Tuesday, January 27, 2026

ബിനാലെ കലാപ്രദർശനം

 ബിനാലെ കലാപ്രദർശനം

**************************
ബിനാലെ ചിത്രഭംഗികൾ
മനം നിറച്ചു കണ്ടു ഞാൻ
നിറങ്ങളാൽ നിറഞ്ഞൊരാ
കലാപ്രപഞ്ചമാണിതാ

മനോഹരം പ്രദർശനം
വിരിഞ്ഞിതാ മനസ്സിലും
മലർകളിൻ നിറങ്ങളാൽ
ചമച്ചിതാ കലോത്സവം

കലാപ്രപഞ്ചവേദിയിൽ
വിശിഷ്ടചിത്രചാതുരി
നടന്നു കണ്ടു ഞാൻ മനം
മയക്കുമീ വിരുന്നിനെ

വിടർന്നു കണ്ണുകൾ സ്വയം
സവിസ്മയത്തിനാൽ സഖേ
നലം നിറഞ്ഞു ഹൃത്തിലും
ചിരം സ്മരിച്ചിടാനിതാ

വൃത്തം -പ്രമാണിക
താളം -തതം തതം തതം തതം
ഗീതാഞ്ജലി
9-1-2026
********************************************

വയൽപ്പൂക്കൾ

 വയൽപ്പൂക്കൾ

"" "" "" "" "" "" "" ""
സന്ധ്യതൻ മുഖമിതാ ചെമന്നുവോ
കുങ്കുമം വിതറിയാകെ പാരിതിൽ
തെന്നലെൻ കവിളിലുമ്മ നൽകുവാ-
നോടിവന്നരുമയോടെ മൂളിയോ?

കാണ്മതുണ്ടു വയലിൽ നിരന്നിടും
പൂക്കളിൻ നിരകളാർദ്രമായിതാ
ഉറ്റുനോക്കുമൊരു മേഘജാലമൊ-
ന്നാശയറ്റ മമ ജീവവേണുവിൽ

ഓർമ്മയായിതൊരു ബാല്യകാലവും
യൗവനത്തിലുലയാത്ത വർണ്ണവും
ആ വയൽക്കുസുമമായി ശോഭയിൽ
നർത്തനം തുടരുമോ അനന്തമായ്

നന്മതൻ കതിരു ചാർത്തിയാടുവാൻ
ഭംഗിയോടെ ചിരി തൂകിനില്ക്കവേ
പൂക്കളായി നല മോഹമായിരം
പ്രേമപൂർവ്വമൊരു ചാരുചിത്രമായ്
(വൃത്തം - രഥോദ്ധത)

*********************************************

ഇഷ്ടനിറം

 ഇഷ്ടനിറം

************
വാരിദങ്ങൾ തുഴഞ്ഞുനീങ്ങുമീ
വാനത്തിനു നീലനിറം

തിരകൾ തുള്ളിത്തുളുമ്പുന്നൊരീ
കടലിനും നീലനിറം

രാധതൻ പ്രിയതോഴനാം കണ്ണനും
അഴകാർന്ന നീലനിറം

നീലക്കുറിഞ്ഞികൾ പൂക്കുന്ന ദൃശ്യം
കണ്ണിനു വിരുന്നല്ലോ

എന്നുടെ വാടിയിൽ വിരുന്നുവരും
ശലഭത്തിനും നീലനിറം

പീലിവിരിച്ചഴകിൽ നർത്തനമാടുന്ന
മയിലിനുമെന്തേ നീലനിറം?

എൻ കവിതകൾ പകർത്തിയ തൂലികതൻ
മഷിയുടെ നിറവും നീലയത്രേ

എങ്കിലുമെനിക്കു നീലനിറമിത്രയും
പ്രിയങ്കരമാവുന്നതെന്തെന്നോ?

എൻ്റെ വാട്ട്സ്ആപ്പ് സന്ദേശങ്ങൾക്കുള്ള
ശരികൾ നീലനിറമാവുമ്പോൾ

എൻ്റെ സന്ദേശങ്ങൾ നീ വായിച്ചപ്പോൾ
ഞാൻ നീലനിറത്തെ സ്നേഹിക്കുന്നു

ആ നീലനിറം കാണവേ എൻ ഹൃദയം
ആനന്ദതുന്തിലമാവുന്നു

വാനവും സാഗരവും മയിൽപ്പീലിതൻ ഭംഗിയും
ഞാനവിടെ ദർശിക്കുന്നു

ആയിരം നീലക്കുറിഞ്ഞികൾ പൂക്കുന്നു
നീലശലഭങ്ങൾ പാറിപ്പറക്കുന്നു

എൻ്റെ മനസ്സിൻ്റെ ഭാരം ഒഴിഞ്ഞുപോകുന്നു
ആധിനിറഞ്ഞ ചിന്തകൾ ശമിക്കുന്നു.

