Sunday, November 24, 2019

ഒരു ബോട്ടുയാത്രയുടെ ഓർമ്മയ്ക്ക്

ഒരു ബോട്ടുയാത്രയുടെ ഓർമ്മയ്ക്ക്
"" "" "" "" "" "" "" "" "" "" "" "" "" "" "" ""
കഴിഞ്ഞ വേനലവധിക്ക് നാട്ടിൽ ചെന്നപ്പോളാണ് എൻറെ നാട്ടിലെ സീനിയർ സിറ്റിസൺസ് അസോസിയേഷൻ ഭാരവാഹിയായ എൻറെ പിതാവ് പറഞ്ഞത്, അവരെല്ലാവരും ചേര്‍ന്ന് ആലപ്പുഴക്ക് ബോട്ടുയാത്രയ്ക്ക് പോകുന്നുണ്ടത്രേ! അങ്ങനെ ഒരു നാൾ ഞാനും ഒരു ദിവസത്തേക്ക് 'ചെറുപ്പക്കാരായി' മാറിയ വൃദ്ധരുടെ കൂടെ ഉത്സാഹപൂർവ്വം യാത്ര പുറപ്പെട്ടു. ഒരു ടൂറിസ്റ്റുബസിലായിരുന്നു ഞങ്ങളുടെ യാത്ര.രാജകീയപ്രൗഢിയോടെ അണിഞ്ഞൊരുങ്ങിവന്ന ബസ് ഓരോരോ സ്റ്റോപ്പുകളിൽനിന്നായി എല്ലാവരെയും ഉള്ളിലേറ്റി തൻറെ ജൈത്രയാത്ര ആരംഭിച്ചു. ഓരോ സ്റ്റോപ്പിലും ബസ്സിനുള്ളിൽ പ്രവേശിച്ച വൃദ്ധപൗരർ ഏതോ സ്വർഗ്ഗകവാടം തുറന്നകത്തേയ്ക്ക് പ്രവേശിച്ചതുപോലെ തോന്നി. അവരുടെ മുഖത്തും മുടിയിലും ഒരു വെള്ളിവെളിച്ചം വെട്ടിത്തിളങ്ങി. (ഡൈ തേച്ചവരുടെ മുടി ഇതിൽപ്പെടില്ലെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ!) ഞാൻ ബസ്സിനുള്ളിൽ പ്രവേശിച്ചയുടനെതന്നെ ഒരു ജനൽസീറ്റിൽ സ്ഥാനം പിടിച്ചു, ബസ്സിനു പുറമേയുള്ള പിന്നിലേക്കൊഴുകുന്ന പച്ചപ്പിനെ കണ്ണുകളിലൊപ്പിയെടുക്കുവാൻ! ചില പ്രപഞ്ചവിസ്മയങ്ങളെ എൻറെ മൊബൈൽക്യാമറയും ഒപ്പിയെടുത്തു.
ബസ്സിനുള്ളിലെ ടി. വി. യിൽ സിനിമ തുടങ്ങിയപ്പോൾ അതുവരെ കുശലപ്രശ്നങ്ങൾ ചെയ്തിരുന്നവർ അതു നിറുത്തി. പിന്നെ സംസാരം നാമമാത്രമായിരുന്നുവെന്നുവേണം പറയാൻ. എങ്കിലും പേരക്കിടാങ്ങളുമായി വന്ന മുത്തശ്ശന്മാരും മുത്തശ്ശിമാരും അവരെ കൊഞ്ചിക്കുന്നത് കണ്ണിനിമ്പം പകർന്നു. ആലപ്പുഴയോടടുത്തുവരുന്തോറും വേമ്പനാട്ടുകായലിലെ പുളിനങ്ങളെ തഴുകിവരുന്ന കുളിർത്തെന്നൽ ഞങ്ങളെ ഹാർദ്ദമായി സ്വാഗതമോതുവാൻ വഴിവക്കിൽ കാത്തുനിന്നിരുന്നു.അതിരാവിലെതന്നെ യാത്ര പുറപ്പെട്ടതിനാൽ ആലപ്പുഴയിൽ എത്തിയപ്പോഴേക്കും പലരെയും വിശപ്പിന്റെ മുദ്രാവാക്യംവിളികൾ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.ഞങ്ങൾ അവിടെയുള്ള ഒരു റസ്റ്റോറൻറിൽനിന്ന് പ്രഭാതഭക്ഷണം കഴിഞ്ഞതിനുശേഷം മാത്രമാണ് ആ മുദ്രാവാക്യംവിളികൾ നിലച്ചത്. ഇനി ഉച്ചയ്ക്ക് വീണ്ടും വരുമെന്നുള്ള മുന്നറിയിപ്പോടെ!
             
