Saturday, January 9, 2021

വാനമ്പാടി

 


മലയാളത്തിൻറെ പ്രിയപ്പെട്ട കവയിത്രിയായ ശ്രീമതി സുഗതകുമാരിക്ക് എൻറെ ആദരാഞ്ജലി!

വാനമ്പാടി
"" "" "" "" ""
പ്രകൃതിയെ സ്നേഹിച്ചൊരു മഹാകവയിത്രി
കാലയവനികയ്ക്കുള്ളിൽ പോയ്മറഞ്ഞു
കൃഷ്ണാ നീയറിയുകയില്ലയോ മനസ്വിനിയെ
കവിതകൾതുളുമ്പുമീ സ്ത്രീരത്നത്തെ

നൊമ്പരപ്പൂക്കൾ ചൂടിയീ വാനവും ഭൂമിയും
പാടുന്നു കവിത്വംതുളുമ്പുന്ന വരികൾ
ഇനിയുമെഴുതാൻ കാത്തുനില്ക്കാതെ
പോയിമറഞ്ഞെങ്ങു നീ വാനമ്പാടീ?

സ്നേഹസാഗരം തുളുമ്പുംമിഴികളാൽ
തേടി നീ പ്രപഞ്ചത്തിന്നിന്ദ്രിയങ്ങളെ
പ്രകൃതിതൻ സൗന്ദര്യം വ്രണപ്പെട്ടതിൽ
ഖിന്നയായെഴുതി നീ ശോകകാവ്യങ്ങൾ.

പുനർജ്ജനിച്ചിടുക മറ്റൊരു ജന്മത്തിൽ
പുത്തൻ കവിതകൾ രചിച്ചിടുവാൻ
നിർമ്മലസ്നേഹത്തിന്നുറവയായിടുക
നീയൊരു വൃന്ദാവനിയായി വിടരുക.
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
23-12-2020

നീർമാതളം പൂക്കുമ്പോൾ

 നീർമാതളം പൂക്കുമ്പോൾ

"" "" "" "" "" "" "" "" "" "" "" "" ""

നീർമാതളമൊന്നു പൂത്തുവിടർന്നല്ലോ

നീ കാത്തുനിന്ന വഴിയിലിതാ

നിൻ പുഞ്ചിരിയതിൻ ദളങ്ങളിൽ നീളേ

നിറം ചാർത്തിയല്ലോ പ്രണയത്തിൻ 


പ്രേമചിന്തയിൽ വലഞ്ഞൊരെൻറെ ചാരെ

പാതിവിടർന്നതാം നീർമാതളം പോൽ

പാരവശ്യമോടെ നീ ചിരിതൂകവേ

പ്രാണനിൽ പുളകങ്ങൾ വിതറി


സാനന്ദം കളിയാടുവാൻ വരൂ തോഴാ

സാരംഗി മീട്ടുക മൃദുവായി

നീർമാതളപ്പൂക്കളും നൃത്തമാടുന്നു

നിൻ വേണുഗാനത്തിലലിഞ്ഞിതാ


തീരം തേടും തിരപോൽ ഞാനും വരുന്നു 

തേനൂറും ചിന്തകളുമായിതാ

നിൻ സവിധത്തിൽ മറ്റൊരു രാധയായി

നീർമാതളച്ചോട്ടിൽ നിന്നിടാം ഞാൻ

"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" 

ഗീതാഞ്ജലി 

8-10-2020








  



  

തിരയും തീരവും

 തിരയും തീരവും

"" "" "" "" "" "" "" "" "" "" ""
തിരകളോടിയെത്തുന്നിതാ
തീരത്തിനെ പുണരാൻ
തിരിയെ പോകുംമുമ്പൊന്നു
തീരത്തിനെ ചുംബിക്കാൻ

തേടിയെത്തുന്നു തീരത്തിനെ
ഹൃദയരഹസ്യം ചൊല്ലിടാൻ
തീരത്തിനറിയുമോ വേർപാടിൻ
ദു:ഖമലതല്ലി കേഴും തിരയെ