അപ്പോഴല്ലോ നീലനിറം എനിക്കേറ്റവും
പ്രിയങ്കരമാവുന്നതെന്നറിയുക നീ.
ഗീതാഞ്ജലി
10-1-2026
**********************************************

പുതുവത്സരം

 പുതുവത്സരം

****************
പുതുവത്സരമേ നിനക്കിന്നു ചേലിൽ
വരവേൽപ്പു തരുന്നിതായെൻ ഹൃദന്തം
മനതാരിലണഞ്ഞു വീണ്ടും വിലോലം
പുതുകാവ്യതരംഗമേവം മനോജ്ഞം

മമമോഹമലർ വിടർന്നെത്തിനോക്കീ
ഹിമബിന്ദു തുളുമ്പുമീ നാളിലാർദ്രം
കൊഴിയുന്ന സുമങ്ങളെപ്പോലെയെന്നോ
മറയുന്നതിദുഃഖമോടിന്നൊരാണ്ടും

വരവേൽക്കുകയാണു ഞാനും സജീവം
പുതുവത്സരകന്യതൻ ശോഭ കാണ്മാൻ
ശുഭചിന്തകളാലെ ചന്തം ചുരത്താൻ
മമമാനസവേണുവിൽ രാഗമേകാൻ

നിറയട്ടെ മനുഷ്യനന്മത്തരുക്കൾ
കനിവിൻ്റെ കതിർ തളിർത്തൊന്നു കാണ്മാൻ
ഉലകം മുഴുവൻ ചിരം സ്വർഗ്ഗമാകാൻ
ശുഭദം പുതുനാളിലേവം തുടക്കം

സഖരേ പകരുന്നു പുത്താണ്ടുനന്മ
സുഖമായുണരൂ വെളിച്ചം നിറയ്ക്കാൻ
മനമെന്ന ചെരാതിലായുസു നേരാം
പുതുവത്സരനാളിലാശംസയേകാം

വൃത്തം:സമയപ്രഹിത
താളം:തതതം തതതം തതംതം തതംതം
ഗീതാഞ്ജലി
1-1-2026
***********************************************

നീയെന്ന സ്വപ്നം

 നീയെന്ന സ്വപ്നം

*******************
എൻ്റെ ചെറിയ ലോകം നിനക്കായി മാത്രം തുറന്നവളാണ് ഞാൻ

എൻ്റെ സ്നേഹം നിനക്കുവേണ്ടി മാത്രം
സൂക്ഷിച്ചുവച്ചവളാണ് ഞാൻ

എൻ്റെ സമയം നിന്നോട് മിണ്ടാൻവേണ്ടി
മാത്രം നീക്കിവച്ചവളാണ് ഞാൻ

എൻ്റെ സ്വപ്നങ്ങളിൽ അതിഥിയായെത്തുന്നത് നീ മാത്രം

ഞാൻ ശ്വാസം വിട്ടിരുന്നത് നിൻ്റെ സ്നേഹത്തണൽ മോഹിച്ചായിരുന്നു

എൻ്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹം
നിൻ്റേതു മാത്രമായിരുന്നു

എൻ്റെ മാനസസരസ്സിൽ പറന്നിറങ്ങിയ
അരയന്നമായിരുന്നു നീ

എൻ്റെ ജീവിതം രാഗതുന്തിലമാക്കിയത്
നിൻ്റെ സാന്നിധ്യമായിരുന്നു.

