Tuesday, January 27, 2026

നൈതികബാധ്യത

 നൈതികബാദ്ധ്യത

***********************
നൊമ്പരമേറ്റു പിടഞ്ഞൊരു പൂവിൻ
കാവ്യമൊരുക്കുകയാണിഹ ദീനം
ക്രൂരതതന്നുടെ ദൃശ്യമതൊപ്പാൻ
തൂലികപോലുമശക്തമതല്ലോ

ദുഷ്ടത തിങ്ങിയ വണ്ടിതു നൂനം
പാവനമായൊരു പൂവിനെ ക്രൂരം
ചിന്തയതന്യെ കശക്കിയെറിഞ്ഞു
ശ്വാസമതൊന്നു പിടഞ്ഞതു പാവം

പീഡനമാകെയുലച്ചൊരു പൂവിൻ
മാനമതാകെയുടച്ചൊരു വേശ്യൻ
ജീവനു ഭീഷണിയായൊരു നാട്യം
നാടകമാടുമെ ഭീകരജീവി

ഭീതിനിറഞ്ഞൊരു നാളിലതല്ലോ
ജീവനുപോലുമെ ഭീഷണിയായി
അക്രമപാതയിലേറിയ വണ്ടിൻ
ക്രൂരത കാണുക മാന്യനതത്രേ

വീണൊരു പൂവിനു ഭീഷണിയായി
തോഴരുഭീകരരെത്തിടുമത്രേ
ചൊന്ന പരാതിയെ പിൻവിളി ചൊല്ലാ-
നേതു പരാക്രമവും ഭയമേകാൻ

രക്ഷപെടുത്തുകയൊപ്പമിതൊന്നായ്
നൈതികബാദ്ധ്യത നമ്മുടെയെല്ലാം
താങ്ങുക പൂവിനെ ജീവനു തുല്യം
തീവ്രമെതിർക്കുക വണ്ടിനെ നിങ്ങൾ.

വൃത്തം:ദോധകം
താളം:തംതത തംതത തംതത തംതം
ഗീതാഞ്ജലി
4-12-2025
***********************************************

സാന്ധ്യരാഗം

 സാന്ധ്യരാഗം

****************
നിറയു സാന്ധ്യരാഗം മമ ഹൃത്തിലും
നിനവു പെയ്യുമീ മാമരമേട്ടിലും
നനയുമീറനാം കാറ്റിനെ മൂടിയോ
നിറമണിഞ്ഞൊരർക്കൻ്റെ കിനാവുകൾ

കവനമോഹനം ചാരുമയൂഖവും
കവിത തീർത്തുവോ വാനമതിങ്കലായ്
കനവു കാണുവാനായി പതംഗവും
കിളികുലങ്ങളും വിശ്രമവേളയിൽ

അരുണസന്ധ്യതൻ കുങ്കുമരാജിയാ-
ലഴകൊരുക്കിയർക്കൻ നിറദീപ്തിയിൽ
അല ഞൊറിഞ്ഞിടും മേഘതരംഗവും
അനഘവർണ്ണവും തൂകിയലഞ്ഞിടാൻ

തഴുകുമാർദ്രമായെന്നിലുമീനിറം
തളിരു ചൂടിടും സന്ധ്യയിലെൻ മനം
തരളമായൊരീ കാവ്യമൊരുക്കിടാം
തനു തളർന്നിതർക്കൻ വിടചൊല്ലവേ

നിശയിലെത്തിടും തിങ്കളെ മുത്തുവാൻ
നിനവു നീർത്തിയർക്കൻ തിരി താഴ്ത്തിടും
നിറയുമാകെ പാരിന്നനുരാഗമോ
നിറയു സാന്ധ്യരാഗം ചിരി ചാർത്തിടാൻ

കനവു നെയ്യുവാൻ സന്ധ്യമയങ്ങവേ
കളമൊരുക്കുവാൻ പശ്ചിമഘട്ടവും
കനകനൂപുരം ചാർത്തിയ സൂര്യനും
കരുതലോടെയീ യാത്ര തുടർന്നിടും

