Saturday, June 9, 2018

സെൽഫി

സെൽഫി
''''''''''''''''''''''''''''''''''''
ഞാനെന്നഭാവത്തെയൂതിക്കാച്ചീടുന്ന
ഞാണിന്മേൽക്കളിയത്രേ സെൽഫി!

എരിയുന്നപ്രാണൻറെ വേദനകാണാത്തൊ-
രെന്നെഞാനാക്കുന്ന സെൽഫി!

'ചന്ദ്രനെപ്പോലെ തിളങ്ങുംവദന'മെന്നെ-
ന്നോടുപൊങ്ങച്ചം വിളമ്പുന്ന സെൽഫി!

മാരണവക്കിലും തലചായ്ച്ചുനിന്നിട്ടെൻ
മരണത്തെ വരവേല്ക്കും സെൽഫി!

ചുംബനക്കാഴ്ചയെടുത്തൊരു നാരിതൻ
'ചാരിത്ര്യം' തകർത്തിട്ടു വിലപേശും സെൽഫി!

ദാരിദ്ര്യഗർത്തത്തിലാണ്ടൊരു ചെറുമനെ
ദയയില്ലാതൊടുക്കുന്ന കാഴ്ചയോ സെൽഫി?

രാഷ്ട്രത്തിൻസമ്പത്തൊന്നൂറ്റിക്കുടിക്കുന്ന
രാഷ്ട്രീയനേതാവിന്നാഘോഷം സെൽഫി!

ജനകീയ നായകനൊപ്പം നിന്നെടുത്താലോ
ഗർവ്വുകൂടുന്നൊരു സവിശേഷം സെൽഫി!
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "
ഗീതാഞ്ജലി 













പുതുവർഷഗാനം

പുതുവർഷഗാനം
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സംഗീതമാകും ചിറകിൽ വരൂനീ
താരകൾ തുന്നിയപുതുചേലചുറ്റി
സൗവർണ്ണശോഭാംഗിയായ്......
സുന്ദരസങ്കല്പമനോരഥത്തിൽ
സമ്മോഹിതയായ് പുതുവർഷമേ!

മനതാരിൽകവിതകൾ നിറഞ്ഞൊരു വത്സരം
മന്ദസ്മിതം തൂകിയിനിയാത്രചൊല്ലവേ
തേങ്ങലുകൾ കുറുകിയമ്പലപ്രാവുപോൽ( 2)
വിരഹാർദ്രമിഴികളിലെൻചിത്തമൊളിച്ചു....           
               (സംഗീതമാകും.....)

എൻചുറ്റുമണഞ്ഞൊരാ 
ഭാവനപ്പൂക്കൾതൻ
ദളമർമ്മരങ്ങളാൽ ചിത്തം തുളുമ്പവേ
വരുമോയിനിവീണ്ടും വരവർണ്ണിനികളായ്(2)
വാക്കുകളപ്സരനർത്തനമാടാൻ......
                 (സംഗീതമാകും......)
""”"""""""""""""""""""""""""""""""""""""""""""""""""
ഗീതാഞ്ജലി
1-1-2018

ചെറുമഴക്കവിതകൾ


ചെറുമഴക്കവിതകൾ
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒരു കാത്തിരിപ്പ്
''''''''''''''''''''''''''''''''''''''''''''''''''
കലപിലപോലൊരു മഴ
കലഹിച്ചൊരു മഴ
കടലാസുതോണിതുഴഞ്ഞ്
കളിക്കാനൊരു മഴ!
മഴയുടെ ചുംബനം കാത്തു കേഴവേ
മേദിനിതൻ വേരുകൾ വരണ്ടുണങ്ങി
മറയുന്ന മാരിവിൽപോലെയിന്നും
മേഘങ്ങളകലേയ്ക്കു മാഞ്ഞുപോയി!
മഴയിന്നു ഭൂമിയെ കുളിപ്പിച്ചു
മഴയെന്നുള്ളം കുളിർപ്പിച്ചു
മഴക്കാറുകൾക്കിനി
മടക്കയാത്ര തുടങ്ങാം!
ഓർമ്മകൾ
'''''''''''''''''''''''''''''''''''''''''''''''''''
നിൻ മൊഴികളെൻ കാതിൽ
നൽമഴപ്പാട്ടിന്നീണമായൊഴുകി
നിൻചിരിയെൻ മനസ്സിൽ
നീർമാതളപ്പൂവായ് വിരിഞ്ഞു
ഓരോ മഴനീർത്തുള്ളിയും
ഓർമ്മതൻകടവിലിന്നും
ഓരോരോ ചാലുകൾ തീർത്ത്
ഒലിച്ചിറങ്ങുന്നെൻ മിഴിയിൽ!
മഴനീർത്തുള്ളിപോലന്ന്
മനസ്സിൽ പെയ്തിറങ്ങി നീ
മഴയൊഴിഞ്ഞ പാടമായിന്ന്
മരണമടഞ്ഞു നിന്നോർമ്മകൾ!
ഒരു നിനവ്
''''''''''''''''''''''''''''''''''''
പ്രവർഷത്തിൽ കുളിച്ചീടാൻ
പ്രകൃതിയൊരുങ്ങീടവേ
പുഷ്ക്കരത്തിൻ കരിമേഘക്കൂട്ടം
പരിഹസിച്ചോടിമറഞ്ഞു!
വർഷമെത്താൻ മടിച്ചുനില്ക്കേ
വിളനിറഞ്ഞു കരിമേഘക്കൂട്ടം
വിതുമ്പിയാർത്തു കർഷകൻറെ
വെള്ളിടിവെട്ടിക്കരിഞ്ഞദു:ഖം!
മാനസ്സവ്യഥകൾ നീളേ
മാരിയായൊഴുകുമ്പോൾ
മങ്ങാത്ത നിന്നോർമ്മകൾ
മായാത്ത മാരിവില്ലായിടുന്നു!
നിൻ മൊഴിതൻമഴയിൽ
നനഞ്ഞീടാനെന്മനം
നിനച്ചീടുന്നുണ്ടിന്നും
നീറും വേഴാമ്പലെപ്പോൽ!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി (Geeta Monson)

