Wednesday, October 15, 2025

ലില്ലികൾ വിടർന്നപ്പോൾ

 ലില്ലികൾ വിടർന്നപ്പോൾ

**************************
ഇന്നെന്നാരാമമദ്ധ്യത്തിൽ
വന്നുദിച്ച താരകകന്യകൾ
ലില്ലിപ്പൂക്കളായി വിടരവേ
എൻ മനം ശലഭമായ് മാറി

ചാരുത ചൊരിയുമീ പൂക്കളെ
കാണുവാനൊരു വർഷമായി
കാത്തിരുന്നു വെള്ളമൊഴിച്ചു
വളവുമേകിയെന്നും ഞാൻ

സുസ്മിതം തൂകിനില്പൂ നിങ്ങൾ
ചെടിച്ചട്ടിയിലാരാമശോഭയായ്
നിർവൃതി പകർന്നെന്നിലും
കാത്തിരിപ്പിനൊടുവിൽ

സായന്തനത്തിൽ വാടിടുംവരെ
നിങ്ങൾതൻ ചാരേനിന്നീ ശോഭ
ഏറ്റുവാങ്ങീടട്ടെയെന്നാത്മാവിൻ
തന്ത്രികൾ മധുരസ്വനം മീട്ടുവാൻ

ലോലമാം ദലങ്ങൾ തഴുകുവാൻ
തൈമണിക്കാറ്റെത്തിനോക്കവേ
കുണുങ്ങിയാടുന്നു മന്ദം നിർവൃതി
നിറച്ചെൻ മനോരഥത്തിൽ

ആദിത്യൻ തന്നരുണരശ്മികൾ
ചുംബനമേകവേ പുളകിതരായ്
പൊന്നാട നെയ്യുന്നു ധവളദളങ്ങൾ
വസന്തത്തെ വരവേല്ക്കാനായിതാ!
ഗീതാഞ്ജലി
5-5-2023

ഓണം വരവായി

 ഓണം വരവായി

**********************
നിറകതിർ ചൂടിയണയുന്നു
നിറങ്ങൾ തൂകി പൊന്നോണം!
ഓർമ്മകളിൽ ഊഞ്ഞാലാടി
ഓണമിന്നു വിരുന്നു വന്നല്ലോ

മാവേലിമന്നനെ വരവേൽക്കാൻ
മാലോകരൊന്നായി നിരന്നപ്പോൾ
കേരളക്കരയാകെ തളിരണിഞ്ഞു
കേരവൃക്ഷങ്ങളും ഇളകിയാടി.

ഹൃദയവിപഞ്ചിക പാടുകയായ്
ഹൃദ്യമാകുമോണപ്പാട്ടുകളായിരം
മുല്ലയും ചെത്തിയും മറ്റനേകം പൂക്കളും
മുറ്റത്തു കൈകോർത്തു പൂക്കളത്തിൽ.

പുലരൊളിയിൽ മുങ്ങിനിവർന്നു
പൊന്നോണം വന്നെത്തുമ്പോൾ
ഒരുമതൻ സന്ദേശവുമായെങ്ങും
ഓണപ്പാട്ടിന്നലയടികൾ മുഴങ്ങുന്നു

ഓലനും കാളനും പുളിയിഞ്ചിയും
ഓണനാളിൽ വിളമ്പാനേവർക്കും
അടുക്കളയിൽ തിരക്കുകൂട്ടുന്നു
അംഗനമാരൊരേ മനസ്സോടെ

ഊഞ്ഞാൽപ്പാട്ടിൻ താളത്തിൽ
ചൂളമടിച്ചെത്തി പൂന്തെന്നൽ
മാവേലിനാടിൻ്റെ നല്ലോർമ്മകൾ
മാനവർ ഹൃത്തിലേറ്റുംനാളിൽ
**************************************
ഗീതാഞ്ജലി
29-8-2023