എൻ്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നല്കിയത് നിൻ്റെ പ്രണയമായിരുന്നു

എൻ്റെ സ്നേഹതീരത്തെ മുത്തമിട്ടത്
നിൻ്റെ മനസ്സിലെ തിരകളായിരുന്നു

എൻ്റെ മോഹങ്ങൾ പങ്കുവച്ചിരുന്നത്
നിന്നോട് മാത്രമായിരുന്നു

എൻ്റെ ഹൃദയവികാരങ്ങൾ ചൊല്ലിയത്
നിൻ്റെ കാതിൽ മാത്രമായിരുന്നു

എന്നിട്ടും എൻ്റെ മൊഴി കേൾക്കാൻ നിൽക്കാതെ നീ പോയിമറഞ്ഞു

എൻ്റെ വാക്കുകൾക്ക് വിലകൊടുക്കാതെ
നീ അവഗണനയുടെ കനലിലിട്ടു

എൻ്റെ സ്നേഹത്തെ കണ്ടില്ലെന്നു നടിച്ചു നീ
എൻ്റെ ഹൃദയത്തെ വ്രണപ്പെടുത്തി

നീയെന്ന സ്വപ്നം അകന്നുപോകവേ
എന്നിൽ വിഷാദത്തിൻ മഴ പെയ്തു

ഈ മഴ തോരാതെപെയ്യവേ എൻ്റെ
ജീവൻ പിടഞ്ഞുവീഴുന്നു

വരുമോ നീയെൻ ജീവനായി വീണ്ടും
എന്നെ ഉയിർത്തെഴുന്നേല്പിക്കാൻ?

നീയാകുന്ന വേരുകളെൻ്റെ മനസ്സിൻ
ശിഖരങ്ങളിൽ ജീവജലമേകുമോ?
ഗീതാഞ്ജലി
22-1-2025
***********************************************

മഞ്ചാടിമണികൾ

 പരസ്പരം മാസികയിൽ പ്രസിദ്ധീകരിച്ച എൻ്റെ കവിത.

മഞ്ചാടിമണികൾ
"""""""""""""""""""""""
ജീവിതോദ്യാനത്തിലോർമ്മതൻ നറുംപൂക്കളാൽ
കോർത്തിടുന്നായിരം മണിമാലകൾ
നീർമണിമുത്തുകൾ ചേമ്പിലയിൽ തുള്ളവേ-
യോർമ്മകളോടിയെത്തുന്നുവോ!

ബാല്യത്തിൻ കുസൃതികളോർത്തിടുമ്പോൾ
താനേ തുള്ളുന്നു മമമാനസവും
മഞ്ചാടിമുത്തുകളാൽ മാല കൊരുക്കുമ്പോൾ
മാനസമോ തരളിതമായിടുന്നു.

മഞ്ചാടിമണികൾപോൽ വർണ്ണാഭമാകുമെൻ
ബാല്യത്തിലേക്കു തിരിച്ചുപോകാൻ
ആശയുയിർക്കൊള്ളുന്നു ജീവിതാന്ത്യത്തിലും
മഞ്ചാടിമണികൾകൊണ്ടമ്മാനമാടാൻ.

സ്നേഹസ്വരൂപികളാം സഖിമാരോടൊത്തു
കേളികളാടാനുള്ളം കൊതിക്കുന്നു.
ചോന്നുതുടുത്തൊരാ മഞ്ചാടിമണി പെറുക്കി
പൊന്നുപോൽ സൂക്ഷിക്കാൻ മോഹം.

ഇന്നുമെന്നോർമ്മയിൽ തെളിയുന്നു ഭംഗിയിൽ
ചന്തം തികഞ്ഞൊരാ ബാല്യകൗതുകം
മഞ്ചാടിമുത്തുകൾ കോരിയെടുത്തു ഞാനി-
ന്നമ്മാനമാടുന്നോർമ്മതൻ ദ്വീപിൽ

ബാല്യത്തിനിത്രയും നിറം പകർന്നീടുവാൻ
മറ്റെന്തു വേണമെന്നോർത്തിടവേ
നഷ്ടമായെപ്പൊഴോ ബാല്യകൗമാരങ്ങൾത-
ന്നിഷ്ടങ്ങളൊക്കെയുമീ വീഥിയിൽ
ഗീതാഞ്ജലി
26-9-2021
***********************************************

ക്രിസ്മസ് ഗാനം

 ക്രിസ്മസ് ഗാനം

********************
ബെദ്ലഹേമിൻ്റെ മണ്ണിൽ പുൽത്തൊട്ടിലിൽ
കുളിരുള്ള രാത്രിയിലൊരു പൊന്നുണ്ണി പിറന്നു
മാലാഖമാർ കാവൽ നിന്നു
ആട്ടിടയന്മാർ ഹല്ലേലൂയ പാടി
ഇന്നല്ലോ പുണ്യദിനം
ക്രിസ്മസിൻ പുണ്യദിനം (ബെദ്ലഹേമിൻ്റെ

മണ്ണിലേവർക്കും സമാധാനമേകാൻ
പാപങ്ങളെല്ലാം മായിച്ചീടാൻ
ദൈവത്തിൻ പുത്രൻ ഭൂജാതനായി
യേശുദേവൻ ഭൂജാതനായി
ഹല്ലേലൂയ പാടാം സോദരരേ
വാഴ്ത്തിപ്പാടാം ഉണ്ണിയേശുവിനെ (ബെദ്ലഹേമിൻ്റെ........