നൊമ്പരക്കുമിളകൾ നുരയുന്നു
നെഞ്ചിലേറ്റുന്നു മൗനരാഗം
ആയിരം കൊലുസുകളണിഞ്ഞു
ആരെത്തേടിയണയുന്നു

ഗീതികൾ പാടിയുയരും തിരകൾ
കൊതിയോടെയുയരും തീരം തേടി
പിന്നെയും പിന്നെയും പുണരാൻ
വെമ്പുന്നൊരുനോക്കു കാണാൻ
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "
ഗീതാഞ്ജലി
28-9-2020

ആധിപത്യം

 ആധിപത്യം 

"" "" "" "" "" ""
ആധിപത്യമെന്നെന്നുമൂട്ടിയുറപ്പിച്ചു
വാഴുന്നരചർ പലതലങ്ങളിൽ
അവരുയർത്തുന്ന വാളിൻമുനയാൽ
മുറിവേല്ക്കുന്നവരനേകമല്ലോ

വീടുകളിൽ  ഗൃഹനാഥൻ ചൊല്ലുന്ന
വാക്കുകൾക്കെതിരു നില്ക്കരുതാരും
നിന്നാലോ പീഡനമനുഭവിച്ചീടുകതന്നെ
നരാധമനു തിരുവായ്ക്കെതിർവായില്ല

നേതാവിന്നാധിപത്യം സഹിക്കുമണികൾ
നിന്നിടുന്നു വിറയാർന്നൊരുടലുമായ്
ഓച്ഛാനിച്ചു നിന്നീടിൽ പ്രീതിക്കു പാത്രമാകാം
ഓർത്തുകൊള്ളുക ധിക്കാരമരുതെന്ന്

തൊഴിലിടങ്ങളിൽ മേലാളന്മാർതന്നാധിപത്യം
തൊഴിലാളികളെ നരകത്തിലേറ്റുന്നുവല്ലോ
എതിർവാക്കൊന്നു മൂളിയാൽ പുറത്താക്കും
കഠിനഹൃദയരുമാധിപത്യമരക്കിട്ടുറപ്പിക്കുന്നു.
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "
ഗീതാഞ്ജലി
22-10-2020

അത്താണി

 അത്താണി

"" "" "" "" "" ""
നീയെനിക്കാരാണെന്നു ചൊല്ലൂ പ്രിയേ
നീറുമെൻ ഹൃത്തിനു സാന്ത്വനമേകി നീ
അത്താണിയായിന്നു നീയെനിക്കേകി
അണയാത്ത സ്നേഹത്തിൻ  കുളിരും

അറിയാതെപോയി നിൻ സ്നേഹം
അറിയാതെപോയി നിന്നാർദ്രതയും
അറിയുന്നു വൈകിയാണെങ്കിലും
അനുഭവിച്ചീടുന്നു നിൻ സാന്ത്വനം

അഗതിയായലയുന്ന വേളയിലെൻ
അഭയമായിരുളിൽ വിളക്കായി നീ
നിറയുന്നെൻ മിഴിയാനന്ദാശ്രുവാൽ
നിന്നെക്കുറിച്ചുള്ള ചിന്തകളാലെന്നും

അകതാരിലെരിയുന്ന കനലിൻ ചൂട്
അവസാനമില്ലാതെ തുടരുമ്പോഴും
അരികത്തു നിന്നുടെ സാമീപ്യമിന്നു
അണയ്ക്കുന്നാ ചൂടിൻ കനലുകൾ

നിന്നുടെ സ്നേഹഗീതങ്ങളെന്നും
നെഞ്ചിലേറ്റിടുന്നു മോദമോടിനി
നിറയ്ക്കാം ഞാൻ ഹൃദയത്തിൽ
നിന്നെക്കുറിച്ചുള്ള നിനവുകൾ 
"" "" "" "" "" "" "" "" "" "" "" "" "" "" "" "
ഗീതാഞ്ജലി
23-10-2020






കേരളപ്പിറവി

 