പുതുവർഷപ്പുലരി

 പുതുവർഷപ്പുലരി

*******************
പുതുവർഷം ചാരെയണഞ്ഞു
വരവേൽക്കാൻ ഭൂമിയൊരുങ്ങി
മനതാരിൽ മേളമൊരുങ്ങി
നിറയട്ടെ ലാസ്യമതെങ്ങും

വിടവാങ്ങിപ്പോയൊരു വർഷം
കുളിരുള്ള ചിന്തകളാലെൻ
മനതാരിൽ നൃത്തവുമായി
തിരശീല നീക്കിമറഞ്ഞു

നിലനിൽക്കുമോർമ്മകൾ
സുഖദുഃഖസമ്മിശ്രമോ
നിറപുഞ്ചിരി തന്നിടാൻ
പുതുവർഷമേ കനിയൂ

സുഖമോടെ വാഴുവാൻ
നിറവേറ്റുവാനാശകൾ
ഭുവനത്തിലേവർക്കും
വിധിയേകട്ടെയീ വർഷം

പകവേണ്ടാ യുദ്ധങ്ങളും
പകലോനിന്നുദിച്ചിടുമ്പോൾ
വിഷമില്ലാ കായ്കറികൾ
വിളയിച്ചീടാം, വിളമ്പീടാം

ഉലകത്തിലേവർക്കും
ഉപകാരം ചെയ്തീടാൻ
വരവേൽക്കാമീ പുത്തൻ
ദിനമിന്നു മാതൃകയായ്
*************************
പുതുവർഷരാശംസകൾ!
ഗീതാഞ്ജലി
31-12-24
************************************************

രക്ഷാപ്രവർത്തകർ

 രക്ഷാപ്രവർത്തകർ

****************
ഒലിച്ചുപോയൊരുരുൾപൊട്ടലിൽ
ഇരു ഗ്രാമങ്ങളിൽ വസിച്ചിരുന്നോർ
നൊമ്പരം ബാക്കിയാക്കി യാത്രയായി
നിനയ്ക്കാതെ പ്രകൃതിതൻ മടിത്തട്ടിൽ !

അവശേഷിപ്പവർ തേടി മണ്ണിനടിയിൽ
ഉടയവരെ പ്രതീക്ഷിച്ചു വ്യർത്ഥമായി
ഒരു നിമിഷംമുമ്പു ചേർന്നിരുന്നോർ
പിരിഞ്ഞുപോയി യാത്രചൊല്ലാതെ

ദേശത്തെയാകെ നൊമ്പരക്കടലിലാഴ്ത്തി
ദൈവങ്ങളും നിസ്സഹായരായി നില്ക്കേ
ആശ കൈവിട്ടോരെ ചേർത്തുനിർത്താൻ
വന്നുചേർന്നു സന്നദ്ധപ്രവർത്തകർ

അവശന്മാരാർത്തന്മാരാലംബഹീനർതൻ
അരികത്തു വന്നണഞ്ഞിവർ സാന്ത്വനമായി
ജാതിമതവർഗ്ഗചിന്തകളേതുമില്ലാതെ
നിരാശതൻ കരിമ്പടം ദൂരെയെറിഞ്ഞീടാൻ

വന്നടിഞ്ഞ പാറക്കൂട്ടങ്ങൾക്കിടയിൽനിന്നും
ജീവച്ഛവമായി കിടന്നോരെ തേടിയെത്തി
രക്ഷാപ്രവർത്തനം നടത്തിയോരിവർ
ജീവിച്ചിരിക്കും മനുഷ്യദൈവങ്ങളിവർ

സഖാക്കളിവർ തളരാതെ കൊടുത്തു
പ്രതീക്ഷതൻ പൂങ്കാവനമശരണർക്ക്
അവരെ താങ്ങിയെടുത്തു കൊണ്ടുപോയി
സുരക്ഷതൻ വർണ്ണകുടീരത്തിങ്കലേയ്ക്ക്

പ്രതിഫലമൊന്നും പ്രതീക്ഷിച്ചില്ലിവർ
സ്നേഹം മാത്രമാപ്തവാക്യമിവർക്ക്
മനുഷ്യത്വം പാടെ മരിച്ചിട്ടില്ലിവിടെയീ
ഭൂവി,ലിനിയുമെന്തു തെളിവു വേണം!

