Wednesday, April 25, 2018

വിഷു

വിഷു
''''''''''''''''''''''
മാനസം യമുനയായിടുംദിനേ
കണ്ണനെന്നരികിലോടിയെത്തിടും
കൊന്നപൂത്തൊരഴകിൽ നിറഞ്ഞിടും-
നേരമെന്നിലനുഭൂതിവർഷവും

ഹർഷമേഘമഴയിൽക്കുതിർന്നൊരാ
ഭക്തിസാഗരയലകൾ നിറച്ചിതാ
കണ്ണനിന്നു കണിയൊന്നൊരുക്കിടാം
കണ്ണുപൊത്തിയിനിയോമലേ വരൂ

ചക്കയും മധുരമാം വിഷംതീണ്ടാ-
ക്കായ്കളും കണിയൊരുക്കിടാം കണ്ണാ
പ്രേമഭാവത്തിൽ നീയെന്നെ നോക്കുമോ
ലോകരിൽ മമതതൻ വിളക്കേന്തുവാൻ

കൂട്ടിനിന്നൊരു വിഷുക്കിളീ സഖീ
കൂടെവന്നിടുക മൂളുവാനിനി
കാവ്യവും ഹൃദിയിലേറ്റിയെൻകിളീ                         
കാറ്റിലാടുവതിതാ ലതാദികൾ

കൂന്തലൊന്നിളകിയാ മനോജ്ഞമാം
കേരവൃക്ഷവുമൊരുങ്ങിയോ മുദാ?
പാടവും കനകതോരണങ്ങളാൽ
പുഞ്ചിരിക്കുളിരൊരുക്കുമോ സഖീ?

നൂപുരധ്വനിയുണർത്തുമാ കുളിർ-
വാഹിനീപ്രതലദർപ്പണത്തിലോ
വിസ്മയം വിരിയുമാനനം കാൺമൂ
വർണ്ണരാജിചൊരിയുംവിഭാകരൻ

ദേവസന്നിധിയിലും ഘോരമാമഘം 
ചെയ്തിടുന്നവരെ കാട്ടിടാനൊരു
ദർപ്പണം തരികെനിക്കു നീ കണ്ണാ
ക്രൂരമാമുലകം വിട്ടൊഴിയുംവരെ
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
14-4-2018







Sunday, April 8, 2018

പ്രത്യാശ


പ്രത്യാശ
''''''''''''''''''''''''''''
ദു:ഖത്തിരയാർത്തീടുന്നന്പിലശേഷം
ദാരിദ്ര്യമതുതെല്ലും കാട്ടാത്തോർക്കല്ലോ
ദു:ഖിതർക്കായൊരു ക്രൂശുചുമന്നോനും
ദു:ഖത്തിൻ കയ്പുനീരല്ലോ കൊടുത്തു!

സ്നേഹത്തിൻ സാഗരമുള്ളിൽ നിറച്ചുള്ള
സാന്ത്വനഭാവങ്ങളെ ക്രൂശിലേറ്റിടുന്നെന്നും
സാത്വികർക്കെന്നുമീ മുൾമുടിക്കെട്ടല്ലോ
സ്വാർത്ഥമീലോകത്തിൻ സമ്മാനമായിതോ!

സ്നേഹത്തിൻ വിലയെ തിരിച്ചറിയാത്തൊരു
സ്വാർത്ഥമാം ലോകത്തിലെന്തിനെൻ പാഴ്ജന്മം?
ഏഷണികൂട്ടുന്നോരെൻ ചുറ്റുംനിരക്കുമ്പോൾ
എന്തിനൊരുക്കുന്നു സ്നേഹത്തിൻ വിഷുക്കണി?

ബാലിശമായൊരാ വിധിന്യായങ്ങളേല്ക്കുവാൻ
ബാക്കിയില്ലെൻ ജീവൻ തുറുങ്കിലടയ്ക്കുവാൻ
ക്രൂശിലേറ്റീടുന്നു ന്യായാധിപതികളോ നന്മയെ
കാണാതതിൻ മൂല്യമരികത്തു മേവീടുമ്പോൾ!