കേരളപ്പിറവി
"" "" "" "" "" "" ""
മലയാളക്കരയുടെ നന്മതൻദീപ്തിയിൽ
മധുരഗാനമൊന്നാലപിച്ചീടാം
കേരളപ്പിറവിതൻ സന്തോഷനിമിഷത്തിൻ
കേളികൊട്ടുയരട്ടെ നാട്ടിലെങ്ങും

കുളിരല തഴുകുന്ന നിളയുടെ തീരത്തിൽ
പച്ചപ്പു നിറയുന്ന പാടങ്ങളിൽ
തെളിയുന്നു കേരളപ്പിറന്നാളിൻ ഭംഗികൾ
ഉണരുന്നു മലയാണ്മയെന്നും

വിടരട്ടേ മലയാളഭാഷതന്നനുപമഭംഗികൾ
പകരട്ടേ കലകൾതന്നനുഭൂതി
ഉണരട്ടേ സാഹിത്യനിറദീപക്കാഴ്ചകൾ
നിറയട്ടേ സ്നേഹത്തിന്നമൃതം

നാടിൻറെ നന്മകളെ കൈചേർത്തുപുണരാം
മലയാളത്തനിമയെ കാത്തിടുവാൻ
ഒരുമിച്ചൊന്നായ്  കൈകോർത്തുമുന്നേറാം
മലയാളനാടിൻദ്യുതി പകരാനെങ്ങും

പ്രകൃതിതൻ മാസ്മരഭംഗികൾ നിറയുന്നൊരു
നാടിതു ദൈവത്തിൻസ്വന്തമല്ലോ
മലയാളനാടിൻ നന്മയെ തുടികൊട്ടിപ്പാടുവാൻ
അണിനിരന്നിടാം നമുക്കെന്നുമെന്നും
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി (Geeta Monson)
1-11-2020

ചമയം

 ചമയം

"" "" "" ""
ജീവിതനാടകത്തിലണിഞ്ഞ ചമയങ്ങൾ
വേണ്ടിനിയഴിച്ചിതാ വച്ചിടുന്നവ മേലിൽ
ബാല്യവും യൗവനവുമാടിത്തകർത്തിടവേ
പോയൊരാ വർഷങ്ങളേ, വിട ചൊല്ലിടുന്നു ഞാൻ

സ്നേഹവും സഹനവുമലങ്കാരങ്ങളായി
ജീവിതവേദിയിതിലണിഞ്ഞു മോദമോടെ
ദുഃഖവും വേദനയുമണിഞ്ഞു ചിലങ്കയായ്
താങ്ങാനാവാതെ തളർന്നൊടുവിൽ വീണിടുന്നു

പോയിമറഞ്ഞു കാലയവനികയ്ക്കുള്ളിൽ 
കൂടെക്കളിച്ചവരോ പലരും മിന്നൽപോലെ
മുഗ്ദ്ധമാം മോഹങ്ങളാം സൂനങ്ങൾ ചൂടിടവേ
കേശത്തിൽനിന്നൂർന്നിതാ കൊഴിഞ്ഞുപോയിടുന്നു.

വാർദ്ധക്യമെത്തിടവേ ചമയമഴിക്കുവാൻ
നേരമായെന്നു ലോകം ചൊല്ലിയെൻ കാതിൽ മെല്ലേ
പിൻവാങ്ങുന്നു ഞാനും നീറുന്നയോർമ്മയുമായ്
വൃദ്ധസദനത്തിൽ വേദിയൊരുക്കിടാമിനി.
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
30-11-2020

വിരഹം

 

വിരഹം
"" "" "" "" ""
വരുമോ ഇനി പോയ കാലമേ
തരുമോ പലയോർമ്മതൻ ഹരം
മറയും നിറമാർന്ന സന്ധ്യകൾ
വരുമോ പുതുശോഭയേകി നീ?