രാപകലില്ലാതെ അധ്വാനം ചെയ്യുമിവർ
ദുരിതത്തിൽപ്പെട്ടോരെ കരകേറ്റീടാൻ
ആരുമില്ല വാഴ്ത്തിപ്പാടാനീ നായകരെ
എങ്കിലുമിവർ വാഴും ജനഹൃദയങ്ങളിൽ!
********************************************
ഗീതാഞ്ജലി
1-11-2024
******************************************

സ്വപ്നം

 സ്വപ്നം

*********
ഒരു കൊച്ചു സ്വപ്നത്തിൻ ചിറകിലേറി-
പ്പറക്കുവാനതിയായ മോഹമോടെ
ഇനിയൊന്നുറങ്ങട്ടെയിത്തിരി നേരമീ
മരത്തണലിലിരുന്നു ഞാൻ

കൊഴിയുന്നയിലകളെൻ മൂർദ്ധാവിൽ
അരുമയായി സ്പർശിച്ചീടുമ്പോൾ
ഒരു സുന്ദരസ്വപ്നമെന്നെ തഴുകിയോ
കുളിർകാറ്റിനലകൾ പോലെ

അടയുന്ന മിഴികളെ മുട്ടിയുരുമ്മിയോ
കുസൃതിച്ചിരിയോടെ നിദ്രാദേവി
കനവുകണ്ടുണരാൻ കൊതിച്ചു ഞാൻ
കലമാനിനെപ്പോലെ കണ്ണുചിമ്മി

തിരയായി തഴുകൂ മിഴികൾതൻ തീരത്ത്
ഒരു വീണയിലുണരും ശ്രുതിയായി വരൂ
നിറദീപമായ് തെളിയൂ വിൺതാരകപോൽ
ഒരു ചിപ്പിതൻ മുത്തായി വരൂ നീ കിനാവേ

വരു നീ വിരുന്നുകാരിയായി പ്രിയസ്വപ്നമേ
അകലേക്കു പിണങ്ങിപ്പോകരുതേ
തിരയുന്നു നിന്നെയെൻ മനസ്സിൻ പച്ചപ്പിൽ
കതിരിടും മോഹത്തിൻ തേരിലേറി.
**********************************************
ഗീതാഞ്ജലി
3-1-2025
************************************************

