Thursday, June 7, 2018

കനിയാത്ത കടലമ്മ

കനിയാത്ത കടലമ്മ
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
'ഓഖി'യിൽപ്പെട്ടോരെന്നോമനപ്പുത്രനെ
ഓളങ്ങൾക്കുള്ളിലൊളിപ്പിച്ചിട്ടിന്നിതാ

ഓട്ടൻതുള്ളലാടീടുന്നോ കടലമ്മേ 
ഓർക്കാപ്പുറത്തെന്നെ ശോകത്തിലാഴ്ത്തുവാൻ

എന്നുള്ളിൽ കുരുത്തോരു ജീവിതശോഭയെ
ഏതൊരുപവിഴപ്പുറ്റിലിന്നടച്ചു നീ?

ജീവന്റെ നാളമണയ്ക്കാതെൻപൈതലിൻ
ജീവിതനൗകയെ തിരികെത്തരില്ലേ നീ?

ജന്മം കൊടുത്തോരീ ജനനിതൻകണ്ണീരും
ജാതകപ്പിഴയാലോ ആഴിയായൊഴുകുന്നു

മുക്കുവർഞങ്ങൾതൻ ജീവനോ വിലതുച്ഛം
മുഖ്യപൗരപ്രമാണിമാർക്കെന്തു പുച്ഛം!

തേങ്ങുമെന്നാത്മാവിലാശ്വാസമേകുവാൻ
തേടുന്നു കടലമ്മേ ജീവനാം ഭിക്ഷയ്ക്കായ്

തരിച്ചു ഞാൻ കാത്തുനില്ക്കുന്നിതാ തീരത്തിൽ
തിരികെ വന്നിടാനെന്നാത്മാവിൻ തിരിനാളം!

നോക്കെത്താ ദൂരത്തു മിഴിനട്ടുനില്ക്കവേ
നീലനിശീഥിനിയണയുന്നെൻ കൂട്ടിനായ്

നിദ്രാവിഹീനമാം നാഴികകൾക്കൊപ്പം
നിരന്തരം തിരകളുമൊഴുകുന്നു നിർഘൃണം

താളംമുറിഞ്ഞൊരു ഗാനംപോൽ വാക്കുകൾ
താളമറ്റിന്നിതാ വീഴുന്നെന്നശ്രുപോൽ

നിശ്ചേതനമാകുമെൻകണ്ഠനാളത്തിൽ
നിന്നുപോയിന്നിതാ തേങ്ങലിന്നാരവം!

ആശകൾ വറ്റിയെൻ ജീവിതമാഴിപോൽ
ആർത്തലച്ചീടുന്നുയെന്നുമെന്നും!

ആത്മാവിലാശതൻ കുളിർമാരി തീർക്കുവാൻ
ആത്മജനിന്നെൻറെ തീരത്തണയുമോ?
(ഓഖി-നവംബർ30,2017ന് കേരളത്തിലും തമിഴ്നാട്ടിലും അടിച്ച ചുഴലിക്കാറ്റിൻറെ പേര്!)
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
9-12-2017

No comments:

Post a Comment