രാജാക്കന്മാർക്കായ് വഴികാട്ടാൻ
വിണ്ണിൽ നക്ഷത്രമുദിച്ചല്ലോ
സന്തോഷത്തിൻ പൂത്തിരി കത്തിച്ചു
ആടിപ്പാടി ആഘോഷിക്കാം
ഹല്ലേലൂയ പാടാം സോദരരേ
വാഴ്ത്തിപ്പാടാം ഉണ്ണിയേശുവിനെ
(ബെദ്ലഹേമിൻ്റെ........
25-12-2026
**********************************************

സുഗതകുമാരി

 മലയാളത്തിൻറെ പ്രിയപ്പെട്ട കവയിത്രിയായ ശ്രീമതി സുഗതകുമാരിക്ക് എൻറെ ആദരാഞ്ജലി!

സുഗതകുമാരി
*****************
പ്രകൃതിയെ സ്നേഹിച്ചൊരു മഹാകവയിത്രി
കാലയവനികയ്ക്കുള്ളിൽ പോയ്മറഞ്ഞു
കൃഷ്ണാ നീയറിയുകയില്ലയോ മനസ്വിനിയെ
കവിതകൾതുളുമ്പുമീ സ്ത്രീരത്നത്തെ

നൊമ്പരപ്പൂക്കൾ ചൂടിയീ വാനവും ഭൂമിയും
പാടുന്നു കവിത്വം തുളുമ്പുന്ന വരികൾ
ഇനിയുമെഴുതാൻ കാത്തുനില്ക്കാതെ
പോയിമറഞ്ഞെങ്ങു നീ വാനമ്പാടീ?

സ്നേഹസാഗരം നിറയുംമിഴികളാൽ
തേടി നീ പ്രപഞ്ചത്തിന്നുൾത്തുടിപ്പുകളെ
പ്രകൃതിതൻ സൗന്ദര്യം വ്രണപ്പെട്ടതിൽ
ഖിന്നയായെഴുതി നീ ശോകകാവ്യങ്ങൾ.

പുനർജ്ജനിച്ചിടുക മറ്റൊരു ജന്മത്തിൽ
പുത്തൻ കവിതകൾ രചിച്ചിടുവാൻ
നിർമ്മലസ്നേഹത്തിന്നുറവയായിടുക
നീയൊരു വൃന്ദാവനിയായി വിടരുക.
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
23-12-2020
*********************************************

ദലമർമ്മരം

 ദലമർമ്മരം

************
വിടർന്നു ചെമ്പകമലർ *ഖസീദ പോൽ
തുടുത്തു വാടിയുമതീവഹർഷമോ!
വിരുന്നു വന്നൊരു വസന്തകാലമേ
തരുന്നു ഭംഗിയിലതുല്യവർണ്ണമോ?

പറന്നു ഞാനൊരു പതംഗമെന്നപോൽ
നിറഞ്ഞു വാടി ദലമർമ്മരങ്ങളാൽ
തുറന്നു കാതുകളതിൻ രവം ശ്രവി-
ച്ചറിഞ്ഞു ഞാനതുമതിത്രയിമ്പമോ!