ഞാൻ ഗന്ധർവൻ

 ഞാൻ ഗന്ധർവൻ 

********************

നിന്നെയുംതേടി ഞാനലയുന്നു

ഇന്നുമീ പ്രപഞ്ചത്തിലക്ഷമനായി

പാല പൂത്ത രാവിൻ രണ്ടാം യാമത്തി-

ലെത്തിടാം ഞാനെന്ന ഗന്ധർവൻ 


നിന്നെ കടാക്ഷിച്ചിടുവാനായിനി

എത്ര ജന്മങ്ങൾ കാത്തിരിക്കേണം 

ദേവീ നിൻ ചാരെയണയുവാനെൻ

ഹൃദയം തുടിക്കുന്നീ നാഴികയിൽ


ഏഴു സ്വർഗ്ഗങ്ങൾ താണ്ടി ഞാനണയാം

ഏഴു കുതിരകൾ കെട്ടിയ രഥമേറി

എൻ പ്രണയമറിയിക്കാനെത്തിടാം

ഒരു മഴത്തുള്ളിയായ് ഞാൻ പുണരാം 


ആലിംഗനങ്ങളാൽ മൂടിടാം നിൻ മേനി 

വിട ചൊല്ലും മുമ്പെയെന്നോമലാളേ

വിരഹത്തിൻ ചൂടിൽ നീയെരിയുമ്പോൾ

ഹിമകണങ്ങളായി പെയ്തിടാം ഞാൻ 


എൻ കിന്നരവീണയിൽ ഒരു പ്രേമഗാനം 

സുഭഗേ നിനക്കായ് ഒരുക്കീ ഞാൻ വിറയാർന്ന ചുണ്ടിലെ തേൻ നുകരാൻ 

ഒരു ശലഭമായി ഞാൻ പാറിവരാം


ഒരു മൂകരാഗമായകലേക്കു പോകേണ്ടി

വന്നാലുമെന്നെ നീ മറക്കരുതേ 

പോകാതെ വയ്യയീ ഭൂമിയിൽനിന്ന് 

തിരികെ വരുവാനുമാകില്ല പൊന്നേ


എങ്കിലും ഞാനൊരുഡുവായി വിണ്ണിൻ 

കോണിലിരുന്നെന്നും കൺകുളിർക്കെ 

നോക്കിയിരുന്നിടാം ജന്മാന്തരങ്ങളായ് 

രാത്രിതൻ നിശ്ശബ്ദയാമങ്ങളിൽ പ്രിയേ


ഗീതാഞ്ജലി 

9-7-2025

************************************

ആരാമകുസുമം

 ആരാമകുസുമം

******************
ഇന്നെൻ്റെ വാടിയിൽ വിരിഞ്ഞുനിന്നു
നറുമണം പേറി നീയോമൽപ്പൂവേ
എന്നനുരാഗംപോലെ തഴുകിയോ
ഒരു മണിത്തെന്നൽ നിൻ ദലങ്ങളെ

നിറമേറും സ്വപ്നമഞ്ചലിൽ വന്നു നീ
എൻ കിനാവിൽ നിറഞ്ഞുവോ
മഴമുത്തങ്ങൾ കവിളിൽ പതിഞ്ഞോ
ചാരുത നൽകുവാൻ ഓമലാളേ

നിറങ്ങളാൽ പുൽകുവാൻ വെമ്പിനിന്നോ
അർക്കരശ്മികൾ നിൻ്റെ ചാരേ?
മിടിക്കുന്നതാർക്കുവേണ്ടി നിൻ ഹൃദന്തം
പറയൂ മൽസഖീ മെല്ലെയെൻ കാതിൽ

നിന്നുള്ളിൽ നിറയും മധു നുകരാൻ
ഒരു പൂത്തുമ്പിയിന്നണഞ്ഞ നേരം
നാണം തുളുമ്പി നിൽക്കുന്നതെന്തിനോ
കണ്ണുകൾ ചിമ്മിനോക്കുവതെന്തിനോ

ഒരു പ്രേമഗാനം ഒളിപ്പിച്ചിടുന്നുവോ
നിൻ മൗനത്തിൻ സരസ്സിനുള്ളിൽ
ഒരു ചിപ്പിക്കുള്ളിലെ സാഗരം പോലെ
നിൻമനമാർത്തു തുടിക്കുന്നുവോ?

ദിനവും നീ തൊടുകുറി ചാർത്തി നില്പൂ
എൻമനോമുകുരത്തിലെന്നും
നിന്നെപ്പിരിയുവാനാവില്ലൊരിക്കലും
വാടല്ലേ നിൻമുഖമോമൽപ്പൂവേ.
ഗീതാഞ്ജലി
4-7-2025
*******************************************

വരയും വാക്കും

 വരയും വാക്കും

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
എൻമനമാംകനലിലെരിയുന്നൊരോർമ്മകൾ
ഇനിയെന്നേയ്ക്കുമായ് ചാലിച്ചിടട്ടെ ഞാൻ