സ്വപ്നക്കാവ്

സ്വപ്നക്കാവ്
'''''''''''''''''''''''''''''
സ്വപ്നക്കാവിലെ പൂവല്ലികളിൽ
പൂക്കൾ വിടർന്നല്ലോ
സ്നേഹപ്പൂക്കൾ വിടർന്നല്ലോ
സ്വർണ്ണവർണ്ണക്കിളികൾവന്നൊരു
ഗീതമുതിർത്തല്ലോ
സൗഹൃദത്തിന്നീണംമൂളീല്ലോ

ഇന്നലെരാവിലും മാനത്തിൻമുറ്റത്ത് പൂക്കൾ വിരിഞ്ഞല്ലോ....
ആയിരമായിരം പവിഴമല്ലിപ്പൂക്കൾ വിരിഞ്ഞല്ലോ....
നിലാവിൽ നീന്തി പൂക്കളിറുത്തു ഞാൻ
അമ്പിളിയാകും പൂവട്ടിയിൽ നിറച്ചോട്ടേ
ഓണപ്പൂക്കളമൊരുക്കാനായ് ഞാൻ
പൂവട്ടിയിൽ നിറച്ചോട്ടെ,....

കിഴക്കേവാനമൊരു നവോഢയെപ്പോൽ ചോന്നുതുടുത്തല്ലോ....
കതിരോനയച്ചൊരാ മലരമ്പേറ്റു ചോന്നുതുടുത്തല്ലോ...
ഒരുവഞ്ചിപ്പാട്ടുമായി മേഘത്തിരമാലകളിലൂടെ
തുഴഞ്ഞുവന്നോട്ടേ....
ചക്രവാളത്തീരംപൂകാൻ ഞാനൊന്ന്
തുഴഞ്ഞുവന്നോട്ടേ......
'''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി 🎵🎵🎵

അണ്ണാറക്കണ്ണനും ഞാനും

അണ്ണാറക്കണ്ണനും ഞാനും
 ''''''''''''''''''''''''''''''''''''''''
എന്തേ ഇന്നെന്നെ ഇങ്ങനെ നീ പിന്നെയുമൊളിഞ്ഞുനോക്കണത്?
എന്നുമീ സായന്തനത്തിൽ നമ്മൾ സന്ധിക്കാറുള്ളതു നീ മറന്നോ?
നീയിന്നുവന്നതെന്തുകുറുമ്പിനോ?
 ഞാനും കുറുമ്പിനു പിന്നിലല്ലാട്ടോ ! ദേ,മൂന്നുപാടുകളമ്മേടടിയോ ദേഹത്തു തിണർത്തുകിടക്കണത്?
 എങ്കിലും കുറവില്യാ വികൃതിയൊട്ടും എന്താ തിമർപ്പിന്നു കൊച്ചുകള്ളീ!
എന്നാലുമിഷ്ടാട്ടോ എനിക്കു നിന്നേ 'ചിൽചിൽ'എന്നു കൂടെച്ചിലയ്ക്കാനും 
ആലിൻകൊമ്പത്തിരുന്നു നീ കാട്ടണ ചാഞ്ചാട്ടം ഞാനും കാണാറുണ്ടേ
 ആരുചൊല്ലിത്തന്നതണ്ണാറക്കണ്ണാ ഇങ്ങനൊക്കെ ചാടാനും മറിയാനും?
 എനിക്കാണാധി നീയിങ്ങനെയോടുമ്പോൾ
ആലിൻറെ കൊമ്പത്തൂയലാടുമ്പോൾ!
 മിന്നൽപ്പിണരുപോൽ നീ ചാടുമ്പോൾ മിന്നൽപ്പിണരൊന്നോടുന്നെൻ മനസ്സിലും! പോകുന്നവഴിയ്ക്കു നീ മീനുക്കാക്കേടെ കുഞ്ഞിനെ ഉണർത്തിയോ ,കഷ്ടായല്ലോ!
 നീ ചാടിമറിയവേ കൊമ്പുകുലുങ്ങീലേ അവറ്റകൾ തൊള്ളതൊറക്കണ കണ്ടീലേ ?
 കാക്കേടെ കുട്ട്യോളെ കരയിച്ചാൽ നിന്നെ കാക്കയമ്മ വെർതെ വിടൂന്നു കരുത്യോ ?
 കൊത്തിപ്പറിക്കൂന്നു ഞാൻ പറഞ്ഞൂലോ ഇന്നാളൊരൂസം നിൻറടുത്ത് കൂട്ടാക്കില്യാലേ ഞാൻ പറേണത് കുറുമ്പീ, തരിമ്പും നീ ചെവിക്കൊള്ളൂലേ?
 ഇതാപ്പോ കാര്യം,എന്തൂട്ടേലും മിണ്ട്യാൽ പിണങ്ങിപ്പോവായോ നീയും?
 അതിനു നീ മനുഷ്യനാ പിണങ്ങിയോടാൻ തൊട്ടേനും പിടിച്ചേനും വാലുംവിറപ്പിച്ച്?
 പതുക്കെയോടൂട്ടോ വികൃതിക്കുട്ടീ നീ ഞാനും വരുന്നേ,രണ്ടടിതരാൻ നിനക്കിട്ട്! '''''''''''''''''''''''''''''''' ഗീതാഞ്ജലി 12-8-17

റേഡിയോ

റേഡിയോ 
'''''''''''''''''
പണ്ടെനിക്കുണ്ടായിരുന്നൊരുകൊച്ചു
മാന്ത്രികപ്പെട്ടിയെൻഗൃഹത്തിൽ!

മാന്ത്രികപ്പെട്ടിതൻ മായാവലയത്തിൽ
മാനസം ബന്ധിച്ചു ഞാൻ വസിച്ചു

റേഡിയോയെന്നൊരിമ്പമാം പേരുമായ്
നേടിയതെന്നുടെ ഹൃത്തിൽ സ്ഥാനം.

വൈദ്യുതിയില്ലാതെ റേഡിയോ സ്തംഭിച്ച
നാളുകൾ നിദ്രാവിഹീനമായി.

പുലരിത്തുടുപ്പിനെയെതിരേൽക്കാനെന്നെന്നും
പുലർകാലസുഭാഷിതങ്ങൾകേട്ടു

കണ്ണിതൾപ്പൂവുകൾ വിടർത്തിഞാനാഗാന-
വീചികൾ ചുറ്റിലുമലയടിക്കേ!

ആകാശവാണിയിൽ വാർത്തകൾകേട്ടിട്ട്
ആവേശമോടെന്നുമറിവുനേടി.

