Monday, December 4, 2017

വാടാമലരുകൾ

വാടാമലരുകൾ
"" "" "" "" "" "" "" "" "
വിടർന്നുവരുന്നൊരു ചെമ്പനീർദളങ്ങൾപോൽ
വിഭാതകാലത്തിലൊന്നെൻ മനോമുകുരവും
വിഷാദഗാനം മൂളിയലയുമളിയെപ്പോൽ
വിദൂരദിക്കിൽനിന്നുമണഞ്ഞൂ മന്ദാനിലൻ
കണ്ണിൻപീലികളാലെയുഴിയും കണ്ണീർപ്പൂക്കൾ
കാറ്റിൻകൈകളാലെയാശ്ലേഷിതരാവാനായ്
കദനങ്ങളിൻനോവും പേറിയെത്തീടുന്നെൻറെ
കഥകൾ കുഴിച്ചിട്ട ഹൃദയപേടകം തേടി
ഒഴുകീടുന്നു മന്ദമൊരുസരണിപോലെ
ഓളങ്ങൾ തുള്ളുന്നതാം നയനദ്വയം ചേലിൽ!
ഓർമ്മകൾതൻകയത്തിൽ കുണുങ്ങിയിറങ്ങുന്നു
ഓടിമറഞ്ഞ നല്ലകാലത്തിൻ ശേഷിപ്പുകൾ!
ഓമനമുത്തം ചാർത്താനൊരുങ്ങും കിടാവെപ്പോൽ
ഓടിയണഞ്ഞെൻ കണ്ണീരധരം പുണരാനായ്
വറ്റിവരണ്ട ചുണ്ടിലുണർന്നൂയീണത്തോടെ
വറ്റാത്തകാവ്യങ്ങൾതൻ വാടാമലരുകളും!
നിശ്ചേതനമായ മാനസപ്പൂങ്കാവനം
നിറഞ്ഞൂ സുഗന്ധത്താൽ കാവ്യകുസുമങ്ങളിൻ!
കണ്ണീരിന്നുൾപ്പുളകം നേർന്നൊരീ ലോകത്തിനായ്
കാവ്യമാം നറുമലരേകട്ടെ നൈവേദ്യമായ്!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
9-11-17

No comments:

Post a Comment