                   ഞങ്ങൾക്ക് കയറാനുള്ള ബോട്ട് മറ്റു ചില ബോട്ടുകളുടെ അടുത്ത് ഒരു നവോഢയെപ്പോലെ കുണുങ്ങിനില്പുണ്ടായിരുന്നു,വേമ്പനാട്ടുകായലിൻറെ ഓളപ്പരപ്പിൻമീതേ! ആ ജലാശയത്തിന്റെ ഭംഗി നുകർന്നുകൊണ്ട് എന്നെത്തന്നെ മറന്നുനില്ക്കവേ, ആരോ എൻറെ  തോളിൽ കുലുക്കിവിളിച്ചു, "എന്താ ഗീത ഇവിടെത്തന്നെ നില്ക്കുന്നത്? ബോട്ടിൽ കയറുന്നില്ലേ?" എന്നൊരു ചോദ്യത്തോട. പപരിസരബോധം വീണ്ടെടുത്ത ഞാൻ അതിനകം കൊച്ചുകുട്ടികളായി മാറിയ എല്ലാ വൃദ്ധ ജനങ്ങളുടെയും പുറകേ ബോട്ടിൽ കയറിപ്പറ്റി. അകത്ത് മറ്റു മുറികളുണ്ടായിരുന്നെങ്കിലും കായലിന്റെ മനോഹാരിത ആവോളം നുകരാനായി ഞാൻ മുന്നിൽത്തന്നെ ഇരിപ്പുറപ്പിച്ചു. കായലിനുചുറ്റും തലയെടുപ്പോടെ നിന്നിരുന്ന തെങ്ങുകൾ ഞങ്ങൾക്ക് ഓലക്കൈകളാൽ സ്വാഗതമോതി.

                     കായലിലെ കുഞ്ഞോളങ്ങളെ ഞാനൊന്നെത്തിനോക്കവേ സന്തോഷാധിക്യത്താൽ അവ തുള്ളിച്ചാടുന്നു കാഴ്ചയാണ് കണ്ടത്. എനിക്കും അവയോടൊപ്പം ചേര്‍ന്ന് തുള്ളിച്ചാടാൻ മോഹമുണ്ടായിരുന്നെങ്കിലും നീന്തലറിയില്ലല്ലോ എന്ന ഉൾഭയംമൂലം മോഹമുള്ളിൽത്തന്നെ സൂക്ഷിച്ചു,സാഹസത്തിനൊന്നും മുതിര്‍ന്നില്ല. ഞാനും എന്റെ സഹയാത്രികരുടെ ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുന്ന പ്രതീതി തോന്നിക്കുമാറ് വേമ്പനാട്ടുകായലിൻറെ മുഗ്ദ്ധസൗന്ദര്യം ക്യാമറയിൽ പകർത്തി. ഞങ്ങളെ അദൃശ്യകരങ്ങളാൽ തഴുകി കുളിർത്തെന്നലും ആ കായൽപ്പരപ്പിലാകെ ചൂളംവിളിച്ചുകൊണ്ട് ഓടിക്കളിക്കുന്നുണ്ടായിരുന്നു. കായലിന്റെ ചുറ്റുമുള്ള പച്ചപ്പ് മനസ്സിലേക്ക് ആവാഹിച്ചിരിക്കവേ കായലിൽ മുഖംനോക്കി തൻറെ പ്രതിച്ഛായയിൽ അഭിമാനിച്ചതിനാലാണാവോ എന്തോ, സൂര്യൻ പതിവിലേറെ തിളങ്ങിനിന്നു. കായൽപ്പരപ്പിൽ കുണുങ്ങിയൊഴുകിയിരുന്ന ഓളങ്ങൾ പ്രഭാപൂരിതമായ ആദിത്യവദനം ദർശിക്കവേ ചുവന്നുതുടുത്തു. അപ്പോൾ ഉച്ചഭക്ഷണത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു ബോട്ടിനുള്ളിൽ. വിഭവസമൃദ്ധമായ സദ്യയിൽ കരിമീൻ പൊള്ളിച്ചതായിരുന്നു പ്രധാനതാരം. കലാഭവൻ മണിയുടെ നാടൻപാട്ടുകളും ആ സദ്യയോടൊപ്പം ഞാനാസ്വദിച്ചു.
     