പ്രത്യാശതൻപുലരിയിനിയും പിറക്കുമോ
പ്രത്യയശാസ്ത്രങ്ങൾ തച്ചുടച്ചീടുമ്പോളിന്നും?
പ്രാണനെ ദയയന്യേ തെരുവിലരിയുമ്പോൾ
പ്രാണികളാർക്കുന്നന്ത്യചുംബനത്തിനായി!

മുപ്പതുവെള്ളിക്കാശിതോ ചുംബനവിലയിന്നും
മുനിഞ്ഞുകത്തുമൊരുസ്നേഹത്തിരിനാളത്തിൻ?
മനുഷ്യനായ് ജനിച്ചതു മാത്രമോയെന്നപരാധം?
മർത്ത്യരിൽ സ്നേഹത്തിന്നുറവകൾതീർന്നതോ

പുനർജ്ജനിച്ചിടാം ഞാൻ മുട്ടിവിളിച്ചീടിൽ
പുതുനാമ്പായ് സ്നേഹത്തിൻ പൂക്കൾചൂടി
പുതുഗാനമായ് വിലയിച്ചീടുവാനാത്മാവിൽ
പുതുക്കിടാൻ കാരുണ്യം വറ്റിയൊരുലകം!
’'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
#ഗീതാഞ്ജലി
1-4-2018



കനലെരിയുന്ന മനസ്സുകൾ(കഥ)

