Thursday, June 7, 2018

ധാര

ധാര
'''''''''''''''''
ധാരയായൊഴുകിയിറങ്ങുന്നെൻ ചിന്തകൾ
കാവ്യമൊന്നെഴുതുവാൻ വാക്കുകൾ തേടവേ

ധാരയായൊഴുകുന്നു താപത്തിൻ വർഷവും
കോരിച്ചൊരിയുന്ന മാരിപോലെൻകണ്ണിൽ

ധാരയായെയ്ത നിൻകൂരമ്പുകളിന്നും
കോരിയിടുന്നുണ്ടെൻ മാനസേ കനലുകൾ

എങ്കിലുമില്ലൊരു ഭയമെനിക്കിന്നോളം
പിന്തിരിഞ്ഞോടുവാനില്ലൊരു ഭാവവും!

പിൻവലിച്ചിടാതെ നിഷ്ഠൂരവാക്കുകൾ
പിൻവിളിയുയരുകയില്ലിനി പ്രിയവും!

എൻറെയാത്മാവിനെയിഞ്ചിഞ്ചായ് കൊന്നൊരു
തീരത്തു നീയെന്നു തീർത്ഥംതളിക്കും?

വാക്കിനാലസ്ത്രം തൊടുക്കുന്ന കാട്ടാളർ
നാക്കിന്റെ മുനയാലേ മുറിക്കുന്നു ഹൃദന്തങ്ങൾ

വാക്കിലും കാപട്യം നിറയ്ക്കുന്ന കൂട്ടരോ
ധാരയായൊഴുക്കുന്നു നിരർത്ഥകവാക്കുകൾ!

നന്ദിയും കരുണയും വറ്റിയോരുലകത്തിൽ
നന്ദിപ്രകടനം വെറും പ്രഹസനം!

പശ്ചാത്താപത്തിൻ കണികയുമില്ലാതെ
പാശ്വവർത്തികളോടൊപ്പമാർത്തിന്നെങ്ങും

നടക്കുന്നു ഭൂമിയിൽ നരജന്മമനേകം
കൊളുത്തുമായിരതേടാനിരുട്ടിൻറെ മറവിൽ!

വിജ്ഞാനധാര ഹൃത്തിലേറ്റിടുവാൻ
വിദ്യതൻകൽപ്പടവുകൾ താണ്ടുവാൻ

മാനംപോൽ പരന്നൊരു വായനയാലേ
മാനസജാലകം തുറന്നു വച്ചിടാം!

വാതായനങ്ങൾ നീ തുറന്നുവയ്ക്കാകിൽ
വാതിൽപ്പഴുതിലൂടൊഴുകുമോ കുളിർത്തെന്നൽ?

കരുണതൻ ധാരയുള്ളിൽ നിറയാതെ
കാണുവാനാകുമോ സഹജീവിതൻവേദന?

തുറന്നുവരിക നീ മനസ്സിൻറെ ശ്രീകോവിൽ
നിറയ്ക്കുക സ്നേഹത്തിൻ ധാരയീ ധരണിയിൽ!
''''''''''''''''''''''''''''''''''''''''''’''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
11-3-2018

No comments:

Post a Comment