ്കിലിതിനൊന്നും തുനിഞ്ഞീടല്ലേ!
അദ്ധ്യാപകരൊത്തുചേർന്നു ചോദ്യപ്പേപ്പർ ചോർത്തീടുമ്പോൾ
വിദ്യാർത്ഥികൾക്കെന്നും പരമാനന്ദമല്ലോ
ചോർത്തലിൻറെ കഥകളോ സ്കൂൾതലത്തിൽ തുടങ്ങുന്നു
ചോദ്യംചെയ്യുന്നോരെ ശിക്ഷിച്ചീടുന്നീക്കൂട്ടർ!
മൂല്യബോധമശേഷവുമില്ലാത്തോരു തലമുറ
വാർത്തെടുക്കപ്പെടുന്നതാം വിദ്യാലയത്തിൽ
'എന്നെ നന്നാക്കീടുവാനായ് ശ്രമിച്ചീടിലതു വ്യർത്ഥം'
എന്നുചൊല്ലി ഭീഷണികൾ മുഴക്കീടുന്നു
ഒന്നുശിക്ഷിച്ചാലോ ടീച്ചർ കൊലക്കുറ്റം ചെയ്തപോലെ
ആക്രമിക്കപ്പെട്ടീടുന്നു നിയമംകാട്ടി
അദ്ധ്യാപകജോലിക്കായി കാശങ്ങോട്ടു വാങ്ങീടുന്ന
സ്കൂളിൽ ജോലിചെയ്തീടുന്ന നിസ്സഹായരോ
ഒന്നും കണ്ടും കേട്ടുമില്ലയെന്നുനടിച്ചീടുന്നല്ലോ
നിസ്സംഗരായ് ജോലിഭാരം തലയിലേറ്റി
പരീക്ഷകൾ മാറ്റിവയ്ക്കാൻ നിഷ്കളങ്കബാലകരെ
കൊന്നീടുവാൻ മടിക്കാത്ത കൗമാരക്കാരും
ജ്ഞാനംതെല്ലുമില്ലാതയ്യോ അബദ്ധങ്ങൾ ചൊല്ലീടുന്ന
'പണ്ഡിതശ്രേഷ്ഠ'രായീടുമദ്ധ്യാപകരും
ചേർന്നുപൊടിപൊടിക്കുമ്പോൾ വിദ്യാഭ്യാസം കൊഴുക്കുന്നു
വിദ്യാദേവതയുമോടും ജീവൽഭയത്താൽ!
(വൃത്തം- നതോന്നത-വഞ്ചിപ്പാട്ട്)
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''’
ഗീതാഞ്ജലി
12-11-2017

Sunday, November 19, 2017

കളഞ്ഞുപോയ ശൈശവം

പിഞ്ചിളം കുഞ്ഞിൻറെ പുഞ്ചിരിയായിതാ
പുലർകാലമണഞ്ഞെൻറെ ചുണ്ടിൽ പകരുവാൻ
കുഞ്ഞിളംതെന്നലും കുണുങ്ങിവന്നീടുന്നു
കൊഞ്ചലുമായിതാ പഞ്ചവർണ്ണക്കിളി!
ക്രൂരമാം ലോകത്തിൻ വാഗ്ശരങ്ങളാലേ
കരളിനെ കീറിമുറിച്ചീടുമ്പോളെല്ലാം
കാപട്യമേശാത്തൊരുകുഞ്ഞിൻ മൊഴിപ്പൂക്കൾ
കാതര്യമകറ്റുന്നെന്നായുസ്സിൻ മരുഭൂവിൽ!
നിന്നിൽനിന്നുണരുന്ന നന്മതൻ മുകുരങ്ങൾ
നീണ്ടൊരു പന്ഥാവിലെങ്ങുകൊഴിഞ്ഞുപോയി?
നേരിൻറ നൊമ്പരപ്പാതയിൽ പൂക്കുന്ന
നൈർമ്മല്യമോലുമാ തുമ്പപ്പൂക്കളേതും
കണ്ടിട്ടും കാണാതെ പോകുവാനാരാനും
കർണ്ണത്തിലോതിയോ ഓമനക്കുഞ്ഞേ നിൻ?
മഞ്ചാടിക്കുരുക്കളാൽ വർണ്ണാഭമായൊരാ
മാകന്ദവാടിയിൽ മാമ്പൂക്കൾ കൊഴിയുംപോൽ
നിന്നിലെ ശൈശവമെന്നുകളഞ്ഞുപോയ്?
നിഷ്കളങ്കതതൻ മാധുര്യമെങ്ങുപോയ്?
തേടിയിറങ്ങുക നന്മതൻ മുത്തുകൾ
താവകഹൃത്തിന്നറയിലൊളിപ്പിക്കാൻ!
സ്നേഹംവറ്റാത്തൊരു ദീപത്തിൻപ്രഭപോലെ
സുസ്മേരംവിടരട്ടെ നിൻചുണ്ടിലെന്നാളും!
"""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
ഗീതാഞ്ജലി
14-11-2017
ശിശുദിനാശംസകൾ!

