Tuesday, October 6, 2020

ഓണപ്പൂക്കളം

 

ഓണപ്പൂക്കളം
"" "" "" "" ""
പൂവേ പൊലി പൂവേ പൊലി
പൊന്നോണപ്പൂക്കളമിടാൻ
പൊന്നോമനകളെയോടിവാ
പൂക്കൂടയിങ്ങു കൊണ്ടുവാ

ചെത്തിപ്പൂവും തുമ്പപ്പൂവും
മന്ദാരവും ചെമ്പകപ്പൂവും
കൈകോർത്തിന്നുനിന്നു
തിരുമുറ്റത്തെ പൂക്കളത്തിൽ

താളത്തിൽ പാട്ടുപാടിയാടീടാം
തിരുവാതിരയാടീടാമങ്കനമാരേ
മാവേലിയെയെതിരേല്ക്കാൻ
ഒരുങ്ങിവന്നാട്ടേ കളിയാടുവാൻ

കതിരോൻ കാലത്തുദിച്ചീടുന്നു
പൊൻപ്രഭ തൂകിയൊരുങ്ങീടുന്നു
പൂന്തേനുമായി നിങ്ങളും പോരൂ
പൂമ്പാറ്റക്കുഞ്ഞുങ്ങളേ ചേലിൽ

ഓണപ്പായസമുണ്ണാനോടിവായോ
ഓണക്കോടിയുടുത്തു നീ വായോ
തൂശനിലയിൽ വിളമ്പീടാം സദ്യ
അവിയലുമോലനുമെരിശ്ശേരിയും

ഊഞ്ഞാലാടാം മാവിൻകൊമ്പിൽ
പൂന്തെന്നലോടൊപ്പമാടിപ്പാടാം
മാവേലിയെത്തീടുമോണനാളിൽ
ആമോദമോടെ വരവേറ്റിടാം
"" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
3-9-2020

ഓസോൺ ദിനം-സെപ്റ്റംബർ 16

 

ഓസോൺ ദിനം-സെപ്റ്റംബർ 16
""""""""""""""""""""""""""""""""""""""""""""
വിണ്ണിലേക്കുയരും പുകച്ചുരുളുകൾ
മണ്ണിൽ മരണക്കെണി തീർക്കവേ
ഭൂമിയെ മലിനമാക്കാൻ മടിയ്ക്കാത്ത
മാനുഷാ നിൻകുഴി നീ കുഴിക്കുന്നു

തേങ്ങുന്നു പൃഥിതൻ മനം ചൂടേറ്റ്
കരിയുന്നുലയുന്നു വിഷം ശ്വസിച്ച്
ഉയരുന്നു ഭൂമിതൻ നെടുവീർപ്പുകൾ
മാനുഷാ നീയിതു കേട്ടിടുമോ?

പച്ചപ്പു വറ്റി വരണ്ടുപോയൊരു ഭൂവിന്
ദാഹജലം നീയേകുമോ മർത്ത്യാ?
നീ തീർത്ത പുകക്കുഴലുകൾ തുപ്പുമീ
മലിനമാം ധൂമം നിറഞ്ഞൊഴുകുന്നു.

ഭൂമിതന്നാത്മാവിൻ നിലവിളിയുയരുന്നു
കേട്ടിടാനെന്തേ നീ വൈകിടുന്നിന്നും
ഭൂമികുലുക്കവും വരൾച്ചയും പ്രളയവും
ഭാവങ്ങളല്ലോ പല നിലവിളികൾതൻ

കൊല്ലരുതേ, നിന്നെ സംരക്ഷിച്ചീടുന്ന
ഭൂവിനെയിനിയും നീ നോവിക്കരുതേ
ഭൂമിതൻ കണ്ണീരു കാണാതെ പോകയോ
മർത്ത്യാ നീ പെരുവഴിയിലാകരുതേ
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
16-9-2020


 

ലളിതഗാനം(മലയാളനാടേ)

 

ലളിതഗാനം(മലയാളനാടേ) 
"" "" "" "" "" "" ""
മലയാളനാടേ മലയാളനാടേ
നീയെൻ സ്വർഗ്ഗമല്ലേ
മരതകക്കാന്തിയണിഞ്ഞുനില്ക്കും
നിന്നഴകിനെ വാഴ്ത്തുമീയുലകം
                      (മലയാളനാടേ....)
മാവേലിപ്പാട്ടിൻറെ തനിമകളിൽ നിറയും
മധുവൂറുമീണത്തിൽ നീ നിറയും
മധുരപ്പതിനേഴിലാണല്ലോ നീ നിത്യം
മയൂരമായിനിയെന്നും നർത്തനമാടൂ
                       (മലയാളനാടേ.....)
കലയുടെ പൈതൃകകാൽച്ചിലമ്പൊലികൾ
കണ്ടു നിൻ നടനത്തിൻ താളലയങ്ങളിൽ
കമനീയമാകുമീ മലയാളമൊഴിയെ
കനകക്കിരീടമണിയിച്ചിടാനണയൂ
                       (മലയാളനാടേ.....)
 