യുദ്ധവും സമാധാനവുമിടയ്ക്കിടെ
ചൂടുകാപ്പിയ്ക്കൊപ്പം ചൂടാറാതെ

ചിന്തകൾ കാടുകയറിയിറങ്ങവേ
ചിത്തത്തിൽ കുളിർകോരി ലളിതഗാനം!

ഗാനവീചികൾ റേഡിയോയിലൂടെ
നാദമഞ്ജീരധ്വനിയുണർത്തി

നാടകങ്ങൾ റേഡിയോയിൽ കൊഴുക്കവേ
വീട്ടുകാരും ചുറ്റിലോടിക്കൂടി

മനക്കണ്ണിലോരോ കഥാപാത്രവും മിന്നി
മനസ്സിൻറെയരങ്ങിലുമഭിനയിക്കേ

കണ്ണില്ലാപ്പെട്ടിക്കുണ്ടായിരുന്നത്
കാലുഷ്യം കലരാത്ത നാക്കുമാത്രം

ആ നാവിൽനിന്നുതിരുന്ന ഗാനങ്ങൾ 
ആത്മഹർഷത്തിൽ മുക്കിയെന്നെ!

ഗാനത്തിൻശീലുകൾക്കൊത്തൊന്നു ഞാനും
ആടിത്തകർത്തു നർത്തനങ്ങൾ

തിരുവാതിരക്കളിയും തിരുവഞ്ചിപ്പാട്ടും
താളത്തിലാടി രസിച്ചിരുന്നു.

ചലച്ചിത്രഗാനങ്ങൾ പ്രണയത്തിൻപൂമഴ
പോലെയാസ്വദിച്ചിരുന്നവരും

റേഡിയോയെയും പ്രണയിച്ചുപോയെങ്കിൽ
കഴിയുമോ കുറ്റം പറയുവാനായ്?

എങ്കിലുമിന്നാ പ്രണയമൊരുപിടി
ഓർമ്മകൾ മാത്രമായ് ബാക്കിയായി

ഓർമ്മകളിലിന്നും കനലായെരിഞ്ഞിട്ടു
ചാരത്തിൽ മുങ്ങിക്കിടക്കുന്നാ  റേഡിയോ! 
''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി  (1-8-2017)

Friday, June 8, 2018

നഷ്ടബാല്യം

നഷ്ടബാല്യം
''''''''''''''''''''''''''''''''''''''''''''''''
താരാട്ടുപാട്ടായിനിനക്കു ഹൃത്തിൽ
ആഴിത്തിരത്താളമിതൊന്നുമാത്രം! 
ചാരത്തണഞ്ഞമ്മകിനാവിലിന്നും
കണ്ണീരൊഴുക്കുന്നൊരനാഥബാല്യം! 
ഓർമ്മിയ്ക്കുവാനായിനിതാന്തശോകം 
കാണാംമിഴിച്ചെപ്പിലതൊന്നുമാത്രം. 
നേത്രാംബുനെഞ്ചിൻറെ വിതുമ്പലായി
മേഘാഗ്നിയേറ്റൊന്നുതിരും ഘനംപോൽ!
വർണ്ണാഭചാർത്തീ,പ്രസരിപ്പുമേറ്റീ 
വിദ്യാലയംപൂകികിടാങ്ങളെന്നും
കുഞ്ഞേ,നിനക്കാശ നിറഞ്ഞുഹൃത്തിൽ 
വിദ്യാധനംസ്വപ്നമതോർത്തുതേങ്ങീ! 
വേലയ്ക്കുപോയീടിലസഹ്യപീഡ 
അന്നത്തിനൊട്ടുംവഴിയില്ല,കഷ്ടം! 
ചോരപ്പടുക്കൾതിണരുന്ന ദേഹം
ദാഹിച്ചു,നീർവറ്റി തളർന്നുവോ നീ? 
ബാല്യങ്ങളിന്നുംകൊടുതീയിലൂടേ 
ശാപങ്ങളുംപേറികരിഞ്ഞുപോകേ 
കാലിയ്ക്കുസംരക്ഷ കൊടുത്തിടാനായ്
വാദിയ്ക്കുവാനാളുകളേറെയുണ്ടേ!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' 
(ഇന്ദ്രവജ്ര-വൃത്തം)
 മേഘാഗ്നി=മിന്നൽ ,ഘനം =മേഘം 
''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
19-6-2017

സംഗീതദിനം

സംഗീതദിനം
'''''''''''''''''''
സംഗീതത്തിൻ മാസ്മരഭാവം
പ്രപഞ്ചവേദികയിൽ
ആമോദത്തുയിലുണരുകയായീ
കുയിലിൻ കൂജനമായ്.
അലകൾപുളകം നെയ്യുംനദിയോ
ഈണം മൂളുന്നു
ശ്രുതിതാളങ്ങൾ പ്രണയമുണർത്താൻ 
ചരാചരങ്ങളിലും
പാടത്തിന്നൊരു കാറ്റിന്നൊലികൾ 
ശ്രവിച്ചു പൊൻകതിരും
കുണുങ്ങിയാടീ കാതരമായീ
സുവർണ്ണശോഭയിതിൽ.
കവിതയുണർന്നു മമഹൃദയത്തിൽ
കുയിലിൻ ശ്രുതികേൾക്കേ 
ആനന്ദനൃത്തമാടി മയൂരം,
മാനസവാടിയിലും.
സംഗീതത്തിൻ ദിനമിന്നറിയുക
പാട്ടിന്നലയൊലികൾ
നിറയ്ക്കയെങ്ങും ഭുവനംമുഴുവൻ
താളംതിരതല്ലീ.
(മാധുരി വൃത്തം)
''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
21-6-17

ഗൃഹനാഥ

ഗൃഹനാഥ
''''''''''''''''''''''''
കനലുകത്തിടുമടുപ്പിൻചാരെ
പുകഞ്ഞിടുന്നതാം ജന്മമേ നീ
ഗൃഹനാഥയെന്നൊരോമന-
പ്പേരിൽ വാഴുന്ന പാഴ്ജന്മം!

വീട്ടുകാരുടെയാജ്ഞക്കൊത്ത്
വിഴുപ്പുപണിചെയ്യും കീടമോ നീ
വീട്ടുപണികൾ യന്ത്രം പോലെന്നും
വീഴ്ചയില്ലാതെ ചെയ്യുവാനായ്!

