Saturday, June 9, 2018

റേഡിയോ

റേഡിയോ 
'''''''''''''''''
പണ്ടെനിക്കുണ്ടായിരുന്നൊരുകൊച്ചു
മാന്ത്രികപ്പെട്ടിയെൻഗൃഹത്തിൽ!

മാന്ത്രികപ്പെട്ടിതൻ മായാവലയത്തിൽ
മാനസം ബന്ധിച്ചു ഞാൻ വസിച്ചു

റേഡിയോയെന്നൊരിമ്പമാം പേരുമായ്
നേടിയതെന്നുടെ ഹൃത്തിൽ സ്ഥാനം.

വൈദ്യുതിയില്ലാതെ റേഡിയോ സ്തംഭിച്ച
നാളുകൾ നിദ്രാവിഹീനമായി.

പുലരിത്തുടുപ്പിനെയെതിരേൽക്കാനെന്നെന്നും
പുലർകാലസുഭാഷിതങ്ങൾകേട്ടു

കണ്ണിതൾപ്പൂവുകൾ വിടർത്തിഞാനാഗാന-
വീചികൾ ചുറ്റിലുമലയടിക്കേ!

ആകാശവാണിയിൽ വാർത്തകൾകേട്ടിട്ട്
ആവേശമോടെന്നുമറിവുനേടി.

യുദ്ധവും സമാധാനവുമിടയ്ക്കിടെ
ചൂടുകാപ്പിയ്ക്കൊപ്പം ചൂടാറാതെ

ചിന്തകൾ കാടുകയറിയിറങ്ങവേ
ചിത്തത്തിൽ കുളിർകോരി ലളിതഗാനം!

ഗാനവീചികൾ റേഡിയോയിലൂടെ
നാദമഞ്ജീരധ്വനിയുണർത്തി

നാടകങ്ങൾ റേഡിയോയിൽ കൊഴുക്കവേ
വീട്ടുകാരും ചുറ്റിലോടിക്കൂടി

മനക്കണ്ണിലോരോ കഥാപാത്രവും മിന്നി
മനസ്സിൻറെയരങ്ങിലുമഭിനയിക്കേ

കണ്ണില്ലാപ്പെട്ടിക്കുണ്ടായിരുന്നത്
കാലുഷ്യം കലരാത്ത നാക്കുമാത്രം

ആ നാവിൽനിന്നുതിരുന്ന ഗാനങ്ങൾ 
ആത്മഹർഷത്തിൽ മുക്കിയെന്നെ!

ഗാനത്തിൻശീലുകൾക്കൊത്തൊന്നു ഞാനും
ആടിത്തകർത്തു നർത്തനങ്ങൾ

തിരുവാതിരക്കളിയും തിരുവഞ്ചിപ്പാട്ടും
താളത്തിലാടി രസിച്ചിരുന്നു.

ചലച്ചിത്രഗാനങ്ങൾ പ്രണയത്തിൻപൂമഴ
പോലെയാസ്വദിച്ചിരുന്നവരും

റേഡിയോയെയും പ്രണയിച്ചുപോയെങ്കിൽ
കഴിയുമോ കുറ്റം പറയുവാനായ്?

എങ്കിലുമിന്നാ പ്രണയമൊരുപിടി
ഓർമ്മകൾ മാത്രമായ് ബാക്കിയായി

ഓർമ്മകളിലിന്നും കനലായെരിഞ്ഞിട്ടു
ചാരത്തിൽ മുങ്ങിക്കിടക്കുന്നാ  റേഡിയോ! 
''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി  (1-8-2017)

No comments:

Post a Comment