മറയുവാൻ ചെമപ്പിൻ കിരണങ്ങളും
മറയുമാർദ്രസായന്തനവേളയിൽ
മഷിനിറച്ചു ഞാൻ തൂലികയിൽ മുദാ
മനമൊരുങ്ങുവാൻ കാവ്യസുമങ്ങളാൽ

വൃത്തം:മേഘാവലി
താളം:തതത തംതതം തംതത തംതതം
ഗീതാഞ്ജലി
1-12-2025
***********************************************

സമത്വം

 സമത്വം

**********
ഭൂവിൽ സമത്വം വിളഞ്ഞാലതെന്നും
സ്വർഗ്ഗീയസൗന്ദര്യമുണ്ടാക്കുമല്ലോ
എല്ലാരുമൊന്നായി വാഴുന്ന ഭൂമി
നൽക്കാഴ്ചയാണെന്നുമെൻ മാനസത്തിൽ

വർഗ്ഗീയമായുള്ള ഭേദങ്ങളൊന്നും
വേണ്ടാ മനുഷ്യർക്കു ജീവിച്ചിടാനായ്
യുദ്ധങ്ങളെല്ലാം മതത്തിൻ്റെ പേരിൽ
പൊള്ളുന്ന സത്യങ്ങളല്ലോയിതെല്ലാം

കാറ്റും മഴച്ചാറ്റലും ജാതി നോക്കി -
പെയ്തീടുകില്ലെന്ന സത്യം ശ്രവിക്കൂ
എല്ലാരുമേ തുല്യരാണെന്ന സത്യം
ഭൂമിക്കു ചൊല്ലിക്കൊടുക്കുന്നതാരോ

സസ്നേഹമെന്നെന്നുമൊന്നായി വാഴാൻ
മാവേലിനാടിൻ്റെ സൗരഭ്യമേകാൻ
കൂട്ടായി യത്നിച്ചു മുന്നോട്ടു നീങ്ങാം
വർഗ്ഗീയഭിന്നിപ്പു നീക്കാനെതിർക്കാം

കീഴാളമേലാളവ്യത്യാസമെന്നും
പിന്നോട്ടു തള്ളുന്നു കാലത്തെയോർക്ക
തീർക്കാം സമത്വം മനുഷ്യൻ്റെയുള്ളിൽ
വേണ്ടാ വിരോധം മനുഷ്യർക്കു തമ്മിൽ

ഗീതം മുഴക്കാം സമത്വം വിളങ്ങാൻ
കൂട്ടായ്മയോടെന്നുമുൾച്ചേർന്നു നില്ക്കാൻ
സ്നേഹം ജ്വലിക്കട്ടെ മർത്ത്യൻ്റെ ഹൃത്തിൽ
കണ്ണീരു വീഴ്ത്താതെയന്യോന്യമെന്നും

വൃത്തം:വിദ്ധ്വങ്കമാല
താളം:തംതംത തംതംത തംതംത തംതം
ഗീതാഞ്ജലി
26-11-2025
**********************************************

നീതിയുടെ ശബ്ദം

 നീതിയുടെ ശബ്ദം

*********************
നീതിതൻ കിരണമില്ലയെങ്കിലോ
ലോകമെന്നുമിരുളിൽ ശയിച്ചിടും
സൂര്യദേവനുസമം ചൊരിഞ്ഞിടും
നീതിയും പ്രഭ മനുഷ്യഹൃത്തിലും

കേൾപ്പു നീതിയുടെ ശബ്ദമൊന്നിതാ
താളമോടെയതിഭാവസാന്ദ്രമായ്
മർത്ത്യരാശിയുടെയാത്മതാളമായ്
ഹൃത്തിലൂറുമൊരു ഗാനമായിടൂ

എങ്ങനീതിയൊരു ചോദ്യചിഹ്നമായ്
തോന്നിടാത്ത നിമിഷം മരിച്ചിടും
നീതിയീയുലകിലെത്ര ദീനമായ്
കൊന്നിടൊല്ലെയതു നീതിയല്ലെടോ

