Monday, December 4, 2017

യാത്രാമൊഴി

യാത്രാമൊഴി
"" "" "" "" "" "" ""
ദു:ഖത്തിൻ പാലാഴി നീന്തിത്തളരാനായ്
ദൈവങ്ങളേകിയെനിക്കൊരു ജന്മം

കണ്ണുനീർമുത്തുകൾ പുഞ്ചിരിനൂലിനാൽ
കെട്ടിയൊരുക്കി ഞാനൊരുകണ്ഠഭൂഷ!

അശ്രുവിൻ പനിനീരുകൊണ്ടു നനഞ്ഞു
അഴകുവിരിയിക്കാനെൻ കപോലം

മത്സരിച്ചെൻ കൂട്ടരൊത്തൊരുമിച്ചവർ
മർത്ത്യരായി പാരിൽപ്പിറന്നോരല്ലോ!

കാർമേഘച്ചുരുളുകളായിരമായിരം
കാർക്കശ്യമോടെയിളകിനീങ്ങി

വിങ്ങിവിതുമ്പിപ്പെയ്തുതോർന്നിട്ടിതാ
വിണ്ണിടംവിട്ടു പതിച്ചുഭൂവിൽ!

പെയ്തുതോരാത്ത മിഴിയുമായീയാത്ര
പെരുവഴിയിലൂടിനിയെന്നുമെന്നും

തുടരുന്നു ഞാനിതാതളരാതെയേകയായ്
തുടരുക നിങ്ങൾതൻകല്ലേറുകൾ

ഒട്ടും പതറാതെ ജീവിതപന്ഥാവിൻ
ഒറ്റയടിപ്പാതയൊറ്റയ്ക്കു താണ്ടവേ

ഉപജാപംചെയ്തുപതാപമേറ്റീട്ടൊ-
ന്നുപദേശകരായി നടിച്ചവർതൻ

പിൻവിളിയെൻ കാതിൽ മുഴങ്ങീടുകവേണ്ട
പിന്നിലേയ്ക്കില്ലിനി കാൽവെയ്പ്പുകൾ.

വേഷങ്ങൾ ദിനംതോറുമാടിത്തകർക്കുന്നോർ
വിഷംപുരട്ടീടുന്നോർ പുഞ്ചിരിയിൽ

യാത്രാമൊഴിയൊന്നു നേരുകവേണ്ടിനി
യാന്ത്രികമാമൊരു മന്ത്രണംപോൽ!

പാൽനിലാപ്പുഞ്ചിരിതൂകി വഴികാട്ടും
പനിമതിതൻനന്മവെളിച്ചംമതി

പാതയിൽ സ്നേഹത്തിൻ പൂക്കൾ വിരിച്ചീടും
പേരറിയാത്തരുവിൻറെ തണലും മതി

ഒരുകുളിർക്കാറ്റിൻറെ കേശത്തിൽ  ചൂടീടാ-
നൊരുക്കട്ടെ നീറുന്നെന്നോർമ്മപ്പൂക്കൾ

കളകളമൊഴുകുന്നോരരുവിതനന്നോളങ്ങൾ
കളിപറഞ്ഞെന്നോടു ചിരിച്ചീടുമ്പോൾ!
''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
28-9-2017

No comments:

Post a Comment