Friday, April 10, 2020

പുസ്തകാവലോകനം(സർഗ്ഗസൂര്യൻ)


https://m.facebook.com/story.php?story_fbid=1771349579669169&id=100003824334886
പുസ്തകാവലോകനം
സർഗ്ഗസൂര്യൻ (കവിതാസമാഹാരം)
കവി: ഗീതാ മോൻസൺ (ഗീതാഞ്ജലി)
പ്രസാധകർ: ചിമിഴ് ബുക്സ്, കോട്ടയം
**************************************
സർഗ്ഗാത്മകതയാകുന്ന പൊൻചിറകിലേറി, ജീവിതസമസ്യകളുടെ ഉത്തരംതേടിയുള്ള കവിയുടെ  സൂര്യായനത്തിനിടയിലുതിർന്നുവീണു സാഹിത്യക്ഷിതിപുല്കിയ 45 സുന്ദരകവിതകളുടെ ചൊല്ലുകളാണ് "സർഗ്ഗസൂര്യൻ".
"തിടമ്പണിയിക്കുന്നു പൂർവ്വാദ്രിയർക്കനെ
തളിരുകൾ താളത്തിലനിലനിലാടുന്നു.
നാദസ്വരക്കച്ചേരിമേളം ചമയ്ക്കുന്നു
നാട്ടിൻപുറത്തെ കുയിലുകൾ കൂട്ടമായ്"
(പുലരി)
"കാതരം മലയാളമേ തവ ചിത്തമെന്തിഹ സുന്ദരം
കാവ്യമാലിക തീർത്തിടാം മമ ചേതനാംബര സീമയിൽ.
മത്സഖീ,പദമുത്തുകൾ പുഴപോലെ നീണ്ടൊഴുകീടവേ
മാനസം കുളിരാർന്നിടും മലയാളികൾക്കതു നിത്യവും
(മലയാളമഹിമ)
താളബോധവും സാമൂഹികപ്രതിബദ്ധതയും ധാർമ്മികദർശനങ്ങളും മാനവമമതയും മതനിരപേക്ഷചിന്തയും ഭാഷാസ്നേഹവും
സ്ഫുരിക്കുന്ന കവിതകളിലെ വരികൾ കവിമനസ്സിൻ്റെ പ്രതിഫലനങ്ങളായി കാണാം.
"ബന്ധങ്ങളറ്റുപോയതാം പാരിൽ
സ്നേഹത്തിൻ വിലയെന്തഹോ!
സ്നേഹത്തിൻ വർണ്ണമാരിവില്ലിതാ
വീണുപോയുടഞ്ഞിതെന്നോ!"
(ബന്ധങ്ങൾ)
"ധരയിലിതു മാനുഷനുമാത്രം സാദ്ധ്യമോ
കരുണയുടെവറ്ററ്റു ക്രൂരത കാട്ടുവാൻ?"
(മാ നിഷാദ)
നിന്നിലെ ശൈശവമെന്നു കളഞ്ഞുപോയ്?
നിഷ്കളങ്കത്തിൻ്റെ മാധുര്യമെങ്ങുപോയ്?
തേടിയിറങ്ങുക നന്മതൻമുത്തുകൾ
താവകഹൃത്തിന്നറയിലൊളിപ്പിക്കാൻ!
(കളഞ്ഞുപോയ ശൈശവം)
കാലചക്രമുരുളുംതോറും മനുഷ്യകുലത്തിൻ്റെ ചിന്താഗതികൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിലോമസ്വാധീനങ്ങളിൽ സ്നേഹവും കരുണയും നിഷ്കളങ്കതയും മനസ്സുകളിൽനിന്നൂർന്നുപോയിക്കൊണ്ടിരിക്കുന്നു.
"മുളങ്കൂട്ടിൽ മൈനകൾ മൊഴിയുന്ന ഭാഷയിൽ
മധുരം കിനിയുന്നു, മർത്ത്യഭാഷയതല്ലല്ലോ!
മനുജരോ വിദ്വേഷഖഡ്ഗവുമായ് ചലിക്കുന്നു
മാനസപ്പുഴകളിൽ വിഷംതീണ്ടി രമിക്കുന്നു!