വീഴ്ചയൊന്നു പിണഞ്ഞുപോയാൽ
കനലുകത്തിടും നയനങ്ങളിലെ
താപത്തിൽ പിടഞ്ഞുചാകുവാൻ
വിധിക്കപ്പെട്ടവൾ നീയെന്നോ?

അടിയേറ്റവശയായ് വീഴുമ്പോളും
അസുരഭാഷണത്താലേ കുത്തി
അടിമയവളുടെ മനസ്സിലും വ്രണം
ആഴത്തിലേല്പിപ്പോൻ പതിയോ?

വരണ്ടഹൃദന്തത്തിൽ ദുഃഖസ്മൃതികൾ
വിണ്ടുകീറിയചാലുകളിലോ
നഷ്ടസ്വപ്നങ്ങൾ കുഴിച്ചുമൂടി നീ
നൊമ്പരങ്ങൾതൻ തേങ്ങലും

ആശയറ്റ നിന്നാവനാഴിയിൽ
ആയുധമൊന്നുമാത്രം ബാക്കി
ആർദ്രമാംനിൻ മനസ്സിൻകോണിലെ
ആർത്തിരമ്പും കവിതാശകലങ്ങൾ

കാലങ്ങളായേറ്റ മുറിവുകൾ
കാലക്കേടിൻ രണമിരമ്പങ്ങൾ
കാർന്നുതിന്നതാമാത്മവീര്യവും
കണ്ണീർമുത്തുപോലടർന്നുവീണു!

കൂടെനില്ക്കാൻ ദുരിതത്തിൽനിൻ
കൂട്ടുകാരില്ല,വീട്ടുകാരില്ല
വീരകഥകൾ ചൊല്ലും കൂട്ടരും
നിൻനിഴലുപോലുമകന്നിടും!

നീതിപീഠങ്ങൾ കണ്ണുപൊത്തുമ്പോൾ
നീതിപാലകർ പിന്നോട്ടോടുമ്പോൾ
കുറിച്ചിടുക നീ ചാവേർക്കവിതകൾ
ഗാർഹികപീഡനം തുടരുവോളും
'''''''''''''''''''''''''''''''''''''''''''''''''''’''''''''''''''''''''''''''''''''''''''''''''''''''
#ഗീതാഞ്ജലി
25-3-2018

Thursday, June 7, 2018

കളഞ്ഞുപോയ ശൈശവം

ളഞ്ഞുപോയ ശൈശവം
""""""""""""""""""""""""""""""""
പിഞ്ചിളംകുഞ്ഞിൻറെ പുഞ്ചിരി ചാലിച്ചു
പുലരിയണഞ്ഞെൻറെ ചുണ്ടിൽ പകരുവാൻ

കുഞ്ഞിളംതെന്നൽ കുണുങ്ങിവന്നീടുന്നു
കൊഞ്ചലോടെ വന്നു പഞ്ചവർണ്ണക്കിളി!

ക്രൂരമാം ലോകത്തിൻ വാക്ശരങ്ങളാലേ
കരളിനെ കീറിമുറിച്ചീടുമ്പോളെല്ലാം

കാപട്യമേശാത്ത കുഞ്ഞിൻമൊഴിപ്പൂക്കൾ
കാതര്യമാറ്റുന്നെന്നായുസ്സിൻ വീഥിയിൽ!

നിന്നിൽകിളിർത്തൊരാ നന്മമുകുളങ്ങൾ
നീണ്ടൊരു പന്ഥാവിലെങ്ങു കൊഴിഞ്ഞുപോയ്?

നേരിൻറ നൊമ്പരപ്പാതയിൽ പൂക്കുന്ന
നൈർമ്മല്യമോലുമാ തുമ്പപ്പൂക്കൾ

കണ്ടിട്ടും കാണാതെ പോകുവാൻ നിന്നുടെ
കർണ്ണത്തിലാരോതിയോമനപ്പൂമുത്തേ?

മഞ്ചാടിമുത്തിനാൽ വർണ്ണാഭമായൊരാ
മാകന്ദവാടിയിൽ മാമ്പൂ കൊഴിയുംപോൽ

നിന്നിലെ ശൈശവമെന്നു കളഞ്ഞുപോയ്?
നിഷ്കളങ്കത്തിൻറെ മാധുര്യമെങ്ങുപോയ്?

തേടിയിറങ്ങുക നന്മതൻ മുത്തുകൾ
താവകഹൃത്തിന്നറയിലൊളിപ്പിക്കാൻ!

സ്നേഹം വറ്റാത്തൊരു ദീപപ്രഭപോലെ
സുസ്മേരം വിടരട്ടെ നിൻചുണ്ടിലെന്നാളും!
"""""""""""""""""""""""""""""""""""""""""""""""
ഗീതാഞ്ജലി
14-11-2017

