Friday, March 9, 2018

പ്രതീക്ഷ


പ്രതീക്ഷ
'''''''''''''''''''''''''''''''
കാർമുകിൽവർണ്ണനെന്നുമുതിർക്കും
പുല്ലാങ്കുഴൽ രാഗമായലിയാൻ

എത്ര ജന്മാന്തരങ്ങളായീ രാധ
പ്രതീക്ഷതൻതിരിനാളമായ്  ജീവിപ്പൂ

കാണാമറയത്ത് നീ മറഞ്ഞാലും
കാണാതിരിക്കുവാനാകുമോയെന്നെ

വിരഹിണിയായൊരെന്നശ്രുബിന്ദു
വിദൂരതയിൽനിന്നൊന്നു നോക്കൂ

പ്രതീക്ഷതൻ മിന്നാമിനുങ്ങായിന്നും
പാൽനിലാവൊളിതൂകി മമജീവനിൽ

പാരവശ്യമോടെയീ വൃന്ദാവനിയിൽ
പാതിരാവിലും മിഴി പൂട്ടാതിരിക്കുന്നു

വരുകില്ലേ കണ്ണാ നീ രാധതൻചാരെ
വനമാലയൊരുക്കുന്നു നിനക്കായെന്നും

നിൻ കണ്ഠാഭരണത്തിലെ മുത്തായി
നീലക്കാർവർണ്ണനീ രാധയെ ചേർക്കുമോ?

താവകനേത്രത്തിൽനിന്നൂറും പ്രണയത്തിൻ
തീവ്രമാം കിരണങ്ങൾ പുളകങ്ങൾ നെയ്യവേ

തരളിതഗാത്രയായനുരാഗത്തേരേറി 
തീർത്ഥാടനം നടത്തുന്നെൻ കനവിൽ

മൗനംവെടിഞ്ഞെന്നെ സ്വീകരിച്ചിടുവാൻ
ഇനിയെന്തു താമസം മൽപ്രാണനാഥാ?

നീപാടും പുല്ലാങ്കുഴൽനാദം കേട്ടിന്ന്
നിറയട്ടെ പ്രണയമീപ്രപഞ്ചമാകേ

മയൂഖം പ്രതീക്ഷതൻ പീലി നീർത്തട്ടെ
മൈനകൾ മൂളട്ടെ, കുയിലുകൾ പാടട്ടെ

എൻ ഹൃദയവർണ്ണങ്ങൾ ചാലിച്ചുചേർത്തതാം
അനവദ്യസുന്ദരപുഷ്പങ്ങൾ വിരിയട്ടെ

ഒരു കുളിർമാരിയായെന്നിൽ നിറയൂ നീ
തരിശ്ശാമെൻ മാനസേ പുതുനാമ്പായ് വിടരൂ നീ!
''''''''''''''''''''''''''''''''''''''''''''''''''''’'''''’'''''’''''’'''''''''''''''''''''''''''''’''''’'''''''''''''''''''''''’''''''''''''''''''''''''’'''''''''''''''''''''’
ഗീതാഞ്ജലി















No comments:

Post a Comment