കനലെരിയുന്ന മനസ്സുകൾ
''''''''''''''''''''''''''''''''''''''''''''''''''''''''''
ഒരു ഡിസംബർ മാസപ്പുലരിയിൽ മഞ്ഞുപാളി തെല്ലുമാറ്റി സൂര്യൻ തൻറെ സ്വർണവർണ്ണക്കിരീടമണിഞ്ഞ ശിരസ്സ് പതിയെ ചെരിച്ചുനോക്കാൻ ശ്രമിച്ചപ്പോൾ, ആ മഞ്ഞിൻറെ കുളിരേറ്റു സുഖസുഷുപ്തിയിലാണ്ടിരുന്ന ശാലിനി ടീച്ചറും സ്വപ്നത്തിൽനിന്നെന്നപോലെ എഴുന്നേറ്റു തൻറെ കമ്പിളിപ്പുതപ്പു തെല്ലുമാറ്റി കണ്ണുകൾ വലിച്ചുതുറക്കാൻ പണിപ്പെട്ടു.എഴുന്നേൽക്കണമോ വേണ്ടയോ എന്ന ധർമ്മസങ്കടത്തിൽ കുറച്ചുനിമിഷങ്ങൾകൂടി ഇഴഞ്ഞുനീങ്ങവേ, പാതിതുറന്നകണ്ണുകൾ ആദ്യമുടക്കിയത് ഡീമോക്ളീസിൻറെ വാൾപോലെ ചുവരിൽ തൂങ്ങിക്കിടന്ന ക്ലോക്കിലാണ്. 'ഓ!ഇന്ന് നേരം വൈകിയല്ലോ' എന്ന് ആത്മഗതം ചെയ്തുകൊണ്ടും ഈയിടെ വാങ്ങിയ പുതിയ സ്മാർട്ടുഫോണിൽ സെറ്റുചെയ്തുവെച്ചിരുന്ന അലാറം അടിക്കാഞ്ഞതിലുള്ള അമർഷം അതിനോട് ഒരുനോട്ടത്തിൽ പ്രകടിപ്പിച്ചുകൊണ്ടും അവർ അടുത്ത മുറിയിലേക്കാഞ്ഞുനടന്നു.'സ്മാർട്ട് ആയവർക്കേ സ്മാർട്ട് ഫോൺ ചേരുകയുള്ളു' എന്നു തൻറെ ഫോൺ പിറുപിറുത്തുവെന്ന് അവർക്കു തോന്നിയെങ്കിലും അതു ശ്രദ്ധിക്കുവാൻ ശാലിനിക്ക് സമയമില്ലായിരുന്നു.തൻറെ പ്രഭാതകർമ്മകലോൽസവത്തിനിടയിൽ മക്കളെയും വിളിച്ചുണർത്തി.ഒറ്റമുറിഫ്ലാറ്റിലെ 'വിശാലമായ' പാചകപ്പുരയിലെ നെട്ടോട്ടങ്ങളുടെ പരിണിതഫലങ്ങൾ ടിഫിൻബോക്സുകൾക്കുള്ളിൽ നിറയുമ്പോളേയ്ക്ക് കുളിച്ചുതയ്യാറായിവന്ന മക്കളെയും സ്കൂളിലേയ്ക്കുപോകാൻ ഒരുക്കിനിർത്തിയശേഷം പൂജാമുറിയിൽ വിളക്കുവെച്ചു.അപ്പോളേയ്ക്കും പുറപ്പെടുവാൻ സമയം അതിക്രമിച്ചിരുന്നു.പരീക്ഷാക്കടലാസ്സുകൾ ബാഗിൽ ഭദ്രമായിവച്ചു.തലേദിവസം ആ പേപ്പറുകൾമുഴുവൻ പാതിരാത്രി കഴിഞ്ഞും കുത്തിയിരുന്നു തിരുത്തിയതു കൊണ്ടാണല്ലോ എഴുന്നേല്ക്കാൻ വൈകിയത്! സ്കൂളിലേയ്ക്ക് പുറപ്പെടാനൊരുങ്ങവേ,പിറകിൽനിന്ന് ഒരു ചോദ്യം! "സ്കൂൾബസ്സുവരാൻ സമയമായോ?"കുട്ടികളെ സ്കൂളിലേയ്ക്കയയ്ക്കാൻ പോവുന്നതിനുമുമ്പ് പത്രംമുഴുവൻ വായിച്ചുതീർക്കാൻ സാധിക്കാത്തതിലുള്ള അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടുള്ള ഭർത്താവിൻറെ ആ ചോദ്യത്തിന് ഒരു തലകുലുക്കലിൽ മറുപടിയൊതുക്കിയതിനുശേഷം ടീച്ചർ പുറത്തേക്കു നടന്നു.നടക്കുകയല്ല,അക്ഷരാർത്ഥത്തിൽ ഓടുകയായിരുന്നുവെന്നുവേണം പറയാൻ!ജീവരാശിക്കായി മഴക്കുളിരിൻറെ നന്മയായിപെയ്തിറങ്ങാൻ ഒരുമഴമേഘം ഏതോ മലമുകളിൽ ഇടിച്ചുടയാൻമാത്രമായി തിരക്കിട്ടുപോകുന്നുണ്ടായിരുന്നു, ശാലിനിയോട് മത്സരിച്ചു കൊണ്ട്!

