Monday, December 4, 2017

ഹേ റാം!..........

ഹേ റാം
"" "" "" ""
'ഹേറാം'മന്ത്രണമാർത്തനാദമായൊരാനാളിൽ
ഹേതുവായതൊരു മതഭ്രാന്തനാലല്ലോ!
വീണൊരു മഹാത്മാവതു ചൊല്ലിപ്പിരിയവേ
വിണ്ണും തേങ്ങിയൊരു മഹാനഷ്ടമോർക്കവേ! 
ഒരു നന്മമരമല്ലോ വേരറ്റുവീണൂ
ഒരു രാഷ്ട്രത്തിന്നാത്മാവെരിഞ്ഞടങ്ങിയോ?
കാശ്മീർ മുതൽ കന്യാകുമാരിവരേയും കാർമേഘപടലംപോലാവരണംചെയ്യും അഴലിന്നിരുൾമൂടിയടിതെറ്റിവീഴവേ
അലയടിച്ചൊരു ദു:ഖക്കടലായിമാറി രാഷ്ട്രവും!
ശോകക്കടലിലൊരു സൂര്യൻ നിപതിച്ചീടവേ ശോണിമകലർന്നുള്ളങ്ങൾ വിങ്ങിവിതുമ്പി 

രാഷ്ട്രത്തിന്നാത്മാവിതാ തേങ്ങുന്നുയിന്നും
രാപ്പാടിയായി 'ഹേ റാ'മെന്നു മനമിടറി!


കർക്കടകമാസത്തിലണമുറിയാതെ
കനത്തമഴയ്ക്കൊപ്പമെത്തും തത്ത്വചിന്തകൾ!
ക്രൗര്യമെഴും വേടൻറെ ശരമേറ്റതാം
ക്രൗഞ്ചപ്പക്ഷിതൻ നിലവിളിയിന്നുമുയരുന്നു
ഉണരുന്നില്ലൊപ്പം 'മാ നിഷാദ' ബധിരർതൻ കാതിൽ
ഉണർത്തുപാട്ടായതെന്നും പ്രപഞ്ചത്തിൽ പ്രതിദ്ധ്വനിച്ചീടും! എരിഞ്ഞടങ്ങാക്കോപമുള്ളിൽ നിറച്ചു വേടന്മാർ
എഴുതുന്നു നൂതനഭീകരകാവ്യം ആഹ്വാനംചെയ്യുന്നു
തൻസോദരരുടെ രുധിരമൂറ്റുവാൻ 'ഹേ റാം'വിളിയുമായിതാ  രാവണരിവിടെയാടിത്തകർത്തിടുന്നല്ലോ സീതമാരിന്നുമഗ്നിശുദ്ധിക്കിരയാകേ
ഭൂമിപുത്രിമാരാർത്തലച്ചു തലതല്ലുന്നിവിടെ
പുതിയ ലക്ഷ്മണരേഖകളിവിടിടെയൊരുക്കീടും
പാരതന്ത്ര്യത്തിൻ ചങ്ങലകൾ സ്വതന്ത്രനാട്ടിലും!
വേടന്മാരിവിടെ ബാലസീതമാരെയും
വിരിയുംമുമ്പേ ദലങ്ങളൂർത്തു, പിച്ചിച്ചീന്തുന്നു. ആദികവിയുടെയാത്മാവുമതു ശ്രവിച്ചിന്ന്
ആഘാതംപൂണ്ട മനവുമായി കേഴുന്നു 'ഹേ റാം"!

വിദ്വാന്മാർ സത്യധർമ്മച്ചിറകുകളരിയേ
വിസിൽമുഴക്കികൾ സ്ഥാനഭ്രഷ്ടരായി ശരശയ്യയിലോ? മണ്ണിൽപ്പണിയുവോരെ കടക്കെണിയിലാഴ്ത്തുന്നു
മുഷിഞ്ഞു ജനവും ഭക്ഷണത്തിനും വിലക്കു വീഴുമ്പോൾ. ആൾദൈവങ്ങളാശ്രമകന്യകളെത്തേടവേ
ആടുന്നു മരത്തിൻചില്ലകൾ പണക്കിലുക്കത്താൽ
ഭക്തിയാലേ ഭക്തർതൻ തലച്ചോറു ബന്ധിപ്പോർ
ഭക്തി വിറ്റു, വൻസാമ്രാജ്യമുയർത്തിടുന്നല്ലോ!
പിഞ്ചുബാലകർ ശ്വാസമില്ലാതുടഞ്ഞുവീഴുമ്പോൾ ആതുരാലയങ്ങളിലതിശയം നടത്തീടില്ലിവർ! ശീതീകരണമുറികളിലടച്ചു ശിഷ്യരെ
ശൈത്യത്തിൻ മരവിപ്പു ബുദ്ധിയിലേറ്റി
പ്രതികരിച്ചീടാത്ത തലമുറയെ വാർത്തീടാൻ
ആഭാസവിദ്യാഭാസമിന്നും തുടരുന്നു! മാനുഷികമൂല്യങ്ങളന്യമായിത്തീരുമ്പോൾ
മാനവർ നേടിയതനർത്ഥമാം വിദ്യ.
സാക്ഷ്യപത്രവുമായവരലയേ തെരുവിൽ സമ്പന്നനിടവഴിയിലൂടനർഹവേദിയിൽ!
തേങ്ങുന്നിവിടെ നീതിക്കായിപ്പടവെട്ടിയോർ
തേങ്ങുന്നു രക്തസാക്ഷികൾതൻ മാതാക്കൾ!
ആശയങ്ങളെ ഭയന്നീടുംഭീരുക്കളല്ലോ
ആശിച്ചീടുന്നു കബന്ധമാലയണിഞ്ഞിടുവാനായ്!

എങ്കിലുമിവിടെയുണ്ടാവുമോ ഗാന്ധിയർ
എന്നോടുകൂടെ പ്രതികരിക്കുവാൻ ഭയലേശമന്യേ
പിടഞ്ഞുവീഴുമ്പോളും വെടിയേറ്റൊരു നാളിൽ പിളർന്നിടാത്തൊരാത്മധൈര്യം ജീവനിൽ നിറച്ചു സത്യത്തിന്നിടിമുഴക്കമായിമാറിടുമ്പോളും
സ്നേഹം വെറുപ്പിനു വഴിമാറാതിനിയും
വിളിച്ചീടാം 'ഹേ റാ'മിന്നു പണിതൊരുക്കീടാൻ വിശ്വസ്നേഹത്തിന്നടിസ്ഥാനശിലകൾ!
 ''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
2-10-2017

No comments:

Post a Comment