ലളിതഗാനം (കർക്കടകപ്പെരുമഴ)

 

ലളിതഗാനം (കർക്കടകപ്പെരുമഴ)
"" "" "" "" "" ""
കർക്കടകപ്പെരുമഴ പോയ്മറഞ്ഞു
ആദിത്യൻ കസവുനൂൽ നെയ്തിടുന്നു
പൂത്തുമ്പികൾ പാറിപ്പറന്നിടുന്നു,പൂക്കൾ
ചിങ്ങത്തെ വരവേറ്റിടാനൊരുങ്ങിടുന്നു

ചിങ്ങനിലാവിൽ ചിറ്റാട നെയ്യും
പൊന്നമ്പിളി വരവായല്ലോ
കുണുങ്ങിയോടും പവനനുമെത്തി
നറുമണമെങ്ങും വിതറിടുന്നു
                                             (കർക്കടക.....)
ഓരോ ഓണവും ഓർമ്മകൾ നൽകും
മധുരാനുഭൂതികളാണല്ലോ
ഓർമ്മകൾ തുഴഞ്ഞെത്തിയോടിവള്ളം
സ്മരണകൾതൻ കടവിൽ
                                              (കർക്കടക.....)

മോഹപ്പക്ഷി

മോഹപ്പക്ഷി
"" "" "" "" "" "" ""
ചിറകു വിടർത്തി പറന്നുനടന്നു
എന്നിലെ മോഹപ്പക്ഷിയിന്നും
കൂട്ടിലടച്ചൊരു കിളിയായി ഞാനും
മഹാമാരി പരക്കുമ്പോൾ

ഉലകത്തിൽ ചുറ്റിപ്പറക്കാൻ
ഉള്ളിലൊരു മോഹമുദിപ്പൂ
സ്വതന്ത്രയായി വിഹരിച്ചിടാൻ
എത്രനാളായി കാത്തിരിപ്പൂ

സ്വയം വരിച്ചൊരു തടവറയിൽ
മോഹങ്ങളടക്കി വിതുമ്പി
അകലം പാലിച്ചിടാൻ ചുറ്റും
വേലി തീർത്തൊരു വ്യാധി

എന്നു ഞാനീ വേലി പൊളിച്ചു
കൂട്ടരൊത്തു ചേർന്നിടും?
സ്നേഹത്തിൻ പുതുകാവ്യങ്ങൾ
ഒരുക്കാനെന്നു കഴിഞ്ഞിടും?
"" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
21-9-2020












         ലളിതഗാനം  (സാന്ദ്രമൗനം)

 

ലളിതഗാനം (സാന്ദ്രമൗനം)
"" "" "" "" "" ""
സാന്ദ്രമൗനം ചൂടിനില്ക്കും
എന്നധരപുടങ്ങൾ തേടും
ഗാനത്തിൻ പല്ലവിയായുണരൂ
വൃന്ദാവനകുസുമമേ നീ

അവാച്യമായൊരു മാന്ത്രികശബ്ദം
ഹൃദയതാളമായ് പ്രതിധ്വനിക്കേ
നീയെന്നിൽ ചൊരിയുന്നു നീളേ
മൗനരാഗത്തിൻ കിരണങ്ങൾ
                        (സാന്ദ്രമൗനം)
ആയിരം കവിതകൾ കണ്ണുകൾ ചൊല്ലും
നേരമിങ്ങിനിയിനിയും വരുമോ?
ആയിരം വസന്തങ്ങൾ തീർത്തൊരാ
നറുസുഗന്ധം പകരുമോ?
                  (സാന്ദ്രമൗനം)

തിരകൾ തേടുന്ന തീരം

തിരകൾ തേടുന്ന തീരം

"" "" "" "" "" "" "" "" "" "" ""
തിരകളോടിയെത്തുന്നിതാ
തീരത്തിനെ പുണരാൻ
തിരിയെ പോകുംമുമ്പൊന്നു
തീരത്തിനെ ചുംബിക്കാൻ

തേടിയെത്തുന്നു തീരത്തിനെ
ഹൃദയരഹസ്യം ചൊല്ലിടാൻ
തീരത്തിനറിയുമോ വേർപാടിൻ
ദു:ഖമലതല്ലി കേഴും തിരയെ

നൊമ്പരക്കുമിളകൾ നുരയുന്നു
നെഞ്ചിലേറ്റുന്നു മൗനരാഗം
ആയിരം കൊലുസുകളണിഞ്ഞു
ആരെത്തേടിയണയുന്നു

ഗീതികൾ പാടിയുയരും തിരകൾ
കൊതിയോടെയുയരും തീരം തേടി
പിന്നെയും പിന്നെയും പുണരാൻ
വെമ്പുന്നൊരുനോക്കു കാണാൻ
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "
ഗീതാഞ്ജലി
28-9-2020