വിദ്യാഭ്യാസക്കച്ചവടം

വിദ്യാഭ്യാസക്കച്ചവടം
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
വിദ്യാഭ്യാസക്കച്ചവടം ചെയ്യുന്നോരു കൂട്ടരിപ്പോൾ
വിലക്കുന്നു പെറ്റീഷനും കോടതികളിൽ
ലക്ഷങ്ങളും കോടികളും മറിയുന്ന വൈദ്യശാസ്ത്ര-
രംഗത്തിതാ നാടകങ്ങളരങ്ങേറുന്നു
കോളേജുകൾ കെട്ടിപ്പൊക്കാനൗത്സുക്യമോടെത്തീടുന്നു
പഞ്ചരത്ന അബ്കാരിക്കാർ,സ്വർണ്ണക്കടക്കാർ
മത്സരിച്ചങ്ങോടിയെത്തി പണച്ചാക്കു കൈയിലുള്ളോർ
സ്വദേശത്തും വിദേശത്തും പണംകുമിഞ്ഞോർ!
ഇവരുടെ കശാപ്പിൻറെ ശാലകളിൽ കിളുർത്തീടും
ഡോക്ടർമാരോ ചോദിക്കുന്ന ഫീസതുകേട്ടാൽ
ഉടനടി ഫ്യൂസുപോകും പിന്നെ ഫീസു കൊടുക്കേണ്ട
തിരിച്ചുപോയീടാമൊരു ശവമഞ്ചത്തിൽ!
മറ്റുചിലരയ്യോ കഷ്ടം,ഐയ്യേയസ്സിൻ കോച്ചിഗ് ക്ലാസ്സിൽ
കോപ്പിയടി നടത്തുവാനല്ലോ തന്ത്രങ്ങൾ
ചൊല്ലിക്കൊടുത്തീടുന്നിപ്പോൾ അക്കരകടത്തീടുവാൻ
കാശെറിഞ്ഞു മീൻപിടിക്കും 'മാന്യ'ന്മാർക്കായി
ഇമ്മട്ടിലോടീടുന്നല്ലോ വിദ്യാഭ്യാസക്കച്ചവടം
കാശില്ലെങ്കിലിതിനൊന്നും തുനിഞ്ഞീടല്ലേ!
അദ്ധ്യാപകരൊത്തുചേർന്നു ചോദ്യപ്പേപ്പർ ചോർത്തീടുമ്പോൾ
വിദ്യാർത്ഥികൾക്കെന്നും പരമാനന്ദമല്ലോ
ചോർത്തലിൻറെ കഥകളോ സ്കൂൾതലത്തിൽ തുടങ്ങുന്നു
ചോദ്യംചെയ്യുന്നോരെ ശിക്ഷിച്ചീടുന്നീക്കൂട്ടർ!
മൂല്യബോധമശേഷവുമില്ലാത്തോരു തലമുറ
വാർത്തെടുക്കപ്പെടുന്നതാം വിദ്യാലയത്തിൽ
'എന്നെ നന്നാക്കീടുവാനായ് ശ്രമിച്ചീടിലതു വ്യർത്ഥം'
എന്നുചൊല്ലി ഭീഷണികൾ മുഴക്കീടുന്നു
ഒന്നുശിക്ഷിച്ചാലോ ടീച്ചർ കൊലക്കുറ്റം ചെയ്തപോലെ
ആക്രമിക്കപ്പെട്ടീടുന്നു നിയമംകാട്ടി
അദ്ധ്യാപകജോലിക്കായി കാശങ്ങോട്ടു വാങ്ങീടുന്ന
സ്കൂളിൽ ജോലിചെയ്തീടുന്ന നിസ്സഹായരോ
ഒന്നും കണ്ടും കേട്ടുമില്ലയെന്നുനടിച്ചീടുന്നല്ലോ
നിസ്സംഗരായ് ജോലിഭാരം തലയിലേറ്റി
പരീക്ഷകൾ മാറ്റിവയ്ക്കാൻ നിഷ്കളങ്കബാലകരെ
കൊന്നീടുവാൻ മടിക്കാത്ത കൗമാരക്കാരും
ജ്ഞാനംതെല്ലുമില്ലാതയ്യോ അബദ്ധങ്ങൾ ചൊല്ലീടുന്ന
'പണ്ഡിതശ്രേഷ്ഠ'രായീടുമദ്ധ്യാപകരും
ചേർന്നുപൊടിപൊടിക്കുമ്പോൾ വിദ്യാഭ്യാസം കൊഴുക്കുന്നു
വിദ്യാദേവതയുമോടും ജീവൽഭയത്താൽ!
(വൃത്തം- നതോന്നത-വഞ്ചിപ്പാട്ട്)
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
12-11-2017

കനിയാത്ത കടലമ്മ

കനിയാത്ത കടലമ്മ
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
'ഓഖി'യിൽപ്പെട്ടോരെന്നോമനപ്പുത്രനെ
ഓളങ്ങൾക്കുള്ളിലൊളിപ്പിച്ചിട്ടിന്നിതാ

ഓട്ടൻതുള്ളലാടീടുന്നോ കടലമ്മേ 
ഓർക്കാപ്പുറത്തെന്നെ ശോകത്തിലാഴ്ത്തുവാൻ

എന്നുള്ളിൽ കുരുത്തോരു ജീവിതശോഭയെ
ഏതൊരുപവിഴപ്പുറ്റിലിന്നടച്ചു നീ?

ജീവന്റെ നാളമണയ്ക്കാതെൻപൈതലിൻ
ജീവിതനൗകയെ തിരികെത്തരില്ലേ നീ?

ജന്മം കൊടുത്തോരീ ജനനിതൻകണ്ണീരും
ജാതകപ്പിഴയാലോ ആഴിയായൊഴുകുന്നു

മുക്കുവർഞങ്ങൾതൻ ജീവനോ വിലതുച്ഛം
മുഖ്യപൗരപ്രമാണിമാർക്കെന്തു പുച്ഛം!

തേങ്ങുമെന്നാത്മാവിലാശ്വാസമേകുവാൻ
തേടുന്നു കടലമ്മേ ജീവനാം ഭിക്ഷയ്ക്കായ്

തരിച്ചു ഞാൻ കാത്തുനില്ക്കുന്നിതാ തീരത്തിൽ
തിരികെ വന്നിടാനെന്നാത്മാവിൻ തിരിനാളം!

നോക്കെത്താ ദൂരത്തു മിഴിനട്ടുനില്ക്കവേ
നീലനിശീഥിനിയണയുന്നെൻ കൂട്ടിനായ്

നിദ്രാവിഹീനമാം നാഴികകൾക്കൊപ്പം
നിരന്തരം തിരകളുമൊഴുകുന്നു നിർഘൃണം

താളംമുറിഞ്ഞൊരു ഗാനംപോൽ വാക്കുകൾ
താളമറ്റിന്നിതാ വീഴുന്നെന്നശ്രുപോൽ

നിശ്ചേതനമാകുമെൻകണ്ഠനാളത്തിൽ
നിന്നുപോയിന്നിതാ തേങ്ങലിന്നാരവം!

ആശകൾ വറ്റിയെൻ ജീവിതമാഴിപോൽ
ആർത്തലച്ചീടുന്നുയെന്നുമെന്നും!