               ഉച്ചയൂണിനുശേഷം കൂട്ടത്തിൽ ഏറ്റവും ചുറുചുറുക്കുള്ള സീനിയർ സിറ്റിസൺസ് പ്രസിഡന്റും സെക്രട്ടറിയായ എൻറെ പിതാവുംചേർന്ന് പൊതുവിജ്ഞാനക്വിസും പഴഞ്ചൊല്ലുമൽസരവും സംഘടിപ്പിച്ചു. ചോദ്യങ്ങൾക്കുത്തരം പറയാനും സമ്മാനം നേടാനും വയോജന-യുവജനവ്യത്യാസം കൂടാതെ എല്ലാവരും ഉത്സാഹിച്ചു. ഉച്ചയൂണുകഴിഞ്ഞ് ഉറങ്ങുന്ന ശീലമുള്ളവർ അകത്തുള്ള മുറികളിൽ മയക്കത്തിലും മറ്റുചിലർ കായലിന്റെ ഭംഗിയാസ്വദിച്ചുമിരുന്നു. ചിലർ പഴയ പാട്ടുകൾ പാടി ഞങ്ങളെ പഴയകാലങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോയി. ആ പാട്ടുകൾ കേട്ട് കായലിലെ ഓളങ്ങൾ നൃത്തമാടുന്നുണ്ടായിരുന്നു. കുട്ടികൾ ബോട്ടിനുള്ളിലും. അതുകണ്ട് പടിഞ്ഞാറൻ ചക്രവാളവും ആമോദത്താൽ തുടുത്തു! അപ്പോളേക്കും ഞങ്ങൾക്ക് ഇറങ്ങാറായെന്ന അറിയിപ്പ് കിട്ടിയതിനാൽ ചായയും വടയുമൊക്കെ കഴിച്ചതിനുശേഷം എല്ലാവരും ഇറങ്ങാൻ റെഡിയായിരുന്നു.

                         ബോട്ടിൽനിന്നിറങ്ങവേ ഞാൻ വേമ്പനാട്ടുകായലിനോട് മൗനമായി വിടചൊല്ലി. പ്രണയനൈരാശ്യം ബാധിച്ച കാമുകിയെപ്പോലെ ഓളങ്ങൾ ആർത്തലച്ചുകരഞ്ഞു. മുന്നോട്ടുപോകാൻ മടിച്ചിരുന്ന എൻറെ പദങ്ങളെ ഒരുവിധത്തിൽ നിർബന്ധിച്ചുകൊണ്ട് തിരിച്ചുപോയി ബസ്സിൽ കയറിപ്പറ്റി. അതുകഴിഞ്ഞ് നേരേ ബീച്ചിലേക്ക്. അവിടെ കടലിന്റെ സംഗീതവും ഞങ്ങളുടെ പാദങ്ങൾ പുണരാൻ ഓടിവന്ന തിരകളുടെ നനുത്ത സ്പർശവും ഞങ്ങളെ കാത്തുനിന്നിരുന്നു. സായാഹ്നസ്നാനത്തിനായി വന്ന സൂര്യൻറെ സ്വർണ്ണശോഭയിൽ കടൽത്തിരകൾ ഹർഷോന്മാദത്തിലാറാടി. അപ്പോളേക്കും തിരികെപ്പോകാൻ തിരക്കുകൂട്ടിയ അവശവൃദ്ധരുടെ അപേക്ഷ മാനിച്ച് മനസ്സില്ലാമനസ്സോടെ ഞാനും കടൽത്തിരകളോട് യാത്രപറഞ്ഞു തിരിഞ്ഞുനടന്നു. മറുഭാഗത്ത് പകലോനും!