                സ്കൂളിൽ ടീച്ചേഴ്സിൻറെ ഹാജർ ബുക്കിൽ ഒപ്പിട്ടുകൊണ്ടിരുന്നപ്പോഴാണ് ശാലിനിക്ക് ശ്വാസം നേരെ വീണത്.ഈ വർഷം ഇതുവരെ സമയത്തിന് എത്തിച്ചേരാൻ സാധിച്ചതിൽ എല്ലാ ദൈവങ്ങൾക്കും നന്ദിപറഞ്ഞുകൊണ്ട് ഓഫീസിൽപോയി ഉത്തരക്കടലാസുകൾ ഏല്പിച്ചു.അതിനുശേഷം സ്റ്റാഫ് റൂമിലേയ്ക്ക് തിരക്കിട്ടുനടന്നു,ശാലിനിടീച്ചർ! ധൃതിയിൽ പ്രഭാതഭക്ഷണം വിഴുങ്ങുന്നതിനിടയിൽ ആദ്യപീരിയഡ് 10C യിൽ തന്നെയല്ലേയെന്ന് ഒരിക്കൽക്കൂടി പരിശോധിച്ചു. അപ്പോളേയ്ക്കും ക്ലാസ്സിൽ പോകാൻ സമയമായതിനാൽ മിച്ചമുള്ള ഭക്ഷണം പാത്രത്തിൽ അടച്ചുവച്ചു!
   'ബാക്കി ഇടവേളയിൽ കഴിക്കാം', ശാലിനി ആത്മഗതംചെയ്തു!ഇതുപോലെ പലദിവസങ്ങളിലും ഈ ആത്മഗതം നടത്തിയിട്ടുണ്ടെങ്കിലും പലപ്പോഴുമതു പ്രായോഗികമായി നടപ്പാക്കാൻ തനിക്കു  സാധിച്ചിട്ടില്ലല്ലോയെന്നോർത്തു ടീച്ചർ സ്വയം പരിതപിച്ചു.പ്രഭാതഭക്ഷണം കൊണ്ടുവരാത്ത കുട്ടികളോടു അതൊഴിവാക്കിയാലുള്ള ദൂഷ്യഫലങ്ങളെപ്പറ്റി പ്രഭാഷണംനടത്തിയശേഷം തന്റെ ഭക്ഷണം പലപ്പോഴും അവരുമായി പങ്കിടേണ്ടിവന്നിട്ടുണ്ടല്ലോ!ഇപ്പോളവരെല്ലാം കുറ്റബോധം തോന്നിയിട്ടോ എന്തോ, പ്രഭാതഭക്ഷണം കൃത്യമായി കൊണ്ടുവരാറുണ്ടെന്നതോർത്തപ്പോൾ ശാലിനിയുടെ മുഖം ആശ്വാസത്തിൻറെ തെളിനിലാവിനാൽ വെട്ടിത്തിളങ്ങി! എന്തായാലും പ്രഭാഷണം നടത്തിയ സ്ഥിതിക്ക്  താനും പ്രഭാതഭക്ഷണംകഴിക്കാൻ ബാദ്ധ്യസ്ഥയാണല്ലോ.അല്ലെങ്കിൽ കുട്ടികളതു മണത്തറിഞ്ഞ് തനിക്കൊരു ക്ലാസ്സെടുത്തെന്നിരിക്കും! ക്ലാസ്സിലേയ്ക്ക് നടക്കുന്നതിനിടയിൽ ശാലിനിക്കതോർത്തു ചിരിപൊട്ടി!
       സ്വന്തം ക്ലാസ്സായ 10'ബി' യിലെത്തിയ ശാലിനിടീച്ചറിനെ അതുവരെ ചിലച്ചു കൊണ്ടിരുന്ന പെൺകുട്ടികൾ അവരുടെ നാവുകൾക്കു താല്ക്കാലികനിയന്ത്രണമേർപ്പെടുത്തിക്കൊണ്ടും മുഖത്തു മന്ദസ്മിതത്തിൻ്റെ മഴവില്ലു വിരിയിച്ചുകൊണ്ടും എതിരേറ്റു!ആൺകുട്ടികളുടെ ചിരിയിലാവട്ടെ, തങ്ങൾ അതുവരെ തകൃതിയായി നടത്തിയ വികൃതികൾ തടസ്സപ്പെട്ടതിലുള്ള നിരാശയും തങ്ങിനിന്നിരുന്നു!'അല്ലെങ്കിലും പെൺകുട്ടികൾക്ക് ഇടതടവില്ലാതെ സംസാരിക്കാനും ആൺകുട്ടികൾക്ക് വികൃതികാണിക്കാനും അദ്ധ്യാപകരുടെ പരിശീലനത്തിൻറെ ആവശ്യമില്ലല്ലോ',ശാലിനി മന്ത്രിച്ചു!അപ്പോളേയ്ക്കും തന്റെ വിദ്യാർത്ഥികളുടെ രക്ഷിതാവായും ആത്മമിത്രമായും ശാലിനി മറ്റൊരു പരിവേഷമെടുത്തിരുന്നു!