നീതിയാകെ മനസാക്ഷിതൻ മഹാ-
കോടതിക്കു നടുവിൽ പകച്ചിതോ
യുദ്ധമൊന്നു തുടരാമനീതിതൻ
തട്ടുതാഴുവതിനായിയെന്നുമേ

ദുർബലർക്കെതിരെ പീഡകർ ചിരം
വാളെടുക്കുവതു കാണ്മു ഭൂമിയിൽ
നൊമ്പരം പകരുമീയനീതികൾ
നീക്കുവാൻ പൊരുതണം മരിക്കിലും

നീതിദേവത മുഖം തിരിച്ചിതാ
നില്ക്കുവാൻ കരുണ വറ്റിയോ ഭുവിൽ
പാരിതിൽ തെളിയുമോ വെളിച്ചമേ
നീതിതൻ പ്രഭ ചൊരിഞ്ഞിടും വരം
ഗീതാഞ്ജലി
17-11-2025
വൃത്തം:രഥോദ്ധത
രംനരം ലഗുരുവും രഥോദ്ധതാ
താളം:തംതതം തതത തംതതം തതം
**********************************************

ഓർമ്മകൾ

 ഓർമ്മകൾ 

**************

എൻ്റെ മനസ്സിൻ ഓർമ്മത്താളിൽ

നീ കോറിയിട്ട കവിതകൾ 

നീറ്റുന്നുണ്ടെന്നാത്മാവിനെ

കനലിലെരിയും വിറകുപോൽ


 അലയടിച്ചെത്തുമീയോർമ്മകൾ

ചുട്ടുപൊള്ളിക്കുന്നു ചിലപ്പോൾ 

അന്തരാത്മാവിനെയടിക്കടി

കുളിരണിയിക്കുന്നു മറ്റു ചിലപ്പോൾ 


ഓർമ്മകളാകും തിരകളടിച്ചുയർന്നു

എൻ്റെ കാല്പാദങ്ങളെ ചുംബിച്ച് 

പിൻവലിയുന്നു കുറ്റബോധത്താൽ

എങ്കിലും കുളിരണിഞ്ഞെൻ പാദങ്ങൾ 


ചില ഓർമ്മകൾ മനസ്സിൻ്റെ മണിച്ചെപ്പിൽ മണിച്ചിത്രത്താഴിട്ടു പൂട്ടി 

ഒളിപ്പിച്ചുവക്കാനുള്ളതാണ്

ആരും കാണാതെ 


നിൻ്റെ സ്നേഹത്തിൻ മഴയിൽ 

നനയുന്നുണ്ടിന്നുമെൻ മനം 

നിൻ്റെയോർമ്മകളെന്നിൽ

ജ്വലിക്കുന്നുണ്ടെന്നുമെന്നും


നിൻ്റെ ഓർമ്മകളെ തള്ളിമാറ്റാൻ

ശ്രമിച്ചിടുമ്പോഴും

കൂടുതൽ ശക്തിയോടെന്നിൽ

അലയടിച്ചെത്തുന്നു 


ഒരു പ്രണയകവിതതൻ

വരികളായെന്നിൽ

നിന്നോർമ്മകളെ ഞാൻ 

പകർത്തിവെക്കട്ടെ 


ഹൃദയം ചുട്ടുപൊള്ളുമ്പോൾ 

വായിച്ചിടാനായിക്കവിത

സുഗന്ധം പകരുമൊരു 

കുളിർകാറ്റായെന്നിൽ നിറയാൻ.