വരകളായി,വരികളായി, വർണ്ണങ്ങളായ്
വരമ്പത്തൊഴിഞ്ഞ കൂട്ടരാം കിളികളായ്

വിടചൊല്ലി മറഞ്ഞതാം കപടസ്നേഹത്തിൻ
വിദ്വേഷക്കൊടുംകാറ്റിൽ പിടയുന്ന പ്രാണനായ്

അഴകാം ശാപത്തിൻതടവിൽ പിടഞ്ഞതാം
അഴലിൻറെ തേങ്ങലുതിർക്കും മയൂരമായ്

നിർവ്യാജസ്നേഹത്തിൻ പാശങ്ങളായൊരാ
നന്മയാം വെളിച്ചത്തിൻ വർണ്ണകിരണങ്ങളായ്

കവിതകളിൽ തുളുമ്പുന്നെൻ മിഴിനീർതുള്ളിയായ്
കാലം മായ്ക്കാത്ത മുറിവിൻ നൊമ്പരമായ്

അപൂർണ്ണതതൻ പര്യായമായിതാ വരയുന്നു
അക്ഷരത്തോരണം ചാർത്തുന്നു ചന്തത്തിൽ!

വർണ്ണങ്ങൾ ചാർത്തുവാൻ വന്നൊരു സന്ധ്യതൻ
വെളിച്ചം നിറച്ചിടാനെൻ പ്രാണൻറെ വിളക്കതിൽ!

വിളക്കൂതിക്കെടുത്തുവാൻ കുബുദ്ധികളാർത്തീടിലും
വിളക്കുമരമായെന്നും നന്മപക്ഷത്തു നിന്നിടാം!

സന്ധ്യയിരുളാം മരണക്കിണറിൽ വീണീടിലും
സത്യപ്രഭതൻ കിരണങ്ങൾ പുനർജ്ജനിപ്പിക്കാം!

അസ്വാതന്ത്ര്യത്തിൻ ഇരുട്ടറകളിൽനിന്നിതാ
അസുലഭസ്വാതന്ത്ര്യത്തിൻചിറകടിയൊച്ചകൾ

ചെവിയോർത്തുകൊണ്ടെൻ പ്രയാണം തുടരട്ടെ
ചാവേറുകൾക്കായിനിയുമിടംകരുതുക നിങ്ങൾ!
""""""""""""""""""""""""""""""""""""""""""""""""""""""""
ഗീതാഞ്ജലി
26-1-2018
******************************************

നീർപ്പളുങ്കുകൾ

 നീർപ്പളുങ്കുകൾ

"" "" "" "" "" "" "" ""
നീർപ്പളുങ്കുകളുമ്മവച്ചെൻറെ
നിറുകയിലിന്നുന്മാദിയായ്

നൃത്തമാടുന്നു കാറ്റിലുലഞ്ഞു
മണ്ണിലും തൂകിത്തുളുമ്പീടുന്നു

പൂവിതൾത്തുമ്പിൽ വൈരമായിതാ
തിളങ്ങീടുന്നല്ലോ ഭംഗിയിൽ

മാനത്തെ മണിമുറ്റത്താരിന്നു
നീർപ്പളുങ്കുകൾ വിതറിയിട്ടു?

നനഞ്ഞീടട്ടെയീമാരിയിൽ ഞാനും
ഒരു കുഞ്ഞുബാലികയെപ്പോലെ

ഒഴുകീടട്ടെയൊരരുവിയിൽ നീരിൻ
മണിമുത്തായോളപ്പെരുക്കത്തിൽ

പൊട്ടിച്ചിരിച്ചുകൊണ്ടീ നിർത്ധരി
തുടര്‍ന്നീടട്ടിന്നു സാമോദം

എന്നിലുൾപ്പുളകങ്ങൾ ചാർത്താനായ്
ചെയ്തിടൂ വീണ്ടും നർത്തനം
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "
ഗീതാഞ്ജലി
13-10-2019

മാ നിഷാദ

 മാ നിഷാദ

"" "" "" "" "" "
മമഹൃദയമിത്രമേലിന്നിതാ കേഴുന്നു
അനവരതമിറ്റുന്നു കണ്ണുനീർ മുത്തുകൾ!

കരുണയുടെ ചാലുകൾ വറ്റിയോ നിന്നിലെ
പരിഗണനയില്ലയോ സഹജീവിയെന്നും

നിരസനമതോ നിൻ പ്രണയാഭ്യർത്ഥനതൻ
പകരമതു ചോദിക്കുവാൻ കൊലയോ വഴി?