അരികിൽ വരുമെന്നു ചൊല്ലി നീ
പിരിയുംദിനവും മറഞ്ഞുപോയ്
വിരഹം മമ ജീവതന്ത്രിയിൽ
തെളിയും പല ശോകതാളവും

കൊതിയേറവെയൊന്നു കാണുവാൻ
മനതാരിലെ ഭൃംഗമൊന്നിതാ
ഉയരുന്നനുരാഗപൂർവ്വമായ്
കനവിൽ വിരിയും സുമത്തിനായ്

ഇനിയെന്നു വരും പ്രിയംവദേ
മമചാരെ വിരുന്നുവന്നിടാൻ
തിരയായൊരു ശോകമാറ്റുവാൻ
പുണരൂ ഹൃദി വെണ്മ തൂകുവാൻ

തുടരുംവ്രതമോടെ കാത്തു ഞാൻ
തളരുംതനു താങ്ങിനിന്നിടാം
മിഴിയിൽ നിറയും ഝരത്തിനാ-
ലകൾ തഴുകട്ടെ ജീവനിൽ
(വൃത്തം - സുമുഖി)
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
6-12-2020











 

എന്റെ കേരളം

 എന്റെ കേരളം

"" "" "" "" "" "" "" "" 

പ്രകൃതിസുന്ദരം നാടിതല്ലയോ 

ഹരിതമെന്നുമേ എൻറെ കേരളം

നദികളേകുമീ മുഗ്ദ്ധയൗവനം

നയനകൗതുകം  കാന്തിപൂരിതം


നിരനിരന്നിടും കേരവൃക്ഷവും 

കതിരൊരുക്കിടും പാടശേഖരം  

തരുലതാദികൾ  നൃത്തമാടുമീ

തരളഗാത്രിയാണെൻറെ കേരളം


നിളയൊരുങ്ങുമീ തീരഭൂമിയിൽ

ജലതരംഗമായ്  നൃത്തമാടിടും

തെളിയുമോർമ്മയിൽ  കായലോരവും

കുളിരുകോരിടുംനാടിതല്ലയോ


മധുരമേറുമീ ഭാഷയൊന്നിതാ

അഴകൊരുക്കിടും ഭൂഷണം സദാ 

കലകളായിരം ചേർന്നുനിന്നിടും  

കവനഭംഗിതൻ  ദേശമല്ലയോ


കഥകളിപ്പദം ചൊല്ലിയാർദ്രമായ്

നടനവൈഭവം  പേരുകേട്ടിടും

ലളിതഗാനവും ചെണ്ടമേളവും

പ്രിയതരം മുദാ  കേട്ടുകൊള്ളുവിൻ     


അഭിരമിച്ചിടാനോണനാളിലായ്

നടനമാടുവാൻ നാരിമാർ വരും

വിഭവമൊക്കെയും  ചേർന്ന സദ്യതൻ

രുചിയറിഞ്ഞിടാമോണമെത്തിയാൽ 


ഒരുമയോടെ നാം കൈവരിച്ചിടാം

പെരുമയെന്നുമേ കൈരളിക്കിതാ

തെളിയുമാർദ്രമാം  ദീപമായിതാ

തുടരുകെന്നുമേ എൻറെ കേരളം

(വൃത്തം - സമ്മത) 

"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" 

ഗീതാഞ്ജലി

28-11-2020














കടലാസുവഞ്ചി

 

കടലാസുവഞ്ചി
"" "" "" "" "" "" "" ""
ഉണ്ടെനിക്കു കടലാസ്സുവഞ്ചിയാ
ബാല്യകാലനദിയിൽ തുഴഞ്ഞിടാൻ
പാഞ്ഞിടുന്നു പിറകോട്ടിതോർമ്മകൾ
കാറ്റുപോലെയലയുന്നു  ചിന്തകൾ.

കൂട്ടരൊത്തുകളിയാടിടുന്നൊരാ
നാളുകൾ തിരികെ വന്നുവെങ്കിലോ
കുട്ടിയായി, കളിവഞ്ചിതന്നിലായ്
കാഴ്ച കണ്ടു, തുഴയുന്നതോർപ്പു ഞാൻ.