(ചലനം)
"നിങ്ങളിലന്ധവിശ്വാസത്തിൻ വിത്തെറിയുന്നോർ
ജാതിമത രാഷ്ട്രീയത്തിൻ കോമരമാകുന്നവർ
അവർതൻ ലക്ഷ്യങ്ങളെ കാണാതെ നടന്നീടും
അന്ധരാണല്ലോ നിങ്ങൾ ആജ്ഞാനുവർത്തികളേ!"
(അന്ധവിശ്വാസികൾ)
ബുദ്ധിശൂന്യരായ നേതാക്കൾനല്കുന്ന അബദ്ധജഢിലമായ ആന്തരികദർശനങ്ങളിൽരമിച്ച് അന്ധരെപ്പോലെ ദിശയറിയാതെചലിച്ച് സമൂഹത്തിലെ സ്വൈര്യജീവിതം കുരുതികൊടുക്കുന്നവർക്കുള്ള ശക്തമായ ഉദ്ബോധനങ്ങളടങ്ങുന്ന വരികൾ..
"ഉയർന്നപദവിയുള്ളോൻ കുറ്റവാളി യെന്നാലോ,
കുറ്റം തിരയുന്നീ സാധുവാം നാരിയിൽ.
മതങ്ങൾ നിയന്ത്രിക്കും ഭരണകൂടങ്ങൾക്ക്,
വാളുയർത്താനാവില്ല മതാധികാരികൾക്കെതിരെ"
(ഒരു കന്യാസ്ത്രീയുടെ നിയോഗം)
"മണ്ണിൽ കുഴികുത്തി, കുമ്പിളിൽ കഞ്ഞിവാങ്ങി-
ക്കുടിച്ച ചെറുമരെ മനുഷ്യരായ്ക്കണ്ടിടാത്ത,
ജാതിയിലുന്നതരുടെയഹംബോധത്തിൻ്റെ,
കടയ്ക്കൽ കത്തിവച്ച മഹാനാമയ്യങ്കാളി!"
(അയ്യങ്കാളി)
ധാർമ്മികബോധം തൊട്ടുതീണ്ടാതെ പട്ടാപകൽ, ജനം നോക്കിനില്ക്കേ യാതൊരു ഉളുപ്പോ കുറ്റബോധമോ ഇല്ലാതെ, അത്യന്തം നീചമായരീതിയിൽ അവകാശധ്വംസനങ്ങളും ക്രൂരതകളും നിയമലംഘനങ്ങളും സദാചാരഹിംസകളും അഴിമതികളും പക്ഷഭേദങ്ങളും കാട്ടിക്കൂട്ടുന്ന പ്രമാണിമാരെ പാഠംപഠിപ്പിക്കാൻ, ഇനിയുമിവിടെയേറെ അയ്യങ്കാളിജന്മങ്ങൾ ഉടലെടുത്തേ മതിയാകൂവെന്ന് കവി ആഗ്രഹിച്ചുപോകുന്നു.
''സ്വാർത്ഥരായ് മേവിടാതെ സേവനം ചെയ്തിടാനായ്
ക്ലോക്കിനെപ്പോലെ നമ്മൾ കൈകളുയർത്തിടുക
പിന്നോട്ട് നോക്കിടാതെ മുന്നോട്ടു പോയിടുവാൻ
ആഹ്വാനം ചെയ്തിടുന്നു ക്ലോക്കിതാ മൗനമായി"
(ക്ലോക്ക്)
ഇതേവരെയലക്കിയ "വിഴുപ്പുകളെ" ലവലേശവും ഗൗനിക്കാതെ കാപട്യമേശാത്ത കർമ്മസാരഥികളായി തളർച്ചയറിയാതെ പ്രവർത്തിച്ചുമുന്നേറുന്ന ഘടികാരത്തെപ്പോലെ ഒരു പ്രലോഭനങ്ങളിലുമുൾപ്പെടാതെ നവോത്ഥാനപാതയിൽ നമ്മൾ മുന്നേറേണ്ടതുണ്ട്.
"പിച്ചവെച്ചുനടക്കുന്ന പ്രായത്തിൽ
പിച്ചകപ്പൂക്കൾ പെറുക്കുവാൻ മോഹം.
ഉലകത്തിലനീതിതൻ ചാട്ടുളി വീശുമ്പോൾ
ഉടവാളായി നാവിനെ തീർക്കുവാൻ മോഹം"
(മോഹം)
ശൈശവംമുതൽ ഇന്നുവരെയുള്ള ജീവിതഘട്ടങ്ങളിൽ മനതാരിലുദിക്കുന്ന വിവിധ മോഹങ്ങളെ കാവ്യാത്മകമായി ഈ കവിതയിൽ അവതരിപ്പിച്ചിരിക്കുന്നു.
