Monday, December 4, 2017

മൗനപ്രതിഷേധം

മൗനപ്രതിഷേധം
"" "" "" "" "" "" "" "" "" "
മൗനികളായിരിക്കുകയെന്നോ
മാനുജരായിപ്പിറന്നീടുകിൽ ഭേദം?


മേധാവികളായി നടിച്ചിട്ടു ചിലർ
മാധ്യമക്കൂട്ടരെ നിശബ്ദരാക്കാൻ


മൗനപ്പൂട്ടൊന്നിടുവാനാശയു-
മേറിവരുന്നൂ ഹൃത്തിന്നുള്ളിൽ!


ജനാധിപത്യം പടിയിറങ്ങുമ്പോൾ
ഏകാധിപത്യം തഴയ്ക്കുന്നിവിടെ


ജനാധിപത്യമുറവിളി കൂട്ടിയ
രക്തസാക്ഷികളുടെയാത്മാക്കൾ


അലയുന്നിന്ത്യതൻ ഗതിയോർത്തിന്ന്
അലതല്ലുന്നൊരു ദുഃഖത്തിരയിൽ!


അഹന്തതൻമൂർത്തിയായിരുതലവാളിനാൽ
അരിഞ്ഞിടുവാനെതിർപ്പിൻ നാമ്പുകൾ


അരചന്മാരുടെയണിയാളുകൾ
അവസരമൊരുക്കി കെണിയുംവെച്ചൂ!


ഇരുളിൻനാളിൽനിന്നും മോചനം
ഇവിടൊരുക്കുവാനാവില്ലെന്നോ?


ഭയന്നുവിറച്ചു വസിക്കണമെന്നോ
ഭരണക്കാരുടെ അടിയാളരെന്നോ? 


ഓച്ഛാനിച്ചു നില്ക്കുന്നോർക്ക്
ഓശാരമായി പട്ടുംവളയും!


ഒരുവാക്കെങ്ങാൻ മറുത്തുപറഞ്ഞാൽ
ഒരുവാക്കത്തിയാൽ അരിഞ്ഞിടുമിന്ന്!


പിടിച്ചുവലിച്ചു ജയിലിൽ തള്ളാൻ
പ്രയത്നമേതും വേണ്ടന്നിന്നോ?


പ്രതിമകളായി മൗനംപൂകാം
പ്രജകൾ നമ്മൾ കാഴ്ചക്കാരായ്


പരസ്യപ്പലകകൾ നോക്കുകുത്തികളായ്
പരസ്പരം നോക്കിയൂറിച്ചിരിക്കവേ!


പ്രസ്താവനകളും പ്രസംഗങ്ങളുമായ്
പരസ്പരം ചെളിയും വാരിയെറിഞ്ഞ്


ജനാധിപത്യക്കശാപ്പുകാരേ
ജയിച്ചിടുക, നിങ്ങൾ നീണാൽ വാഴ്ക!

==========================
ഗീതാഞ്ജലി
==========================

No comments:

Post a Comment