Saturday, October 7, 2017

ഗൃഹാതുരതയുടെ വേലിയേറ്റങ്ങൾ

ആദ്യമേതന്നെ പറയട്ടെ, അധികമെഴുതി ആരെയും ബോറടിപ്പിക്കരുതെന്നു ആഗ്രഹമുള്ളതുകൊണ്ട് വളരെച്ചുരുക്കിയാണ് ഈ ഓർമ്മക്കുറിപ്പെഴുതിയത്.എന്നിട്ടും ആർക്കെങ്കിലും ഇതുവായിച്ചു ബോറടിച്ചതായി തോന്നുകയാണെങ്കിൽ നിരുപാധികം ഞാൻ  ഖേദംപ്രകടിപ്പിക്കുന്നതല്ല. പകരംഇതുമുഴുവൻ വായിക്കുന്നവർക്കു ഗ്രൂപ്പിൻറെ അഡ്മിൻ പ്രഖ്യാപിച്ചേക്കാനിടയുള്ള ക്ഷമാശീലത്തിനുള്ള അവാർഡ് കരഗതമാവാൻ  ആശംസകൾ നേർന്നുകൊള്ളുന്നു!ഹ...ഹ...
''''''''''''''''''''''''''''''''''''''''''''''''''
എൻറെ ശൈശവനാളുകളിൽ എൻറെ പിതാവ് ജോലിചെയ്തിരുന്നത് നാഗ്പൂരായിരുന്നു.ഒരുവർഷം അവിടെ നേഴ്സറിയിൽ പഠിച്ചിരുന്നത് ഇപ്പോളും ഓർമ്മകളുടെ മൂടൽമഞ്ഞിലെവിടെയോ മുങ്ങിക്കിടക്കുന്നു.എങ്കിലും പിന്നെ ഞാൻ വളർന്നതും പഠിച്ചതുമെല്ലാം നാട്ടിൽത്തന്നെയായിരുന്നു.

കുറച്ചുവർഷങ്ങൾക്കുശേഷം ഡാഡിക്കു ചെന്നൈയിൽ ട്രാൻസ്ഫർ കിട്ടിയപ്പോൾ ഏപ്രിൽ,മേയ് മാസങ്ങളിൽ ചെന്നൈയിലേയ്ക്ക് വരുമായിരുന്നു,അവധിക്കാലം ചെലവിടാൻ.അന്നൊന്നും അറിഞ്ഞിരുന്നില്ല,പില്ക്കാലത്ത് ജീവിതം ചെന്നൈയിലേയ്ക്ക് സ്ഥിരമായി പറിച്ചുനടപ്പെടുമെന്ന്!എൻറെ സഹോദരനു ബി.ടെകിനു MITയിൽ പ്രവേശനം കിട്ടിയതായിരുന്നു അതിനു വഴിത്തിരിവായത്.പുറകേ എനിക്കും ഇവിടെ ബി.എഡിനു അഡ്മിഷൻ കിട്ടി. ഒരുവർഷം കോളേജുഹോസ്റ്റലിൽ താമസിച്ചപ്പോഴാണ് ആദ്യമായി ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങിയത്.അത് ഇംഗ്ലീഷിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടായിരുന്നില്ല,മറിച്ച്, തമിഴിൽ വല്ല അബദ്ധങ്ങളും മൊഴിഞ്ഞാൽ എന്നെ അവിടെനിന്നു പുറത്താക്കുമോയെന്ന ഭയംകൊണ്ടു മാത്രമാണ്.. (നാട്ടിൽ പത്താം ക്ലാസ്സുവരെ മലയാളംമീഡിയത്തിൽ പഠിച്ചിരുന്നതിനാലും കോളേജിലും ഇംഗ്ലീഷിൽ സംസാരിക്കണമെന്ന നിയമമൊന്നുമില്ലാതിരുന്നതിനാലും ചറപറാന്നു മലയാളം സംസാരിച്ചിരുന്ന എനിക്ക്  ആദ്യം അതിത്തിരി അസൗകര്യമായി തോന്നിയെങ്കിലും പിന്നീട് ഇംഗ്ലീഷിലും ചറപറാന്നുതന്നെ സംസാരിക്കാൻ അതു സഹായിച്ചുവെന്നുവേണം കരുതാൻ!) എങ്കിലുംഹോസ്റ്റലിൽ ധാരാളം മലയാളിക്കുട്ടികളുണ്ടായിരുന്നതുകൊണ്ട് ഇംഗ്ലീഷിൽ സംസാരിച്ചു അധികം കഷ്ടപ്പെടേണ്ടി വന്നില്ല,ഹോസ്റ്റലിൽ!പക്ഷേ കോളേജിൽ ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കുവാൻ നിവൃത്തിയുണ്ടായിരുന്നുള്ളൂ.വാരാന്ത്യങ്ങളിൽ ചിലപ്പോൾ കൂട്ടുകാരുമായി ടി.നഗറിലെ  ജനസാഗരത്തിൽ ലയിച്ചുചേർന്നു അവിടുത്തെ വഴിയോരക്കച്ചവടക്കാരോടു മുറിത്തമിഴിൽ വിലപേശിയതൊക്കെ ഇപ്പോൾ  ഓർക്കുമ്പോൾ തമാശയായി തോന്നുന്നു!എങ്കിലും കോളേജിൽ,തമിഴിലെ തട്ടുപൊളിപ്പൻ പാട്ടുകളുമായി നൃത്തമത്സരത്തിൽ പങ്കെടുത്ത തമിഴുസുന്ദരിമാർക്കിടയിൽ ഒരു മലയാളംപാട്ടിനു ചുവടുവച്ചു ഞാനൊരു സമ്മാനവും അടിച്ചെടുത്തു.