ഗീതാഞ്ജലി 

26-10-2025

https://www.facebook.com/share/p/1CkDNYfGRy/

അതിദാരിദ്ര്യനിർമ്മാർജ്ജനം

 അതിദാരിദ്ര്യനിർമ്മാർജ്ജനം

*********************************
അതിദാരിദ്ര്യമെന്നതു
തുടച്ചുനീക്കുവാനിതാ
ദൃഢപ്രതിജ്ഞയെടുത്തൊരു
സർക്കാരിനെൻ സലാം

കഷ്ടപ്പെട്ടു നേടിയ
ചരിത്രവിജയമാണല്ലോ
നിങ്ങളിന്നു കൈവരിച്ചു
ചിട്ടയായ ചെയ്തിയാൽ

അതിദരിദ്രരായോർതൻ
കണ്ണുനീരു തുടച്ചിടാൻ
അവരെയുദ്ധരിച്ചിടാൻ
നിങ്ങളൊന്നു ചേർന്നുവോ

തുടച്ചുനീക്കിയതിദാരിദ്ര്യം
ഇതു യഥാർത്ഥ വിപ്ലവം
ഉറച്ച തീരുമാനമോടെ
ഇടതുപക്ഷവിപ്ലവം

തേർതെളിച്ചീടുവിൻ
ജൈത്രയാത്ര തുടരുവിൻ
ഇടതുപക്ഷം ഹൃദയപക്ഷ-
മെന്നു തെളിയിച്ചീടുവാൻ

കേരളപ്പിറവിനാളിൽ
സാഭിമാനമർപ്പിക്കാം
ഭരണകർത്താക്കളേ
നിങ്ങൾക്കഭിവാദ്യങ്ങൾ

ഗീതാഞ്ജലി
1-11-2025
*********************************************

കേരളപ്പിറവി

 കേരളപ്പിറവി

***************
കേരളപ്പിറവിയൊന്നുകാണുവാൻ
രാഗമോടെ വരുമീ ദിനം ശുഭം
കേരളത്തെ മധുരം പകർന്നിതാ
സ്വീകരിച്ചിടുകയിന്നു സോദരേ

കോമളം കലകളാൽ നിറഞ്ഞൊരാ
കേരളക്കരയിലൂടെയെൻ മനം
യാത്ര ചെയ്തിടുവതൊന്നു കാണുവാൻ
ഭംഗിയാർന്നൊരുടലൊന്നു പുൽകുവാൻ

സഹ്യസാനുവിനു മാലയാകുവാൻ
സന്തതം പുഴകളുൾക്കുളിർ തരും
പാടവും കതിരുചൂടി നിൽക്കവേ
ചൂടുമീ തരുലതാദി ഹർഷവും

നിസ്തുലപ്രഭ പരത്തുമർക്കനായ്
ചൂടുവാൻ ഹരിതഭംഗിയോടെയീ
ഭൂവുണർന്നു പുളകം തരുന്നുടൽ
ചാരുവായണിയു പുഷ്പവൃന്ദവും

വാദ്യമേളമൊടു നർത്തനങ്ങളാൽ
കേളികൊട്ടുണരുമീ ദിനം വരം
കേരളീയരുടെ ഹൃത്തിലെന്നുമീ
നാടു വാഴുമെ ഗൃഹാതുരത്വമായ്

ഗീതാഞ്ജലി
1-11-2025
വൃത്തം:രഥോദ്ധത
ലക്ഷണം:രംനരം ലഗുരുവും രഥോദ്ധതാ
താളം:തംതതം തതത തംതതം തതം
*******************************************

പ്രതീക്ഷകൾ

 പ്രതീക്ഷകൾ

************
ഉടഞ്ഞ ഹൃദന്തവുമായി ചരിക്കേ
പ്രതീക്ഷകളെന്നിലുദിച്ചിടുമെന്നാൽ
നിറഞ്ഞു മനം ശുഭചിന്തകളാലേ
പ്രഭാതമരീചികളെന്നതുപോലേ

തിരിച്ചുപിടിച്ചിതു ജീവിതതാളം
പ്രതീക്ഷകളെന്നിലണഞ്ഞിടുമെന്നാൽ
കടുംതിരികത്തിയുലഞ്ഞ മനസ്സിൽ
പ്രശോഭ നിറഞ്ഞുതുളുമ്പിയുഷസ്സിൽ