           ഹാജരെടുത്തതിനുശേഷം ശാലിനി 10 'സി'യിലേയ്ക്കു നടക്കവേ കിഷോറിന്റെ മുഖം പൊടുന്നനെ അവരുടെ മനോമുകുരത്തിൽ തെളിഞ്ഞുവന്നു!ഇന്നലെ വൈകുന്നേരമാണല്ലോ താൻ അവൻറെ അമ്മയെ വിളിച്ചുവരുത്തി സംസാരിച്ചതും പഠനത്തിലുള്ള അവൻറെ താത്പര്യക്കുറവിനെപ്പറ്റി പ്രത്യേകം ഊന്നിപ്പറഞ്ഞതും!അവർ, തന്റെ ഒരേയൊരുമകന്റെ പഠനസൗകര്യാർത്ഥം ഗ്രാമം വിടേണ്ടിവന്നതും ഭർത്താവിനു ജോലിതേടി വിദേശത്തേയ്ക്ക് പോകേണ്ടിവന്നതും ക്യാൻസർബാധിതനായി ജോലിവിട്ടുതിരിയെപോരേണ്ടി വന്നതും അവരുടെ തുച്ഛമായ വേതനത്തിൽ മകൻറെ ഫീസും ഭർത്താവിൻറെ ആശുപത്രിച്ചിലവുകളും ഒതുക്കാനാവാതെ നട്ടംതിരിയുന്നതുമെല്ലാം വിവരിച്ചപ്പോൾ അവരുടെ മിഴിസാഗരത്തിൽ  തുളുമ്പിയ കുഞ്ഞോളങ്ങളെ കണ്ടില്ലെന്നു നടിക്കാൻ തനിക്കുമായില്ലല്ലോ! അതിനാൽത്തന്നെ മകനെപ്പറ്റി വിഷമിക്കേണ്ടതില്ലെന്നുപറഞ്ഞു അവനെ നേർവഴിക്കു നടത്തുവാൻ ഏതുസഹായവും ചെയ്യാനുള്ള സന്നദ്ധത താൻ പ്രകടിപ്പിച്ചപ്പോൾ അവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ കനൽത്തിളക്കമാണ് ശാലിനിക്ക്  ഇക്കുറി ദർശിക്കാനായത്!കിഷോറാകട്ടെ, തെറ്റുകൾ തിരുത്തി ഉത്തരവാദിത്വത്തോടെ മുന്നോട്ടുപോകാമെന്നുള്ള വാഗ്ദാനത്തോടെ ആ കനൽശോഭ ഉദ്ദീപിപ്പിച്ചു! യാത്രപറയവേ, കിഷോറിന്റെ അമ്മ മകൻറെ ക്ലാസ്സ്ടീച്ചറെക്കൂടെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു!
 'ക്ലാസ്സ് ടീച്ചറും നന്നായി ഉപദേശിച്ചുകൊള്ളട്ടെ!ഇരട്ടിഫലം ആകുമല്ലോ',ശാലിനിയുടെ മനസ്സു മന്ത്രിച്ചു!
  "പൊയ്ക്കോളൂ,സൗമിനിടീച്ചർ സ്റ്റാഫ് റൂമിലുണ്ടാകും."
ശാലിനി സന്തോഷപൂർവ്വം അറിയിച്ചു.