ആഹാ!അത്രയ്ക്കായോ?(അതിൽ മറ്റു തമിഴ് പെൺകുട്ടികളേക്കാൾ അസൂയ ചില മലയാളിക്കുട്ടികൾക്കായിരുന്നുവെന്നുള്ളതാണ് മറ്റൊരു തമാശ !)കോളേജിൽ വാർഷികാഘോഷത്തിനും നൃത്ത ത്തിൽ അവിടുത്തെ നൃത്താദ്ധ്യാപിക എന്നെയും തെരഞ്ഞെടുത്തു. ഏതായാലും അന്ന് ബി.എഡ്.ഒരു വർഷമേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നുംകൂടാതെ  കോളേജുജീവിതത്തിനു പരിസമാപ്തി കുറിച്ചു.

ബി.എഡ്. കഴിഞ്ഞ് ചെന്നൈ സ്കൂളുകളിൽ ജോലിചെയ്യാൻ തുടങ്ങിയപ്പോളാണ് തമിഴുകൂടെ പഠിക്കേണ്ടതിൻറെ ആവശ്യകത കൂടുതൽ ബോദ്ധ്യമായത്.കാരണം എൻറെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ഇംഗ്ലീഷ്മീഡിയത്തിൽ പഠിക്കുന്ന അവിടുത്തെ കുട്ടികൾക്കു ഇംഗ്ലീഷിൽ നിലവാരം കുറവായിരുന്നു.അതുകൊണ്ട്  ഇടയ്ക്കിടയ്ക്കു തമിഴുംമലയാളവുംകലർന്ന മണിപ്രവാളത്തിലും  ഡയലോഗുകൾ വച്ചുകാച്ചി! (ദൈവംസഹായിച്ചു അന്നും ഡയലോഗുകൾക്കൊന്നും ഒട്ടും പുറകിലല്ലായിരുന്നു.ഹി....ഹി...)

എൻറെ ഇംഗ്ലീഷ് ഉച്ചാരണം വിദ്യാർത്ഥികളിലും അവരുടെ ഉച്ചാരണം എന്നിലുംചിരിയുണർത്തിയെന്ന രഹസ്യവും മറച്ചുവയ്ക്കുന്നില്ല.ഏതെങ്കിലും കുട്ടിയെ വഴക്കുപറയുമ്പോൾ
അവരെന്നെ നോക്കി 'സാരി'എന്നുപറയുന്നതെന്തിനാണെന്ന് ആദ്യമാദ്യം മനസ്സിലായില്ല. എൻറെ സാരിയിഷ്ടപ്പെട്ടതുകൊണ്ടാവുമോ! എൻറെ ശങ്ക അസ്ഥാനത്തായിരുന്നെന്ന് പിന്നീടാണ് പിടികിട്ടിയത്.അവരെന്നോട് 'സോറി' പറയുകയായിരുന്നത്രേ.