"ചരിത്രപുരുഷർ പ്രാണഭീതിയിൽ പായുന്നു,
ചരിത്രത്താളിലെ പുതുവ്യാഖ്യാനം വായിച്ച്,
മതചിഹ്നങ്ങളും വഴിയിലുപേക്ഷിച്ച്,
ഗ്രന്ഥങ്ങളിൻ കുരുക്കുകൾ ഭേദിച്ചിന്ന്!"
(മതചിഹ്നങ്ങൾ)
സ്വാർത്ഥമോഹതത്പരതകൾക്കനുസൃതമായി ദൈവങ്ങളും നവോത്ഥാനനേതാക്കളും വിപ്ളവകാരികളും രചിച്ചുവെച്ച തത്ത്വസംഹിതകളിൽ ആവശ്യാനുസരണം വെള്ളംചേർത്ത് മാറ്റിയെഴുതി, അതിനനുസാരമായി പ്രവർത്തിച്ച് മനുഷ്യർ സമൂഹത്തിൽ നാശംവിതയ്ക്കുന്നതുകണ്ട് ഉള്ളുരുകി,  'പ്രതിഷ്ഠ'കളിൽനിന്നു പലായനംചെയ്യുന്ന മഹാത്മാക്കളുടെ ചിത്രം അതിദയനീയം.
"വാക്കിൻ്റെ മുനകളാലസ്ത്രം തൊടുക്കുന്ന
മാനുജരോടില്ലിനിയെനിക്കു പ്രിയം.
ഇനിയൊരു ജന്മമെടുത്തിടാമീ ഭൂവിൽ
നരജന്മമായിനി പിറക്കവേണ്ട!
(പുനർജന്മം)
എല്ലാം കണ്ടും കേട്ടും അനുഭവിച്ചുമൊടുവിൽ കവിയിങ്ങനെ പകൽക്കിനാവ് കാണുന്നു.
"ഒരു തൈവച്ചു ഞാനെൻ മുറ്റത്തെ ചെറുകോണിൽ
ഒന്നുപടർന്നുചെല്ലാൻ ചില്ലയിൽ കൂടൊരുക്കാൻ..
സ്വപ്നങ്ങൾകൊണ്ടു നെയ്ത കൂട്ടിലെ കിളിക്കുഞ്ഞിൻ,
സ്പന്ദനം ശ്രവിച്ചീടാനെന്നുള്ളം കുളിർക്കുവാൻ"
(പകൽക്കിനാവ്)
"സർഗ്ഗസൂര്യൻ" എന്ന കവിതാസമാഹാരത്തിലെ മേല്സൂചിപ്പിച്ച കവിതകൾ പെട്ടെന്ന് മനസ്സിലുടക്കിയവ മാത്രം.  ദേശസ്നേഹം, പാരതന്ത്ര്യം, മഴ, പുലരി, സായന്തനം, ഓണം, വിഷു, പുതുവർഷം, സംഗീതം, സായന്തനം, മുത്തശ്ശി, റേഡിയോ, ബാല്യകാലം, നന്മ ഇത്യാദി വിഷയങ്ങളെ രസകരമായി അനുഭവവേദ്യമാക്കുന്ന കവിതകളും വിസ്താരഭയംമൂലം പരാമർശിക്കാത്തവയുടെ കൂട്ടത്തിലുണ്ട്.
പൊതുവേപ്പറഞ്ഞാൽ സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും മൂല്യച്യുതികളിൽ ആശങ്കപ്പെടുകയും നല്ലൊരു നാളേയ്ക്കായി ഇന്നലെകളിലെ നന്മകൾ ദൃഷ്ടാന്തങ്ങളായി ചൂണ്ടിക്കാണിക്കുന്നവയുമായ സാമൂഹ്യനവോത്ഥാനകവിതകളാണ് ഈ കാവ്യസമാഹാരത്തിൻ്റെ കാതലെന്നു പറയാം.
കവിയ്ക്കും ഉജ്ജ്വലമായ ഈ കാവ്യമാലികയ്ക്കും അഭിവാദ്യങ്ങൾ.
സ്നേഹാദരങ്ങളോടെ,
ജോയ് ഗുരുവായൂർ