     ശാലിനി ടീച്ചർ 10'സി'യിലെത്തിയപ്പോളാണ് തന്റെ മനോരാജ്യത്തിൽനിന്നുണർന്നത്.അദ്ധ്യാപികയെ ആവേശപൂർവ്വം സ്വീകരിച്ചുകൊണ്ടു പെൺകുട്ടികൾ അവിടെയും ടീച്ചറുടെ മനസ്സിൽ ഇടംതേടാൻ തിരക്കുകൂട്ടി! ആൺകുട്ടികളാവട്ടെ,എന്തു കുരുത്തക്കേട് കാട്ടിയാൽ മറ്റുകുട്ടികളുടെ, പ്രത്യേകിച്ചു പെൺകുട്ടികളുടെ മനസ്സിൽ ഇടംതേടാൻ സാധിക്കുമെന്ന ചിന്തയിൽ നട്ടംതിരിഞ്ഞുനിന്നിരുന്നു.പക്ഷേ ശാലിനിയുടെ കണ്ണുകൾ ആദ്യമുടക്കിയത് കിഷോറിന്റെ മുഖത്താണ്!'വഴിതെറ്റിപോയിട്ടു പിന്നീട് തിരിച്ചുവന്ന ഒരാട്ടിൻകുട്ടിയുടെ മുഖഭാവമല്ലേ അവന് ?അതോ തന്റെ തോന്നലോ?'ടീച്ചർ ആത്മഗതം ചെയ്തു! ഏതായാലും കിഷോറിന്റെ പെരുമാറ്റത്തിൽ ഒരുദിവസംകൊണ്ടുണ്ടായ അന്തരം ഇടയ്ക്കിടെ ശ്രദ്ധിച്ചുകൊണ്ട് ശാലിനി ടീച്ചർ ക്ലാസ്സുതുടങ്ങി.'കിഷോറിൻറെ അമ്മയെ വിളിപ്പിച്ചതും സംസാരിച്ചതും വെറുതെയായില്ലല്ലോ' എന്നോർത്തപ്പോൾ സന്തോഷവും ചാരിതാർത്ഥ്യവും അവരുടെയുള്ളിൽ ഓളംതുള്ളി!ആ ഓളങ്ങളെ തകർത്തുകൊണ്ട് പൊടുന്നനെ ക്ലാസ്സ് ടീച്ചർ സൗമിനിടീച്ചർ അവിടേയ്ക്ക് കടന്നുവന്നു.'പേരിൽ സൂചിപ്പിക്കുന്ന സൗമ്യത ഇവരുടെ പെരുമാറ്റത്തിലുമുണ്ടായിരുന്നെങ്കിൽ'ശാലിനിയുടെ മനസ്സു വീണ്ടും മന്ത്രിച്ചു!ആ മന്ത്രണം ഉച്ചത്തിലായിപ്പോയോ എന്ന് ശാലിനിക്കുതന്നെ തോന്നുമാറ് ഒരലർച്ചയായിരുന്നു പിന്നീട് ശാലിനിയുടെ കർണ്ണപുടങ്ങളിൽ പതിഞ്ഞത്!
  "കിഷോർ,ഇന്നലെ ആരുപറഞ്ഞിട്ടാണ് നിൻറെയമ്മ എന്നെ വന്നുകണ്ടത്?നീ പഠിക്കാതിരുന്നാൽ അതു നിന്റെയും നിന്റമ്മയുടെയും പ്രശ്നം!അതിനെന്നോടു പരാതിപറഞ്ഞിട്ടൊരു കാര്യവുമില്ല!എനിക്കു നേരത്തെ വീട്ടിൽ പോയാലേ എന്റെ മക്കളെ പഠിപ്പിക്കാൻ സാധിക്കുകയുള്ളൂ! എനിക്ക് നിന്റെയൊക്കെ  അമ്മയോട് സംസാരിച്ചുനില്ക്കാൻ നേരമില്ല.കഴിഞ്ഞ എക്സാമിൽ എന്റെ മോന്  നാലാം റാങ്കേ കിട്ടിയുള്ളൂ! അടുത്ത എക്സാമിനെങ്കിലും ഫസ്റ്റ് റാങ്കുമേടിപ്പിക്കാൻ ഞാനിങ്ങനെ കഷടപ്പെടുന്നതിനിടയിൽ നിന്റമ്മയെപ്പോലുള്ള  കുരിശുകൾ ചാടിവന്നോളും,മനുഷ്യന്റെ സമയം മെനക്കെടുത്താൻ! ഹും!"