എൻറെ 'ഓഫീസ് '  കേട്ടു അവരെന്നെനോക്കിച്ചിരിക്കുമ്പോൾ ആപ്പീസുപൂട്ടി പോകേണ്ടിവരുമോയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

ഏതായാലും അതൊന്നും ഞങ്ങളുടെ അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിനു തടസ്സമല്ലായിരുന്നെന്നു തെളിയിച്ചുകൊണ്ട്  അനർഗ്ഗളമായൊഴുകിയ അവരുടെ നിഷ്കളങ്കസ്നേഹതരംഗിണി  എന്നെ തലോടിയൊഴുകി.

വിവാഹത്തിനുശേഷം ചെന്നൈയിൽ മറ്റൊരുഭാഗത്തേയ്ക്ക് താമസം മാറേണ്ടിവന്നു.താമസംമാറുന്നതിനനുസരിച്ചു സ്കൂളുകളും മാറി.എൻറെ മഗ്ലീഷും വിദ്യാർത്ഥികളുടെ തംഗ്ലീഷും പലപ്പോഴും ഏറ്റുമുട്ടിയെങ്കിലും എൻറെ വാത്സല്യനിധികളാകുവാൻ അവർ പരസ്പരം മത്സരിച്ചിരുന്നതുകൊണ്ട് അതൊന്നും  പ്രശ്നമായിരുന്നില്ല. ഞങ്ങളുടെ അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിന്റെ ഊഷ്മളത അവിടെ മിലിട്ടറി ഓഫീസർമാരുടെ ശൈലിയിൽ പഠിപ്പിക്കുന്ന ചില അദ്ധ്യാപകർക്കും വിവരക്കേടിൻറെ പര്യായമായിരുന്നെങ്കിലും ജയലളിതയുടെ മുമ്പിൽ നമസ്കരിച്ചുനില്ക്കുന്ന  മന്ത്രിമാരുടെ പാരമ്പര്യം പിന്തുടർന്നതുകൊണ്ടുമാത്രം ഹെഡ്മാസ്റ്റർ/മിസ്ട്രസ്, പ്രിൻസിപ്പാൾ പദവികൾ അലങ്കരിച്ചിരുന്നവർക്കും കലശലായ കണ്ണുകടിയുളവാക്കി. ആരെയും കൂസാത്ത ഒരു പ്രകൃതക്കാരിയെ ഒരു പാഠംപഠിപ്പിക്കുവാൻ പലനാടകങ്ങളും അവിടെ  അരങ്ങേറി.എന്നെയൊതുക്കാൻ ശ്രമിച്ചു അവർ ക്ഷീണിച്ചെന്നല്ലാതെ ആ നാടകങ്ങൾകൊണ്ടു മറ്റു പ്രയോജനമുണ്ടായില്ല. മാത്രമല്ല പ്രതിസന്ധികളെ അതിജീവിക്കാനുള്ള പരിശീലനം ഞാനും നേടിയെടുത്തു. കൂടാതെ സത്യസന്ധമായി അവനവൻറെ ജോലിചെയ്യുന്ന, കുട്ടികൾക്കു മാതൃകയായി ജീവിക്കുന്ന ഒരു ടീച്ചറാവാൻ കുറെ അദ്ധ്യാപകരെങ്കിലും നല്ല രീതിയിൽ എന്നോടുമത്സരിക്കുന്നതുകണ്ട് സന്തോഷിക്കാനും സാധിച്ചു. എൻറെ ഏകമകനും ഞാൻ പഠിപ്പിച്ചിരുന്ന സ്കൂളിൽത്തന്നെയായിരുന്നു പഠിച്ചിരുന്നത്.

ഇടയ്ക്ക് എന്തെങ്കിലും ആവശ്യത്തിനു ഇൻറർവെല്ലിനു എൻറെ ക്ലാസ്സിൽ വന്നാൽ വിദ്യാർത്ഥികളുമായി ചിരികളിതമാശകൾ പങ്കുവെയ്ക്കുന്ന എന്നെക്കണ്ട് അസൂയപ്പെട്ടു എന്നെ അരികിലേക്കുവിളിച്ചിട്ടു രഹസ്യമായി എന്നോടുചോദിക്കാറുണ്ടായിരുന്നു,

"സ്വന്തം മോനേക്കാൾ മമ്മിക്കവരോടാണല്ലേ ഇഷ്ടം?"