ബാല്യകാലമൊരു ഹർഷഗീതമായ്
തേടിവന്നു മമ ജീവവേണുവിൽ.
താളമിട്ടുവരുമോർമ്മകൾ തരും-
ഹ്ലാദമൊന്നു പകരേണ്ടതെന്നുമേ

പെയ്തുതോർന്ന മഴയത്തു കൂട്ടുകാർ
ചേർന്നൊഴുക്കി കടലാസുവഞ്ചികൾ.
മത്സരിച്ചു മമ വഞ്ചിയും തുഴ-
ഞ്ഞെത്തുവാൻ വളരെ വാഞ്ഛയോടെ ഹാ!

വിണ്ണിലോടിയലയും  ഘനങ്ങളാം
നാരിമാർ മുടിയഴിച്ചുതുള്ളവേ
മുങ്ങിയെൻറെ കടലാസുവഞ്ചിയും
മുങ്ങി ഞാനുമൊരു ദുഃഖഗംഗയിൽ.

ആ ദിനങ്ങളിനിയും വരുന്നതും
കാത്തുനില്പു മമ മാനസം വൃഥാ.
ജീവിതം തുഴയവേ തളർന്നിടും-
നേരമീ മധുരമോർമ്മകൾ വരം. 
(വൃത്തം - രഥോദ്ധത)
"" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
8-11-2020

സ്നേഹദൂതൻ

സ്നേഹദൂതൻ
"" "" "" "" "" "" "" ""
പ്രപഞ്ചമാകെയും
പ്രകാശമേകുവാൻ
പുൽത്തൊട്ടിലിൽ 
പിറന്നു സ്നേഹദൂതൻ

പാപത്തിലാഴ്ന്നൊരു
ലോകരെ രക്ഷിക്കാൻ
സ്നേഹത്തിന്നവതാരമായ്
ജാതനായ് പാരിതിൽ

കിഴക്കുദിച്ചൊരു താരം
വിളംബരം ചെയ്തീ ജനനം
വഴികാട്ടി രാജാക്കന്മാരെ
തിരുസന്നിധിയിലെത്താൻ.

ആഘോഷിച്ചിടാമീ ജനനം
സ്നേഹദൂതൻറെ ജനനം
വിശ്വസ്നേഹത്തിൻറെ
മാതൃകയായി മാറിടാം
"" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
25-12-2020


 

  



 

 

വരവേല്പ്

 വരവേല്പ് 

"" "" "" "" "" 

താരകജാലമതാ തിരി താഴ്ത്തി,
ഭാസ്കരനെത്തിയ പാതയിലിന്നും
മോഹനരൂപിണിയീ പുതുവർഷം
വന്നിടുമോ ഒളിതൂകിടുവാനായ്?

പൊൻനിറമാർന്നിതു സുന്ദരവാനം
കോകിലകൂജനമെങ്ങുമുണർന്നു.
സ്വാഗതമോതിടുവാൻ സുമജാലം
വർണ്ണവിരുന്നു നിറച്ചിതു പാരിൽ.

കാതരമാമൊരു നീള്‍മിഴി നീട്ടി,
വ്യാധിയണഞ്ഞിഹ പോയൊരു വർഷം
നീറുമൊരോർമ്മയുമായുണരുന്നു
ഭീതിയുയർത്തിടുവാനൊരു രോഗം

നീങ്ങിടുമോ ദുരിതം പുതുവർഷം
വന്നിടുമോ ദ്യുതി ലോകമിതെങ്ങും?
ശാന്തി പരന്നിടുമെന്നൊരു തോന്നൽ
മാനസവാടിയിലാശയുണർത്തി

കാന്തിയെഴുന്നൊരു ഹാസമിതെങ്ങും
ചാർത്തിടുവാൻ  വരവേല്പിനൊരുങ്ങാം
വർണ്ണമനോഹരദൃശ്യമതെങ്ങും
തങ്ങിടുവാൻ പുതുവർഷദിനത്തിൽ
(വൃത്തം - ദോധകം)
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
31-12-2020