ആത്മാവിലാശതൻ കുളിർമാരി തീർക്കുവാൻ
ആത്മജനിന്നെൻറെ തീരത്തണയുമോ?
(ഓഖി-നവംബർ30,2017ന് കേരളത്തിലും തമിഴ്നാട്ടിലും അടിച്ച ചുഴലിക്കാറ്റിൻറെ പേര്!)
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
9-12-2017

പുനർജന്മം

പുനർജന്മം
''''''''''''''''''''''''''''''''''''''
വാക്കിൻറെമുനകളാലസ്ത്രം തൊടുക്കുന്ന
മാനുജരോടില്ലിനിയെനിക്കുപ്രിയം

സ്നേഹത്തിൻപൂക്കാലം വിടരുന്ന വേളയിൽ
ഒരുപനിനീർപുഷ്പമായ് പുനർജ്ജനിക്കാം

ആർദ്രമാംഭാവങ്ങളുണർത്തുന്ന കലകളെ
വീണ്ടുമൊരുജന്മത്തിൽ പ്രണയിച്ചിടാൻ

പ്രകൃതിതൻചൂഷണം കലയാക്കിമാറ്റിയ
മർത്ത്യസംസ്കാരത്തെയെതിർത്തീടുവാൻ

ഒരു ഗ്രന്ഥത്താളിലെയക്ഷരക്കൂട്ടമായ്
ഒരു പ്രണയകാവ്യത്തിന്നലകളായ്

പ്രപഞ്ചത്തിൽ നിറയുവാൻ സാനന്ദമാടാൻ
ഒരു കാൽച്ചിലമ്പിലെ ശ്രുതിയായിടാൻ!

എൻമൊഴികളിൽ നാനാർത്ഥം ചികയാത്ത കൂട്ടരിൽ
സ്നേഹത്തിൻ പര്യായമായിമാറാൻ

രാജ്യത്തിന്നതിർത്തികൾ ലക്ഷ്മണരേഖകൾ
വരച്ചിടാവാനത്തിൽ വിഹരിച്ചിടാൻ

സ്നേഹത്തെയെരിതീയിൽ വറുത്തിടും ഭാഷയെ
ഒരുകുയിൽനാദമായ് തോല്പിച്ചിടാൻ

പ്രകൃതിയിൽ സ്നേഹത്തിൻവർണ്ണങ്ങൾ വിതറുന്ന
പൂക്കളിൽ സൗരഭ്യമായിമാറാൻ

ഇനിയുമൊരുജന്മമെടുത്തിടാമീഭൂവിൽ
നരജന്മമായിനി പിറക്കവേണ്ട!

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
15-2-2018

ഒരു ജവാന്റെ മകൻ

ഒരു ജവാന്റെ മകൻ
"""""""""""""""""""" 
ഇന്നുമെഴുതാത്തൊരു ഗ്രന്ഥത്താളിലെ
ഇമ്പമാർന്ന വരികളാണെന്നച്ഛൻ
നാളിതുവരേയ്ക്കും അണിയാചിലങ്കതൻ 
താളവും രാഗവുമാകുന്നുയെന്നച്ഛൻ!കാണാതെ എൻമനക്കണ്ണിൽ തെളിഞ്ഞൊരാ കല്യമാം
പൊൻവിഗ്രഹമെന്നച്ഛൻ!
കാറ്റിലുലഞ്ഞാടുമൂരിനെകാക്കുവാൻ 
കൂടുപേക്ഷിച്ച മൈനയാണെന്നച്ഛൻ!അമ്മതൻനെഞ്ചിലെ നോവിന്റെ തേങ്ങലായ്
അടക്കിയൊരശ്രുബിന്ദുവെന്നച്ഛൻ!വന്നില്ലരങ്ങത്തു പിന്നീടതെങ്കിലും 
എന്നുമരങ്ങുകൊഴുപ്പിച്ചതുമച്ഛൻ! 
കാണാക്കിനാവിന്റെ പാല്നിലാപൊയ്കയിൽ
കാനനപ്പൂവായ് വിടരുന്നതുമച്ഛൻ! 
ഞാനെന്നനാളം തെളിയുന്നതിൻ മുന്നേ 
ഭൂമിയിൽകത്തിയെരിഞ്ഞതുമെന്നച്ഛൻ ..
ഏതോവിദൂരമാം ചക്രവാളത്തിലായ് 
എന്നെ നോക്കിച്ചിരിതൂവുന്നതുമച്ഛൻ .. 
രക്തസാക്ഷിയാമൊരുജവാനായല്ല ,
നൽരത്നംപതിച്ചൊരു മാരിവില്ലായ്
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" 
ഗീതാഞ്ജലി
3-5-2017

ഹൈക്കു കവിതകൾ- കൊന്നപ്പൂക്കൾ

ഹൈക്കു കവിതകൾ- കൊന്നപ്പൂക്കൾ
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

1)ചിരിതൂവുന്നു
മണിമുറ്റംനിറയേ
കൊന്നപ്പൂക്കൾ

2)ചിരിതൂവുന്നു
സ്വർണ്ണക്കമ്മലാട്ടി
കൊന്നമരവും

3)കാറ്റിലാടുന്നു
മഞ്ഞപ്പട്ടുടയാട
കൊന്നപ്പൂവിൻ

4) വിഷുക്കൈനീട്ടം
പ്രകൃതീദേവിതന്നു
മേടമാസത്തിൽ

5)എന്തൊരു ഗമ!
സ്വർണ്ണക്കമ്മലാട്ടും
കൊന്നമരത്തിന്ന്

7)കേൾക്കുന്നുണ്ടല്ലോ
കൊന്നപ്പൂക്കളിൻചിരി
കാറ്റിലാടുമ്പോൾ

8)ചിരിമറന്നോ?
മുറ്റത്തുവീണപ്പോൾ
കൊന്നപ്പൂക്കൾ

9) മരച്ചില്ലയിൽ
സൊറപറയുന്നുണ്ടോ
കൊന്നപ്പൂക്കൾ

10)കാണുന്നില്ലല്ലോ
കൊന്നമരങ്ങളൊന്നും
കുട്ടി വിഷാദിച്ചു

11)മേടമാസമോ?
പുഞ്ചിരിതൂകുന്നല്ലോ
കണിക്കൊന്നയും

12)സമ്മേളനമോ
കൊന്നമരച്ചില്ലയിൽ 
മഞ്ഞപ്പൂക്കളിൻ

13)കനകാംബരം
ചുറ്റിയിന്നണഞ്ഞല്ലോ
കൊന്നപ്പൂക്കൾ

14) വസന്തം വന്നു
കൊന്നമരങ്ങളിൽ
മഞ്ഞച്ചേലയിൽ
'''''''’'''''''''''''''''''''''''''''''''''''''''''''''''''''''’''''
ഗീതാഞ്ജലി

തിരുപ്പിറവി

തിരുപ്പിറവി
""""""""""""""""
സ്നേഹത്തിൻ ദീപമായിനിയും വരിക
സ്നേഹക്കടലായി പാരിടം നിറയുക
എളിമനിറച്ചെൻറെ മാനസപ്പുല്ക്കൂട്ടിൽ
തെളിമയോടിന്നണയുക  സദ്ഗുരു!