പെരുവഴിയിലിട്ടെന്നെ കത്തിച്ചു നീയെന്നിൽ
മരണഭയമുളവാക്കുന്നതോ പ്രണയം?

പരവശതയേതുമില്ലാതെ നീ നിന്നുവോ
മനമതിലൊരു കുറ്റബോധവുമേശാതെ?

കനവതിലുമൊരുനാളും ഞാനോർത്തതില്ല
കരുണയൊഴിയും പ്രതികാരദാഹി നീയോ?

പറയുവതിനാവതില്ലവസാനയാത്രാ-
മൊഴിയുമിനിയെന്നാത്മാവിൻതേങ്ങലല്ലാതെ

മമഹൃദിയുമിന്നിതാ വെന്തുപോയഗ്നിയിൽ
കഠിനതരമല്ലോ നിൻ ഹൃത്തെന്നറിയുകിൽ

ധരയിലിതു മാനുഷനുമാത്രം സാദ്ധ്യമോ
കരുണയുടെ വറ്ററ്റു ക്രൂരത കാട്ടുവാൻ?
(വൃത്തം-മണികാഞ്ചി)
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
21-3 - 2019
********************************************

കൊറോണക്കാലത്തെ വിഷു

 കൊറോണക്കാലത്തെ വിഷു

"" "" "" "" "" "" "" "" "" "" "" "" "" "" ""
പ്രകൃതിയൊരുങ്ങിയൊരു വിഷുവിനായ്
പ്രഭാതം ചിരിതൂകിനിൽപ്പതുണ്ടേ
കണിക്കൊന്ന മഞ്ഞയിൽ മുങ്ങിക്കുളിച്ചു
കടക്കണ്ണെറിഞ്ഞുനിരന്നിടുന്നുണ്ടേ

എങ്കിലും വിഷാദച്ഛായയോ മർത്ത്യരിൽ
എങ്ങനെ കൊണ്ടാടീടുവാനീ വിഷു
പകർച്ചവ്യാധിതൻ പിടിയിലായ് പിടയുന്നു
പകച്ചുനിൽക്കുമീ ലോകമെമ്പാടുമേ

ലോകത്തിലാകവേ ഇരുൾ മൂടിനിൽക്കവേ
രോഗം പരത്തുന്ന അണുവിനാലിന്ന്
പിടഞ്ഞിതാ വീഴുന്നു മരണഗർത്തത്തിൽ
പിടയുന്ന നെഞ്ചകമാശകൾ തീരാതെ

ആഘോഷിച്ചീടുവാനാവാതെ വിഷുവും വിതുമ്പി
ആരവങ്ങളില്ലാതൊഴിഞ്ഞുപോയ്
കണിക്കൊന്ന പുഞ്ചിരി തൂകി നിർമ്മലമായ്
കഥയൊന്നുമറിയാതെയാലോലമാടി

വിഷുപ്പക്ഷി പാടുന്ന പാട്ടിൻറെ ശ്രുതി കേൾക്കേ
വിഷാദമകലുമോ മനുജഹൃത്തിൽ?
പരസ്പരമകന്നുനിന്നിടുമീ ദിനങ്ങളിൽ സാന്ത്വനം
പകരുവാനണയൂ നീ വിഷുക്കാലസന്ധ്യേ
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "
ഗീതാഞ്ജലി
15-4-2020
**********************************************

കാവ്യമോഹം

 കാവ്യമോഹം

'''''''''''''''''''''''''''''''''''"""""''''''
വേഴാമ്പലായ്
ഇന്നെൻമനം
ലോലാർദ്രമായ്
പാടീടവേ

എൻശോകവും
ഏതോ കുളിർ-
കാറ്റാലിതാ
മാഞ്ഞീടുമോ?