സൗമിനി ടീച്ചർ പിന്നെയും എന്തൊക്കെയോ തട്ടിക്കയറുന്നതിനിടയിൽ ശാലിനിക്കു തൻറെ ആത്മാവിലേയ്ക്ക് ആരോ കനൽ കോരിയിടുന്നതുപോലെതോന്നി!സൗമിനി ടീച്ചറുടെ പിന്നീടുള്ള ഓരോ വാക്കും ആ കനൽ ആളിക്കത്തിക്കുന്നതുപോലെയും! എങ്കിലും ആ കനൽത്തരികളെ കുടഞ്ഞുമാറ്റാൻ ശ്രമിച്ചുകൊണ്ട്,
"ഞാനാണ് അവന്റെ അമ്മയ്ക്കു ടീച്ചറോടും സംസാരിക്കാൻ അനുവാദം കൊടുത്തത്"
എന്ന തൻറെ വാക്കുകൾ അശരീരിയായാണോ ആത്മഗതമായാണോ അന്തരാത്മാവിൽനിന്നൊഴുകിവീണതെന്നു അവർപോലുമറിഞ്ഞില്ല.
 "ഓ!ടീച്ചറാണോ അവരെ വിളിച്ചത്?"
എന്നവർ കഴുത്തുവെട്ടിച്ചുകൊണ്ടൊരു ചോദ്യശരമയച്ചപ്പോൾ, 'എൻറെ മക്കളുടെ റാങ്ക് അടുത്ത പരീക്ഷയിൽ താഴേയ്ക്കു പോയാൽ നീയായിരിക്കുമതിനുത്തരവാദി' എന്നാണോ ഉദ്ദേശിച്ചതെന്ന് ശാലിനിക്കു ലേശം സംശയംതോന്നാതിരുന്നില്ല!തണുത്തുറഞ്ഞ ലാവയാൽ രൂപകല്പനചെയ്യപ്പെട്ട ഒരു കരിങ്കൽപ്രതിമയായി തണുത്തുറഞ്ഞുപോയിരുന്ന ശാലിനി ഈ സംശയവുംപേറി ശാപമോക്ഷംകിട്ടിയ അഹല്യയെപ്പോലെ  പൂർവ്വസ്ഥിതിപ്രാപിച്ചു  ക്ലാസ്സിനുപുറത്തേയ്ക്കു നടക്കുന്നതിനിടയിൽ   അവരുടെ ബാഗിനുള്ളിൽ സ്മാർട്ട് ഫോൺ  ചിലച്ചു! 'കണ്ടുപഠിക്കൂ സ്മാർട്ട് അദ്ധ്യാപകരെ' എന്ന സന്ദേശമാണോ അതിനുള്ളിൽ അടങ്ങിയിരിക്കുന്നതെന്ന സന്ദേഹത്താൽ അതു ശ്രദ്ധിക്കാതെപോകാൻ ശാലിനിക്ക് ഇക്കുറി കഴിഞ്ഞില്ല!മഞ്ഞുപാളികളാൽ ആവരണംചെയ്യപ്പെട്ട ഹിമവൽശൈലങ്ങളെപ്പോലെ നിസ്സംഗതയുടെ തണുത്തുറഞ്ഞ പുതപ്പിനുള്ളിൽ വിലയംപ്രാപിച്ച  കിഷോറിനെയും!അവൻറെ മരവിച്ച കണ്ണുകളിൽ ഒരമ്മയുടെ ദയനീയമുഖം ദർശിച്ച ശാലിനിയുടെ ആത്മാവിൽ പൊടുന്നനെ ആളിക്കത്തിയ കനലിനുമീതെ നിസ്സംഗതയുടെ ചാരംമൂടിയിട്ടു അവർ  അടുത്തക്ലാസ്സിലേയ്ക്കു പോകുവാൻ വരാന്തയിലൂടെ നടന്നപ്പോൾ അങ്ങകലെ ആകാശച്ചെരിവിൽ മറ്റൊരു മഴമേഘവും യാത്രയിലായിരുന്നു,ഉള്ളിലൊരു കനലുംപേറി!
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
18-12-2017