തരുക്കളെന്തിതു രഹസ്യ ഭാഷണം?
നിറച്ചു നിർവൃതിയനന്തമോദവും
വരുന്നു തെന്നലുമതു ശ്രവിച്ചിടാൻ
മറഞ്ഞു നിന്നതു തുടർന്നു നർത്തനം

അനക്കമേറവെയൊരുക്കിയീണവും
മനസ്സിലേറ്റിയൊരിണക്കുയിൽ തരും
ശ്രുതിക്കു ചേരുവതിനായി മർമ്മരം
പതിച്ചു വശ്യതയൊടിന്ദ്രിയങ്ങളിൽ

സുമങ്ങളാകെയുമുണർന്നുനോക്കവെ
കുമാരിപോലവെ കുണുങ്ങിയാടിയോ!
കുറുമ്പു കാട്ടിടുമിളംദലങ്ങളിൽ
നിറഞ്ഞ മർമ്മരമതൊന്നു കേൾക്കുവാൻ
(വൃത്തം-സുമംഗല)
താളം-തതംത തംതത തതംത തംതതം
*ഖസീദ-കാവ്യം

ഗീതാഞ്ജലി
12-12-2021
*********************************************

വരവേൽപ്പ്

 വരവേൽപ്പ്

**********************
ഓർമ്മകൾ പെയ്തു നീയെൻ മനസ്സിൻ
താമരപ്പൊയ്കയിൽ വന്നണഞ്ഞു
തളിരിട്ടുനിന്നൊരാ മോഹപുഷ്പങ്ങളെ-
തഴുകിയുണർത്തിയോ തെന്നലായി

തനിയെ തുറന്നൊരു ജാലകവാതിലിൽ
തിങ്കൾക്കലപോലെ നീ തെളിഞ്ഞുനിന്നു
സന്ധ്യാംബരം നീളേ കുങ്കുമവർണ്ണത്താൽ
നിന്നുടെ കവിളിണകൾ തൊട്ടുതലോടി

കാത്തിരിക്കുന്നു വസന്തകാലത്തിൻ
കാഴ്ചകൾ നിന്നുടെ കണ്ണിലൂടെ
കണ്ണിൽ തെളിഞ്ഞൊരാ സ്വപ്നങ്ങൾ
കണ്ണാന്തുമ്പികളായിന്നു പാറിടുന്നു

നീയെന്നിൽ വർഷിച്ച പ്രണയപുഷ്പങ്ങൾ
പ്രാണനിൽ സുഗന്ധം നിറച്ചിടുന്നേരം
നീലനിശീഥിനിയിൽ ചാരത്തിരുന്നു നീ ചൊല്ലിയ രഹസ്യങ്ങളീണങ്ങളായി

കാലത്തുദിച്ചുവരുന്നൊരർക്കനായി
നീയെൻ്റെ ചേതനയിൽ വർണ്ണം വിതറി
നീ പകർന്നൊരാ സുവർണ്ണപുഷ്പങ്ങൾ
ഇന്നെൻ്റെ മാനസവാടിയിൽ നിറഞ്ഞു

നിൻ്റെ വൃന്ദാവനത്തിലെ രാധയായ്
മാറുവാൻ മാനസം കൊതിച്ചിടവെ
വാർമഴവില്ലു കുലച്ചു നീ നില്പൂയെൻ
തോഴനായി ഹൃത്തിൽ ഭേരി മുഴക്കി

മാമയിലായൊരു നർത്തനമാടി ഞാൻ
നീയെൻ്റെ ചാരത്തണഞ്ഞ നേരം
പ്രണയത്തിൻ തംബുരു മീട്ടി ഞാൻ
വരവേൽക്കാനായി നിന്നെയുള്ളിൽ
ഗീതാഞ്ജലി
17-12-2025
******************************************

മണ്ണ്

 മണ്ണ്

******
ജീവസ്പന്ദനം തുടിച്ചുനിൽക്കുന്ന
മണ്ണു നമ്മുടെയന്നമൊരുക്കുന്നു
സർവ്വചരാചരങ്ങൾക്കും
ധരയിലാശ്രയം മണ്ണുതന്നെ.

ജീവൻ മുളപൊട്ടും മണ്ണിലല്ലോ
സസ്യജാലം തഴച്ചുവളരുന്നു
മണ്ണിതില്ലയെങ്കിൽ ധരയിൽ
ഫുല്ലസുമങ്ങൾ ശോഭയേകുമോ?

മണ്ണിനടിയിൽ വാസംചെയ്യും
ജീവികൾക്കുമഭയസ്ഥാനം.
മനുഷ്യവർഗ്ഗവും മണ്ണിലടിയും
മരണശേഷമെന്നതോർക്ക.

മണ്ണൊരുക്കി കൃഷിയിറക്കാൻ
പാടുപെടുന്നോർ കർഷകന്മാർ
മണ്ണിൽ പൊന്നു വിളയിച്ചീടും
വിയർപ്പു തൂകി കൃഷിവലന്മാർ.