തെളിഞ്ഞ മനം മഴവില്ലു സമാനം
നിറങ്ങളതേഴുമെ ഭംഗി ചൊരിഞ്ഞു
അകന്നിടുവാൻ മരണം മമ ചാരെ
പ്രതീക്ഷയുദിച്ചുവരുന്നു മനോജ്ഞം

പ്രതീക്ഷകളാകുമൊരിഷ്ടവസന്തം
വിരുന്നു വരുന്ന ദിനങ്ങളെയോർത്തു
തപസ്സുകളെത്രയൊ ചെയ്തു കഠോരം
കലങ്ങിയ മാനസമോടെ സസൂക്ഷ്മം

വിഷാദമിരുട്ടു പകർന്ന മനസ്സിൽ
പ്രതീക്ഷയുണർത്തി നിലാവുതിരുംപോൽ
നിരാശ വെടിഞ്ഞു മനം ശ്രുതി ചേർത്തു
മനോഹരഗീതമുണർത്തി സമോദം

സുവർണ്ണസുമങ്ങളനേകമുണർന്നു
സുഗന്ധമുതിർക്കുവതെന്നതുപോലെ
പ്രതീക്ഷകളെന്നിലൊരുക്കിടുമാർദ്രം
സുഗന്ധമതേറ്റുവതെന്നുടെ ഹൃത്തിൽ

വൃത്തം:പരിലേഖ
താളം:തതംത തതംത തതംത തതംതം
ലക്ഷണം:ജജം ജയവും പരിലേഖയിതല്ലോ
ഗീതാഞ്ജലി
22-10-2025
**********************************************

ദീപാവലി

 ദീപാവലി

***********
ദീപാവലിക്കിന്നു വിഭാതമെങ്ങും
ചാർത്തുന്നു സന്തോഷമതിൻ വെളിച്ചം
മാഞ്ഞൊന്നുപോയല്ലൊയിരുൾ മനസ്സിൽ
നന്മയ്ക്കു ചേലാർന്നയിടം പിടിക്കാൻ

നേരൊന്നു വാഴാനുമതെന്നുമെന്നും
നീണ്ടങ്ങുനില്ക്കാനുമതീവമോഹം
ഹൃത്തിൽ തെളിഞ്ഞല്ലൊ നിറങ്ങളെങ്ങും
കത്തിച്ചു വച്ചിന്നു വിളക്കു മണ്ണിൽ

ഐശ്വര്യമോടിങ്ങു വസിച്ചിടാനായ്
ജ്ഞാനത്തിനാകാശമൊരുക്കിവയ്ക്കാം
ചന്തം തുളുമ്പുന്ന പടക്കമെങ്ങും
ദീപ്തം തെളിഞ്ഞിന്നു മനസ്സിലാർദ്രം

അൻപാലെ ചേർത്തൊന്നു പിടിച്ചിടാനായ്
നോവും മനങ്ങൾക്കു തണൽ വിരിക്കാൻ
സന്തോഷമേകാനുമുണർന്നു ചേരാം
പാരിൽ നിറച്ചെന്നുമനന്തമൈത്രി
വൃത്തം:ഇന്ദ്രവജ്ര
താളം:തംതംത തംതംത/തതംത തംതം
ഗീതാഞ്ജലി
20-10-2025
**********************************************

Wednesday, October 15, 2025

ലില്ലികൾ വിടർന്നപ്പോൾ

 ലില്ലികൾ വിടർന്നപ്പോൾ

**************************
ഇന്നെന്നാരാമമദ്ധ്യത്തിൽ
വന്നുദിച്ച താരകകന്യകൾ
ലില്ലിപ്പൂക്കളായി വിടരവേ
എൻ മനം ശലഭമായ് മാറി

ചാരുത ചൊരിയുമീ പൂക്കളെ
കാണുവാനൊരു വർഷമായി
കാത്തിരുന്നു വെള്ളമൊഴിച്ചു
വളവുമേകിയെന്നും ഞാൻ