സന്ധ്യാംബരം
തേങ്ങീടവേ
മേഘം തുളു-
മ്പീടുന്നിതാ

യാത്രാമൊഴി
ചൊല്ലാതെയാ
ആദിത്യനും
പോയീടവേ

ദുഃഖക്കടൽ-
ത്തീരത്തു ഞാൻ
ഏകാന്തമായ്
തേടുന്നിതാ

തോരാത്തൊരീ
കണ്ണീരിനാൽ
മാഞ്ഞീടുമാ
കാവ്യത്തിനായ്

ഓർമ്മിച്ചെടു-
ത്തീടുന്നു ഞാൻ
താളത്തിലായ്
പാടീടുവാൻ!

ഓളങ്ങളായ്
എത്തീട്ടിതാ
ദൂരത്തൊരാ
തീരത്തിനെ

ആലിംഗനം
ചെയ്തീടുവാൻ
എൻകാവ്യവും
ആശിച്ചിതാ!
(വൃത്തം - വേണി )
''''''''''''''''''''''''''''''''''''"""''''''''''''''''"""""
(ഗീതാഞ്ജലി )
24-6-2017
***************************************

മോഹം

 മോഹം

''''''''''''''''''''''
അമ്മിഞ്ഞപ്പാലിനായ് കരയുന്ന പ്രായത്തിൽ
അമ്മതന്നോമനമുഖം കാണാൻ മോഹം

പിച്ചവച്ചുനടക്കുന്ന പ്രായത്തിൽ
പിച്ചകപ്പൂക്കൾ പെറുക്കുവാൻ മോഹം!

അക്ഷരക്കുഞ്ഞുങ്ങളരങ്ങേറ്റം കുറിച്ചപ്പോൾ
എൻ സ്ലേറ്റിനുമോഹമതിൻവേദിയാവാൻ

കൂട്ടരോടൊത്തൊന്നു നൃത്തംചവിട്ടുമ്പോൾ
കൂടെച്ചേർന്നുതുള്ളാൻ ചിലങ്കയ്ക്കു മോഹം!

തൊടിയിലെ പൂക്കളെയുമ്മവച്ചിടുമ്പോൾ
തുമ്പിയായ് പാറിപ്പറക്കുവാൻ മോഹം!

മാവു തളിർക്കുമ്പോൾ മാമ്പൂക്കൾ വിരിയുമ്പോൾ
മോഹമുദിക്കുന്നു മാമ്പഴക്കൊതി തീർക്കാൻ

വാനിലാദിത്യൻ പാൽ തിളപ്പിച്ചിടുമ്പോൾ
വെൺമേഘമായിത്തൂകുവാൻ മോഹം!

തൊട്ടപ്പോൾ പിണങ്ങിയ തൊട്ടാവാടിയെ
തൊട്ടൊന്നുണർത്തുവാനതിയായ മോഹം

കാവ്യത്തിൻമാധുര്യം നിറയുമ്പോഴെൻചിത്തം
കാട്ടുമൈനയായ് പാടുവാൻ മോഹം!

ഒരു പൂവായ് സ്വാദൂറുംപൂന്തേൻ നിറച്ചെന്നിൽ
ഒരു വർണ്ണശലഭത്തെ ഊട്ടുവാൻ മോഹം!

ഒരു സുന്ദരസ്വപ്നത്തിൻചിറകിലേറി മെല്ലേ
ഒരു കുഞ്ഞുതാരമായിച്ചിരിതൂവാൻ മോഹം!

വിദ്യതൻപടവുകൾ ചവിട്ടിക്കയറുമ്പോൾ
വിജ്ഞാനമാരിയിൽ നനയുവാൻ മോഹം!

അനന്തമാം സാഹിത്യവർണ്ണപ്രപഞ്ചത്തിൽ
അക്ഷരപ്രേമിയായ് പറക്കുവാൻ മോഹം!

ഉലകത്തിലനീതിതൻ ചാട്ടുളി വീശുമ്പോൾ
ഉടവാളായി തൂലികയെത്തീർക്കുവാൻ മോഹം!

മോഹത്തിൻപല്ലക്കിലേറിയലയുവാൻ
മോഹമുദിക്കുന്നതതിമോഹമെന്നറികിലും!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
3-7-2018
***********************************************