യേശുവിൻ ജനനത്തിരുനാളിലിന്നു
ശിശുവിൻ നൈർമ്മല്യഭാവത്തോടെ
ഹൃദിയലങ്കരിച്ചീടാം സ്നേഹത്താലേ
മൃദുസ്മേരം പകരുന്ന വാക്കിനാലേ!

മാനസമുരളിയിൽ മീട്ടുന്നു ഞാനിന്നു
സാനന്ദമറിഞ്ഞൊരു സുവിശേഷങ്ങൾ
കാലിടറാതെന്നെ കാത്തൊരാവഴികാട്ടി
കാലങ്ങളേല്പിച്ച പ്രഹരങ്ങൾക്കിടയിലും

അന്യന്റെ ദുഃഖങ്ങൾ സ്വന്തമാക്കീടുവാൻ
ധന്യമായ് തീർത്തിടാനവനിയിൽ ജീവിതം
ഒരുപൊൻതാരമായെൻവഴിത്താരയിൽ
വരികയെൻ ഹൃത്തിലെ തിരിനാളമായി!

പുല്ക്കൂട്ടിൽപിറന്നൊരു മിശിഹാതൻറെ
നൽവചനങ്ങളെ കാറ്റിൽപ്പറത്തുന്നോർ
മണിമന്ദിരങ്ങളിലാഘോഷത്തിമിർപ്പിൻറെ
പണക്കൊഴുപ്പായ് മാറ്റുന്നു തിരുപ്പിറവി!

വരിക നീയൊരു കൊടുങ്കാറ്റായി വീണ്ടും
നാരായവേരു പിഴുതെറിയാനധർമ്മത്തിൻ
ഉലകം നിയന്ത്രിക്കും വിദ്വേഷവിഷങ്ങളെ
ഉലച്ചീടുവാനെൻവിരൽത്തുമ്പിലക്ഷരമായി!
’''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
25-12-2017

ധാര

ധാര
'''''''''''''''''
ധാരയായൊഴുകിയിറങ്ങുന്നെൻ ചിന്തകൾ
കാവ്യമൊന്നെഴുതുവാൻ വാക്കുകൾ തേടവേ

ധാരയായൊഴുകുന്നു താപത്തിൻ വർഷവും
കോരിച്ചൊരിയുന്ന മാരിപോലെൻകണ്ണിൽ

ധാരയായെയ്ത നിൻകൂരമ്പുകളിന്നും
കോരിയിടുന്നുണ്ടെൻ മാനസേ കനലുകൾ

എങ്കിലുമില്ലൊരു ഭയമെനിക്കിന്നോളം
പിന്തിരിഞ്ഞോടുവാനില്ലൊരു ഭാവവും!

പിൻവലിച്ചിടാതെ നിഷ്ഠൂരവാക്കുകൾ
പിൻവിളിയുയരുകയില്ലിനി പ്രിയവും!

എൻറെയാത്മാവിനെയിഞ്ചിഞ്ചായ് കൊന്നൊരു
തീരത്തു നീയെന്നു തീർത്ഥംതളിക്കും?

വാക്കിനാലസ്ത്രം തൊടുക്കുന്ന കാട്ടാളർ
നാക്കിന്റെ മുനയാലേ മുറിക്കുന്നു ഹൃദന്തങ്ങൾ

വാക്കിലും കാപട്യം നിറയ്ക്കുന്ന കൂട്ടരോ
ധാരയായൊഴുക്കുന്നു നിരർത്ഥകവാക്കുകൾ!

നന്ദിയും കരുണയും വറ്റിയോരുലകത്തിൽ
നന്ദിപ്രകടനം വെറും പ്രഹസനം!

പശ്ചാത്താപത്തിൻ കണികയുമില്ലാതെ
പാശ്വവർത്തികളോടൊപ്പമാർത്തിന്നെങ്ങും

നടക്കുന്നു ഭൂമിയിൽ നരജന്മമനേകം
കൊളുത്തുമായിരതേടാനിരുട്ടിൻറെ മറവിൽ!

വിജ്ഞാനധാര ഹൃത്തിലേറ്റിടുവാൻ
വിദ്യതൻകൽപ്പടവുകൾ താണ്ടുവാൻ

മാനംപോൽ പരന്നൊരു വായനയാലേ
മാനസജാലകം തുറന്നു വച്ചിടാം!

വാതായനങ്ങൾ നീ തുറന്നുവയ്ക്കാകിൽ
വാതിൽപ്പഴുതിലൂടൊഴുകുമോ കുളിർത്തെന്നൽ?

കരുണതൻ ധാരയുള്ളിൽ നിറയാതെ
കാണുവാനാകുമോ സഹജീവിതൻവേദന?

തുറന്നുവരിക നീ മനസ്സിൻറെ ശ്രീകോവിൽ
നിറയ്ക്കുക സ്നേഹത്തിൻ ധാരയീ ധരണിയിൽ!
''''''''''''''''''''''''''''''''''''''''''’''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
11-3-2018

പ്രണയം,വിരഹം,കാമം

പ്രണയം
'''''''''''''''''''''''''''
സർവ്വപ്രപഞ്ചവും പ്രണയിനിതൻകണ്ണിൽ
ദർശിച്ചിടുമ്പോളതല്ലോ പ്രണയം
സർവ്വപ്രപഞ്ചത്തെ മറന്നിട്ടൊരാളെത്ത-
ന്നുൾക്കണ്ണിൽ കാണ്മതല്ലോ പ്രണയം
സ്വപ്നങ്ങൾ ചേർത്തൊരു നിറക്കൂട്ടൊരുക്കുന്ന
അത്ഭുതപ്രതിഭാസമതല്ലോ പ്രണയം
ആ നിറക്കൂട്ടിനാലണിയിച്ചൊരുക്കി തൻഹൃത്തിൽ
പ്രണയിയെ പ്രതിഷ്ഠിക്കലല്ലോ പ്രണയം!