സുസ്മിതം തൂകിനില്പൂ നിങ്ങൾ
ചെടിച്ചട്ടിയിലാരാമശോഭയായ്
നിർവൃതി പകർന്നെന്നിലും
കാത്തിരിപ്പിനൊടുവിൽ

സായന്തനത്തിൽ വാടിടുംവരെ
നിങ്ങൾതൻ ചാരേനിന്നീ ശോഭ
ഏറ്റുവാങ്ങീടട്ടെയെന്നാത്മാവിൻ
തന്ത്രികൾ മധുരസ്വനം മീട്ടുവാൻ

ലോലമാം ദലങ്ങൾ തഴുകുവാൻ
തൈമണിക്കാറ്റെത്തിനോക്കവേ
കുണുങ്ങിയാടുന്നു മന്ദം നിർവൃതി
നിറച്ചെൻ മനോരഥത്തിൽ

ആദിത്യൻ തന്നരുണരശ്മികൾ
ചുംബനമേകവേ പുളകിതരായ്
പൊന്നാട നെയ്യുന്നു ധവളദളങ്ങൾ
വസന്തത്തെ വരവേല്ക്കാനായിതാ!
ഗീതാഞ്ജലി
5-5-2023

ഓണം വരവായി

 ഓണം വരവായി

**********************
നിറകതിർ ചൂടിയണയുന്നു
നിറങ്ങൾ തൂകി പൊന്നോണം!
ഓർമ്മകളിൽ ഊഞ്ഞാലാടി
ഓണമിന്നു വിരുന്നു വന്നല്ലോ

മാവേലിമന്നനെ വരവേൽക്കാൻ
മാലോകരൊന്നായി നിരന്നപ്പോൾ
കേരളക്കരയാകെ തളിരണിഞ്ഞു
കേരവൃക്ഷങ്ങളും ഇളകിയാടി.

ഹൃദയവിപഞ്ചിക പാടുകയായ്
ഹൃദ്യമാകുമോണപ്പാട്ടുകളായിരം
മുല്ലയും ചെത്തിയും മറ്റനേകം പൂക്കളും
മുറ്റത്തു കൈകോർത്തു പൂക്കളത്തിൽ.

പുലരൊളിയിൽ മുങ്ങിനിവർന്നു
പൊന്നോണം വന്നെത്തുമ്പോൾ
ഒരുമതൻ സന്ദേശവുമായെങ്ങും
ഓണപ്പാട്ടിന്നലയടികൾ മുഴങ്ങുന്നു

ഓലനും കാളനും പുളിയിഞ്ചിയും
ഓണനാളിൽ വിളമ്പാനേവർക്കും
അടുക്കളയിൽ തിരക്കുകൂട്ടുന്നു
അംഗനമാരൊരേ മനസ്സോടെ

ഊഞ്ഞാൽപ്പാട്ടിൻ താളത്തിൽ
ചൂളമടിച്ചെത്തി പൂന്തെന്നൽ
മാവേലിനാടിൻ്റെ നല്ലോർമ്മകൾ
മാനവർ ഹൃത്തിലേറ്റുംനാളിൽ
**************************************
ഗീതാഞ്ജലി
29-8-2023

പുതുവർഷപ്പുലരി

 പുതുവർഷപ്പുലരി

*******************
പുതുവർഷം ചാരെയണഞ്ഞു
വരവേൽക്കാൻ ഭൂമിയൊരുങ്ങി
മനതാരിൽ മേളമൊരുങ്ങി
നിറയട്ടെ ലാസ്യമതെങ്ങും

വിടവാങ്ങിപ്പോയൊരു വർഷം
കുളിരുള്ള ചിന്തകളാലെൻ
മനതാരിൽ നൃത്തവുമായി
തിരശീല നീക്കിമറഞ്ഞു

