Thursday, June 7, 2018

കേരളപ്പിറവി

കേരളപ്പിറവി

മലയാളനാടിൻറെനൽപ്പിറന്നാൾദിനത്തിലെൻ
മുല്ലപ്പൂമാലയായൊന്നൊരുക്കുന്നൊരുകാവ്യം
തിരുമുൽക്കാഴ്ച്ച നേരുവാനീദിനത്തിൽ
തിരുവോണംപോലിന്നാഘോഷിച്ചിടാനായ്
കൃശഗാത്രയായെൻ കേരളമൊരുങ്ങുന്നു
കൃതിയായിന്നൊന്നു കൃതശോഭയുംതൂകി!
തൂലികത്തുമ്പിൽത്തുളുമ്പുവാനെൻ ചേതന
തുള്ളുന്നീ നാളിൽ നൈവേദ്യമായർപ്പിക്കാൻ
തുഞ്ചൻറെ കിളിപ്പാട്ടും കുഞ്ചൻറെ തുള്ളലുമായ്
തുന്നുന്നൂ നിൻമേന്മകൾ മലയാളമേ കേൾക്ക
മാതൃഭാഷയുംചൊല്ലിപ്പഠിച്ചീടുമോ നിങ്ങൾ
മനംനിറഞ്ഞു കാവ്യം രചിക്കൂ പൈതങ്ങളേ!
മനംമയക്കുന്നൊരാ പ്രകൃതിവൈവിദ്ധ്യത്തെ
മറക്കാതിരിക്കുക ചൂഷണം ചെയ്യാതെ
പച്ചവിരിച്ച നെല്ലിൻപാടങ്ങളുണരട്ടെ
പൊന്നിൻകതിർക്കുലകൾ നർത്തനമാടട്ടെ
തെച്ചി, ചെമ്പനീർ, തുമ്പ, കായാമ്പൂവും
തോഴരായിന്നുചേലിൽ തെന്നലിലാടുമ്പോൾ
മാവേലിനാടിനെ  പുനർജ്ജീവിപ്പിച്ചിടാൻ
മാമകസോദരരേ ഒന്നിച്ചൊന്നണിചേരൂ!
മനോഹരാംഗിയാം കേരളപ്പൂങ്കാവനേ
മന്ദമായ് വീശട്ടേ സ്നേഹത്തിൻ സുഗന്ധവും
അന്യഭാഷകളും സൗഹൃദമുത്തുകൾ
അമൃതായ്ക്കരുതീടാം ലോകവും കുടുംബമായ്!
"""""""""""""""""""""""""""""""""""""""""""""""""""""""""""""""""
ഗീതാഞ്ജലി
1-11-2017

No comments:

Post a Comment