മണ്ണിലല്ലോ പണിതിടുന്നു
കൊച്ചുകൂരയും രമ്യഹർമ്മ്യവും
മണ്ണുമാന്തി മർത്ത്യരൊരുക്കി
വികസനത്തിൻ പുതിയ പാതകൾ.

മണ്ണിലുയരട്ടെ പുതിയ പൂക്കൾ
ഫലവൃക്ഷങ്ങൾ, തണൽമരങ്ങൾ
സംരക്ഷിക്കാം മണ്ണിനെ നാം
നല്ല വിളകൾ കൊയ്തെടുക്കാൻ.
ഗീതാഞ്ജലി
5-12-2021
***********************************************

മതിലുകൾ

 മതിലുകൾ

*************
മതിലുകൾ ഹരം മർത്ത്യനിന്നിതാ
അലിവശേഷമില്ലില്ല നിശ്ചയം
സഹജഭാവമൊന്നാണതാർത്തിയോ
പണമതൊന്നുമാത്രം വിചാരമോ?

കരുണയില്ലയൽക്കാരനോടിതാ
മധുരവാക്കുകൾ ചൊല്ലുവാൻ മുദാ
മറപണിഞ്ഞിടാനാഗ്രഹം സ്വയം
പണിതതായ കാരാഗ്രഹത്തിലോ

മതിലുകൾക്കകം മിണ്ടുവാനൊരാൾ
വിരളമെന്നതോ നിത്യസങ്കടം
ഇരുകരങ്ങളും ചേർത്തു മിണ്ടുവാൻ
മതിലിനപ്പുറത്തായിയില്ലൊരാൾ

മധുരവും ചവർപ്പും കലർന്നൊരാ
പഴയകാലമേ സ്നേഹമോടെ നീ
വരു പരസ്പരം ചേർത്തുനിർത്തുവാൻ
ഒരുമയോടെ വാഴാൻ മനുഷ്യരായ്

മതിലു കെട്ടുവാനിഷ്ടമറ്റൊരാ
തലമുറയ്ക്കു ജീവിച്ചിടാൻ ജഗം
പകരുവാൻ സഹായം പരസ്പരം
പുലരുവാൻ സമാധാനജീവിതം

തകരുവാൻ മതത്തിന്നതിർത്തികൾ
പകരമെന്നുമേ ചേർത്തുനിർത്തുവോർ
സഹകരിച്ചു ജീവൻ കൊടുത്തതാം
ജനതയല്ലൊ ജീവിച്ചു ശാന്തിയിൽ

കണികപോലുമേ സ്വാർത്ഥചിന്തകൾ
മനമിതിൽ കടക്കാത്ത നന്മയായ്
മനുജജന്മവും മാറുവാനിഹം
മതിലുകൾ തകർക്കൂ മനുഷ്യരേ
വൃത്തം:സമ്മത
താളം:തതത തംതതം/തംതതം തതം
ഗീതാഞ്ജലി
12-12-2025
**********************************************

അതിജീവിത

 അതിജീവിത

***************
ഉരുകുന്നൊരു ചിന്തയെന്നിലും
അതിജീവിതയിന്നു നേടുമോ
വിജയം പടവെട്ടിവാങ്ങുമോ
തവനീതിയെ തൂക്കിലേറ്റുമോ

പലവർഷമിതാധിയായിതാ
നിറയുന്നു മനസ്സിനുള്ളിലായ്
കനലായെരിയുന്നു സങ്കടം
പല ശങ്കകളുള്ളിലായിതാ

ഇരയല്ലതിജീവിതയ്ക്കിതാ
വിധിനാളിതു നീതി കിട്ടുമോ
പ്രതിരോധമതൊന്നു തീർക്കുമോ
വിടചൊല്ലുവതിന്നു ദുഃഖമോ

തളരും മനമേ പ്രതീക്ഷതൻ
മഴവില്ലിനി കാണുമോ ചിരം
തവപീഡനകാലമോർക്കവേ-
യെരിയുന്നു മനം നിതാന്തമായ്

ഒരു പാഠമതെന്നുമാകണം
മരണംവരെ പീഡകർക്കിതിൽ
ഇനിയും തുടരാതിരിക്കുവാ-
നിതുമാതിരി പീഡനങ്ങളും
സുമുഖി
തതതം തത തംതതംതതം
ഗീതാഞ്ജലി
8-12-2025
**********************************************