നിലനിൽക്കുമോർമ്മകൾ
സുഖദുഃഖസമ്മിശ്രമോ
നിറപുഞ്ചിരി തന്നിടാൻ
പുതുവർഷമേ കനിയൂ

സുഖമോടെ വാഴുവാൻ
നിറവേറ്റുവാനാശകൾ
ഭുവനത്തിലേവർക്കും
വിധിയേകട്ടെയീ വർഷം

പകവേണ്ടാ യുദ്ധങ്ങളും
പകലോനിന്നുദിച്ചിടുമ്പോൾ
വിഷമില്ലാ കായ്കറികൾ
വിളയിച്ചീടാം, വിളമ്പീടാം

ഉലകത്തിലേവർക്കും
ഉപകാരം ചെയ്തീടാൻ
വരവേൽക്കാമീ പുത്തൻ
ദിനമിന്നു മാതൃകയായ്
*************************
പുതുവർഷരാശംസകൾ!
ഗീതാഞ്ജലി
31-12-24
************************************************

രക്ഷാപ്രവർത്തകർ

 രക്ഷാപ്രവർത്തകർ

****************
ഒലിച്ചുപോയൊരുരുൾപൊട്ടലിൽ
ഇരു ഗ്രാമങ്ങളിൽ വസിച്ചിരുന്നോർ
നൊമ്പരം ബാക്കിയാക്കി യാത്രയായി
നിനയ്ക്കാതെ പ്രകൃതിതൻ മടിത്തട്ടിൽ !

അവശേഷിപ്പവർ തേടി മണ്ണിനടിയിൽ
ഉടയവരെ പ്രതീക്ഷിച്ചു വ്യർത്ഥമായി
ഒരു നിമിഷംമുമ്പു ചേർന്നിരുന്നോർ
പിരിഞ്ഞുപോയി യാത്രചൊല്ലാതെ

ദേശത്തെയാകെ നൊമ്പരക്കടലിലാഴ്ത്തി
ദൈവങ്ങളും നിസ്സഹായരായി നില്ക്കേ
ആശ കൈവിട്ടോരെ ചേർത്തുനിർത്താൻ
വന്നുചേർന്നു സന്നദ്ധപ്രവർത്തകർ

അവശന്മാരാർത്തന്മാരാലംബഹീനർതൻ
അരികത്തു വന്നണഞ്ഞിവർ സാന്ത്വനമായി
ജാതിമതവർഗ്ഗചിന്തകളേതുമില്ലാതെ
നിരാശതൻ കരിമ്പടം ദൂരെയെറിഞ്ഞീടാൻ

വന്നടിഞ്ഞ പാറക്കൂട്ടങ്ങൾക്കിടയിൽനിന്നും
ജീവച്ഛവമായി കിടന്നോരെ തേടിയെത്തി
രക്ഷാപ്രവർത്തനം നടത്തിയോരിവർ
ജീവിച്ചിരിക്കും മനുഷ്യദൈവങ്ങളിവർ

സഖാക്കളിവർ തളരാതെ കൊടുത്തു
പ്രതീക്ഷതൻ പൂങ്കാവനമശരണർക്ക്
അവരെ താങ്ങിയെടുത്തു കൊണ്ടുപോയി
സുരക്ഷതൻ വർണ്ണകുടീരത്തിങ്കലേയ്ക്ക്

പ്രതിഫലമൊന്നും പ്രതീക്ഷിച്ചില്ലിവർ
സ്നേഹം മാത്രമാപ്തവാക്യമിവർക്ക്
മനുഷ്യത്വം പാടെ മരിച്ചിട്ടില്ലിവിടെയീ
ഭൂവി,ലിനിയുമെന്തു തെളിവു വേണം!

രാപകലില്ലാതെ അധ്വാനം ചെയ്യുമിവർ
ദുരിതത്തിൽപ്പെട്ടോരെ കരകേറ്റീടാൻ
ആരുമില്ല വാഴ്ത്തിപ്പാടാനീ നായകരെ
എങ്കിലുമിവർ വാഴും ജനഹൃദയങ്ങളിൽ!
********************************************
ഗീതാഞ്ജലി
1-11-2024
******************************************