Friday, March 9, 2018

ചലനം

ചലനം
"" "" "" ""
ചലനമെന്നതൊന്നില്ലെങ്കിൽ പ്രപഞ്ചത്തിൽ
ചരാചരങ്ങൾക്കും ചൈതന്യമറ്റുപോം

ധരണിയും ചലിക്കുന്നു നിത്യവുമൊരു തണ്ടിൽ
നിശയൊരു പുലരിയെ ചുംബിച്ചുപിരിയാൻ

വസന്തങ്ങൾ വർണ്ണങ്ങൾ ചാർത്തുവാനെത്തുന്നു
വർഷത്തിൻകുളിരേല്ക്കാൻ വേനലുമെത്തുന്നു

ക്ഷോണിയാദിത്യനെ പ്രദക്ഷിണം വയ്ക്കവേ
കാലം കുതിക്കുന്നനന്തമായെന്നേയ്ക്കും

മഴമേഘങ്ങൾ മാനത്തൂടോടിക്കളിക്കുമ്പോൾ
മയിലുകൾ നർത്തനമാടിത്തിമിർക്കുന്നു

മണ്ണിരയുമുണർന്നെത്തി മണ്ണിളക്കീടവേ
മണ്ണിനെപ്പുണരുവാൻ മഴത്തുള്ളികളടരുന്നു

ഉറുമ്പുകളൊരുവരിയിൽ ജാഥയായ്ച്ചലിക്കുന്നു
ഉത്സാഹമോടങ്ങു കർത്തവ്യനിരതരായ്

വഴിയരികിൽ വീഴുന്നൊരു സോദരനെയും
വിശാലഹൃദയരിവർ താങ്ങിയെടുക്കുന്നു

മുളങ്കൂട്ടിൽ മൈനകൾ മൊഴിയുന്ന ഭാഷയിൽ
മധുരം കിനിയുന്നു,മർത്ത്യഭാഷയതല്ലല്ലോ!

മനുജരോ വിദ്വേഷഖഡ്ഗവുമായ് ചലിക്കുന്നു
മാനസപ്പുഴകളിൽ വിഷംതീണ്ടി രമിക്കുന്നു!

മനുജസംസ്കാരത്തിൻ മഹിമവിളമ്പുന്നോർ
മറ്റൊരാളുയരാതെ ചിറകുകളരിയുന്നു

വിശപ്പിന്റെ നിലവിളിയുയർത്തുന്ന ദീനർതൻ
വായ്പൊത്തി മരണത്തിൻ കൊക്കയിലെറിയുന്നു

ചലനം തുടരവേ മാനവനന്മതൻപൊയ്കയിൽ
ചലനം നിലയ്ക്കുമോ ഭൂവിൻറെ ജലധാര?
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി 












No comments:

Post a Comment