വിരഹം
''''''''''''''''''''''''''''
പ്രണയത്തിൻ വേർപാടിൽ തുളുമ്പുന്നകണ്ണീരിൽ
കുതിരുംസാമ്രാജ്യത്തിൻ പേരല്ലോ വിരഹം
പിൻവിളിച്ചോടിയടുത്തെത്താൻ കൊതിച്ചാലും
കണ്ഠത്തിൽ കുരുങ്ങുമൊരു ഗദ്ഗതം വിരഹം!
ഒരു ശോകഗീതത്തിലലിയുവാൻ വിതുമ്പുന്ന
ആർദ്രമാം രാഗത്തിൻ പേരല്ലോ വിരഹം
പരസ്പരം കലഹിച്ചു വഴിപിരിയുമ്പോളും
ഹൃത്തിലൊളിച്ചിടും നൊമ്പരം വിരഹം!

കാമം
'''''''''''''''''''''''
ഒരു സാഗരത്തിലലിഞ്ഞിടാൻ തിടുക്കത്തിൽ
ഒഴുകുന്ന പുഴയുടെ വാഞ്ഛയല്ലോ കാമം
മതിലേഘയിൻ പ്രഭയെ പുണരുവാൻ വെമ്പുന്ന
വെൺമേഘശകലത്തിൻ കൊതിയല്ലോ കാമം!












കേരളപ്പിറവി

കേരളപ്പിറവി

മലയാളനാടിൻറെനൽപ്പിറന്നാൾദിനത്തിലെൻ
മുല്ലപ്പൂമാലയായൊന്നൊരുക്കുന്നൊരുകാവ്യം
തിരുമുൽക്കാഴ്ച്ച നേരുവാനീദിനത്തിൽ
തിരുവോണംപോലിന്നാഘോഷിച്ചിടാനായ്
കൃശഗാത്രയായെൻ കേരളമൊരുങ്ങുന്നു
കൃതിയായിന്നൊന്നു കൃതശോഭയുംതൂകി!
തൂലികത്തുമ്പിൽത്തുളുമ്പുവാനെൻ ചേതന
തുള്ളുന്നീ നാളിൽ നൈവേദ്യമായർപ്പിക്കാൻ
തുഞ്ചൻറെ കിളിപ്പാട്ടും കുഞ്ചൻറെ തുള്ളലുമായ്
തുന്നുന്നൂ നിൻമേന്മകൾ മലയാളമേ കേൾക്ക
മാതൃഭാഷയുംചൊല്ലിപ്പഠിച്ചീടുമോ നിങ്ങൾ
മനംനിറഞ്ഞു കാവ്യം രചിക്കൂ പൈതങ്ങളേ!
മനംമയക്കുന്നൊരാ പ്രകൃതിവൈവിദ്ധ്യത്തെ
മറക്കാതിരിക്കുക ചൂഷണം ചെയ്യാതെ
പച്ചവിരിച്ച നെല്ലിൻപാടങ്ങളുണരട്ടെ
പൊന്നിൻകതിർക്കുലകൾ നർത്തനമാടട്ടെ
തെച്ചി, ചെമ്പനീർ, തുമ്പ, കായാമ്പൂവും
തോഴരായിന്നുചേലിൽ തെന്നലിലാടുമ്പോൾ
മാവേലിനാടിനെ  പുനർജ്ജീവിപ്പിച്ചിടാൻ
മാമകസോദരരേ ഒന്നിച്ചൊന്നണിചേരൂ!
മനോഹരാംഗിയാം കേരളപ്പൂങ്കാവനേ
മന്ദമായ് വീശട്ടേ സ്നേഹത്തിൻ സുഗന്ധവും
അന്യഭാഷകളും സൗഹൃദമുത്തുകൾ
അമൃതായ്ക്കരുതീടാം ലോകവും കുടുംബമായ്!
"""""""""""""""""""""""""""""""""""""""""""""""""""""""""""""""""
ഗീതാഞ്ജലി
1-11-2017

Tuesday, June 5, 2018

പ്രകൃതീ, നിനക്കുവേണ്ടി

പ്രകൃതീ, നിനക്കുവേണ്ടി!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പ്രകൃതിതൻ വിഭവങ്ങൾ പ്രകൃതിയ്ക്കു സ്വന്തം
വരദാനമായവ കാത്തുസൂക്ഷിച്ചിടാം
പ്രകൃതി സംരക്ഷണം സുകൃതമായിക്കരുതി
മുന്നോട്ടുപോവുക സോദരരേ നിങ്ങൾ!

തൈകളനേകം നട്ടിന്നു നമ്മൾ
വരും തലമുറകൾക്ക് പാഠമായിടേണം
നീരുറവകൾ വിഘ്നംകൂടാതൊഴുകണം
വറ്റിയ ജലധികൾ തുളുമ്പട്ടെ നീരാൽ!

കാവ്യങ്ങളനവധിയെഴുതിയിട്ടെന്തു-
കാര്യമിന്നെന്തിഹ ചെടികൾ നടാതെ?
പ്രാണവായുവിനായ്  നെട്ടോട്ടമോടുന്ന
കാലം വരുമെന്ന് നിരൂപിച്ചിടുക!

അലങ്കരിച്ചിടാം നാം പ്രകൃതിയെയെന്നേയ്ക്കും
മരങ്ങളാൽ മലകളാൽ പൂക്കളാൽ നദികളാൽ
പ്രണയം നിറയ്ക്കാം പ്രപഞ്ചത്തിലെന്നും
കവിതകൾ തുളുമ്പട്ടെ പ്രകൃതിതൻ ഭംഗിയാൽ!

ചത്തൊടുങ്ങിടാതെ പക്ഷിമൃഗാദികൾ
കല്ലെറിയാതെ നാം കുരുവിതൻ കൂട്ടിലും
കാത്തുരക്ഷിച്ചിടാം പ്രകൃതിതൻ തുടിപ്പിനെ
മണിമന്ദിരങ്ങൾ നീ പണിയുമ്പൊഴോർക്ക!

അണിനിരന്നിടുക യുവജനനിരയും
അണിയിച്ചൊരുക്കിടാൻ പ്രകൃതിയെ സ്നേഹത്താൽ
തരംതിരിവില്ലാതെ സ്നേഹിപ്പതൊന്നത്രേ
മർത്ത്യസംസ്കാരത്തിൻ ലക്ഷണമറിക നാം!
'''''''''''''''''''’'''''''''''''''''''''"""""""""""""""""""""""""""""""""""""""""""""""""""""""""""""""""
ഗീതാഞ്ജലി
5-6-2018
ലോകപരിസ്ഥിതിദിനം-ജൂൺ 5