Friday, May 18, 2018

ദേശീയഫലം

 ദേശീയഫലം
'''''''''''''''''''''''''''''''''''''''''''''''''''''
'നിനക്കായ്ഞാനൊരു ചക്കവേവിച്ചിതാ
ഓടിവായോമലേ കാത്തിരിക്കുന്നു ഞാൻ'
എന്നമ്മതൻ മൊഴിമധുരം ശ്രവിക്കവേ
മനസ്സു കുതിച്ചിതാ ട്രെയിനിലും വേഗത്തിൽ!

ചക്കതൻ നഷ്ടപ്രതാപത്തിൻ കഥകളോ
പഴങ്കഥയാകുന്നീ നവയുഗകാലത്തിൽ
ചക്കയെ ദേശീയഫലമായുർത്തി നാം
വാഴിച്ചതതിൻഗുണമേന്മയറിഞ്ഞല്ലോ!

മുള്ളുകൾ ചുറ്റിനുമുള്ളൊരു ഫലമല്ലോ
ഉള്ളിൽ തേൻവഹിക്കുന്ന ചുളകളെ പേറുന്നു
ഉള്ളം വിഷത്താൽ നിറയ്ക്കും നരനെപ്പോൽ
പൊള്ളയാം ചിരിമുഖമില്ലാത്ത കനിയല്ലോ!

വേണമെന്നാലോ വേരിലും കായ്ക്കുന്ന, 
നിശ്ചയദാർഢ്യത്തിൻ പഴഞ്ചൊല്ലിൽ നിറയുന്ന
നന്മതൻ ഫലങ്ങൾ ഗർഭംവഹിക്കുന്ന
വീരകുമാരികളല്ലോയീ ചക്കകൾ!

പ്ലാവിലക്കുമ്പിളിൽ കഞ്ഞികുടിച്ചൊരാ
കോരന്മാർ മൺമറഞ്ഞുപോയീടിലും
ചക്കതന്നിലയല്ലോ ദാരിദ്ര്യരേഖതൻ
താഴെയുള്ളോരുടെ നൊമ്പരമറിഞ്ഞുള്ളൂ!

'ചക്കക്കുപ്പുണ്ടോ' എന്നുചിലച്ചിടും
പ്ലാവികളുമുണ്ടീ കേരളനാട്ടിൽ
ചക്കമടലുകൾ ഗോക്കൾക്കും പ്രിയങ്കരം
ചക്കവീഴുമ്പോളോടുന്നു മുയൽമാത്രം!

ചക്കയാലൊരുക്കും വിഭവങ്ങളനവധി
ചക്കഹൽവായും ചിപ്സും കുമ്പിളും
ചക്കവരട്ടിയതും ചക്കക്കുരുത്തോരനും
ചക്കവേവിച്ചതുമെന്തെന്തു വിഭവങ്ങൾ!

എങ്കിലുമിന്നും ചില നാടൻസായിപ്പുമാർ
വിലയില്ലാക്കനിയായി ചക്കയെ തള്ളുന്നു
ചക്കതൻ ഔഷധമൂല്യമറിഞ്ഞൊരാ
വിദേശികൾ 'പേറ്റെൻറെ'ടുത്തു മുന്നേറവേ!
(പ്ലാവി-പക്ഷി)
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
7-5-2018


















No comments:

Post a Comment