Tuesday, June 5, 2018

പ്രകൃതീ, നിനക്കുവേണ്ടി

പ്രകൃതീ, നിനക്കുവേണ്ടി!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പ്രകൃതിതൻ വിഭവങ്ങൾ പ്രകൃതിയ്ക്കു സ്വന്തം
വരദാനമായവ കാത്തുസൂക്ഷിച്ചിടാം
പ്രകൃതി സംരക്ഷണം സുകൃതമായിക്കരുതി
മുന്നോട്ടുപോവുക സോദരരേ നിങ്ങൾ!

തൈകളനേകം നട്ടിന്നു നമ്മൾ
വരും തലമുറകൾക്ക് പാഠമായിടേണം
നീരുറവകൾ വിഘ്നംകൂടാതൊഴുകണം
വറ്റിയ ജലധികൾ തുളുമ്പട്ടെ നീരാൽ!

കാവ്യങ്ങളനവധിയെഴുതിയിട്ടെന്തു-
കാര്യമിന്നെന്തിഹ ചെടികൾ നടാതെ?
പ്രാണവായുവിനായ്  നെട്ടോട്ടമോടുന്ന
കാലം വരുമെന്ന് നിരൂപിച്ചിടുക!

അലങ്കരിച്ചിടാം നാം പ്രകൃതിയെയെന്നേയ്ക്കും
മരങ്ങളാൽ മലകളാൽ പൂക്കളാൽ നദികളാൽ
പ്രണയം നിറയ്ക്കാം പ്രപഞ്ചത്തിലെന്നും
കവിതകൾ തുളുമ്പട്ടെ പ്രകൃതിതൻ ഭംഗിയാൽ!

ചത്തൊടുങ്ങിടാതെ പക്ഷിമൃഗാദികൾ
കല്ലെറിയാതെ നാം കുരുവിതൻ കൂട്ടിലും
കാത്തുരക്ഷിച്ചിടാം പ്രകൃതിതൻ തുടിപ്പിനെ
മണിമന്ദിരങ്ങൾ നീ പണിയുമ്പൊഴോർക്ക!

അണിനിരന്നിടുക യുവജനനിരയും
അണിയിച്ചൊരുക്കിടാൻ പ്രകൃതിയെ സ്നേഹത്താൽ
തരംതിരിവില്ലാതെ സ്നേഹിപ്പതൊന്നത്രേ
മർത്ത്യസംസ്കാരത്തിൻ ലക്ഷണമറിക നാം!
'''''''''''''''''''’'''''''''''''''''''''"""""""""""""""""""""""""""""""""""""""""""""""""""""""""""""""""
ഗീതാഞ്ജലി
5-6-2018
ലോകപരിസ്ഥിതിദിനം-ജൂൺ 5

No comments:

Post a Comment