Monday, December 4, 2017

പൊന്നോണക്കാലം

പൊന്നോണക്കാലം
'’''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഓർക്കാം നമുക്കാ സുവർണ്ണസുന്ദരകാലം!
കാപട്യം തെല്ലുമില്ലാത്ത മാവേലിക്കാലം!
നെല്ലിൽ പതിരില്ല, വിഷമില്ല വിത്തുകളിൽ
നേരിൻറെ നിറച്ചാർത്തു നാടെങ്ങും വിതറുംകാലം!
മറക്കാനാവുമോ നമുക്കാ സമൃദ്ധമാം കാലം?
മുറ്റത്തെപ്പൂക്കളവും പാട്ടു,കളിമേളങ്ങളും!
പൂക്കളമൊരുക്കാൻ തൊടിയിലെമ്പാടും
പൂപ്പടയായോടിവരും കുസൃതിക്കുരുന്നുകളും
ആണ്ടിലൊരിക്കൽ വിരുന്നുവരും മന്നനെ
ആദരവോടെതിരേല്ക്കാൻ കേരളമൊരുങ്ങവേ ചിങ്ങത്തിൻതെളിവെയിലിൽ വെഞ്ചാമരം വീശി, തെങ്ങോലകളിളകുന്നൊരിളംതെന്നലിൽ!
നഗരത്തിരക്കുകളിൻ പാരവശ്യനടുവിലും
നല്ലൊരു സദ്യയൊരുക്കുവാൻ തരുണികൾ
നടു നിവർക്കാതെ നെട്ടോട്ടമോടുന്നു
നാവിനു കൊതിയേറും രുചിക്കൂട്ടുകളൊരുക്കാൻ!
പാലടപ്രഥമനും പഞ്ചാമൃതവും
പാൽപ്പായസവും പഴംപൊരിയും ചേർന്നു
പൊന്നോണസ്സദ്യയുണ്ണാനുണ്ണികൾക്കുത്സാഹം
പാൽക്കുടംപോൽ തുളുമ്പിയല്ലോ അമ്മതൻമനവും!
നാടണയാൻ നടുമുറ്റത്തൊരു പൂക്കളം തീർക്കാൻ
നഗരപാതാളത്തിൽ തിടുക്കമായി ഞങ്ങൾക്കും.
വഴിക്കണ്ണുമായി കാത്തിരിക്കും പ്രിയരെക്കാണാൻ
വഴികാണാതെ തേങ്ങും പ്രവാസികളും!
കാത്തിരിക്കുന്നു ഞങ്ങൾ പ്രതീക്ഷാഭരിതരായ്
കാലങ്ങൾ പലതു കടന്നുപോയെങ്കിലും
അഴിമതിയുമക്രമവും തൊട്ടുതീണ്ടാത്തൊരു അഭിനവമാവേലിഭരണത്തിനായ്!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''"'''''''''''''''''''''''''''''''''''''
ഗീതാഞ്ജലി (3-9-2017)

No comments:

Post a Comment