Monday, December 4, 2017

മഷിത്തണ്ട്

ഇന്നെൻ പൂമുഖവാതിൽ തുറന്നു ഞാൻ

ഇമ്പമേറും ചാറ്റൽമഴയിലലിഞ്ഞുനില്ക്കവേ,

നിറയെ പവിഴമുത്തുകൾ പതിച്ചൊരാ ചേമ്പിലയിൽച്ചാരി, 

ഈറനണിഞ്ഞുനിന്നൊരു മഷിത്തണ്ടുചെടിയിൽ 

നിനവുടക്കിനിന്നൊരെൻകാതിലാ മഷിത്തണ്ട് 

ഈണത്തിൽ മൂളിയോ 'അറിയുമോ എന്നെ നീ?'



നിന്നുപെയ്യുമൊരു പേമാരിക്കിടയിൽനി-

ന്നർക്കനെത്തിനോക്കവേ, 

നീലാകാശം കാർമുകിൽമുഖപടമുയർത്തി 

നിന്നെപ്പാർത്തൊരുമാത്ര ചിരിച്ചതും,

നീയറിയില്ലയോ എന്നോർത്തു, ഖിന്നയായ് 

നീരണിഞ്ഞ കൺകൾ മൂടുവാനായി നീലവാനം വീണ്ടും കറുത്ത ശിരോവസ്ത്രമണിയവേ, 

നിർന്നിമേഷയായെൻ കൺകളിൽ നോക്കിനിന്നിട്ടു 

നീയൊരു നിമിഷമുല്ലാസചിത്തയായ് 

നീർമാരുതനിലുലഞ്ഞാടിയോ ?


നിനവുകൾ കാലത്തിൻപടവുകളിറങ്ങവേ, 

നീയെൻപകൽക്കിനാവിൽ നിറയവേ, 

നീയെൻറെ പൊയ്പ്പോയ ബാല്യത്തെ അരികത്തണച്ചെന്ന

നിരർത്ഥകവ്യാമോഹമെന്നിലുണർത്തിയോ?



ഒരുവില്ലാളിവീരനമ്പുകളേന്തി 

ഗുരുകുലാശ്രമമണയുന്നപോൽ 

ബാല്യത്തിലാഹ്ലാദചിത്തയായി കൂട്ടുകാർക്കൊപ്പം 

കൈനിറയെ മഷിത്തണ്ടുകൾ പേറി 

ചെറുസഞ്ചിയിലൊരു സ്ലേറ്റും കല്ലുപെൻസിലുമായ് 

ഇന്നത്തെ വിദ്യാഭ്യാസച്ചുമടേതുമില്ലാതെ 

വിവശതയും വെറുപ്പുമില്ലാതെ

എൻപ്രിയവിദ്യാലയാങ്കണത്തിലണയവേ

സ്ഫുടാക്ഷരങ്ങളിലെൻ പ്രിയഗുരുക്കന്മാർ 

അക്ഷമയേതുമില്ലാതരുമയോടെ ചൊല്ലിത്തന്ന 

അക്ഷരങ്ങളോരോന്നായി സ്ലേറ്റിൽ നിറയുമ്പോൾ 

അതു മായിക്കുവാൻ ഞാനെൻ മഷിത്തണ്ടുകളെപ്പരതിയതും 

അതിലൊന്നുരണ്ടെണ്ണമെൻ പ്രിയ-

സതീർത്ഥ്യർക്കു കൈമാറിയതും 

അതു കഴിഞ്ഞൊരു തണ്ടുകൊണ്ടെൻ സ്ലേറ്റിനെ 

സ്ഫടികംപോൽ തുടച്ചുമിനുക്കിയതും

എത്രയോ കാലങ്ങൾ പിന്നിട്ടുപോയീടിലും 

എത്രയോ ജീവിതക്കുതിപ്പുകൾ താണ്ടീടിലും 

ഇത്രയും കൃത്യമായീയോർമ്മകൾ ഓളങ്ങളായ് 

എൻജീവിതത്തുടിപ്പുകളായിപ്പൊഴും തുടരുന്നുവോ? 

എൻകൺകോണിലൊരാനന്ദാശ്രുകണം തുളുമ്പുന്നുവോ?



ആനന്ദചിത്തരായി മഴയും വെയിലുമൊളിച്ചുകളിച്ചൊരാ മുറ്റത്ത് 

മന്ദമാരുതനിലാടിനിന്നെന്നോടു സല്ലപിച്ചിരുന്നൊരാ മഷിച്ചെടി 

ഒരാഴ്ചക്കുശേഷമായുസ്സേതുമെത്താതെ

വെറുമൊരു പാഴ്ച്ചെടിയായി പിഴുതെറിയപ്പെടവേ

എൻ കൺകോണിലിക്കുറി കിനിഞ്ഞതൊരു 

കിനാവിൻനൊമ്പരം!

2 comments:


  1. ഈ മഷിത്തണ്ടിൻ വിവരണം, എന്നേയും ആ ബാല്യകാല ഓർമ്മകളിലേക്കു തള്ളിവിട്ടു എന്നു പറയുന്നതിൽ അതീവ സന്തോഷമുണ്ട്
    നന്നായീ ഈ വിവരണം. ആശസകൾ

    ReplyDelete
    Replies
    1. ബാല്യകാലസ്മൃതികളിലേയ്ക്ക് ഈ കവിത കൂട്ടിക്കൊണ്ടുപോയെന്നറിഞ്ഞതിൽ സന്തോഷം,സാർ!
      അഭിപ്രായത്തിന് നന്ദി!

      Delete