അതുകേട്ടു പൊട്ടിച്ചിരിച്ചുകൊണ്ടു ഞാൻ പറഞ്ഞു"സ്കൂളിൽ വരുമ്പോൾ എനിക്കിവരും മക്കളാണടാ"എന്ന്. അക്കാര്യംപറഞ്ഞു ഇപ്പോളും ഞാനവനെ കളിയാക്കാറുണ്ട്.

എൻറെ കസിൻസിൻറെയൊന്നും കല്യാണത്തിനോ മറ്റുപരിപാടികൾക്കോ പോകാൻ സാധിക്കാതിരുന്ന എനിക്ക് സ്കൂളിലെ ആഘോഷങ്ങളായിരുന്നു ആകെയുള്ള ആശ്വാസമായിരുന്നത്.ഒരുവർഷം അദ്ധ്യാപകരുടെ തിരുവാതിരകളിയിലും മറ്റുവർഷങ്ങളിൽ ഓണപ്പാട്ടുകളിലുമൊക്കെ പങ്കെടുത്തിരുന്നത് ഓർക്കുന്നു. ഒരുവർഷം ഓണാഘോഷത്തിൻറെ ചുമതല യെനിക്കായിരുന്നു.അന്നു സ്കൂളിലെ ഒട്ടുമിക്കമലയാളി വിദ്യാർത്ഥികളോടും ഒരു 'പറ'അന്വേഷിച്ചുനടന്നതിൻറെ പങ്കപ്പാടു പറയാതിരിക്കുകയാണു ഭേദം!അവസാനം തേടിയവള്ളി കാലിൽച്ചുറ്റിയെന്നുപറഞ്ഞതുപോലെ ഒരു കുട്ടിയത്  വീട്ടിൽനിന്നും കൊണ്ടുവന്നുതന്നപ്പോൾ ഒരു നിധികിട്ടിയ സന്തോഷമായിരുന്നെനിക്ക്.

വീട്ടിലും ഓണത്തിനു ഒരു 'മിനി'പ്പൂക്കളം ഇടാറുണ്ട് -ഫ്ലാറ്റിൻറെ കോറിഡോറിൽ.'മിനി'യാക്കിയത് സ്ഥലപരിമിതികൊണ്ടുംഓണനാളുകളിൽ പൂക്കൾക്കു തീപിടിച്ചവിലയായതുകൊണ്ടുമാണ്.അപ്പോളൊക്കെ മനസ്സിൻറെ അന്തരംഗങ്ങളിലെവിടെയോ നാട്ടിലെ ഓണനാളുകളുടെ ഓർമ്മകൾ തുടികൊട്ടാറുണ്ട്.(എൻറെ പിതാവ് റിട്ടയർചെയ്തശേഷം മാതാപിതാക്കന്മാരും നാട്ടിലേയ്ക്കു മടങ്ങിയിരുന്നു.)ഇവിടെ ഒറ്റയ്ക്കിരുന്നു പൂക്കളമിടുമ്പോൾ,പണ്ടു  തൊടിയിലെയും ഉദ്യാനത്തിലെയും പൂക്കളിറുത്തുകൊണ്ടുവന്നു വിശാലമായ മുറ്റത്ത് പൂക്കളിടുന്നതിൻറെ മധുരസ്മരണകൾ ബ്ലാക്ക് &വൈറ്റ് സിനിമയിലെ ദൃശ്യങ്ങൾപോലെ  മനസ്സിലൂടെ കടന്നുപോകാറുണ്ട്. ക്രിസ്മസിനു പുല്ക്കൂടുകെട്ടാൻ  അയൽപ്രദേശങ്ങളിൽനിന്നു പ്രത്യേകഓലയും ശേഖരിച്ചു വിജയശ്രീലാളിതനായി വരുന്ന എൻറെ സഹോദരൻറെ ചിത്രവും എല്ലാവരുംകൂടി ആഘോഷമായി പുല്ക്കൂടുകെട്ടുന്നചിത്രവും ഇന്നും മിഴിവാർന്ന ഓർമ്മകളാണ്.

ഇന്ന്  ബാൽക്കണിയിൽ ഒരു സ്റ്റാർ തൂക്കുന്നതിൽ ക്രിസ്മസാഘോഷം ഒതുങ്ങുമ്പോൾ പണ്ടു നാട്ടിലെ സ്വന്തക്കാരോടൊപ്പംചേർന്നുള്ള ആഘോഷങ്ങൾ നൊമ്പരങ്ങളായി അവശേഷിക്കുന്നു.അവയൊക്കെ ഗൃഹാതുരതയുടെ  വേലിയേറ്റങ്ങളായി മനസ്സിൽ ഇപ്പോളും അലയടിക്കുന്നു.

''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
2-10-2017